Sunday, March 21, 2010

ഈ ആഴചയിലെ പ്രധാന വിവരങ്ങള്‍ :


1. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി സി ഐ എ ചാരനാണ്‌. 
[ സി.ഐ.ഐ.യുടെയും ലഷ്‌കറിന്റെയും ഇരട്ട ഏജന്റാണെന്ന് ആരോപിക്കപ്പെടുന്ന ഹെഡ്‌ലിക്ക് അമേരിക്കന്‍ഭരണകൂടത്തിന്റെ അദൃശ്യസംരക്ഷണം ഉണ്ടാകുമെന്നാണ് സൂചന. ഹെഡ്‌ലി ഇരട്ട ചാരനാണെന്ന വാര്‍ത്ത നിഷേധിക്കുമ്പോഴും യു.എസ്. പ്രതിരോധ, പ്രോസിക്യൂഷന്‍, നിയമവകുപ്പുകള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് തടസ്സംനില്‍ക്കുന്നുണ്ട്. അതേസമയം, ഹെഡ്‌ലിയുടെ പൂര്‍വചരിത്രം അറിയുമായിരുന്നിട്ടും ഇന്ത്യയിലേക്ക് സുഗമമായി സഞ്ചരിക്കാനും ആക്രമണങ്ങള്‍ ആസൂത്രണംചെയ്യാനും ഒരു യു.എസ്. പൗരന് സാധിച്ചതെങ്ങനെയെന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. - Mathrubhoomi .
മാതൃഭൂമി വരെ സത്യം പറഞ്ഞു തുടങ്ങി ] 
2.മുംബൈ അക്രമണം സി ഐ എ, മൊസ്സാദ്, സംഘ്പരിവാര്‍ അറിവോടെയെന്ന് തെളിയുന്നു.
 
3.ബട്‌ല ഹൗസ് അക്രമണം, പോലീസ് കെട്ടിച്ചമച്ചത്. രണ്ടു വിദ്യാര്‍ഥികളെ പിടിച്ചു വെച്ച് തലക്കു മുകളില്‍ തോക്ക് വെച്ച് ഉന്നം പഠിച്ചു. 
 
4.ബട്‌ല ഹൗസില്‍ മരണപെട്ട ഷര്‍മയെന്ന പോലീസുകാരനെ പിറകില്‍ നിന്നും വെടിവെച്ചിട്ടതാരെന്നതില്‍ അനിശ്ചിതത്തം.

Friday, March 19, 2010

ഹിന്ദു ഐക്യ വേദി സംസ്ഥാന നേതാവ് കൊലപാതക കേസില്‍ ജയിലില്‍ പോകുന്നു

-> മാതൃഭൂമി പത്രത്തിന്‌ ഇയാള്‍ ഐക്യ വേദി നേതാവാണെന്ന് അറിയില്ല. ഹി ഹി ഹി...
കോഴിക്കോട്: മാറാട് ഒന്നാം കലാപവുമായി ബന്ധപ്പെട്ട് തെക്കെപുറത്ത് അബൂബക്കര്‍ വധിക്കപ്പെട്ട കേസില്‍ ഒമ്പത് പ്രതികള്‍ക്ക് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവും 28,000 രൂപ പിഴയും വിധിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സുരേഷ് ഉള്‍പ്പെടെ മറ്റു നാല് പ്രതികളെ അഞ്ച് വര്‍ഷം വീതം കഠിനതടവിനും 8,000 രൂപ  പിഴക്കും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവ് അനുഭവിക്കണം. ഹൃദ്രോഗിയായതിനാല്‍ ഒന്നാംപ്രതി തെക്കെതൊടി ശ്രീധരന്റെ ശിക്ഷ മൂന്നുവര്‍ഷം തടവും 18,000 രൂപ പിഴയുമായി കോടതി ഇളവ് ചെയ്തു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും നാലുമാസവും തടവ് അനുഭവിക്കണം. പിഴശിക്ഷയില്‍നിന്ന് രണ്ട് ലക്ഷം രൂപ അബൂബക്കറിന്റെ ആശ്രിതര്‍ക്ക് കൊടുക്കണം.
മൂന്നാം പ്രതി കോതന്റകത്ത് വിപീഷ് (34), നാലാം പ്രതി തെക്കേത്തൊടി ഷാജി (36), അഞ്ചാം പ്രതി ചോയിച്ചന്റകത്ത് രഞ്ജിത്ത് (35), ഏഴാം പ്രതി കേലപ്പന്റകത്ത് വെങ്കിട്ടന്‍ എന്ന സജീവന്‍ (34), ഒമ്പതാം പ്രതി ആവിത്താന്‍പുരയില്‍ വിജേഷ് (32), പത്താം പ്രതി തെക്കേത്തൊടി പ്രഹ്ലാദന്‍ (36), പതിനൊന്നാം പ്രതി കേലപ്പന്റകത്ത് രാജേഷ് (35), പന്ത്രണ്ടാം പ്രതി ഈച്ചരന്റെ പുരയില്‍ ശശി (43), പതിനാലാം പ്രതി അരയച്ചന്റകത്ത് മണികണ്ഠന്‍ (34) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 
രണ്ടാം പ്രതി അരയസമാജം സെക്രട്ടറിയായിരുന്ന തെക്കേത്തൊടി സുരേഷ്(54), ആറാം പ്രതി ചോയിച്ചന്റകത്ത് കലേഷ് എന്ന കൃഷ്ണകുമാര്‍(30), പതിമൂന്നാം പ്രതി ചെറിയപുരയില്‍ വിനോദ് (27),പതിനഞ്ചാം പ്രതി  തെക്കേത്തൊടി വിജിത്ത് (30) എന്നിവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ് ലഭിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായാണ്.

2002 ജനുവരി നാലിന് രാവിലെ എട്ടു മണിയോടെയാണ് മാറാട് തെക്കേപ്പുറത്ത് അബൂബക്കര്‍ (45) വധിക്കപ്പെട്ടത്. തലേന്നാള്‍ കൊല്ലപ്പെട്ട യൂനുസ്, കുഞ്ഞിക്കോയ എന്നിവരുടെ ഖബര്‍ കുഴിക്കാന്‍ പോകവെ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചു കൊന്നുവെന്നാണ് കേസ്.

Wednesday, March 17, 2010

മാറാട് അബൂബക്കര്‍ വധം: 14 പ്രതികള്‍ കുറ്റക്കാര്‍

(മാതൃഭൂമിക്ക് വ്യക്തമായി ലഭിക്കാതിരുന്ന ഒരു വാര്‍ത്ത)

->  രണ്ടാം പ്രതി അരയസമാജം സെക്രട്ടറിയായിരുന്ന തെക്കേത്തൊടി സുരേഷ്(54)

കോഴിക്കോട്: മാറാട് ഒന്നാം കലാപവുമായി ബന്ധപ്പെട്ട് തെക്കേപ്പുറത്ത് അബൂബക്കര്‍ വധിക്കപ്പെട്ട കേസില്‍ 15 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി ജഡ്ജി കെ.പി. പ്രസന്നകുമാരി വിധിച്ചു. ഇതില്‍ ഒമ്പതു പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞതായും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

മൂന്നാം പ്രതി കോതന്റകത്ത് വിപീഷ് (34), നാലാം പ്രതി തെക്കേത്തൊടി ഷാജി (36), അഞ്ചാം പ്രതി ചോയിച്ചന്റകത്ത് രഞ്ജിത്ത് (35), ഏഴാം പ്രതി കേലപ്പന്റകത്ത് വെങ്കിട്ടന്‍ എന്ന സജീവന്‍ (34), ഒമ്പതാം പ്രതി ആവിത്താന്‍പുരയില്‍ വിജേഷ് (32), പത്താം പ്രതി തെക്കേത്തൊടി പ്രഹ്ലാദന്‍ (36), പതിനൊന്നാം പ്രതി കേലപ്പന്റകത്ത് രാജേഷ് (35), പന്ത്രണ്ടാം പ്രതി ഈച്ചരന്റെ പുരയില്‍ ശശി (43), പതിനാലാം പ്രതി അരയച്ചന്റകത്ത് മണികണ്ഠന്‍ (34) എന്നിവര്‍ക്കെതിരെയാണ്  കൊലപാതക കുറ്റം തെളിഞ്ഞത്. ഇവര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 143 (അന്യായമായി സംഘംചേരല്‍), 148 (മാരകായുധങ്ങളുമായി കലാപം ഉണ്ടാക്കുക), 153 എ (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍), 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. 

12ാം പ്രതി ശശി ആയുധ നിയമപ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി തെക്കെത്തൊടി ശ്രീധരന്‍ (50), രണ്ടാം പ്രതി അരയസമാജം സെക്രട്ടറിയായിരുന്ന തെക്കേത്തൊടി സുരേഷ്(54), ആറാം പ്രതി ചോയിച്ചന്റകത്ത് കലേഷ് എന്ന കൃഷ്ണകുമാര്‍(30), പതിമൂന്നാം പ്രതി ചെറിയപുരയില്‍ വിനോദ് (27),പതിനഞ്ചാം പ്രതി  തെക്കേത്തൊടി വിജിത്ത്(30) എന്നിവര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 143, 148, 153 എ എന്നിവക്കൊപ്പം 326 (മാരകായുധങ്ങളുമായി ഗുരുതര പരിക്കേല്‍പ്പിക്കല്‍) വകുപ്പ് പ്രകാരവും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. എട്ടാം പ്രതി കോതന്റകത്ത് സുമേഷിനെയാണ് (31) വെറുതെ വിട്ടത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.കെ.വി. ജോസഫ് ഹാജരായി.

2002 ജനുവരി നാലിന് രാവിലെ എട്ടു മണിയോടെയാണ് മാറാട് തെക്കേപ്പുറത്ത് അബൂബക്കര്‍ (45) വധിക്കപ്പെട്ടത്. തലേന്നാള്‍ കൊല്ലപ്പെട്ട യൂനുസ്, കുഞ്ഞിക്കോയ എന്നിവരുടെ ഖബര്‍ കുഴിക്കാന്‍ പോകവെ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചു കൊന്നുവെന്നാണ് കേസ്. 

നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കൂട്ടമായി പോകരുതെന്ന് കാവല്‍നിന്ന പൊലീസുകാര്‍ അറിയിച്ചതിനാല്‍ ചെറുസംഘമായി നീങ്ങവെ പൊലീസുകാരുടെ മുന്നില്‍വെച്ചുതന്നെ ആക്രമിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ഒന്നാം മറാട് കലാപത്തില്‍ അഞ്ചു പേര്‍ വധിക്കപ്പെട്ടിരുന്നു. ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട് വിചാരണ പൂര്‍ത്തിയാവുന്ന രണ്ടാമത്തെ കൊലക്കേസാണിത്. നേരത്തേ വിധിപറഞ്ഞ തെക്കേത്തൊടി ഷിംജിത്ത് വധക്കേസില്‍ ഏഴു പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Thursday, July 2, 2009

തെരുവില്‍ അലയല്‍ സമരം

തിരൂര്‍ : കേരളാ സര്‍ക്കാറിന്റെ മലബാറിനോടൂള്ള വിദ്യാഭ്യാസ അവഗണനയില്‍ പ്രതിഷേധിച്ച്‌ എസ്‌ തിരൂര്‍ മേഖല 'വിദ്യാര്‍ഥികളുടെ തെരുവില്‍ അലയല്‍ സമരം' നടത്തി. തെക്കന്‍ ജില്ലകളില്‍ ഈ അദ്ധ്യയന വര്‍ഷം പതിനായിരക്കണക്കിന്‌(ഒരു കണക്ക്‌ പ്രകാരം 80000ലധികം) പ്ലസ്‌ വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ മാത്രം 35000ലധികം വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ തെരുവില്‍ അലയേണ്ട അവസ്ഥയാണ്‌. ഇതില്‍ പ്രതിഷേധിച്ചാണ്‌ ഡസ്കും ബെഞ്ചും തോളിലേറ്റി വിദ്യാര്‍ഥികള്‍ തിരൂര്‍ ടൗണിലൂടെ അലയല്‍ സമരം നടത്തിയത്‌.
കേരളത്തില്‍ വികസന കാര്യത്തില്‍ തെക്ക്‌-വടക്ക്‌, ജാതി-മത വിവേചനങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നു എന്നത്‌ വസ്തുതയാണെങ്കിലും അതത്‌ സര്‍ക്കാറുകളുടെ കര്‍ണങ്ങളില്‍ അത്‌ പതിക്കാറില്ല. മാധ്യമങ്ങളില്‍ ഇത്തരം പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യപ്പെടാറുമില്ല. ഒരു നാടിന്റെ ഗതികേട്‌ എന്നല്ലാതെ എന്ത്‌ പറയാന്‍.

എസ് പ്രവര്‍ത്തകരെ...
അഭിവാദ്യങ്ങള്‍ .

Friday, June 5, 2009

മരണത്തിലും വിസ്മയിപ്പിച്ച അമ്മയുടെ ഓര്‍മയില്‍ നാലപ്പാട്ടെ കുടുംബം


വാക്കുകള്‍ കൊണ്ട് വിഭ്രാന്തികള്‍ സൃഷ്ടിച്ച മലയാളത്തിന്റെ എഴുത്തമ്മ, മക്കള്‍ക്കെന്നും വിസ്മയം പകര്‍ന്ന വിളക്കായിരുന്നു. മക്കളെ അതിരുകളില്ലാത്ത സ്വാതന്ത്യ്രം പഠിപ്പിച്ച അമ്മ. ആ അമ്മയുടെ മരണവും അവസാന യാത്രയും അവരെ വല്ലാതെ വിസ്മയിപ്പിച്ചു. അതിന്റെ വൈകാരികമായ ഓര്‍മകളിലാണ് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ കൂട്ടിന് അമ്മയില്ലാത്ത ആദ്യരാത്രി അവര്‍ പിന്നിട്ടത്. അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കാനായി എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയെന്ന് കമല സുറയ്യയുടെ മൂത്ത മകന്‍ എം.ഡി നാലപ്പാടും ഭാര്യ ലക്ഷ്മിയും ഒരുപോലെ പറയുന്നു. 'മരിച്ചാല്‍ കേരളത്തില്‍ സംസ്കരിക്കുക, അത് ഇപ്പോള്‍ വിശ്വസിക്കുന്ന മതാചാര പ്രകാരമാവുക'. ഈ രണ്ട് വാക്കും ഞങ്ങള്‍ പാലിച്ചു. പള്ളിയില്‍ അടക്കരുത്, കേരളത്തില്‍ വേണ്ട, വിവാദങ്ങളുണ്ടാകും, വിമര്‍ശങ്ങള്‍ വരും എന്നൊക്കെ മരിച്ചപ്പോള്‍ പലരും ഫോണില്‍ വിളിച്ചു പറഞ്ഞു. ഉന്നത വ്യക്തികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും വരെ അത് പറഞ്ഞു. എന്നാല്‍ അമ്മയുടെ ആഗ്രഹത്തിന് എതിരു നില്‍ക്കാനാവില്ലെന്ന ഉറച്ച നിലപാടില്‍ നിന്ന് പിന്‍മാറിയില്ല. അതിന്റെ പേരില്‍ വരുന്ന വിവാദങ്ങള്‍ നേരിടാന്‍ തന്നെ തീരുമാനിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ വിവാദങ്ങളുമില്ല, ഫോണ്‍ വിളിച്ചവരുമില്ല. കേരളീയരും മുസ്ലിം സമൂഹവും ഞങ്ങള്‍ക്ക് വലിയ സ്വീകരണമാണ് നല്‍കിയത്. വയലാര്‍ രവി,ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍ തുടങ്ങി അമ്മയുടെ പഴയ സംഘം മുഴുവന്‍ എത്തി. മന്ത്രി ബേബിയാണ് ഏറ്റവും സഹായമായത്. പൂനെയില്‍ രണ്ടുതവണ വന്നിരുന്നു. എന്നാല്‍ അമ്മക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന എ.കെ ആന്റണി മാത്രം വന്നില്ല. പല തവണ ആന്റണിയെ കാണണമെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം രണ്ടുതവണ അറിയിക്കുകയും ചെയ്തിരുന്നു. പൂനെയില്‍ വന്നിട്ടുപോലും കാണാനെത്തിയില്ല. അവസാന നാളില്‍ പലതവണ ആന്റണിയെ കാണണമെന്ന് അമ്മ പറഞ്ഞിരുന്നു. തിരക്കുകാരണമാകാം അദ്ദേഹത്തിന് വരാന്‍ കഴിയാതിരുന്നത്. എന്നാലും അമ്മയെ അത് ഏറെ വേദനിപ്പിച്ചു; ഞങ്ങളെയും. മുസ്ലിം സമൂഹത്തിന്റെ സമീപനവും വിസ്മയിപ്പിക്കുന്നതായിരുന്നു. അമ്മയെ ഒടുവില്‍ അവര്‍ക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്നായിരുന്നു കരുതിയത്. ചൊവ്വാഴ്ച രാവിലെ പാളയം ജുമാമസ്ജിദില്‍ കയറി അഞ്ചുമിനിട്ടിനകം ഞങ്ങളുടെ മനസ്സിലെ എല്ലാ ആധിയും ആശങ്കയും തീര്‍ന്നു. അവര്‍ക്കൊപ്പം ഞങ്ങള്‍ തന്നെയാണ് എല്ലാം ചെയ്തത്. അമ്മയെ അവസാനമായി കുളിപ്പിക്കാന്‍ ലക്ഷ്മിയും ജയസൂര്യയുടെ ഭാര്യ ദേവിയും അവരുടെ മക്കളുമുണ്ടായിരുന്നു. മരണാനന്തര ചടങ്ങുകളിലെല്ലാം മുഖ്യ പങ്കുവഹിച്ചത് ആദ്യത്തെ അനുഭവം തന്നെ. എന്നാല്‍ അന്യരുടെ ചടങ്ങായി അതൊട്ടും അനുഭവപ്പെട്ടില്ലെന്ന് നാലപ്പാട് പറയുന്നു: 'സഹാനുഭൂതിയും ദയയും കാരുണ്യവുമാണ് യഥാര്‍ഥ ദൈവ വിശ്വാസം. അതിലൊന്നില്ലാതായാല്‍ വിശ്വാസം നഷ്ടപ്പെടും. ചൊവ്വാഴ്ച കണ്ടത് ഇതു മൂന്നും മാത്രമാണ്'. ഇസ്ലാം ലോകത്ത് ഏറെ വ്യാപിക്കുമെന്നും അത് സമാധാനത്തിലൂടെ ആയിരിക്കുമെന്നും അമ്മ പറഞ്ഞിരുന്നു. ഇസ്ലാമില്‍ താന്‍ സ്വതന്ത്രയായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഈ മൂന്ന് പ്രവചനങ്ങളും യാഥാര്‍ഥ്യമാകുന്നതെങ്ങനെയെന്ന് പാളയത്ത് നേരിട്ട് കണ്ടു. ഇതില്‍ ഞങ്ങളുടെ നിലപാടും അനുഭവവുമല്ല പ്രശ്നം. ഈ ചടങ്ങുകള്‍ ഒരുപാട് പേരുടെ കണ്ണുതുറപ്പിച്ചു. കേരളത്തിനത് വലിയ സന്ദേശമാണ് നല്‍കിയത്. എത്രയോ കടുത്ത യാഥാസ്ഥിതികര്‍ ഇത് കണ്ട് അത്ഭുതപ്പെട്ടു. മതങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം മേല്‍ നാം ചില ലേബല്‍ അടിച്ചുവച്ചിരിക്കുകയാണ്. അതനുസരിച്ചാണ് പിന്നീട് പ്രവര്‍ത്തിക്കുന്നത്. പാളയം പള്ളി മതമൌലികവാദികളുടെ കേന്ദ്രമാണ് എന്നുവരെ ഞായറാഴ്ച ചിലര്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. മുസ്ലിംകളില്‍ തന്നെയുണ്ട് ഇത്തരം ലേബലുണ്ടാക്കുന്നവര്‍. ഇതെല്ലാം തെറ്റായിരുന്നെന്ന് ഇപ്പോള്‍ നേരിട്ടറിഞ്ഞു. ലേബലുകളിലല്ല വിശ്വസിക്കേണ്ടത്. എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തികഞ്ഞ സമാധാനവും സംതൃപ്തിയുമുണ്ട്. അമ്മയുടെ മരണം തന്നെ സവിശേഷമായിരുന്നു. അവസാന സമയത്തും അമ്മ വേദന അനുഭവിച്ചില്ല. ചോദിച്ചപ്പോള്‍ ചില വിഷമങ്ങളുണ്ടെന്ന് പറഞ്ഞു. അവരപ്പോള്‍ വലിയ ശാന്തത അനുഭവിച്ചിരുന്നു. പൊടുന്നനെയാണ് പള്‍സ് നിന്നത്. സാധാരണ അത് കുറഞ്ഞുകുറഞ്ഞു വരികയാണ് ചെയ്യുക. അമ്മക്ക് പെട്ടെന്ന് നിന്നു. ഇപ്പോള്‍ പലരും പുതിയ കഥകള്‍ മെനയുകയാണ്. മരിച്ചിട്ടും അമ്മയെക്കുറിച്ച കഥകള്‍ തീരുന്നില്ല. തിങ്കളാഴ്ച രാത്രി ഞങ്ങള്‍ രഹസ്യമായി പൂജ നടത്തിയെന്ന് വരെ പറഞ്ഞു. അങ്ങനെയെങ്കില്‍ ഞങ്ങള്‍ പരസ്യമായി തന്നെ പൂജ ചെയ്യുമായിരുന്നു. കെട്ടുകഥകള്‍ സൃഷ്ടിച്ച വേദനയില്‍ നാലപ്പാട് പറഞ്ഞു.

Wednesday, June 3, 2009

ബി.ജെ.പി.യുടെ ദുഃഖം

ബി.ജെ.പി.യുടെ  ദുഃഖം 
[കെ വി എസ് മാതൃഭൂമിയില്‍ കുറച്ചു മുന്‍പ് എഴുതിയ ലേഖനം. വായിച്ചപ്പോള്‍ കൊള്ളാമെന്ന് തോന്നി]
സംഘപരിവാറിന്റെ ശത്രു പുറത്തല്ല, ഉള്ളില്‍ തന്നെയാണ്‌. 
പരിവാറിന്റെ ജിഹ്വ ഏതാനും നാള്‍മുമ്പ്‌ പ്രാധാന്യത്തോടെ 
പ്രസിദ്ധീകരിച്ച ഒരു ലേഖനം തന്നെ അതിന്‌ സാക്ഷ്യപത്രം. 
ബി.ജെ.പിക്കാര്‍ക്ക്‌ സദാചാരമില്ലെന്നാണ്‌ ആര്‍.എസ്‌.എസ്‌. 
പ്രസിദ്ധീകരണം ബോധ്യപ്പെടുത്തിയത്‌ 

കേവീയെസ്‌ 

ബി. ജെ.പി കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പു പരാജയം കൂടി ഏറ്റുവാങ്ങിയിരിക്കുകയാണല്ലോ. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെയപേക്ഷിച്ച്‌ ഇത്തവണ അവര്‍ക്ക്‌ നഷ്‌ടമായത്‌ അന്‍പതു ശതമാനം വോട്ടാണ്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്‌ 12.06 ശതമാനം വോട്ടായിരുന്നെങ്കില്‍ 2009-ല്‍ അത്‌ വെറും 6.4 ശതമാനമായി ചുരുങ്ങി. ഏതാണ്ട്‌ പത്തു ലക്ഷം വോട്ടര്‍മാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം ബി.ജെ.പിയെ ഉപേക്ഷിച്ചു എന്ന്‌ ചുരുക്കം. ഒരു പ്രസ്ഥാനം ഏതു വഴിക്കാണ്‌ നീങ്ങുന്നതെന്ന്‌ വ്യക്തമാക്കുന്നതാണ്‌ വോട്ടിന്റെ ഈ കണക്കുകള്‍. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ആര്‍.എസ്‌.എസ്‌. അരയുംതലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. സംസ്ഥാനത്തെ പ്രമുഖ ആര്‍.എസ്‌.എസ്‌. നേതാക്കള്‍ ചില മണ്ഡലങ്ങളില്‍ താമസിച്ച്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌തു. അവസാനം തിരുവനന്തപുരം പോലുള്ള തങ്ങളുടെ പഴയ ശക്തികേന്ദ്രത്തില്‍ ബഹുജന്‍ സമാജ്‌ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു പിന്നില്‍ നാലാമതെത്തി നില്‍ക്കേണ്ട ഗതികേട്‌ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‌ വന്നുചേര്‍ന്നു ; 1984 ല്‍ ഇതേ മണ്ഡലത്തില്‍ പി.കേരളവര്‍മരാജയ്‌ക്ക്‌ ലഭിച്ച വോട്ടുപോലും ഇന്ന്‌ നേടാനായില്ല, കാല്‍ നൂറ്റാണ്ടു മുന്‍പുണ്ടായിരുന്ന പിന്തുണ ഇന്നില്ല എന്നര്‍ഥം. ഇത്‌ ബി.ജെ.പിക്ക്‌ മാത്രം സംഭവിച്ച പരാജയമോ തിരിച്ചടിയോ അല്ല എന്ന്‌ പറയേണ്ടി വരുന്നത്‌ അതുകൊണ്ടാണ്‌. സംഘപരിവാറിന്റെ തകര്‍ച്ചയുടെയും തളര്‍ച്ചയുടെയും ചിത്രമാണ്‌ ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്‌. 
1989 മുതല്‍ 2004 വരെ നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വോട്ട്‌ വര്‍ധിച്ചുകൊണ്ടേയിരുന്നു. 1984 ല്‍ ലഭിച്ച 1.76 ശതമാനം വോട്ട്‌ 1989 ല്‍ 4.51 ശതമാനമായും 1991-ല്‍ 4.61 ശതമാനമായും കൂടി. 1996-ല്‍ 5.18 ശ.മാ, 1998-ല്‍ 7.78 ശ.മാ 1999-ല്‍ 8.08 ശ.മാ 2004-ല്‍ 12.06 ശ.മാ എന്നിങ്ങനെയായിരുന്നു വോട്ടിന്റെ നില. അതാണ്‌ 2009-ല്‍ 6.43 ശതമാനമായി ചുരുങ്ങിയത്‌. 1998 ല്‍ ലഭിച്ച വോട്ടു പോലും 2009-ല്‍ കരസ്ഥമാക്കാന്‍ സാധിച്ചില്ല. 1998-ല്‍ ബി.ജെ.പിക്ക്‌ ഇവിടെ കിട്ടിയത്‌ 11.86 ലക്ഷം വോട്ടായിരുന്നു. അതാണ്‌ 2009-ല്‍ 10.3 ലക്ഷമായി കുറഞ്ഞത്‌. കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനം ഏതാണ്ട്‌ 12 വര്‍ഷം പിന്നിലേക്ക്‌ എത്തിപ്പെട്ടിരിക്കുന്നു എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. 
കേരളത്തിലെ ആര്‍.എസ്‌.എസ്‌. കുടുംബത്തില്‍ (സംഘപരിവാറില്‍) ഏതാണ്ട്‌ മൂന്നു ഡസന്‍ സംഘടനകളുണ്ട്‌. ബി.ജെ.പിയും ബി.എം.എസ്സും വി.എച്ച്‌.പിയും തുടങ്ങി ബാലഗോകുലം വരെ നീളുന്നതാണ്‌ ഈ പട്ടിക. ഹിന്ദു ഐക്യവേദിയും അതിലുണ്ട്‌. 56 ഹിന്ദു സംഘടനകളുടെ കൂട്ടായ്‌മയാണ്‌ ഈ ഐക്യവേദി എന്നാണ്‌ അവകാശവാദം. സംഘപരിവാറും ഈ ഐക്യവേദിയും ചേരുമ്പോള്‍ നൂറോളം സംഘടനകളാവും. അവര്‍ക്കെല്ലാം കൂടിയാണ്‌ പത്തുലക്ഷം വോട്ട്‌. എന്താണിതിന്‌ കാരണം ? കേരളസമൂഹത്തില്‍ സംഘപരിവാര്‍ ഇത്രമാത്രം വലിയ പ്രതിസന്ധിയിലകപ്പെടാനുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണ്‌ ? ഇതില്‍നിന്ന്‌ മോചനത്തിനുള്ള സാധ്യതകള്‍ കാണുന്നുണ്ടോ ? 
ഏതൊരു ബഹുജന പ്രസ്ഥാനത്തിനുമൊരു ജനകീയ മുഖം വേണമല്ലോ. കേരളത്തിലെ ബി.ജെ.പിയുടെ മുഖ്യപ്രശ്‌നം ജനകീയ നേതാക്കളുടെ അഭാവമാണ്‌. അത്തരക്കാര്‍ ഇല്ലാഞ്ഞിട്ടല്ല. ഒ.രാജഗോപാലും പി.പി.മുകുന്ദനും സി.കെ.പത്മനാഭനുമൊക്കെയുള്ള ജനകീയാംഗീകാരം ചെറുതല്ലല്ലോ. പക്ഷേ, മുന്‍നിരയില്‍ നിന്നുകൊണ്ട്‌ ബി.ജെ.പിയെ നയിക്കാന്‍ അവരെ കാണുന്നില്ല. അവരെ അതിന്‌ അനുവദിക്കുന്നില്ല. ആര്‍.എസ്‌.എസ്‌. നേതൃത്വത്തിലെ ചിലരുടെ തലതിരിഞ്ഞ ചിന്തകളാണ്‌ അതിനു കാരണം. കുഞ്ഞാടുകളെ നേതാക്കളാക്കി ബി.ജെ.പിയെ ചൊല്‍പ്പടിക്കു നിര്‍ത്താനാണ്‌ അവരുടെ ശ്രമം. സ്വാഭാവികമായും ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റാന്‍ പുതിയ നേതാക്കള്‍ക്കാവാതെ വന്നു. 
പുതുരക്തത്തിന്റെ അഭാവമാണ്‌ ബി.ജെ.പിയും സംഘപരിവാറും അഭിമുഖീകരിക്കുന്ന മറ്റൊരു പ്രമുഖ പ്രശ്‌നം. അതിനിവിടെ ഒരു റിക്രൂട്ട്‌മെന്റ്‌ ചാനല്‍ ഇല്ലാതായിരിക്കുന്നു. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ എസ്‌.എഫ്‌.ഐയും കോണ്‍ഗ്രസ്സിന്‌ കെ.എസ്‌.യുവും മറ്റുമുള്ളതു പോലെ ഒന്നിവിടെ ബി.ജെ.പിക്കില്ല. എ.ബി.വി.പി. ഉണ്ട്‌ എന്നത്‌ ശരി ; പക്ഷേ, ദുര്‍ബലമാണ്‌. മാത്രമല്ല, അത്‌ ബി.ജെ.പിക്കൊപ്പമല്ലതാനും. വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്ന എ.ബി.വി.പിക്കാരില്‍ വളരെ ചെറിയൊരംശമേ സംഘപ്രസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നുള്ളൂ. ബി.ജെ.പിയിലെത്തുന്നത്‌ വളരെ ചുരുക്കം പേരും. ആര്‍.എസ്‌.എസ്സിലൂടെയുള്ള റിക്രൂട്ട്‌മെന്റ്‌ മുമ്പ്‌ കാണാമായിരുന്നു. ഇന്ന്‌ അവരുടെ സ്ഥിതിയും ദയനീയമാണ്‌. സംഘശാഖകളുടെ എണ്ണവും അതിലെത്തുന്നവരുടെ എണ്ണവും നിലവാരവും മോശമായി. ഇന്നത്തെ യുവാക്കളെയും വിദ്യാര്‍ഥികളെയും പ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ ആര്‍.എസ്‌.എസ്സിന്‌ കഴിയുന്നില്ലെന്നര്‍ഥം. അടിയന്തരാവസ്ഥയ്‌ക്ക്‌ശേഷം സംസ്ഥാനത്ത്‌ നടന്ന ആര്‍.എസ്‌.എസ്‌-മാര്‍ക്‌സിസ്റ്റ്‌ സംഘര്‍ഷങ്ങള്‍ക്ക്‌ കാരണം സംഘപരിവാറിലേക്കുള്ള യുവസഖാക്കളുടെ ഒഴുക്കായിരുന്നുവല്ലോ. അടിയന്തരാവസ്ഥയില്‍ സി.പി.എം. സ്വീകരിച്ച നിലപാടില്‍ മനംനൊന്തവര്‍ ആര്‍.എസ്‌.എസ്സിലാണ്‌ പ്രതീക്ഷയര്‍പ്പിച്ചത്‌. ഇന്നിപ്പോള്‍ സി.പി.എമ്മിലുള്ള പ്രതിസന്ധി അന്നത്തേതിലും എത്രയോ വലുതാണ്‌. അവരുടെ അണികള്‍ക്ക്‌ വീര്‍പ്പുമുട്ടുകയാണ്‌. പക്ഷേ, അവരിലാരെങ്കിലും സംഘപ്രസ്ഥാനങ്ങളിലെത്തുന്നുണ്ടോ ? ആരെയും ആകര്‍ഷിക്കാന്‍ പരിവാറിനാവുന്നില്ല. 
1970-80 കാലത്ത്‌ കേരളത്തില്‍ സംഘപരിവാറിന്‌ മികച്ച നേതൃത്വമുണ്ടായിരുന്നു. കെ.ഭാസ്‌കര്‍റാവു, ടി.വി.അനന്തന്‍, ആര്‍.ഹരി, പി.മാധവ്‌ജി, പി.പരമേശ്വരന്‍ തുടങ്ങിയവര്‍. സംഘാടക മികവു മാത്രമല്ല അവര്‍ക്കുണ്ടായിരുന്നത്‌; ബൗദ്ധികതലത്തിലും അവര്‍ ഉന്നത നിലവാരം പുലര്‍ത്തി. ആര്‍.എസ്‌.എസ്സിനുമപ്പുറം അവര്‍ക്ക്‌ അംഗീകാരവും ലഭിച്ചു. ഇന്ന്‌ അങ്ങനെ ഒരാളെ അവരുടെ നേതൃത്വത്തില്‍ കാണാനേ കഴിയില്ല. നേതാക്കള്‍ക്കിന്ന്‌ നിലവാരമില്ല, വിശ്വാസ്യതയും കുറവ്‌. അതിന്റെ പ്രതിഫലനം സംഘടനയില്‍ ഉണ്ടാവാതിരിക്കില്ലല്ലോ. പ്രൊഫഷണലിസത്തിന്റെ അഭാവമാണ്‌ മറ്റൊന്ന്‌. ഇന്ന്‌ രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളുടെ മുഖമുദ്രയാവുന്നത്‌ പ്രൊഫഷണലിസമാണ്‌. കോണ്‍ഗ്രസ്സിലുണ്ടായിട്ടുള്ള മാറ്റം ശ്രദ്ധേയമല്ലേ. ദേശീയതലത്തില്‍ ബി.ജെ.പി. ഈ നിലയ്‌ക്ക്‌ കുറച്ചൊക്കെ നീങ്ങിയിരുന്നു. എന്നാലിവിടെ സംഘപരിവാറിന്‌ അതൊക്കെ വര്‍ജ്യമാണ്‌. വിദ്യാസമ്പന്നരെയും പ്രൊഫഷണലുകളെയും പരിവാര്‍ സംഘടനകളുടെ തലപ്പത്ത്‌ വിരളമായേ കാണാനാവുന്നുള്ളൂ. അത്തരക്കാരെ ആകര്‍ഷിക്കാനാവുന്നില്ല. സ്വയമേവ സംഘടനയിലെത്തുവരെ അംഗീകരിക്കാനും നിലനിര്‍ത്താനും ശ്രമവുമില്ല. ഇത്തരക്കാര്‍ വന്നാല്‍ തങ്ങള്‍ പുറത്തായാലോ എന്ന്‌ ഇന്നത്തെ നേതാക്കള്‍ ചിന്തിക്കുന്നുണ്ടാവണം. 
മനംമടുത്തും വിഷമിച്ചും പ്രവര്‍ത്തനത്തില്‍ നിന്ന്‌ മാറിനില്‍ക്കുന്നവര്‍ അനവധിയുണ്ട്‌. നേതാക്കളുടെ ഈഗോയും അല്‍പ്പത്തവും മൂലം മാറ്റിനിര്‍ത്തപ്പെട്ടവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാര്‍ പ്രസ്ഥാനത്തിന്‌ ഗുണമല്ലല്ലോ ചെയ്യുക. 
പ്രക്ഷോഭങ്ങള്‍ ഏതൊരു പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയ്‌ക്ക്‌ കാരണമാവാറുണ്ട്‌. ബി.ജെ.പിയോ മറ്റ്‌ പരിവാര്‍ സംഘടനകളോ ശക്തമായ ഒരു സമരം ഇവിടെ സംഘടിപ്പിച്ച കാലം തന്നെ മറന്നു. അവരുടെ ഇഷ്‌ടവിഷയങ്ങളില്‍ പ്രശ്‌നങ്ങളില്ലാഞ്ഞിട്ടല്ല ; മറിച്ച്‌ വലിയ സമരത്തെക്കുറിച്ചൊന്നും ചിന്തിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ. മറ്റൊന്ന്‌ മതേതരത്വ പ്രശ്‌നമാണ്‌. ഇതരമതസ്ഥരോടുള്ള അസഹിഷ്‌ണുത ; തരംതാണ പദപ്രയോഗങ്ങള്‍. ഇതൊക്കെ സാധാരണ ഹിന്ദുവിന്റെ മനസ്സിനെയും സംഘപരിവാറില്‍ നിന്നുമകറ്റുന്നു, ഹിന്ദുവിന്റെ മനസ്സ്‌ എന്നും മതേതരമാണെന്ന വസ്‌തുത ഇക്കൂട്ടര്‍ വിസ്‌മരിക്കുന്നു. സംഘപരിവാറിന്റെ ശത്രു പുറത്തല്ല, ഉള്ളില്‍ തന്നെയാണ്‌. പരിവാറിന്റെ ജിഹ്വ ഏതാനും നാള്‍മുമ്പ്‌ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു ലേഖനം തന്നെ അതിന്‌ സാക്ഷ്യപത്രം. ബി.ജെ.പിക്കാര്‍ക്ക്‌ സദാചാരമില്ലെന്നാണ്‌ ആര്‍.എസ്‌.എസ്‌. പ്രസിദ്ധീകരണം ബോധ്യപ്പെടുത്തിയത്‌. എം.ജി.എസ്‌. നാരായണന്‍േറതാണ്‌ ലേഖനം. അതില്‍ അദ്ദേഹം പറയുന്നു : 'ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും ഹിന്ദുത്വ പ്രസ്ഥാനങ്ങളെ നയിക്കുന്നവര്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ ആന്തരമഹത്ത്വം മനസ്സിലാക്കാത്തവരും പ്രോത്സാഹിപ്പിക്കാത്തവരുമാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌...... യഥാര്‍ഥ ഹൈന്ദവ സംസ്‌കാരത്തിന്റെ പ്രാതിനിധ്യം ബി.ജെ.പിക്കുണ്ടെന്ന്‌ ഞാന്‍ കരുതുന്നില്ല. ബുദ്ധിപരവും സദാചാരപരവുമായ മേഖലകളില്‍ മറ്റ്‌ കക്ഷികളേക്കാള്‍ പിന്നിലാണ്‌ കേരളത്തിലെ ബി.ജെ.പിയുടെ സ്ഥാനം'. ബി.ജെപിക്കും ആര്‍.എസ്‌.എസ്സിനുമെതിരെ ഇത്രയും കടുത്ത ഒരാക്രമണത്തിന്‌ ആര്‍.എസ്‌.എസ്സിന്റെ വാരിക തന്നെ വേദിയൊരുക്കുമ്പോള്‍ ബി.ജെ.പിക്ക്‌ വോട്ട്‌ ലഭിക്കാത്തതില്‍ അതിശയിക്കാനുണ്ടോ ? 

കേവീയെസ്‌ (മാതൃഭൂമി പത്രം)

Monday, April 6, 2009

'വികസന വിരുദ്ധ' രാഷ്ട്രീയം വേണം

വളരെ ശ്രദ്ദേയമായ ഒരു ലേഖനം. മാതൃഭൂമിയുടെ താളുകളില്‍ വന്നത് ഇവിടെ കോപി ചെയ്യുന്നു.
നിങ്ങള്‍ വായിച്ചിരിക്കും. പിന്നെ എന്തിനാ പൊസ്ട്കളുടെ എണ്ണം കൂട്ടാനാണോ ചര്‍വിത ചര്‍വണം ചെയ്യുന്നത് എന്ന്‍ ചോദിച്ചാല്‍, ജീവിച്ചിരിക്കേണ്ട നല്ലൊരു ലേഖനം ആണ് ഇത് എന്ന്‍ തോന്നിയതിനാലാണ് എന്നാണെന്ടെ മറുപടി.

'വികസന വിരുദ്ധ' രാഷ്ട്രീയം വേണം

അഡ്വ. കാളീശ്വരം രാജ്‌ (
മാതൃഭൂമി പത്രം )


തി രഞ്ഞെടുപ്പ്‌ സംബന്ധിച്ച മാധ്യമസംവാദങ്ങളില്‍ സ്ഥാനാര്‍ഥികളും ജനങ്ങളും ഒരുപോലെ 'വികസന'ത്തിനു നിലവിളിക്കുന്ന കാഴ്‌ച ഭയാനകമാണ്‌. സ്‌മാര്‍ട്ട്‌സിറ്റിയും കണ്ണൂര്‍ വിമാനത്താവളവും ശബരി റെയില്‍വേയും മറ്റുമാണ്‌ മലയാളിയുടെ വികസന സ്വപ്‌നത്തിന്റെ അടയാളങ്ങള്‍. വനഭൂമികള്‍ നശിപ്പിച്ചും കുന്നുകള്‍ ഇടിച്ചുനിരത്തിയും വയലുകള്‍ നികത്തിയും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ കുത്തിനിറച്ചും വായുവിലും വെള്ളത്തിലും വിഷം കലര്‍ത്തിയും നാം വികസനമെന്ന അന്ധവിശ്വാസത്തെ ആഘോഷിച്ചു.
ഇത്തരം വികസനത്തിന്‌ നടത്തുന്ന കുടിയിറക്കലുകളും അവയുണ്ടാക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ഇടതുവലതു മുന്നണികളെ അലോസരപ്പെടുത്തിയില്ല. ആവാസവ്യവസ്ഥകള്‍ നശിച്ചാലും 'വികസനം' അഭംഗുരം തുടരണം-വ്യവസ്ഥാപിത നേതൃത്വങ്ങളും അനുയായികളും പുലര്‍ത്തുന്ന സമീപനം ഇതാണ്‌. മഹാഭൂരിപക്ഷം ജനങ്ങളും ഈ വഴിക്കു ചിന്തിക്കുമ്പോള്‍ തിരഞ്ഞെടുപ്പുകള്‍ മറ്റൊരു ദുരന്തനാടകത്തിന്റെ ആവര്‍ത്തനമായിത്തീരുന്നു.
ഇതിനിടയിലാണ്‌ മൂലമ്പിള്ളിയിലെ കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധിയായി മേരി ഫ്രാന്‍സിസും മുരിയാട്ടെ ഇഷ്‌ടികക്കളവികസനത്തിനെതിരെ പ്രതികരിച്ച കുഞ്ഞനും അതുപോലെ മറ്റു ചിലരും വിവിധ മണ്ഡലങ്ങളില്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചത്‌. നിലവിലുള്ള രാഷ്ട്രീയത്തിന്റെയും സാങ്കേതികവിദ്യയുടെയും വികസന സങ്കല്‍പ്പങ്ങളുടെയും നിയമസംഹിതകളുടെയും യുക്തിയെ, ധാര്‍മികതയെ വിനീതമായി, എന്നാല്‍ ആധികാരികമായി ചോദ്യം ചെയ്യുന്നതാണ്‌ ഈ സ്ഥാനാര്‍ഥിത്വങ്ങള്‍.
മൂലമ്പിള്ളിയില്‍ നിന്ന്‌ കുടിയിറക്കപ്പെട്ട മേരി ഫ്രാന്‍സിസിന്റെ തിരഞ്ഞെടുപ്പ്‌ യോഗത്തില്‍ ഈ ലേഖകനും പങ്കെടുക്കുകയുണ്ടായി. 'വികസന'ത്തിന്‌ സ്വന്തം വീടുകളില്‍നിന്ന്‌ പോലീസിനാല്‍ അടിച്ചിറക്കപ്പെട്ടവരുടെ മനുഷ്യാവകാശപ്രശ്‌നങ്ങളാണ്‌ മേരി ഫ്രാന്‍സിസ്‌ ഈ തിരഞ്ഞെടുപ്പിലൂടെ ഉന്നയിക്കുന്നത്‌. തങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍ ഇറക്കിയ ഉത്തരവുകളുമായി വന്നാണ്‌ ഉദ്യോഗസ്ഥര്‍ തങ്ങളെ കുടിയിറക്കിയതെന്നും ബലപ്രയോഗം നടത്തി ആ ഭരണകൂട നടപടിയിലൂടെ പാത്രങ്ങളും കുട്ടികളുടെ പുസ്‌തകങ്ങളും വലിച്ചെറിയപ്പെടുകയുണ്ടായെന്നും മേരി ഫ്രാന്‍സിസ്‌ പറഞ്ഞു.
2006 ല്‍ നാം ഒരു ദേശീയ പുനരധിവാസ പദ്ധതി രൂപകല്‌പന ചെയ്‌തു. അതുപക്ഷേ നടപ്പിലാക്കുവാന്‍ സര്‍ക്കാറിന്‌ കഴിഞ്ഞിട്ടില്ല. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്‌ പുനരധിവാസത്തിനുള്ള അവകാശമുണ്ടെന്ന്‌ സുപ്രീം കോടതി നര്‍മദാ കേസില്‍ (2005) പറഞ്ഞു. സത്‌ലജ്‌ ജല്‍നിഗാമിന്റെ കേസിലും (2005) ഇതേ നിയമതത്ത്വം സൂചിപ്പിക്കപ്പെട്ടു. 'വികസന'ത്തിന്റെ പേരിലുള്ള ഭൂമിയേറ്റെടുക്കല്‍ പലപ്പോഴും നഗ്‌നനമായ മനുഷ്യാവകാശ ലംഘനങ്ങളായിത്തീരുന്നുവെന്ന്‌ ഇന്‍ഡോര്‍ വികാസ്‌ പ്രഥാകരണിന്റെ (2007) കേസില്‍ സുപ്രീംകോടതി നിരീക്ഷിച്ചു. ഏറ്റെടുത്ത ഭൂമിക്ക്‌ പ്രതിഫലമായി കിട്ടിയ നാമമാത്രമായ തുകപോലും നഷ്‌ടപരിഹാരത്തിനായുള്ള കേസിനുതന്നെ ചെലവാക്കേണ്ടിവന്ന സാധാരണക്കാരന്റെ അനുഭവമാണ്‌ മെഹബൂബിന്റെ കേസില്‍ (2009) സുപ്രീംകോടതിയുടെ മനഃസാക്ഷിയെ ഞെട്ടിച്ചത്‌.
കാലഹരണപ്പെട്ട ലാന്‍ഡ്‌ അക്വിസിഷന്‍ നിയമമാണ്‌ നമ്മുടേത്‌. അത്‌ നമ്മുടെ കക്ഷിരാഷ്ട്രീയം പോലെ കാലഹരണപ്പെട്ടിരിക്കുന്നു. 'പൊതുവായ ആവശ്യം' എന്ന ലേബലില്‍ നടക്കുന്ന ഭരണകൂടഭീകരതയ്‌ക്ക്‌ നിയമസാധുത നല്‍കുക എന്നത്‌ മാത്രമാണ്‌ ഇന്ന്‌ ഈ ഫ്യൂഡല്‍നിയമം നിര്‍വഹിക്കുന്ന ദൗത്യം. നിയമത്തിന്റെ 4-ാം വകുപ്പ്‌ പ്രകാരം, ആരുടെ ഭൂമിയും പൊതുവായ ആവശ്യത്തിന്‌ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന്‌ സര്‍ക്കാറിന്‌ തോന്നിയാല്‍, അക്വയര്‍ ചെയ്യാം. കാസര്‍കോട്‌ ജില്ലയില്‍ ബേക്കല്‍ ടൂറിസം വികസനത്തിന്‌ ഇങ്ങനെ അക്വയര്‍ ചെയ്യപ്പെട്ട കൃഷിഭൂമികളും പറമ്പുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്‍ പിന്നീട്‌ ഏല്‌പിച്ചുകൊടുത്തത്‌ വന്‍കിട ബാര്‍ഹോട്ടലുകള്‍ക്കും റിസോര്‍ട്ട്‌ സംരംഭകര്‍ക്കും ആയിരുന്നു. നാളിതുവരെ നാട്ടുകാര്‍ കൃഷിചെയ്‌ത്‌ ഉപജീവനം നടത്തിയ ഭൂമിയില്‍ സ്വിമ്മിങ്‌പൂളുകളും ബാര്‍ ഹോട്ടലുകളും വരുന്ന ഈ പ്രക്രിയയെ സാധൂകരിക്കുന്ന അക്വിസിഷന്‍ നിയമം നമ്മുടെ രാജ്യത്തിനും നിയമവ്യവസ്ഥയ്‌ക്കും അപമാനമാണ്‌.
നിയമത്തിന്റെ 4, 5, 6 വകുപ്പുകളില്‍ പറയുന്ന നടപടിക്രമങ്ങളൊന്നും തന്നെ അക്വിസിഷന്‍ എന്ന വ്യാജേന നടക്കുന്ന ഭരണകൂട ഭീകരതയുടെ കാഠിന്യം കുറയ്‌ക്കുന്നില്ല. 17-ാം വകുപ്പനുസരിച്ച്‌ 'അടിയന്തരാവശ്യ'ത്തിന്റെ പേരുപറഞ്ഞ്‌ ഭൂമിയേറ്റെടുത്താല്‍ ഭരണകൂടത്തിന്‌ കുറേക്കൂടി എളുപ്പമാണ്‌. 'നഷ്‌ടപരിഹാരം' എന്ന ഒറ്റമൂലിയിലൂടെ അക്വിസിഷന്‍ ഉയര്‍ത്തുന്ന മനുഷ്യാവകാശ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാമെന്ന വികലമായ കാഴ്‌ചപ്പാടാണ്‌ ഈ നിയമത്തിന്‍േറത്‌.
ഇത്‌ റദ്ദാക്കുവാന്‍ കാലമായിരിക്കുന്നു. പുതിയ അക്വിസിഷന്‍ നിയമത്തിന്‌ രൂപം നല്‍കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത്‌ 'വികസന'ത്തിന്‌ ഇരയാകുന്നവരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ്‌. അവരുടെ തൃപ്‌തികരവും സമഗ്രവുമായ പുനരധിവാസം നടത്തിക്കഴിഞ്ഞാല്‍ മാത്രമേ അക്വിസിഷന്‍ നടപടികള്‍ തുടങ്ങാന്‍ പോലും പാടുള്ളൂ എന്ന്‌ നിഷ്‌കര്‍ഷിക്കുന്ന വിധത്തിലാകണം. 21-ാം നൂറ്റാണ്ടിനും വരും നൂറ്റാണ്ടുകള്‍ക്കുമുള്ള ലാന്‍ഡ്‌ അക്വിസിഷന്‍ നിയമം.
വരും നൂറ്റാണ്ടുകള്‍ക്കുവേണ്ടിയുള്ള നിയമം പോലെ പ്രധാനമാണ്‌ വരുംകാലങ്ങള്‍ക്കായുള്ള രാഷ്ട്രീയവും. പരമ്പരാഗത രാഷ്ട്രീയം അവസാനിക്കുന്നിടത്താണ്‌ പരിസ്ഥിതി രാഷ്ട്രീയം ആരംഭിക്കുന്നത്‌. കേരളം പോലെ പാരിസ്ഥിതികമായി ദുര്‍ബലമായിക്കഴിഞ്ഞ പ്രദേശത്തിന്‌ ഇനിയും 'വികസിക്കാന്‍' സാധ്യമല്ല. പരിമിതമായ പ്രകൃതിയില്‍ അപരിമിതമായ വികസനവും അനന്തമായ വളര്‍ച്ചയും സാധ്യമല്ല. ഇനിയും നമുക്ക്‌ ഇടിച്ചുകളയാന്‍ കുന്നുകളില്ല; നികത്തുവാന്‍ വയലേലകളില്ല. നശിപ്പിക്കുവാന്‍ കാടുകളും ഇല്ല.
ബാക്കിയുള്ള ആവാസ വ്യവസ്ഥകളെയും ജൈവവ്യൂഹങ്ങളെയും പരിരക്ഷിക്കുക. കുറഞ്ഞ പ്രകൃതി ചൂഷണത്തിലൂടെ എങ്ങനെ കൂടുതല്‍ സന്തോഷവും സ്വാസ്ഥ്യവും നേടാന്‍ കഴിയും എന്നാലോചിക്കുക- ഇതെല്ലാമാണ്‌ വരാന്‍ പോകുന്ന കാലത്തിന്റെ രാഷ്ട്രീയ അജന്‍ഡകള്‍. ജര്‍മനിയിലെ ഗ്രീന്‍ പ്രസ്ഥാനക്കാര്‍ പറയുമായിരുന്നു. ''ഞങ്ങള്‍ ഇടത്തല്ല; വലത്തുമല്ല, മുന്‍പോട്ടു നീങ്ങുന്ന പക്ഷമാണ്‌'' എന്ന്‌. കാലഹരണപ്പെട്ട ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും പകരമായി ''ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുകയും'' ചെയ്യുന്ന ചെറുഗ്രൂപ്പുകള്‍ ഇനിയെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും ഇടപെടുകതന്നെ വേണം.
ഇത്‌ ഒരു ആഗ്രഹചിന്തയല്ല; മറിച്ച്‌ സംസ്ഥാനത്തിന്റെ അനിവാര്യതയാണ്‌. 'വികസന'ത്തിന്റെ ഇരകള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ പുതിയൊരു 'വിക്‌ടി മോളജി' സൃഷ്‌ടിച്ചിരിക്കുന്നു. 'വികസനം' പുതിയ പാരിസ്ഥിതിക ഇരകളെ ഉണ്ടാക്കിയിരിക്കുന്നു. ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമിടയില്‍ പാരിസ്ഥിതികമായ വര്‍ഗസമരങ്ങള്‍ അദൃശ്യമെങ്കിലും ശക്തമായി ഉരുത്തിരിഞ്ഞുവരുന്നു. അതുകൊണ്ട്‌ കുഞ്ഞനും മേരി ഫ്രാന്‍സിസും നാളെയുടെ രാഷ്ട്രീയത്തിന്റെ ചെറുതെങ്കിലും പ്രസക്തമായ സൂചനകളാകുന്നു.
മാതൃഭൂമിയില്‍ വന്ന ലേഖനം