Saturday, August 30, 2008

പരിവാര്‍ ബോംബുകള്‍ നിര്‍വീര്യമാക്കുന്നത് ആര്?


Part -2

നിഷ്കളങ്കരായ ഹിന്ദുക്കള്‍ മുസ്ലിം തീവ്രവാദസംഘടനകളാല്‍ നിരന്തരം ആക്രമിക്കപ്പെടുന്നതായി സംഘ്പരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ചു. ഇതിന്റെ പേരില്‍ ഹിന്ദുയുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനായി ഹിമാന്‍ഷു പാന്‍സെയും രാഹുല്‍ മനോഹര്‍പാണ്ഡെയും ചേര്‍ന്ന് 'പവര്‍സോണ്‍' എന്ന ജിംനേഷ്യം ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് ബജ്റംഗ്നഗറില്‍ എം.ജി.എം കോളജിന് എതിര്‍വശത്തായി സംഘ്പരിവാര്‍ ശാഖ ആരംഭിച്ചു. യോഗേഷ് വിദുത്കര്‍ വീട്ടില്‍ അനാഥക്കുട്ടികള്‍ക്കായി ഹോസ്റ്റല്‍ തുടങ്ങി.

പ്രഭാഷണങ്ങളിലൂടെയും സെമിനാറുകളിലൂടെയും അവര്‍ മുസ്ലിം വിരുദ്ധ അന്തരീക്ഷം സൃഷ്ടിച്ചു.ഹിന്ദുത്വത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ യുവാക്കളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഇതിനായി അവര്‍ ആര്‍.എസ്.എസ്, ബജ്റംഗ്ദള്‍ എന്നിവയിലൂടെ ഹിന്ദു പുതുവര്‍ഷം,രാമന്റെ ജന്മവാര്‍ഷികം, വിജയദശമി, ഗണേശോത്സവം തുടങ്ങി നിരവധി ആഘോഷങ്ങള്‍ നാന്ദഡ് ജില്ലയിലും നാന്ദേഡ് സിറ്റിയിലും സംഘടിപ്പിച്ചു.

മുസ്ലിംകളോട് പ്രതികാരം തീര്‍ക്കാനായി വോ, പാന്‍സെ, ചൌധരി, വിദുല്‍ക്കര്‍ എന്നിവര്‍ 2003ല്‍ പൂനയില്‍ മിഥുന്‍ ചക്രവര്‍ത്തി എന്നയാളില്‍നിന്ന് പൈപ്പ്ബോംബ് നിര്‍മാണത്തില്‍ പരിശീലനംനേടി. ടൈംബോംബടക്കം മൂന്നുതരം ബോംബുകളുണ്ടാക്കാന്‍ അവര്‍ പരിശീലനം നേടി. സ്ഫോടനം എങ്ങനെ നടത്തണമെന്ന് കാണിച്ചശേഷം ചക്രവര്‍ത്തി സ്ഫോടക വസ്തുക്കള്‍ പാന്‍സെക്ക് കൈമാറി.പാന്‍സെ രണ്ടുവര്‍ഷക്കാലം ഗോവയില്‍ വി.എച്ച്.പിയുടെയും ബജ്റംഗ്ദളിന്റെയും പരിശീലനം നേടിയിട്ടുണ്ട്.

2003ല്‍ പൂനയില്‍നിന്ന് മടങ്ങിയ ശേഷം വോക്കും പാന്‍സെക്കും നാഗ്പൂരിലെ ഭോന്‍സാല മിലിട്ടറി സ്കൂളില്‍ 40 ദിവസത്തെ പരിശീലനം ലഭിച്ചു.ഗൌസിയ മസ്ജിദ്,പര്‍ഭാനി എന്നിവിടങ്ങളില്‍ സ്ഫോടനം നടത്തിയതിന് നാനല്‍ പേത്ത് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ് (ക്രൈം നമ്പര്‍ 61 03) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലക്ഷ്മണ്‍ രാജ്കോണ്ട്വാര്‍ പ്രത്യാഘാതങ്ങളെക്കുറിച്ചും ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ചും അറിഞ്ഞുകൊണ്ടുതന്നെ തന്റെ വീട് ബോംബ് നിര്‍മാണത്തിന് നല്‍കുകയായിരുന്നു. ദേശവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉപയോഗിക്കുമ്പോള്‍ നിരവധി പേരും ഒരു പക്ഷേ തങ്ങളും കൊല്ലപ്പെട്ടേക്കാമെന്ന് ഇവര്‍ക്കറിയാമായിരുന്നു. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അത് ബോംബ് സ്ഫോടനമല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനായി വലിയ അളവില്‍ വീട്ടില്‍ പടക്കം സൂക്ഷിച്ചു. ഇത്തരത്തില്‍ പടക്കം സൂക്ഷിക്കുന്നതിന് നിയമപരമായി ഒരു അനുവാദവും നല്‍കിയിട്ടില്ലെന്ന് നാന്ദേഡ് കലക്ടര്‍ രേഖാമൂലം അറിയിച്ചു.

വോയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത രാംദാസ് രാസ്നിഷിയുടെ പോക്കറ്റ് ഡയറിയിലെ ഭൂപടവും പല തെളിവുകളും നല്‍കുന്നു. 2004ല്‍ വോ ഔറംഗബാദില്‍ ബി.പി.എഡ് ഡിപ്ലോമക്ക് പഠിക്കുന്ന സമയത്ത് ഔറംഗബാദ് പള്ളിയും പരിസരവും സൂക്ഷ്മമായി നിരീക്ഷിച്ചതായി കേസിലെ സാക്ഷിയായ ശ്രീകര്‍ശിവ്സാംബ് സോനാവാല പറയുന്നു.

റെയ്ഡിനിടയില്‍ വീട്ടില്‍നിന്ന് കിട്ടിയ കൃത്രിമ താടി, മീശ എന്നിവയും സാക്ഷി അതുല്‍ വിനോദ് കാംതികറുമായി 9822297494 എന്ന നമ്പറില്‍ നടത്തിയ സംഭാഷണവും വോക്കെതിരായ തെളിവുകളാണ്. 2006 ഏപ്രില്‍ 5ന് ചില ആവശ്യങ്ങള്‍ക്കായി താന്‍ ഔറംഗബാദില്‍ വരുന്നുണ്ടെന്നും അതിനായി നേരത്തെ തന്നെ സച്ചിന്‍ സുരേഷ് കദമിന്റെ ദൂത് മോട്ടേഴ്സില്‍ ഒരു ബൈക്ക് തയാറാക്കി വെക്കണമെന്നും അതുലുമായുള്ള സംഭാഷണത്തില്‍ പറയുന്നു. ഇതില്‍നിന്നെല്ലാം ഹിന്ദു മുസ്ലിം സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പള്ളികളില്‍ സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് തെളിയുന്നു.

ഭീകരവിരുദ്ധ സ്ക്വാഡ് തങ്ങളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പൂനെ സ്വദേശിയായ രഗ്വിത്തല്‍ ഭാട്ടിയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 1996 വരെ ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചിരുന്നതായി മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ ഭാട്ടി വെളിപ്പെടുത്തി. 2000 മാര്‍ച്ചിലോ ഏപ്രിലിലോ പൂനെ സരസ്വതി മന്ദിര്‍ സ്കൂളിന് പിറകിലുള്ള ബജ്റംഗ്ദള്‍ ഓഫീസില്‍നിന്ന് തനിക്ക് ഫോണ്‍ വന്നതായും ഭാട്ടി സമ്മതിച്ചു. ബജ്റംഗ്ദള്‍ നേതാവ് മിലിന്ദ് പരേഡ് പൂനെ ക്യാമ്പില്‍ പ്രവര്‍ത്തകര്‍ക്ക് ജലാറ്റിന്‍ സ്റ്റിക്കില്‍ പരിശീലനം നല്‍കാന്‍ ആവശ്യപ്പെട്ടു. ഭാട്ടി സമ്മതിച്ചു. 4050 സംസ്ഥാനതല പ്രതിനിധികള്‍ പങ്കെടുത്ത ക്യാമ്പില്‍ ഹിമാന്‍ഷു പാന്‍സെ ഗ്രൂപ്പ് നേതാവായിരുന്നു. പാന്‍സെയെ ക്യാമ്പില്‍ കണ്ടതായി ഭാട്ടി സമ്മതിക്കുന്നു. നാഗ്പൂരിലെ ഭോന്‍സാല മിലിട്ടറി സ്കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രതിനിധികളുടെ ക്യാമ്പില്‍ പങ്കെടുക്കാന്‍ മിലിന്ദ് ഭാട്ടിയോട് ആവശ്യപ്പെട്ടു. മിലിന്ദും മൂന്ന് അനുയായികളും 300 ജലാറ്റിന്‍ സ്റ്റിക്കുകളുമായി ക്യാമ്പില്‍ പങ്കെടുത്തതായി ഭാട്ടി പറയുന്നു.എന്തുകൊണ്ട് എ ടി എസ് പോലും ഭാട്ടിയെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തില്ല?

പ്രവര്‍ത്തകര്‍ക്ക് കരാട്ടെ,വെടിവെപ്പ് എന്നിവയില്‍ പരിശീലനം നല്‍കാന്‍ ആര്‍.എസ്.എസാണ് ഭോന്‍സാല മിലിട്ടറി സ്കൂളില്‍ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാട്ടി പറഞ്ഞു. വിരമിച്ച രണ്ട് പട്ടാളക്കാരും ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും ക്യാമ്പില്‍ പരിശീലനം നല്‍കി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 115 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. നാന്ദേഡ് ടെലിഗ്രാഫ് എക്സ്ചേഞ്ചിലെ ഉദ്യോഗസ്ഥനായ ഗോവിന്ദ് നാഗാചാര്യ പുരാണികും ഈ കുറ്റകൃത്യങ്ങളില്‍ പ്രധാന പങ്ക് വഹിച്ചു. ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസിലെ അംഗമായിരുന്ന പുരാണിക്. 2006 ഏപ്രിലിനും ജൂണിനുമിടയില്‍ എ.ടി.എസിന് നല്‍കിയ മൊഴിയില്‍ 2000 വരെ താന്‍ ആര്‍. എസ്.എസ് ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നതായി വെളിപ്പെടുത്തി. ഹിമാന്‍ഷു പാന്‍സ, നരേഷ് രാജ് കോണ്ട്വാര്‍, രാഹുപാണ്ഡെ എന്നിവരുടെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് പുരാണികിന് വ്യക്തമായി അറിയാമായിരുന്നു. ഇവര്‍ ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങള്‍ക്ക് ഇയാള്‍ സംഘടനാസഹായവും സാമ്പത്തികസഹായവും നല്‍കി. ഈ സഹായങ്ങള്‍ നാന്ദേഡ് സംഭവത്തിനു ശേഷവും തുടര്‍ന്നു. ഇയാള്‍ക്ക് നാന്ദഡിലെ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

നാന്ദേഡ് നിവാസിയായ ശ്രീകര്‍ ശിവ്സാംഗ് സോനാവാല നാന്ദേഡ് കേസിലെ പ്രതികളില്‍ പലരുമായും അടുത്ത സൌഹൃദമുണ്ടായിരുന്നെന്ന് എ.ടി.എസിനോട് വെളിപ്പെടുത്തി. ഒരു വൈകുന്നേരം മരോട്ടി വാഗുമായി മദ്യപിക്കുന്ന സമയത്ത് എങ്ങനെയാണ് ഹിമാന്‍ഷു പാന്‍സെയും വാഗും പര്‍ഭാനി സ്ഫോടനം നടത്തിയതെന്ന് വിശദമായി പറഞ്ഞു. ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നറിഞ്ഞിട്ടും സോനാവാല ഈ വിവരം പോലിസില്‍ അറിയിച്ചില്ല. അല്ലെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാനും മറ്റു സ്ഫോടനങ്ങള്‍ ഒഴിവാക്കാനും കഴിയുമായിരുന്നു. പാന്‍സെയുടെ വീട്ടില്‍ നടത്തിയ പരിശോധനകളില്‍ നിന്നും പ്രതികള്‍ക്കെതിരായ ശക്തമായ തെളിവുകള്‍ പോലിസും ഐ.ടി.എസും കണ്ടെടുത്തിരുന്നു. മുസ്ലിം തീവ്രവാദികള്‍ മുസ്ലിംകളെ തന്നെ ആക്രമിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ബജ്റംഗ്ദളിന്റെയും ആര്‍.എസ്്.എസ് സംഘടനകളുടെയും ലക്ഷ്യം. മുസ്ലിംകള്‍ക്കെതിരെ വെറുപ്പു വളര്‍ത്തുക എന്ന ആര്‍.എസ്.എസ് ലക്ഷ്യം സാധ്യമാക്കാനുള്ള ശ്രമങ്ങളായിരുന്നു ഈ സ്ഫോടനങ്ങള്‍.

2006 ആഗസ്റ്റ് 24 ന് എ.ടി.എസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ രാഹുല്‍ പാണ്ഡെ, ലക്ഷ്മണ്‍ രാജ് കോബ്വാര്‍, സഞ്ജയ് ചൌധരി, രാംദാസ് മുലാംഗെ, ഡോ. ഉമേഷ് ദേശ്പാണ്ഡെ, ഹിമാന്‍ഷു പാന്‍സെ (മരിച്ചു), നരേഷ് രാജ് കോണ്ട്വാര്‍ (മരിച്ചു) എന്നിവരാണ് പ്രതി പട്ടികയില്‍ ഉണ്ടായിരുന്നത്. സ്ഫോടന സ്ഥലത്തുണ്ടായിരുന്ന മറോട്ടി വാഗ്, യോഗേഷ് ഡി. വിജയന്‍, ഗുരുരാജ് ജയ്റാം തപ്തേവാര്‍ എന്നിവര്‍ ആദ്യ പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തത്. അവയില്‍ ഏറ്റവും പ്രധാനം നിയമവിരുദ്ധപ്രവര്‍ത്തന നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304^ാം വകുപ്പുമാണ്.

തുടരന്വേഷണങ്ങള്‍ക്ക് ശേഷം 2006 നവംബര്‍ 11 ന് എ.ടി.എസ് മറ്റൊരു കുറ്റപത്രം കൂടി സമര്‍പ്പിച്ചു. ഇതില്‍ മരോട്ടി വാഗ്, യോഗേഷ് ഡി. വിദുന്‍കര്‍, ഗുരുരാജ് ജയ്റാം തപ്തേവാര്‍, മലിന്ദ് എക്താഠിത്ത എന്നിവരെക്കൂടി പ്രതിപ്പട്ടികയില്‍ പെടുത്തി. പക്ഷേ, സ്ഫോടനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങളായ മിഥുന്‍ ചക്രവര്‍ത്തിയോ, ബജ്റംഗ്ദള്‍ നേതാക്കളോ ഈ പട്ടികയിലും ഉള്‍പ്പെട്ടില്ല.

മഹാരാഷ്ട്രയിലെ സംഘ്പരിവാറിന്റെ ഹിന്ദു തീവ്രവാദശൃംഖലയെ പൊതുജന മധ്യത്തില്‍ തുറന്നുകാട്ടാന്‍ എ.ടി.എസിനായിട്ടുണ്ട്. എന്നാല്‍, അവരുടെ കണ്ടെത്തലുകളുടെ ആഴം രണ്ടു ചാര്‍ജ്ഷീറ്റുകളിലും കാണുന്നില്ല. അന്വേഷണത്തിന്റെ ഏതോ ഘട്ടത്തില്‍ എ.ടി.എസ് മലക്കം മറിഞ്ഞു. തുടര്‍ന്ന് ജനങ്ങളില്‍നിന്ന് ശക്തമായ പ്രതിഷേധമുണ്ടായപ്പോള്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായി. എന്നാല്‍, എ.ടി.എസ് നല്‍കിയ തുമ്പുകളെക്കുറിച്ച് അന്വേഷിക്കാതെ കേസ് ദുര്‍ബലപ്പെടുത്താനാണ് സി.ബി.ഐ ശ്രമിച്ചത്.

കടപ്പാട് : മാധ്യമം ഡെയിലി (ടീസ്റ്റ സെറ്റല്‍വാദ്)

Thursday, August 28, 2008

തുടരുന്ന പൊട്ടിത്തെറികള്‍ ആരുടെ വക? part 1

തുടരുന്ന പൊട്ടിത്തെറികള്‍ ആരുടെ വക?


2006 ഏപ്രിലില്‍ മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയില്‍ ഒരു ആര്‍.എസ്.എസുകാരന്റെ വീട്ടിലുണ്ടായ ആകസ്മികസ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും നാല് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. വീട്ടിലുണ്ടായിരുന്ന പടക്കം പൊട്ടിയാണ് അപകടമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു എന്നാണ് എഫ്.ഐ.ആറില്‍. പള്ളികളിലും മറ്റും ആക്രമണം നടത്താന്‍ ഹിന്ദുതീവ്രവാദികള്‍ സൂക്ഷിച്ച ബോംബ് ആകസ്മികമായി പൊട്ടിയാണ് അപകടംനടന്നതെന്ന് പോലിസ് പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍ തെളിഞ്ഞു.

ഹിന്ദുതീവ്രവാദികളെ ബോംബുമായി ബന്ധപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, നാടിനെ നടുക്കുന്ന സ്ഫോടനങ്ങള്‍ തുടരത്തുടരെ ഉണ്ടാകുമ്പോഴും പോലിസും ഇന്റലിജന്‍സും ഇസ്ലാമിക തീവ്രവാദസംഘടനകളുടെ ഇന്ത്യന്‍/സ്വദേശി രൂപങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് പതിവ്. ഇത്തരം ആരോപണങ്ങള്‍ അപൂര്‍വമായി മാത്രമേ കോടതികളില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ആരോ ചെയ്യുന്ന ഭീകരതയുടെ പേരില്‍ സമൂഹത്തെ മൊത്തം ഭീകരവാദികളായി ചിത്രീകരിക്കുന്നു എന്നൊരു വികാരം ഇന്ത്യയിലെ മുസ്ലിംകള്‍ക്കിടയിലുണ്ട്.

ഇത്തരം തിരിച്ചടികള്‍ക്കിടയിലും നാന്ദേഡ് സംഭവം നല്ലൊരു വിഭാഗം മതേതരവാദികളുടേയും മുസ്ലിം സംഘടനകളുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഹിന്ദു തീവ്രവാദികള്‍ കൈയോടെ പിടികൂടപ്പെട്ട ഈ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണവും വിചാരണയും നടക്കുന്നുണ്ടോ എന്ന് അവര്‍ നിരന്തരം ശ്രദ്ധിച്ചു. തദ്ഫലമായി കേസ് പോലിസില്‍ നിന്ന് തീവ്രവാദവിരുദ്ധ സ്ക്വാഡിനും അവരില്‍ നിന്ന് സി.ബി.ഐക്കും കൈമാറി.

തുടക്കം മുതല്‍ കേസ് നിരീക്ഷിച്ചുവന്ന ഞങ്ങളുടെ നിരന്തര അന്വേഷണത്തില്‍ പോലിസും തീവ്രവാദ വിരുദ്ധ സ്ക്വാഡും കാണിച്ച ഞെട്ടിക്കുന്ന പക്ഷപാതകഥകളാണ് പുറത്തുവന്നത്.പൂര്‍ണവും പക്ഷപാതരഹിതവുമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിച്ച സി.ബി.ഐയുടെ മുഖമായിരുന്നു ഏറ്റവും വികൃതം. എങ്ങനെയും പ്രതികളെ രക്ഷിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് സി.ബി.ഐ കേസ് അന്വേഷിച്ചത്. ഇവിടെ സ്വാഭാവികമായ ചോദ്യം ഉയര്‍ന്നുവരുന്നു. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയിലും വര്‍ഗീയതയുടെ കറ പുരണ്ടിട്ടുണ്ടോ?

2006 ഏപ്രില്‍ അഞ്ചിനോ ആറിനോ രാത്രിയിലാണ് പി.ഡബ്ല്യു.ഡിയില്‍നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച ലക്ഷ്മണ്‍ ഗുണ്ടയ്യ രാജ്കോണ്ട്വാറിന്റെ വീട്ടില്‍ സ്ഫോടനമുണ്ടായത്.നരേഷ് രാജ് കോണ്ട്വാറും ഹിമാന്‍ഷു പാന്‍സയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവരുടെ കൂട്ടാളികളായ മരോട്ടി കേശവ് വാഗ്, വിദുല്‍ക്കര്‍ എന്നുവിളിക്കുന്ന യോഗേഷ് ദേശ്പാണ്ഡെ, ഗുരുരാജ് ജയ്റാം തുപ്തേവാര്‍, രാഹുല്‍ മനോഹര്‍ പാണ്ഡെ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അന്ന് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഭാഗ്യനഗര്‍ സ്റ്റേഷനിലെ അസി. ഇന്‍സ്പെക്ടര്‍ രവീന്ദ്ര പുരുഷോത്തം ദഹേദ്കറാണ് ആദ്യപരാതി രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ തയാറാക്കിയത്. ഇതനുസരിച്ച് നരേഷ്രാജ് കോണ്ട്വാര്‍ വീട്ടില്‍ പടക്കക്കച്ചവടം നടത്തി വരികയായിരുന്നു.നരേഷും മരോട്ടി കേശവ് വാഗും പടക്കത്തിനടുത്തിരുന്ന് സിഗരറ്റ് വലിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അലംഭാവമോ, പരിചയക്കുറവോ, അതുമല്ലെങ്കില്‍ ഒരു പ്രത്യേകസമുദായം മാത്രമേ ബോംബ് നിര്‍മാണത്തിലും സ്ഫോടനത്തിലും പങ്കാളികളാവൂ എന്ന പൊതുധാരണയോ ദഹേദ്കറുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ? ഈ നാണക്കേടില്‍ എസ്.പി ഫത്തേഹ് സിംഗ് പാട്ടീലും കലക്ടര്‍ രാധേശ്യാം മോപല്‍വാറും പങ്കാളികളാണ്.അവര്‍ ദഹേദ്കറുടെ എഫ്.ഐ.ആര്‍ വിശ്വസിച്ച് പടക്കക്കഥ നിരന്തരം മാധ്യമങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്നു.

ദിവസങ്ങള്‍ക്കകം നാന്ദേഡ് റേഞ്ച് ഐ.ജി ഡോ. സൂര്യപ്രകാശ് ഗുപ്ത അതൊരു ബോംബ്സ്ഫോടനമായിരുന്നെന്ന് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കി. മരിച്ചവരുടേയും പരിക്കേറ്റവരുടേയും ശരീരത്തില്‍നിന്ന് ബോംബ്ചീളുകള്‍ ദഹേദ്കര്‍ തന്നെ കണ്ടെടുത്തിരുന്നു. പോലീസിനെ വഴിതെറ്റിക്കാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ചതാണ് പടക്കക്കഥയെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

തുടരന്വേഷണത്തില്‍ മരിച്ചവരും പരിക്കേറ്റവരും സജീവ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. മുസ്ലിം ആരാധനാലയങ്ങളില്‍ സ്ഫോടനം നടത്തി കുറ്റം മുസ്ലിംകളുടെ തലയില്‍ കെട്ടിവെക്കാന്‍ ബോംബ് സമാഹരിക്കുകയായിരുന്നു ഇവര്‍. വീട്ടുടമസ്ഥന്‍ ലക്ഷ്മണ്‍ ഗുണ്ടയ്യ രാജ്കോണ്ട്വാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ഡയറികള്‍, സംശയകരമായ മാപ്പുകള്‍, മൊബൈല്‍ നമ്പറുകള്‍ തുടങ്ങി പല വിലപ്പെട്ട രേഖകളും ഇവിടെനിന്ന് കണ്ടെടുത്തു. അക്ഷരാര്‍ഥത്തില്‍ ബജ്റംഗ്ദള്‍ അംഗങ്ങള്‍ എല്ലാ തെളിവുകളോടെയും അവരുടെ മടയില്‍ പിടിയിലാവുകയായിരുന്നു.

തെളിവുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് പിന്നീട് നടന്നത്. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന പടക്കങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. വലിയൊരു സ്ഫോടനം നടന്നിട്ടും എങ്ങനെയാണ് ഇത്രയും പടക്കങ്ങള്‍ സുരക്ഷിതമായിരുന്നത്? ഇതില്‍നിന്ന് ഈ പടക്കം പിന്നീട് അവിടെ കൊണ്ടുവെച്ചതാണെന്ന് മനസ്സിലാക്കാം. ഇത്രയും പടക്കം എവിടെനിന്ന് വന്നു? നിയമവിരുദ്ധമായി, ലൈസന്‍സില്ലാതെ, ഇവര്‍ക്കെങ്ങനെ ഇത് വീട്ടില്‍ സൂക്ഷിക്കാന്‍ സാധിച്ചു?

സ്ഫോടനത്തിന്റെ ഇരകളാണ് ഇപ്പോള്‍ കുറ്റാരോപിതര്‍. സ്ഫോടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പോലിസ് 16 പേരെ അറസ്റ്റ് ചെയ്തു. ഇവരെ റിമാന്റില്‍ വിട്ടുകിട്ടാന്‍ രണ്ടു കാര്യങ്ങളാണ് പോലിസ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടിയത്. ഒന്ന്, പ്രതികള്‍ സ്ഫോടനത്തെക്കുറിച്ച് പോലിസിന് തെറ്റായ വിവരം നല്‍കി. രണ്ട്, പ്രതികളില്‍നിന്ന് ബോംബ് നിര്‍മാണത്തെക്കുറിച്ച ചിത്രങ്ങളും വിവരങ്ങളും ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. രാജ്യത്ത് അശാന്തി പടര്‍ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

കുറ്റാരോപിതരുടെ കൂട്ടത്തില്‍ നാന്ദേഡ് ജില്ലാകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. മിലിന്ദ് അരവിന്ദ് എക്കാട്ടേയും ഉമേഷ് ദിംഗാ റാവു ദേശ്പാണ്ഡെയെന്ന ഡോക്ടറും ഉള്‍പ്പെടുന്നു. പ്രതികളിലൊരാളായ രാഹുല്‍ മനോഹര്‍ പാണ്ഡെ പരിക്കുകളുണ്ടായിട്ടും രക്ഷപ്പെട്ട് ഒളിവില്‍ ചികിത്സ തേടുകയായിരുന്നു. രാഹുലിനെ ഒളിക്കാന്‍ സഹായിച്ചവരില്‍ അഡ്വ. മിലിന്ദും ഉള്‍പ്പെടും. പോലിസില്‍ അറിയിക്കാതെ രാഹുലിനെ ചികിത്സിച്ചത് ഡോ. ഉമേഷാണ്. പക്ഷേ, അഡ്വ. മിലിന്ദിനും ഡോ. ഉമേഷിനും ജില്ലാകോടതിയില്‍ നിന്ന് മുന്‍കൂര്‍ജാമ്യം ലഭിക്കാന്‍ ഒരു തടസ്സവുമുണ്ടായില്ല. ഏപ്രില്‍ 10ന് മിലിന്ദിനും ഏപ്രില്‍ 13ന് ഇരുവര്‍ക്കും ഇടക്കാലജാമ്യം അനുവദിച്ചു. ഉമേഷിന്റെ ജാമ്യാപേക്ഷക്കെതിരെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചില്ല.
ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മനോഹര്‍പാണ്ഡെ ഒഴിച്ച് ബാക്കി എല്ലാ പ്രതികളും ജാമ്യംനേടി പുറത്ത് വിഹരിക്കുന്നു.

2006 മെയ് നാലിന് ഈ കേസ് മഹാരാഷ്ട്ര പോലിസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എ.ടി.എസ്) കൈമാറി. 2006 ആഗസ്റ്റ് 24ന് എ.ടി.എസ് ആദ്യ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്തു. തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെയും ബജ്റംഗ്ദളിന്റെ തീവ്രവാദ ശൃംഖലക്കെതിരെയും ഇതിനകം എ.ടി.എസ് ശക്തമായ തെളിവുകള്‍ സമാഹരിച്ചിരുന്നു.
എ.ടി.എസ് കുറ്റപത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:
കേസില്‍ കുറ്റാരോപിതരായവര്‍ 2003 നവംബറില്‍ പര്‍ഭാനിയിലെ മുഹമ്മദിയ്യ മസ്ജിദിലും 2004 ആഗസ്റ്റില്‍ ജാല്‍നയിലെ ഖാദിരിയ്യ മസ്ജിദിലും പര്‍നയിലെ മിഅ്റാജുല്‍ ഉലൂം മസ്ജിദിലും നടന്ന ബോംബ്സ്ഫോടനങ്ങളില്‍ പങ്കാളികളായിരുന്നു. (ഈ സ്ഫോടനങ്ങളിലെ കുറ്റവാളികളെക്കുറിച്ച് പോലിസിന് ഒരു തെളിവും അതുവരെ ലഭിച്ചിരുന്നില്ല)

നാന്ദേഡ് കേസിലെ പ്രധാന പ്രതിപ്പട്ടികയിലുള്‍പ്പെട്ട സഞ്ജയ് ചൌധരി, ഹിമാന്‍ഷു പാന്‍സെ, മരോട്ടി കേശവ് വാഗ്, യോഗേഷ് രവീന്ദ്ര ദേശ്പാണ്ഡെ എന്നിവരാണ് 2003 നവംബര്‍ 21ന് പര്‍ഭാനിയിലെ മുഹമ്മദിയ മസ്ജിദില്‍ ബോംബ് വെച്ചത്. ഇതേ കേസിലെ മുഖ്യപ്രതികളായ സഞ്ജയ് ചൌധരിയും ഗുരുരാജ് ജയ്റാം തപ്തേവാറും 2004 ആഗസ്റ്റ് 27 ന് പര്‍നയിലെ പള്ളിയില്‍ ബോംബ് വെച്ചതായി സമ്മതിച്ചു. 2004 ആഗസ്റ്റ് 27 ന് ഖാദിരിയ്യ മസ്ജിദില്‍ ബോംബ് വെച്ച കേസില്‍ പ്രതിയാണ് മരോട്ടി കേശവ് വാഗ്.

ഔറംഗാബാദിലെ പള്ളിയില്‍ സ്ഫോടനം നടത്താന്‍ വെച്ച ബോംബാണ് നാന്ദേഡ് സ്ഫോടനത്തിന് കാരണമായത്. ഹിമാന്‍ഷു പാന്‍സെയും മരോട്ടി കേശവ് വാഗും 2004 മേയില്‍ ഔറംഗാബാദ് പള്ളിയും പരിസരവും സന്ദര്‍ശിച്ച് സൂക്ഷ്മനിരീക്ഷണം നടത്തിയിരുന്നു. കുറ്റാരോപിതരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകളും പിടിച്ചെടുത്ത സാധനങ്ങളും ഇവര്‍ ആര്‍.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത്, ബജ്റംഗ്ദള്‍ അംഗങ്ങളാണെന്ന് തെളിയിക്കുന്നവയാണ്.
തിരിച്ചറിയല്‍ കാര്‍ഡും രജിസ്റ്ററും മരോട്ടി കേശവ് വാഗിന്റെ ആര്‍.എസ്.എസ് ബന്ധം തെളിയിക്കുന്നു. ഇയാളുടെ ആര്‍.എസ്.എസ് ബന്ധം തെളിയിക്കുന്ന രേഖകളും എ.ടി.എസ് പിടിച്ചെടുത്തു.
സ്ഫോടന സ്ഥലത്തുനിന്ന് 7.65 മി.മീറ്ററിന്റെ പത്ത് സജീവ വെടിക്കോപ്പുകള്‍ പോലിസ് പിടിച്ചെടുത്തു. ലക്ഷ്മണ്‍ ഗുണ്ടയ്യ രാജ് കോണ്ട്വാറാണ് അനധികൃതമായി ഇത് വീട്ടില്‍ സൂക്ഷിച്ചിരുന്നത്.
കടപ്പാട് : മാധ്യമം ഡെയിലി (ടീസ്റ്റ സെറ്റല്‍വാദ്)