Sunday, February 8, 2009

ഗുജറാത്ത്‌ വിശേഷങ്ങള്‍

ഗുജറാത്ത്‌ കലാപക്കേസുകളില്‍ കൂടുതല്‍ അറസ്റ്റ്‌ ഉടന്‍; ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ ആശങ്കയില്‍

അഹമ്മദാബാദ്‌: ഗുജറാത്തിലെ വര്‍ഗീയ കലാപക്കേസുകള്‍ അന്വേഷിക്കുന്നതിന്‌ സുപ്രീംകോടതി നിയമിച്ച സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഗുജറാത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി മായ കോഡാനിക്കെതിരെ അറസ്റ്റുവാറണ്ട്‌ പുറപ്പെടുവിച്ചതിന്‌ പിന്നാലെ വല്‍സാഡ്‌ ഡി.എസ്‌.പി. കെ.ജി. എരദയെ ഞായറാഴ്‌ച അറസ്റ്റുചെയ്‌തതോടെ സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ ആശങ്കയിലായി. ഗുജറാത്തിലെ നിലവിലുള്ള ഡി.ജി.പി. പി.ഡി. പാണ്ഡെ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രചാരണം വന്നിരിക്കെയാണ്‌ വല്‍സാഡ്‌ ഡി.എസ്‌.പി.യുടെ അറസ്റ്റ്‌ ഉണ്ടായത്‌. അഹമ്മദാബാദ്‌ പോലീസ്‌ കമ്മീഷണറായിരുന്ന പി.ഡി. പാണ്ഡേക്ക്‌ കലാപത്തില്‍ പങ്കുള്ളതായും കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്തിയതായും പരാതി നിലനില്‍ക്കെയാണ്‌ മോഡി സര്‍ക്കാര്‍ പി.ഡി. പാണ്ഡേയെ സംസ്ഥാന പോലീസ്‌ മേധാവിയായി നിയമിച്ചത്‌. പാണ്ഡേയെ കൂടാതെ ജോയന്റ്‌ പോലീസ്‌ കമ്മീഷണര്‍ എം.കെ. തബൂന്‍, പോലീസ്‌ ഇന്‍സ്‌പെക്ടര്‍ എം.എം. മൈസൂര്‍വാല എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്‌.

ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ ആര്‍.ജെ. സവാനിയുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ്‌ നരോഡ കലാപത്തില്‍ വി.എച്ച്‌.പി.നേതാവ്‌ ജയ്‌ദീപ്‌ പട്ടേലിന്‌ പങ്കുണ്ടെന്ന്‌ തെളിഞ്ഞത്‌. ജയ്‌ദീപ്‌ പട്ടേലിനും മന്ത്രി മായാ കോഡാനിക്കും എതിരെ അറസ്റ്റുവാറണ്ട്‌ പുറപ്പെടുവിച്ച നിലയ്‌ക്ക്‌ ജയ്‌ദീപ്‌ പട്ടേലിന്റെ ഫോണ്‍കോള്‍ ലഭിച്ച മുറയ്‌ക്ക്‌ ക്രമസമാധാനനില കൈകാര്യം ചെയ്യേണ്ടിയിരുന്ന ആര്‍.കെ. സവാനി അപ്രത്യക്ഷമാകുകയായിരുന്നുവത്രെ!

സംസ്ഥാനത്തെ ഒട്ടേറെ പോലീസ്‌ ഉദ്യോഗസ്ഥര്‍ കലാപ സമയങ്ങളില്‍ ഇങ്ങനെ 'മുങ്ങിയതാ'യി മുന്‍ ഗുജറാത്ത്‌ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാര്‍ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.

കലാപം അടിച്ചമര്‍ത്തേണ്ട പോലീസ്‌ നിഷ്‌ക്രിയമായത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്ന്‌ അന്ന്‌ അഡീഷണല്‍ ഡി.ജി.പി.യായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ നാനാവതി കമ്മീഷന്‌ രേഖാമൂലം തെളിവുകള്‍ നല്‍കിയിരുന്നു. കേന്ദ്രത്തില്‍ നിന്ന്‌ സൈനിക സഹായം തേടണമെന്ന ശ്രീകുമാറിന്റെ നിര്‍ദേശം സര്‍ക്കാര്‍ പാടേ അവഗണിക്കുകയും ഇതിന്റെ പേരില്‍ ശ്രീകുമാറിന്റെ അര്‍ഹമായ ഉദ്യോഗക്കയറ്റവും പെന്‍ഷനും തടഞ്ഞുവെക്കുകയും ചെയ്‌തിരുന്നു.

മോഡി സര്‍ക്കാര്‍ പിന്തുണച്ച ഉദ്യോഗസ്ഥര്‍ ഓരോന്നായി ജയിലഴിക്കകത്തേക്ക്‌ വഴിതേടുകയാണ്‌. നേരത്തേ വ്യാജ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടിരുന്നവരാണ്‌ ജയിലഴിക്കകത്ത്‌ പോയിരുന്നതെങ്കില്‍ ഇത്തവണ കലാപത്തിന്‌ സഹായം നല്‍കിയ ഉദ്യോഗസ്ഥരാണ്‌ ജയിലില്‍ പോകുന്നത്‌.
സജീവ്‌ സി. നായര്‍ : മാത്രഭുമി വാര്ത്ത

ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ പൊതുപരിപാടി വിജയിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി
അഹമ്മദാബാദ്‌: സംസ്ഥാന മുഖ്യമന്ത്രിയുടെ പൊതുപരിപാടി വിജയിപ്പിക്കുന്നതിനുവേണ്ടി ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റി 12 മുതല്‍ ആരംഭിക്കാനിരുന്ന പ്രിലിമിനറി പരീക്ഷകള്‍ നീട്ടിവെക്കാന്‍ വൈസ്‌ ചാന്‍സലര്‍ പരിമള്‍ ത്രിവേദി കോളേജ്‌ അധികൃതര്‍ക്ക്‌ കത്ത്‌ നല്‌കി. മോഡിയുടെ പരിപാടിക്ക്‌ വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉറപ്പുവരുത്താനാണത്രേ ഇത്‌. ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റിയുടെ പ്രധാന കവാടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വാട്ടര്‍ പാര്‍ക്ക്‌, വേള്‍ഡ്‌ ലാംഗ്വേജ്‌ ലബോറട്ടറി, ഹ്യൂമന്‍ ജെനറ്റിക്‌ റിസര്‍ച്ച്‌ ഡിപ്പാര്‍ട്ടുമെന്റ്‌, ജിയോ ഇന്‍ഫര്‍മാറ്റിക്‌ ക്ലൈമറ്റ്‌ ചെയ്‌ഞ്ച്‌ ഡിപ്പാര്‍ട്ടുമെന്റ്‌ എന്നിവയുടെ ഉദ്‌ഘാടനവും പുതിയ പരീക്ഷാകേന്ദ്രത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണ്‌ ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം മുഖ്യമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നത്‌. രാജ്യത്ത്‌ ഒരിടത്തും കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ചെയ്‌തിരിക്കുന്നതെന്ന്‌ സിന്‍ഡിക്കേറ്റ്‌ മെമ്പറും കോണ്‍ഗ്രസ്‌ വക്താവുമായ മനീഷ്‌ ദോഷി ആരോപിച്ചു.
മാത്രഭുമി വാര്ത്ത