Wednesday, September 17, 2008

ഗ്രഹാം സ്റ്റെയിന്‍സ് : ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

അര്‍ധരാത്രിയില്‍ ലോകം ഉറങ്ങുമ്പോള്‍ ദാരാസിംഗും സംഘവും ഉണര്‍ന്നിരുന്നു; ഒറീസയില്‍ വംശഹത്യയുടെ പ്രാഥമിക പരീക്ഷണത്തിനായി. ഇരുട്ടിന്റെ മറവില്‍ 1999 ജനുവരി 23 ന് അര്‍ധരാത്രി അവര്‍ വിജയകരമായി അതു നിര്‍വഹിച്ചു. ഗ്രഹാം സ്റ്റെയിന്‍സ് എന്ന ആസ്ത്രേലിയന്‍ മിഷനറിയും അദ്ദേഹത്തിന്റെ മക്കളായ തിമോത്തി, ഫിലിപ്പ് എന്നിവരുമായിരുന്നു ഇരകള്‍.

ബാരിപാഡയില്‍ കുഷ്ഠരോഗികള്‍ക്കായി പുനരധിവാസകേന്ദ്രം നടത്തിയിരുന്ന സ്റ്റെയിന്‍സ് കൊഞ്ഞാര്‍ ജില്ലയിലെ മനോഹര്‍പൂരിലേക്കുള്ള യാത്രയിലായിരുന്നു. കടുത്ത ശൈത്യം മൂലം യാത്ര തുടരാനാവാതെ അവര്‍ അന്ന് രാത്രി വാഹനത്തില്‍ ചെലവഴിക്കാന്‍ തീരുമാനിച്ചു. അര്‍ധരാത്രിയിലെ ബഹളത്തില്‍ കുഞ്ഞുങ്ങളും സ്റ്റെയിന്‍സും ഉണര്‍ന്നത് മരണത്തിലേക്കാണ്. ദാരാസിംഗ് എന്ന കുപ്രസിദ്ധ കുറ്റവാളിയും അമ്പതോളം വരുന്ന സംഘവും ചേര്‍ന്ന് സ്റ്റെയിന്‍സിനെയും ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെയും വിളിച്ചുണര്‍ത്തി ശൂലം കൊണ്ട് കുത്തി വീഴ്ത്തി. പിന്നെ അവരെ ജീപ്പില്‍ കെട്ടിയിട്ടശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. നെഞ്ചോട് ചേര്‍ത്ത് മക്കളെ കെട്ടിപ്പുണര്‍ന്നുകൊണ്ട് സ്റ്റെയിന്‍സ് കത്തിയെരിഞ്ഞു. 1965 ല്‍ ഒറീസയില്‍ എത്തി 32 വര്‍ഷം കുഷ്ഠരോഗികള്‍ക്കൊപ്പം ജീവിച്ച സ്റ്റെയിന്‍സിന് വര്‍ഗീയതയുടെ കുന്തമുനയില്‍ ദാരുണമായ അന്ത്യം.ക്രിസ്ത്യാനികള്‍ക്ക് നേരേയുള്ള സംഘടിത ആക്രമണത്തിന്റെ തുടക്കം.

ഒറീസയില്‍ സംഘ്പരിവാര്‍ ഇപ്പോള്‍ വേട്ടയാടുന്ന മിഷനറിമാരില്‍ പലരെയും ആതുരസേവനത്തിനായി സര്‍ക്കാര്‍ സംസ്ഥാനത്തേക്ക് ഔദ്യോഗികമായി ക്ഷണിച്ചുവരുത്തുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

ഒറീസയെ തളര്‍ത്തിയ കുഷ്ഠരോഗത്തോട് പൊരുതാന്‍ ആളില്ലാതെയാണ് മിഷനറിമാരെ ആതുരസേവനത്തിന് ക്ഷണിച്ചത്. ഈ പൂര്‍വചരിത്രം വര്‍ഗീയ കലാപകാരികള്‍ക്കുനേരെ കണ്ണടക്കുന്നവര്‍ മറക്കുന്നു. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് നിര്‍മാര്‍ജനം ചെയ്യപ്പെട്ട രോഗങ്ങളുടെ പട്ടികയിലാണ് കുഷ്ഠം. കുഷ്ഠരോഗികള്‍ ഇപ്പോഴും ഒറീസയിലെ സാധാരണ കാഴ്ചയത്രെ.

കുഷ്ഠം ദൈവശാപമാണെന്ന് വിശ്വസിക്കുന്നവരാണ് ഇവിടത്തെ ഗ്രാമീണര്‍. രോഗികളെ, ശാപം പേറുന്നവര്‍ എന്ന് മുദ്രകുത്തി ജന്മനാട്ടില്‍നിന്ന് പുറത്താക്കുന്നതാണ് നാട്ടുനടപ്പ്. പിന്നെ അവര്‍ക്ക് അഭയം കുഷ്ഠരോഗികളുടെ ഗ്രാമങ്ങള്‍ മാത്രമാണ്. ചികില്‍സ നല്‍കാന്‍പോലും പണ്ട് ആളില്ലായിരുന്നു. വേദനിക്കുന്നവരുടെ ആ ലോകത്ത് സാന്ത്വനമേകാന്‍ മിഷനറിമാരെത്തി. അവരില്‍ ഒരാളായിരുന്നു സ്റ്റെയിന്‍സും ഭാര്യ ഗ്ലാഡിസും. ബാരിപാഡയില്‍ അവര്‍ കുഷ്ഠരോഗികള്‍ക്കായി ആശുപത്രി തുറന്നു.

രോഗികള്‍ക്ക് ചികില്‍സയും രോഗം ഭേദപ്പെടുന്നവര്‍ക്ക് പുനരധിവാസവുമായിരുന്നു അവരുടെ മിഷനറി പ്രവര്‍ത്തനം. ഈ രോഗികളില്‍ പലരും ക്രിസ്ത്യാനികളായി മാറിയിരുന്നു. സ്റ്റെയിന്‍സിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ജില്ലയിലാകെ വ്യാപിച്ചിരുന്നു. ആദിവാസികള്‍ക്കും രോഗികള്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായപ്പോള്‍ സ്റ്റെയിന്‍സിനെയും കുടുംബത്തെയും നശിപ്പിക്കേണ്ടത് വര്‍ഗീയ സംഘടനകളുടെ ലക്ഷ്യമായി. അല്‍പകാലം കൂടി ഒറീസയില്‍ തുടര്‍ന്ന ഗ്ലാഡിസ് ദാരാസിംഗിന് മാപ്പ് നല്‍കിയശേഷം മകള്‍ എസ്തേറിനെയും കൂട്ടി ആസ്ത്രേലിയയിലേക്ക് മടങ്ങി. ഏറ്റവും ഹീനമായ കൊലപാതകമെന്ന് വിശേഷിപ്പിച്ച് ദാരാസിംഗിന് കോടതി വധശിക്ഷ നല്‍കി. അപ്പീലിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കിയിട്ടില്ല.

പ്രത്യേക കാലാവസ്ഥയും ദാരിദ്യ്രവും കുഷ്ഠരോഗം വിളയുന്ന മണ്ണാക്കി ഒറീസയെ മാറ്റിയെന്നാണ് പറയുന്നത്. 'നിര്‍മാജനം ചെയ്യപ്പെട്ട' രോഗത്തിന് സര്‍ക്കാറിന്റെ പ്രതിരോധ പദ്ധതികളില്ല.

കുഷ്ഠരോഗികളെ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയവരില്‍ മദര്‍ തെരേസയും ഉണ്ടായിരുന്നു. മദര്‍തെരേസയുടെ നേതൃത്വത്തിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി 1974ല്‍ ഭുവനേശ്വറിനടുത്ത് സത്യനഗറില്‍ സര്‍ക്കാര്‍ സൌജന്യമായി നല്‍കിയ ഭൂമിയില്‍ ആദ്യമഠം തുടങ്ങി. ഭുവനേശ്വറില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന കുഷ്ഠരോഗി പുനരധിവാസകേന്ദ്രത്തില്‍ 250 രോഗികളുണ്ട്. ബജ്റംഗ്ദളോ വി.എച്ച്.പിയോ കടന്നുചെല്ലാത്ത കുഷ്ഠരോഗികളുടെ കോളനികളില്‍ ഈ കന്യാസ്ത്രീകള്‍ സ്ഥിരം സന്ദര്‍ശകരാണ്. എന്നാല്‍, മതം മാറ്റത്തിനല്ല. രോഗം മാറ്റാനാണ് ഞങ്ങള്‍ അവിടെ പോകുന്നത്. പതിമൂന്ന് വര്‍ഷമായി ഞങ്ങളുടെ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ് ഹൈന്ദവനാണ്' ^സിസ്റ്റര്‍ അഡ്രിയാന്‍ പറഞ്ഞു.

ഞങ്ങള്‍ രോഗികളുടെ മതം ചോദിക്കാറില്ല. മതം മാറ്റുന്നു എന്ന ആരോപണം ഇവിടെ ഞങ്ങള്‍ക്കെതിരെ ഇല്ലായിരുന്നു. ഞങ്ങളുടെ മഠങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ കുറവാണ്. ഞങ്ങള്‍ നിരവധിപേരെ വാഹനങ്ങളില്‍പോയി സംഘര്‍ഷകേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. അവര്‍ പറഞ്ഞു. ഒറീസയിലെ പന്ത്രണ്ടു മഠങ്ങളിലായി മിഷനറീസ് ഓഫ് ചാരിറ്റിക്ക് 72 കന്യാസ്ത്രീകള്‍ ജോലി ചെയ്യുന്നു. ആതുര സേവന കേന്ദ്രങ്ങളും അഗതിമന്ദിരങ്ങളും മാത്രമേ അവര്‍ക്കുള്ളൂ. സമ്പാദ്യങ്ങളും സ്ഥാപനങ്ങളുമില്ലാത്തവര്‍. അതുകൊണ്ടാകാം അവര്‍ ആക്രമിക്കപ്പെടാത്തതും. എന്നാല്‍, മറ്റ് സഭകളുടെ സ്ഥിതി അതല്ല. കേരളത്തിലേതുപോലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയെ നയിക്കുന്നത് സഭകളാണ്.

ഇരുണ്ട ജില്ലയായിരുന്ന കാണ്ഡമലില്‍ വിദ്യാഭ്യാസം എത്തിച്ചത് ക്രിസ്ത്യാനികളാണ്. നൂറിലേറെ വര്‍ഷം മുമ്പ് കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍ ഇവിടെ എത്തിയിരുന്നു. ആദിവാസികള്‍ക്കിടയില്‍ സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ മത പരിവര്‍ത്തനം സ്വാഭാവികമായി.ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് സംഘ്പരിവാര്‍ ആരോപിക്കുന്നു. എന്നാല്‍, സ്വാഭാവിക മതമാറ്റം എന്നാണ് സഭകളുടെ നിലപാട്.
കടപ്പാട് : മാധ്യമം ഡെയിലി

Thursday, September 4, 2008

സി.ബി.ഐ ആര്‍ക്കൊപ്പം?

തുടരുന്ന പൊട്ടിത്തെറികള്‍ ആരുടെ വക? Part 3

നാന്ദേഡ് സ്ഫോടനത്തിന് രണ്ട് വര്‍ഷം മുമ്പ് 2003ലും 2004ലും പര്‍ഭാനി, ജാല്‍ന, പുര്‍ണാ എന്നിവിടങ്ങളിലെ പള്ളികളില്‍ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദികളെ എന്തുകൊണ്ട് മഹാരാഷ്ട്രാ പോലിസിന് കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞില്ല? വിവരശേഖരണത്തിലും അന്വേഷണത്തിലും പ്രൊഫഷനലിസമില്ലാത്തതാണോ? ഒരു പ്രത്യേക സമുദായം മാത്രമേ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുള്ളൂ എന്ന ചിന്തയോ? രാഷ്ട്രീയസമ്മര്‍ദങ്ങളാല്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചോ?
2006 ജൂലൈ 29 ന് 21 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ നാന്ദേഡ് കലക്ടറോട് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അനുവാദം ചോദിച്ചു. ഈ 21 പേര്‍ക്കെതിരെയും ശക്തമായ തെളിവുകള്‍ എ.ടി.എസിന്റെ പക്കലുണ്ടായിരുന്നു എന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഏഴുപേരെ മാത്രം വിചാരണ ചെയ്യാനുള്ള അനുവാദത്തിന് എ.ടി.എസ് മഹാരാഷ്ട്ര ചീഫ്സെക്രട്ടറിക്ക് കത്തെഴുതി. 11 പേരെ പൂര്‍ണമായും ഒഴിവാക്കി. മിലിന്ദ് എക്താതേക്കും മിഥുന്‍ ചക്രവര്‍ത്തിക്കുമെതിരെ തെളിവ് നല്‍കാന്‍ അനുവാദം തേടി. രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നാലുപേരെക്കൂടി ഉള്‍പ്പെടുത്തി. പക്ഷേ, മിഥുന്‍ചക്രവര്‍ത്തി സി.ബി.ഐ അന്വേഷണത്തില്‍ നിന്നുള്‍പ്പെടെ ഒഴിവാക്കപ്പെട്ടു.
എ.ടി.എസ് അന്വേഷണങ്ങളിലൂടെയും നാര്‍ക്കോ അനാലിസിസ് ടെസ്റ്റിലൂടെയും വിവരങ്ങള്‍ ശേഖരിച്ചെങ്കിലും തീവ്രവാദ പരിശീലന കേന്ദ്രങ്ങളായ പൂനെയിലെ അകാങ്ക്ഷാ റിസോര്‍ട്ടും നാഗ്പൂരിലെ ഭോന്‍സാല മിലിട്ടറി സ്കൂളും അന്വേഷണത്തില്‍ നിന്ന് വിട്ടുകളഞ്ഞു. 'അന്വേഷണത്തില്‍ താഴെ പറയുന്ന കുറ്റാരോപിതര്‍ക്കെതിരെ മതിയായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ക്രിമിനല്‍ നിയമം 169 ാം വകുപ്പനുസരിച്ച് അവരെ ഒഴിവാക്കുന്നു'^ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ എ.ടി.എസ് പറയുന്നു. 2006 ആഗസ്റ്റ് 24 ന് സമര്‍പ്പിച്ച കുറ്റപത്രത്തോടൊപ്പം 11 പേരെ ഒഴിവാക്കാനുള്ള അപേക്ഷയും എ.ടി.എസ് സമര്‍പ്പിച്ചു.
കുറ്റാരോപിതരായവരില്‍ നിന്ന് എ.ടി.എസ് ഒഴിവാക്കിയത് വിനോദ് വെങ്കട്ടറാവു മഹാല്‍കര്‍, സന്തോഷ് പ്രകാശ് പാര്‍ലികര്‍, നിമേഷ് സുധാകര്‍ ലിമായേ, ജനാര്‍ദന്‍ യശ്വന്ത്റാവു വാകോദികര്‍, സന്തോഷ് കേശവറാവു വാഗ്, കേശറാവു പി. വാഗ്, ജയ്റാം ഡി. തപ്തേവാര്‍, ദേവി പ്രസാദ് ജയ്റാം താപ്തേവര്‍, രാജു വിത്തല്‍റാവു ചൌധരി, രവീന്ദ്ര രാമറാവു വിദുല്‍ക്കര്‍, മുകുള്‍ രമേശ് പാണ്ഡെ എന്നിവരാണ്. ഇവര്‍ കുറ്റാരോപിതരുടെ ബന്ധുക്കളാണെന്ന പേരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.
എ.ടി.എസ് രാഷ്ട്രീയസമ്മര്‍ദത്താല്‍ അവസാനനിമിഷം ഒരു മലക്കം മറിച്ചില്‍ നടത്തി പല പ്രതികളേയും രക്ഷിക്കുകയായിരുന്നോ? നേരത്തേ 21 പേര്‍ക്കെതിരെ ഏഴ് കേസുകളാണ് ചാര്‍ജ് ചെയ്തത്. ഇതില്‍ മൂന്ന് ബോംബ് സ്ഫോടനങ്ങളും ഉള്‍പ്പെടുന്നു. എന്നിട്ടും എന്തുകൊണ്ട് എ.ടി.എസ് ഇവര്‍ക്കെതിരെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം അറസ്റ്റ് ചെയ്തില്ല. 7/11 സ്ഫോടനങ്ങളിലും മാലേഗാവ്, ഔറംഗാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളിലും എ.ടി.എസ് ഈ പൈശാചിക നിയമം ഏകദേശം ഉപയോഗിച്ചിരുന്നു.
സി.ബി.ഐയെ കേസ് ഏല്‍പിച്ചത് അറിയുന്നയാരും നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണമാണ് പ്രതീക്ഷിക്കുക. ഈ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കുന്നതിന് പകരം മറക്കുപിന്നില്‍ പ്രവര്‍ത്തിക്കാനാണ് സി.ബി.ഐ ശ്രമിച്ചത്. ഇത് സംശയത്തിനിടയാക്കി.
എങ്കിലും അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് സി.ബി.ഐ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. ഈ കേസിനെക്കുറിച്ച രേഖകള്‍ക്കായി ഞങ്ങള്‍ വിവരാവകാശ നിയമപ്രകാരം നിരവധി അപേക്ഷകള്‍ നല്‍കി. എന്തുകൊണ്ടാണ് അധികാരികള്‍ രേഖ നല്‍കാതിരുന്നതെന്ന് അറിയാന്‍ ചാര്‍ജ്ഷീറ്റ് ശ്രദ്ധയോടെ വായിച്ചാല്‍ മതി. എ.ടി.എസ് അന്വേഷണത്തിലൂടെ വെളിയില്‍ വന്ന പ്രധാനപ്പെട്ട വിവരങ്ങളൊന്നും സി.ബി.ഐ അന്വേഷിച്ചില്ല. അതിനുംപുറമെ എ.ടി.എസ് കേസില്‍ വെള്ളംചേര്‍ക്കാനും സി.ബി.ഐ മറന്നില്ല. സി.ബി.ഐ അന്വേഷണത്തിലെ വിടവുകളാണ് താഴെ സൂചിപ്പിക്കുന്നത്.
തീവ്രവാദപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിനും ഗൂഢാലോചന നടത്തിയതിനും 11 പേര്‍ക്കെതിരെ എ.ടി.എസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സി.ബി.ഐ ഗൂഢാലോചനാ സാധ്യത പോലും തള്ളി. ലക്ഷ്മണ്‍രാജ് കോണ്ട്വാറുടെ വീട്ടില്‍ നടന്ന സ്ഫോടനം സി.ബി.ഐ അന്വേഷിച്ചില്ല. എ.ടി.എസ് കുറ്റപത്രത്തിലുണ്ടായിരുന്ന 11 പേരില്‍ 10 പേര്‍ക്കെതിരായ കുറ്റങ്ങള്‍ ലഘൂകരിച്ചപ്പോള്‍ ഒരാളെ കുറ്റവിമുക്തനാക്കി.
എ.ടി.എസ് ചാര്‍ജ് ഷീറ്റില്‍ വീട്ടുടമസ്ഥനായ ലക്ഷ്മണ്‍ രാജ്കോണ്ട്വാറും കുറ്റത്തില്‍ പങ്കാളിയായിരുന്നു. സി.ബി.ഐ അയാളെ വെറുതെവിട്ടു. ചുരുക്കത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള 1967ലെ നിയമം ഒരു പ്രതികള്‍ക്കെതിരെയും ഉപയോഗിച്ചില്ല. അതുപോലെ ഐ.പി.സി സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന)യും ആര്‍ക്കെതിരെയും പ്രയോഗിച്ചില്ല.
എ.ടി.എസിന് നാന്ദേഡ് സ്ഫോടനം ബജ്റംഗ്ദളിന്റെയും ആര്‍.എസ്.എസിന്റെയും പൂര്‍ണപിന്തുണയോടെ ഭീകരപ്രവര്‍ത്തന പരമ്പരയിലെ ഒരു എപ്പിസോഡ് മാത്രമായിരുന്നു. എന്നാല്‍, നാന്ദേഡ് സ്ഫോടനത്തെ സി.ബി.ഐ ഒറ്റപ്പെട്ട സംഭവമായി ചുരുക്കി. അതിനാല്‍ തന്നെ വിചാരണയില്‍ മഹാരാഷ്ട്രയില്‍ ഇത്തരമൊരു ഭീകര പ്രവര്‍ത്തന ശൃംഖലയുണ്ടാകാനുള്ള സാധ്യതപോലും പരിഗണിച്ചില്ല. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് എ.ടി.എസ് കണ്ടെത്തിയവര്‍ക്കെതിരെ എ.ടി.എസ് പോലും എന്തുകൊണ്ട് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം കേസെടുത്തില്ല. അന്വേഷിക്കേണ്ടിയിരുന്ന ഈ വിഷയം സി.ബി.ഐ പരിഗണിക്കുക പോലും ചെയ്യാതിരുന്നതെന്ത്?
എ.ടി.എസ് അന്വേഷണത്തിന് വിരുദ്ധമായി പ്രതികളുടെ ആര്‍.എസ്.എസ്, ബജ്റംഗ്ദള്‍, വി.എച്ച്.പി ബന്ധത്തെപ്പറ്റി ഒരു വാക്കുപോലും മിണ്ടിയില്ല? സംഘ്പരിവാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ശൃംഖലയെക്കുറിച്ച് എ.ടി.എസ് അന്വേഷണം സൂചന നല്‍കിയിരുന്നു.
എന്നാല്‍, അതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചില്ല. നാഗ്പൂരിലെ ഭോന്‍സാല മിലിട്ടറി സ്കൂളിന്റെ യഥാര്‍ഥലക്ഷ്യം എന്ത്? പൂനെയിലെ ആകങ്ക്ഷാ റിസോര്‍ട്ട് ആരുടേതാണ്? അതാരാണ് നടത്തുന്നത്? അതിന് ആര്‍.എസ്.എസ് /വി.എച്ച്.പി /ബജ്റംഗ്ദള്‍ ബന്ധമുണ്ടോ? ഗോവയില്‍ എവിടെയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നത് ? ആരെല്ലാം അതില്‍ പങ്കെടുത്തു? സാമ്പത്തികസഹായം എവിടെ നിന്ന്? ആരെല്ലാമാണ് പരിശീലകര്‍? ഏതെല്ലാം വിരമിച്ച ഉദ്യോഗസ്ഥര്‍ ഈ ക്യാമ്പുകളില്‍ പങ്കെടുത്തു? മതേതര ഇന്ത്യയെ സേവിച്ചുകൊള്ളാമെന്ന് സത്യംചെയ്ത് ജോലിയില്‍ പ്രവേശിക്കുന്ന സൈനികരും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ഹിന്ദുതീവ്രവാദികളെ സഹായിക്കുന്നതെന്തുകൊണ്ട്? ഉത്തരം കണ്ടെത്തേണ്ട ഈ ചോദ്യങ്ങളൊന്നും സി.ബി.ഐ ചോദിച്ചില്ല, കണ്ടെത്തിയുമില്ല. വീട്ടുടമയായ രാജ്കോണ്ട് വാറുടെ വീട്ടില്‍ നിന്ന് 1, 20,000 രൂപ വില വരുന്ന പടക്കങ്ങള്‍ കണ്ടെത്തി. ഇത്രയധികം സ്ഫോടക വസ്തുക്കള്‍ എവിടെനിന്നു കിട്ടി? ഇതൊന്നും അന്വേഷിക്കാതെയാണ് സി.ബി.ഐ അയാളെ വെറുതെ വിട്ടത്. എ.ടി.എസ് നടത്തിയ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്റെ ഫലങ്ങളൊന്നും സി.ബി.ഐ പരിഗണിച്ചില്ല. എ.ടി.എസ് നല്‍കിയ തുമ്പുകളെക്കുറിച്ച് അന്വേഷിച്ച് ശക്തമായ വകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു സി.ബി.എ ചെയ്യേണ്ടത്.
നാന്ദേഡ് സ്ഫോടനത്തെത്തുടര്‍ന്ന് എ.ടി.എസ് നടത്തിയ അന്വേഷണം വെളിച്ചത്തുകൊണ്ടുവന്നത് ഒരു ഹിന്ദു തീവ്രവാദ ശൃംഖലയെയാണ്. പര്‍ഭാനി, ജാല്‍ന, പുര്‍ണ പള്ളികളില്‍ നടന്നത് സാധാരണ സംഭവങ്ങളായിരുന്നില്ല. ബോംബ് നിര്‍മാണത്തിലും സ്ഫോടനത്തിലും പരിശീലനം ലഭിച്ചവര്‍ ഹിന്ദു ^മുസ്ലിം ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കുറ്റകൃത്യങ്ങളായിരുന്നു. ഈ ആക്രമണങ്ങളിലെല്ലാം അവര്‍ മുസ്ലിംകളെപ്പോലെ വേഷം ധരിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനും ശ്രമിച്ചു. ഇതെല്ലാം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്
സംഘ്പരിവാറിന്റെ മുസ്ലിംവിദ്വേഷ അജണ്ടയുടെ അവിഭാജ്യഘടകമാണോ ഹിന്ദു ഭീകരവാദം. കുറഞ്ഞത് ബജ്റംഗ്ദളിന്റെ എങ്കിലും? ബജ്റംഗ്ദള്‍ മഹാരാഷ്ട്രക്കുപുറത്ത് മറ്റ് സംസ്ഥാനങ്ങളിലും തീവ്രവാദ പരിശീലനക്യാമ്പുകള്‍ നടത്തുന്നുണ്ടോ എന്ന് എങ്ങനെ അറിയാം?
വര്‍ഗീയകലാപങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഭീകരവാദവേഷം പൂണ്ടിട്ടുണ്ടോ? ഹിന്ദുക്കള്‍ മുസ്ലിംചമഞ്ഞ് സ്ഫോടനങ്ങള്‍ നടത്തുന്നതുപോലെ സംഭവശേഷം മുസ്ലിം പേരുകളും ഭാഷയും ഉപയോഗിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടാകുമോ? അങ്ങനെയെങ്കില്‍ ഈ സ്ഫോടന പരമ്പരകളുടെ യഥാര്‍ഥ ഉത്തരവാദികളെ എങ്ങനെ തിരിച്ചറിയാം? നമ്മുടെ അന്വേഷണ ഏജന്‍സികളും ഇന്റലിജന്‍സ് ഏജന്‍സികളും അവരുടെ ആദര്‍ശങ്ങളുടെ തടവുകാരാണോ? ഹിന്ദു ഭീകരവാദത്തിനുനേരെ അവര്‍ കണ്ണടക്കുമ്പോള്‍ പിന്നെ എന്താണ് കരുതേണ്ടത്?
2008 മേയ്^ജൂണ്‍ മാസങ്ങളില്‍ പന്‍വേലിലും താനെയിലും നടന്ന സ്ഫോടനങ്ങള്‍ ഈ ചോദ്യങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. എ.ടി.എസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് സി.ബി.ഐ പരാജയപ്പെട്ട സ്ഥിതിക്ക്, തുറന്നതും ആഴത്തിലുള്ളതുമായ അന്വേഷണം ഹൈക്കോടതി ജഡ്ജിയെകൊണ്ട് നടത്തിച്ചാല്‍ മാത്രമേ ദേശസുരക്ഷയും സാമൂഹികസമാധാനവും സാമുദായിക ഐക്യവും തകര്‍ക്കുന്ന രാക്ഷസനെ പിടിക്കാന്‍ കഴിയൂ.
('കമ്യൂണലിസം കോമ്പാറ്റി'ല്‍ നിന്ന് : ടീസ്റ്റ സെറ്റല്‍വാദ്)