Tuesday, November 18, 2008

രഹസ്യാന്വേഷണ ഏജന്‍സികളിലെ സംഘ്പരിവാര്‍ സ്വാധീനം


രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളായ ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നിവയിലും സി.ബി.ഐ അടക്കമുള്ള പ്രത്യേക ഏജന്‍സികളിലും സംഘ്പരിവാറിന്റെ സ്വാധീനമാണ് കാണുന്നത്. ഭരണകൂടത്തിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന മുഖ്യ സര്‍ക്കാര്‍ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ആര്‍.എസ്.എസിന്റെ പിടിയിലാണെന്ന് മഹാരാഷ്ട്ര പോലിസില്‍ ഐ.ജിയായി വിരമിച്ച എസ്.എം. മുശരിഫ് നേരത്തെ തുറന്നടിച്ചിരുന്നു. ആര്‍.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരുകളും ഇദ്ദേഹം തുറന്നുകാട്ടി. രാജ്യത്തെ ഖജനാവിലെത്തേണ്ട 32,000 കോടിരൂപ തട്ടിമാറ്റിയ അബ്ദുല്‍കരീം തെല്‍ഗി മുഖ്യപ്രതിയായ മുദ്രപത്ര കുംഭകോണം പുറത്തുകൊണ്ടു വരുന്നതില്‍ മുഖ്യപങ്കു വഹിച്ച പോലിസ് ഉദ്യോഗസ്ഥനാണ് മുശരിഫ്.
ആര്‍.എസ്.എസ് ദേശീയസംഘടനയാണെന്ന ബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കാനും വര്‍ഗീയമനസ്സില്ലാത്ത ഭൂരിപക്ഷഹിന്ദുക്കളെ സ്വാധീനിക്കാനും ഹിന്ദു^മുസ്ലിംവിരോധം നിലനിര്‍ത്താനുമുള്ള സംഘ് അജണ്ട ഗൂഢമായി നടപ്പാക്കുകയാണ് ഐ.ബിയും 'റോ' യുമെന്നാണ് മുശരിഫിന്റെ കണ്ടെത്തല്‍. അംഗങ്ങളോ അനുഭാവികളോ ആയ ഐ.പി.എസുകാരെയും മറ്റു പോലിസ് ഉദ്യോഗസ്ഥരെയും ഐ.ബിയിലേക്കും 'റോ'യിലേക്കും കടത്തിവിട്ട് ഇരു ഏജന്‍സിയെയും പതിറ്റാണ്ടുനീണ്ട പ്രയത്നത്തിലൂടെ ആര്‍.എസ്.എസ് കൈപ്പിടിയിലാക്കി. ഐ.ബിയില്‍ രണ്ടുവിധത്തിലാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്^സ്ഥിരാടിസ്ഥാനത്തിലും ഡെപ്യൂട്ടേഷനിലും.

സ്ഥിരമായുള്ള ഉന്നത ഉദ്യോഗസ്ഥരിലേറെയും ആര്‍.എസ്.എസുമായി അടുത്ത് ബന്ധം പുലര്‍ത്തുന്നവരാണത്രെ. ഡെപ്യൂട്ടേഷനില്‍ റോയിലും ഐ.ബിയിലും എത്തുന്ന ആര്‍.എസ്.എസ് ചിന്താഗതിക്കാരായ ഐ.പി.എസുകാര്‍ പത്തും ഇരുപതും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മടങ്ങുന്നത്. ഡെപ്യൂട്ടേഷനില്‍ എത്തി ഐ.ബിയുടെ ഡയറക്ടറായി വിരമിച്ച വി ജി വൈദ്യ ഉദാഹരണം. മഹാരാഷ്ട്ര ആര്‍.എസ്.എസ് പ്രമുഖ് ആയിരുന്ന എം.ജി.വൈദ്യയുടെ സഹോദരനാണ് ഇദ്ദേഹം. ആര്‍.എസ്.എസ് അനുഭാവിയെന്ന് പരക്കെ അറിയപ്പെട്ടിരുന്ന എസ്.കെ. ബപത്ത്, മഹാരാഷ്ട്ര പോലിസിന്റെ അമരക്കാരനായിരുന്ന പ്രമുഖ ആര്‍.എസ്.എസ് നേതാവ് നാസിക്കിലെ കസറിന്റെ മരുമകന്‍ ആര്‍.എല്‍. ഭിങ്കെ, ഐ.പി. എസുകാരനാകുംവരെ പൂനെ നാരായണ്‍പേട്ടിലെ ആര്‍.എസ്.എസ് ശാഖയില്‍ സജീവമായിരുന്ന പൂനെ പോലിസ് കമീഷണറായിരുന്ന ജയന്ത് ഉംറാനികര്‍ എന്നിവരും ഐ.ബിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നവരാണ്.

രഹസ്യവിവരങ്ങളെന്ന പേരില്‍ മുസ്ലിംകളെ ഭീകരരായി ചിത്രീകരിക്കുന്ന കഥകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടും ഭരണകൂടത്തെ തെറ്റിദ്ധരിപ്പിച്ചുമാണ് ഐ.ബി, ആര്‍.എസ്.എസ് അജണ്ട നിറവേറ്റുന്നത്. രഹസ്യമായി ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ സര്‍ക്കാരിനെ മാത്രം അറിയിക്കുകയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യേണ്ടിടത്ത് ആദ്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തികൊടുക്കുന്നത് സാധാരണമായിരിക്കുകയാണ്. ഐ.ബി മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുക്കുന്നതിന് ശക്തമായ വിലക്കേര്‍പ്പെടുത്തകയും ഐ.ബി നല്‍കുന്ന വിവരങ്ങള്‍ പുനഃപരിശോധിക്കാന്‍ സമാന്തരസംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കുകയും വേണമെന്ന് മുശരിഫിനെ പോലുള്ള മുന്‍ പോലിസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നതാണ്.


കടപാട് : മാധ്യമം ഡെയിലി

Monday, November 10, 2008

തീവ്രവാദത്തിന്റെ പേരിലെ ഗ്വാഗ്വാ വിളികള്‍

എ.ആര്‍. - മാധ്യമം ന്യൂസ് പേപ്പര്‍

രാഷ്ട്രീയമോ സാമുദായികമോ സംഘടനാപരമോ ആയ പക്ഷപാതങ്ങളില്‍നിന്നും മുന്‍വിധികളില്‍നിന്നും ഒരു നിമിഷം മനസ്സിനെ മുക്തമാക്കി സത്യസന്ധമായി വിലയിരുത്തിയാല്‍ കേരളം തീവ്രവാദത്തിന്റെ വിളനിലവും ഭീകരതയുടെ പരിശീലനകേന്ദ്രവുമായി മാറി എന്ന പ്രചാരണങ്ങളില്‍ എത്രത്തോളം വാസ്തവമുണ്ട്? ദൈവത്തിന്റെ സ്വന്തം നാട് പ്രകൃതിഭംഗിയില്‍ മാത്രമല്ല, തീവ്രവാദ വൃത്തികളിലും രണ്ടാം കശ്മീരാകുന്നു എന്ന ആശങ്ക എന്തുമാത്രം യാഥാര്‍ഥ്യനിഷ്ഠമാണ്?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോഴുള്ള ഒന്നാമത്തെ തടസ്സം തീവ്രവാദത്തിനോ ഭീകരതക്കോ കൃത്യവും കണിശവും സമഗ്രവുമായ നിര്‍വചനം ആരും നല്‍കിയിട്ടില്ലെന്നതാണ്. കഴിഞ്ഞദിവസം ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ സ്റ്റാഫിന്റെ പണിപ്പുരയില്‍ പങ്കെടുക്കെ ഈ ചോദ്യം ചര്‍ച്ചക്ക് വിഷയീഭവിച്ചു. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ആഗോളതലത്തില്‍ തീവ്രവാദത്തിനും ഭീകരതക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കയോ പ്രശ്നം പലതവണ പരിഗണിച്ച ഐക്യരാഷ്ട്രസഭ തന്നെയോ അത് എന്താണെന്ന് നിര്‍വചിച്ചിട്ടില്ല എന്നിരിക്കെ അനിര്‍വാച്യതയും അവ്യക്തതയും അവസരമോ സൌകര്യമോ ആയി എടുത്തിരിക്കുകയാണ് പലരും. തങ്ങള്‍ക്ക് വിരോധമോ എതിര്‍പ്പോ ഉള്ളവരെയൊക്കെ തീവ്രവാദ മുദ്രകുത്തുക എളുപ്പമാണ്. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതും അതാണ്. അമേരിക്കയുടെയും പാശ്ചാത്യ മീഡിയയുടെയും ചുവടുപിടിച്ച് ഇസ്ലാമുമായും മുസ്ലിംകളുമായും ബന്ധമുള്ള കൂട്ടായ്മകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഭീകരത ഉദാരമായി പതിച്ചുനല്‍കുകയാണ് ഇവിടെയും.

മതമൌലികവാദവും മതരാഷ്ട്രവാദവും തീവ്രവാദവും കുഴഞ്ഞുകിടക്കുന്നതാണ് വിഷയത്തെ സങ്കീര്‍ണമാക്കുന്ന മറ്റൊരു ഘടകം. മത തത്ത്വങ്ങളുടെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്നവര്‍ ഇന്നത്തെ ഭാഷയില്‍ മതമൌലികവാദികളാവാം. എന്നാല്‍ അവരുടെ പ്രവൃത്തികള്‍ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പരിധിയില്‍ ഒതുങ്ങുന്നിടത്തോളം കാലം മതമൌലിക വാദം തീവ്രവാദമോ ഭീകരതയോ ആകുന്നില്ല, ഗാന്ധിയന്‍ മൌലികവാദങ്ങളോ മാര്‍ക്സിയന്‍ മൌലികവാദമോ തീവ്രവാദപരം അല്ലാത്തത് പോലെ തന്നെ. മതതത്ത്വങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ പങ്കും പ്രസക്തിയും ഉണ്ടെന്ന സിദ്ധാന്തം പലരുടെയും കണ്ണില്‍ മതരാഷ്ട്രവാദമാകാം; എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യപ്രക്രിയയെ മാത്രം ലക്ഷ്യസാഫല്യത്തിനായി അംഗീകരിക്കുന്നിടത്തോളം അത് തീവ്രവാദമാകുന്നില്ല. മറിച്ച് സമാധാനപരമോ ജനാധിപത്യപരമോ ആയ മാര്‍ഗങ്ങളിലൂടെ പരിവര്‍ത്തനത്തിനും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനും പഴുതുള്ള സാമൂഹികഘടനയില്‍ ലക്ഷ്യപ്രാപ്തിക്ക് ബലപ്രയോഗവും ഹിംസയും നിശ്ചയമായും തീവ്രവാദമാണ്. നിരപരാധികള്‍ക്ക് പീഡനമോ ജീവഹാനിയോ വരുത്തുന്ന ഓപറേഷന്‍ ഭീകരതയുമാണ്, ലക്ഷ്യം എത്രതന്നെ പവിത്രതരമായാലും.

ഈ അര്‍ഥത്തില്‍ കേരളത്തിന്റെ സ്ഥിതിയെന്ത്? മാവോയിസ്റ്റ് പ്രവര്‍ത്തനം ഒരുവേള സജീവമാണെങ്കില്‍പോലും ഉന്മൂലനസിദ്ധാന്തം അവരിവിടെ പ്രാവര്‍ത്തികമാക്കുന്നില്ല. സംഘ്പരിവാറിന്റെ മിലിറ്റന്‍സിയും വര്‍ഗീയ ഫാഷിസവും കേരളത്തില്‍ ശക്തമാണ്. എന്നാല്‍, മാറാട് സംഭവത്തെ തുടര്‍ന്നുപോലും അവരുടെ ഭാഗത്തുനിന്ന് സംഘടിത തിരിച്ചടി ഉണ്ടായില്ല. ഹിന്ദുത്വ മിലിറ്റന്‍സിക്കെതിരെ അതേ പാത സ്വായത്തമാക്കിയ മുസ്ലിം കൂട്ടായ്മയായിരുന്ന ഐ.എസ്.എസ് ഇന്ന് നിലവിലില്ല. പകരം അതിന്റെ ശില്‍പികള്‍ രൂപവത്കരിച്ച പി.ഡി.പി ഭീകരകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കാളിത്തം ആരോപിക്കപ്പെട്ട് ഒമ്പതര വര്‍ഷക്കാലം തടവറയില്‍ പീഡിതനായി കഴിഞ്ഞ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ഒടുവില്‍ ട്രൈബ്യൂണല്‍ കുറ്റവിമുക്തനാക്കി പുറത്തുവന്നപ്പോള്‍ മുന്‍ തീവ്രവാദ ശൈലി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച മഅ്ദനി പഴയതിലേക്ക് തിരിച്ചുപോയതായി ആരോപിക്കാനാവില്ല. രാഷ്ട്രീയ പ്രതിയോഗികളെ രാഷ്ട്രീയമായി നേരിടുന്നത് തീവ്രവാദമായി ചിത്രീകരിക്കുന്നതിന് അര്‍ഥവുമില്ല.

ഇനിയുള്ളത് 'പ്രതിരോധം' തുറന്ന് പ്രഖ്യാപിച്ചു രംഗപ്രവേശം ചെയ്ത നാഷനല്‍ ഡവലപ്മെന്റ് ഫ്രണ്ട് എന്ന എന്‍.ഡി.എഫാണ്. ഇതര മുസ്ലിം സംഘടനകളില്‍നിന്ന് ഭിന്നമായി ഹിന്ദുത്വ ഫാഷിസത്തെ തുല്യനാണയത്തില്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ച മിലിട്ടന്റ്സംഘടനയാണ് എന്‍.ഡി.എഫ് എന്നാണ് പൊതുവായ ധാരണ. അണികള്‍ക്ക് അവര്‍ കായികപരിശീലനവും ആയുധപരിശീലനവും നല്‍കുന്നു എന്നും കരുതപ്പെടുന്നു. ചില കൊലപാതകങ്ങളില്‍ എന്‍. ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായിരിക്കെ സമാധാനപരമാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും മനുഷ്യാവകാശ പ്രസ്ഥാനമാണ് തങ്ങളുടേതെന്നുള്ള എന്‍.ഡി.എഫിന്റെ അവകാശ വാദങ്ങളെ ആരും മുഖവിലക്കെടുക്കുന്നില്ല. എന്‍.ഡി.എഫിനെ പരസ്യമായി തള്ളിപ്പറയുന്നവരാണ് മുസ്ലിം മത, രാഷ്ട്രീയ സംഘടനകള്‍. അതിനെതിരായ ബോധവത്കരണവും പ്രകടമായി നടക്കുന്നുണ്ട്. അങ്ങനെയൊക്കെ ആയാലും കശ്മീര്‍ തീവ്രവാദിഗ്രൂപ്പുകളുടെ റിക്രൂട്ട്മെന്റ് ഏജന്‍സിയായി എന്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നുണ്ടോ? അങ്ങനെയൊരു ധാരണ പോലിസും മീഡിയയും സൃഷ്ടിക്കുന്നുണ്ടെങ്കിലും കശ്മീരില്‍ കൊല്ലപ്പെട്ടതായി പറയുന്ന നാല് മലയാളി യുവാക്കളുടെ ഇനിയും ദുരൂഹമായി തുടരുന്ന പശ്ചാത്തലം മാത്രം വെച്ച് വ്യാപകമായ കശ്മീര്‍ റിക്രൂട്ട്മെന്റ് കേരളത്തില്‍ നടന്നു, അതിന്റെ പിന്നില്‍ എന്‍.ഡി.എഫാണ് എന്ന പ്രചാരണത്തിന് തെളിവുകളുടെ പിന്‍ബലമില്ല. മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെട്ട രണ്ടു പേര്‍ തന്നെയും എങ്ങനെ കശ്മീരിലെത്തിയെന്ന് കശ്മീര്‍ പോലിസില്‍നിന്ന് വിശദീകരണമില്ല. മറ്റു രണ്ടു പേരെക്കുറിച്ച് മിക്കവാറും ഒരു വിവരവുമില്ല. ഇതുവെച്ചാണ് പക്ഷേ, ഊഹാപോഹങ്ങളുടെ സാമ്രാജ്യം തന്നെ വികസിക്കുന്നത്. പുറത്തുവന്നിടത്തോളം സംഗതികള്‍വെച്ച് പരിശോധിച്ചാല്‍ ഉത്തരവാദപ്പെട്ട പോലിസ് മേധാവികള്‍ ചൂണ്ടിക്കാട്ടിയപോലെ പണക്കൊതി മൂത്ത ക്രിമിനലുകളാണ് ആരുടെയോ ചതിക്കുഴിയില്‍ വീണ് കശ്മീരില്‍ എത്തിപ്പെട്ടത്. അവരുടെ എണ്ണം മൂന്നൂറോളം വരുമെന്ന പ്രസ്താവത്തെ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പാലോളി മുഹമ്മദ്കുട്ടിയും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും നിഷേധിച്ചുകഴിഞ്ഞു. കുറച്ച് ക്രിമിനലുകള്‍ ത്വരീഖത്തുകള്‍ എന്ന ആത്മീയപ്രസ്ഥാനങ്ങള്‍ വഴി ഹൈദരാബാദിലും തുടര്‍ന്ന് ജീവനോടെയോ അല്ലാതെയോ കശ്മീരിലും എത്തിപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ഒടുവില്‍ അന്വേഷണവിധേയമാകുന്നത്. നൂരിഷ ത്വരീഖത്തിന്റെ സ്ഥാപകന്‍ ഹൈദരാബാദുകാരമായ നൂരിഷ ആയിരുന്നു. നൂരിഷയുടെ മരണശേഷവും അദ്ദേഹത്തിന്റെ പേരിലെ ത്വരീഖത്ത് പല ഏജന്‍സികളിലൂടെയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമപാലകരോ മാധ്യമപ്രവര്‍ത്തകരോ ആദായനികുതി ഉദ്യോഗസ്ഥര്‍ പോലുമോ കടന്നുചെല്ലാത്ത ഭാര്‍ഗവീനിലയങ്ങളാണ് ത്വരീഖത്ത് ആസ്ഥാനങ്ങള്‍. ആത്മീയത മൂര്‍ച്ഛിച്ചവരും ക്രിമിനലുകളുമൊക്കെ ഈ സിദ്ധ കേന്ദ്രങ്ങളിലെ പതിവുകാരാണ്. ഇക്കൂട്ടര്‍ ആരായാലും ആത്മാര്‍ഥതയോടെ കശ്മീര്‍ വിഘടനത്തിനായി 'രക്തസാക്ഷികളാവാന്‍' അതിര്‍ത്തികളിലെത്തുമെന്ന് വിശ്വസിക്കാന്‍ ഭാവനാശക്തിയെ അസാമാന്യമായി വികസിപ്പിക്കേണ്ടിവരും.

ആര്‍ക്കും കൃത്യമായി ഒരു വിവരവുമില്ലാത്ത ഈ ദുരൂഹസംഭവങ്ങളില്‍ കയറിപ്പിടിച്ചാണ് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും മാധ്യമപ്രവര്‍ത്തകരും കോളമിസ്റ്റുകളും ബുദ്ധിജീവികളുമൊക്കെ പ്രതിയോഗികളോട് കണക്ക് തീര്‍ത്തുകൊണ്ടിരിക്കുന്നത്. നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തീവ്രവാദിസംഘടനകളുടെ പിന്തുണയും വോട്ടും സ്വീകരിച്ചതിന്റെ ഫലമാണ് കേരളം തീവ്രവാദികളുടെ പറുദീസയായി മാറിയതെന്നതില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും സംശയമേയില്ല. എന്‍.ഡി.എഫിനെ വളര്‍ത്തിയത് യു.ഡി.എഫാണെന്ന് തീര്‍ത്തുപറയാന്‍ ഇടതുമുന്നണിക്കും വേണ്ടത്ര ന്യായങ്ങളുണ്ട്. 2001ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തന്റെ പാര്‍ട്ടിയുടെ പിന്തുണ തേടിയ വസ്തുത മഅ്ദനിയും തെളിവുകളോടെ വെളിപ്പെടുത്തുന്നു. രാഷ്ട്രീയക്കാരുടെ ഈ ഗ്വാഗ്വാ വിളികള്‍ ഉള്ളുകള്ളികള്‍ അറിയുന്നവര്‍ക്ക് ചിരിക്കാനാണ് വകനല്‍കുക. ബേപ്പൂര്‍^വടകര മോഡലിലൂടെ ബി.ജെ.പിയുമായി യു.ഡി.എഫ് സ്ഥാപിച്ചിരുന്ന രഹസ്യബാന്ധവം കേരള രാഷ്ട്രീയചരിത്രത്തിന്റെ അനിഷേധ്യഭാഗമാണ്. മണ്‍മറഞ്ഞ ബി.ജെ.പി നേതാവ് കെ.ജി. മാരാരുടെ ജീവചരിത്രത്തില്‍ യു.ഡി.എഫുമായി ഉണ്ടാക്കിയ രഹസ്യകരാറിന്റെ വിശദാംശങ്ങള്‍ രേഖപ്പെട്ടുകിടക്കുന്നു. എന്‍.ഡി.എഫിനോട് ആരും പരസ്യമായി പിന്തുണ ആവശ്യപ്പെടാറില്ല. എന്‍.ഡി.എഫ് ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാറുമില്ല. എന്നാല്‍ എന്‍.ഡി.എഫ് നേതാക്കളുമായി രഹസ്യസമ്പര്‍ക്കം പുലര്‍ത്താറില്ലെന്ന് സത്യസന്ധമായി അവകാശപ്പെടാന്‍ എല്‍.ഡി.എഫിനോ യു.ഡി.എഫിനോ ആവില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നരേന്ദ്രന്‍കമീഷന്‍ പാക്കേജ് പ്രഖ്യാപിക്കാനിരിക്കെ എന്‍.ഡി.എഫ് പ്രതിഷേധമാര്‍ച്ചിന് കോപ്പുകൂട്ടുകയായിരുന്നു. പാക്കേജ് പ്രഖ്യാപിക്കപ്പെട്ടു. മാര്‍ച്ച് എന്‍.ഡി.എഫ് പിന്‍വലിച്ചു. 'തേജസ്' ദിനപത്രം പ്രസിദ്ധീകരണവും ആരംഭിച്ചു. തിരശãീലക്കു പിന്നില്‍ കളിച്ചതാരെന്ന് പറയേണ്ടത് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്. മറുവശത്ത് തലശേരി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കോടിയേരി ബാലകൃഷ്ണന് എന്‍.ഡി.എഫിന്റെ പിന്തുണ ലഭിച്ചത് അദ്ദേഹം അറിയാതെയാണെന്ന് എങ്ങനെ വിശ്വസിക്കും? പുറത്തുപറയാന്‍ നേരമായിട്ടില്ലാത്ത ഇടപാടുകള്‍ വേറെയും നടന്നിട്ടുണ്ട്. ജനങ്ങളെ വിഡ്ഢികളാക്കുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ അരങ്ങുതകര്‍ക്കുന്നത് കാണുമ്പോള്‍ ചിലത് ഓര്‍മിപ്പിക്കുന്നു എന്നേയുള്ളൂ.

അതേസമയം, ഇന്ത്യാ രാജ്യത്ത് ഇന്നേവരെ നടന്ന ഒരു കലാപത്തിലോ സ്ഫോടനത്തിലോ ഒരു പ്രവര്‍ത്തകന്‍പോലും ആരോപിതനായിട്ടില്ലെന്ന് ന്യായമായി അവകാശപ്പെടുന്ന പ്രസ്ഥാനമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി. രണ്ടു തവണ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നിരോധിച്ചിരുന്നു. ആദ്യമായി 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസിനോടൊപ്പം തൂക്കമൊപ്പിക്കാന്‍ ഇന്ദിരാഗാന്ധിയും രണ്ടാമത് 1992 ഡിസംബറില്‍ ആര്‍.എസ്.സിനോടൊപ്പം നരസിംഹറാവു സര്‍ക്കാറും. 1977ലെ പൊതുതെരഞ്ഞെടുപ്പില്‍ ജമാഅത്തുകാര്‍കൂടി വോട്ട് ചെയ്ത് ഇന്ദിര മൂക്കുകുത്തി വീണപ്പോള്‍ അടിയന്തരാവസ്ഥ റദ്ദായി; നിരോധവും പിന്‍വലിക്കപ്പെട്ടു. 1992ലെ നിരോധത്തെ സുപ്രീംകോടതി തന്നെയാണ്, നിരോധത്തില്‍ ഒരു ന്യായവും ചൂണ്ടിക്കാട്ടാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അസാധുവാക്കിയത്. അബുല്‍ അഅ്ല മൌദൂദിയുടെ കൃതികള്‍ അന്നും ജമാഅത്തെ ഇസ്ലാമി കൊണ്ടുനടന്നിരുന്നു. പക്ഷേ, ഒന്നിലും ഇന്ത്യാ വിരോധത്തിന്റെയോ തീവ്രവാദത്തിന്റെയോ ഉദാഹരണങ്ങള്‍ കോടതിയില്‍ ഉന്നയിക്കപ്പെട്ടില്ല. 1986 മുതല്‍ക്കാണ് ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പുകളില്‍ കൃത്യമായി സമ്മതിദാനാവകാശം വിനിയോഗിച്ചുതുടങ്ങിയത്. മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടികളുടെ മൂല്യബോധമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് എന്നാണ് പ്രഖ്യാപിത നിലപാട്. ഫാഷിസ്റ്റുകള്‍ക്ക് ഒരു കാരണവശാലും വോട്ട് നല്‍കാറില്ല. ജമാഅത്തിന്റെ പിന്തുണ ചോദിച്ചവരിലും ലഭിച്ചവരിലും കോണ്‍ഗ്രസുകാരും മുസ്ലിംലീഗുകാരും കമ്യൂണിസ്റ്റുകാരുമുണ്ട്. ചിലരെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ണായക വോട്ടുകൊണ്ട് ജയിച്ച് കയറിയിട്ടുമുണ്ട്. പക്ഷേ, കേരളത്തിലെ നിലവിലെ കലുഷാന്തരീക്ഷത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ മേലും ചളി തെറിപ്പിച്ചു തുടങ്ങിയിരിക്കുന്നു ചിലര്‍. തീവ്രവാദത്തിന്റെ നാരായ വേര് മൌദൂദിയുടെ ചിന്തകളിലും അതിനാല്‍ ജമാഅത്തെ ഇസ്ലാമിയിലും കണ്ടെത്തണമെന്നതാണ് ആരോപണത്തിന്റെ കാതല്‍. സ്വന്തം സംഘടനയെ പട്ടാള ഏകാധിപതി നിരോധിച്ചപ്പോള്‍ പോലും ഒളിപ്രവര്‍ത്തനം അനുവദിക്കാതിരുന്ന മൌദൂദി പാക്കിസ്ഥാനിലെ ജനാധിപത്യ പുനഃസ്ഥാപനപ്രസ്ഥാനങ്ങളില്‍ മരണംവരെയും സജീവമായിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ലക്ഷ്യപ്രാപ്തിക്ക് ഹിംസാമാര്‍ഗങ്ങളെ പാടേ നിരാകരിക്കുന്നു. മൌദൂദിയുടെ ദൈവരാജ്യസങ്കല്‍പം വിമര്‍ശവിധേയമാകാം. അതിരുകളില്ലാത്ത മനുഷ്യാധിപത്യം ധാര്‍മിക തകര്‍ച്ചക്കും നീതിനിഷേധത്തിനും വഴിവെക്കുമെന്നാണ് ലോകചരിത്രാനുഭവങ്ങളിലൂടെ അദ്ദേഹം സമര്‍ഥിക്കുന്നത്. ഇതിനോടുള്ള എതിര്‍പ്പ് ബൌദ്ധികതലത്തിലും ആശയസമരത്തിലൂടെയുമാണ് നടക്കേണ്ടത്. ആര്യാടന്‍മാരും സമാനചിന്താഗതിക്കാരും പക്ഷേ, അതിനുള്ള ആത്മവിശ്വാസമോ സംയമനമോ പ്രകടിപ്പിക്കുന്നില്ല.

പകരം ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നും മലയാളത്തിലെ ഏറ്റവും വലിയ പ്രസാധനാലയമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ് അടച്ചുപൂട്ടണമെന്നുമാണ് ആര്യാടന്‍ ജൂനിയറിന്റെ ആവശ്യം. ചരിത്രത്തില്‍ ആദ്യമായി മലയാളത്തില്‍ ഒമ്പത് വാള്യങ്ങളുള്ള ബൃഹത്തായ ഇസ്ലാമിക വിജ്ഞാനകോശം പുറത്തിറക്കിയത് ഐ.പി.എച്ചാണ്. എം.എന്‍. കാരശേãരി വിവര്‍ത്തനം ചെയ്ത മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുള്ള പാത', എന്‍.പി. മുഹമ്മദ് മൊഴിമാറ്റം നടത്തിയ അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ 'ഇസ്ലാം രാജമാര്‍ഗം' തുടങ്ങി ഒട്ടേറെ വിശ്വോത്തരരചനകള്‍ മലയാളത്തിന് സമ്മാനിച്ച ഐ.പി.എച്ച് പൂട്ടിയിടണമെന്ന് ആവശ്യപ്പെടുമ്പോള്‍ ജുഗുപ്സമായ അക്ഷരവിരോധമാണ് മറനീക്കി പുറത്തുവരുന്നത്. ആര്‍ജവമുണ്ടെങ്കില്‍ വേണ്ടത് നിരോധിക്കപ്പെടേണ്ട കൃതികളെക്കുറിച്ച് കാതലുള്ള വിമര്‍ശം പുറത്തിറക്കുകയായിരുന്നു. മതങ്ങള്‍ തമ്മിലെ സ്നേഹസംവാദവും മാനവികമൈത്രിയും ദുരിതബാധിതരുടെ പുനരധിവാസവും ജനകീയപ്രശ്നങ്ങളിലെ ഇടപെടലുകളും ജനസേവനവുമൊക്കെയാണ് വിശാല രാജ്യസ്നേഹത്തിന്റെ താല്‍പര്യമെന്ന് മനസ്സിലാക്കി ആ വഴിക്കു നീങ്ങുന്നത് തീവ്രവാദമാണെന്നാണ് ജമാഅത്തെ ഇസ്ലാമിയെ ഇവര്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. സാമ്രാജ്യത്വ ദാസ്യമോ 60 കോടിയുടെ ബോഫോഴ്സ് കോഴമുതല്‍ 60,000 കോടിയുടെ സ്പെക്ട്രം അഴിമതിവരെയുള്ള ഇടപാടുകളോ ദേശദ്രോഹ പട്ടികയില്‍ വരുന്നില്ലതാനും. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കണ്ണുംപൂട്ടി പിന്തുണക്കുന്നവര്‍ക്കുള്ളതാണ് മതേതരത്വത്തിന്റെ വീരമുദ്രകള്‍. വംശീയ ഉന്മൂലനത്തിന് ഇറങ്ങിത്തിരിച്ച ഫാഷിസ്റ്റുകളുമായി രഹസ്യബാന്ധവം സ്ഥാപിച്ചവരെ അലോസരപ്പെടുത്തുന്നത് പീഡിതന്യൂനപക്ഷത്തിന്റെ രോദനങ്ങള്‍ മാത്രം. മാലേഗാവ്സ്ഫോടനത്തിന്റെ പിന്നിലെ ഫാഷിസ്റ്റ് രസതന്ത്രം എന്നപോലെ മതേതര കാപട്യത്തിന്റെ മുഖംമൂടിയും അഴിഞ്ഞുവീഴുന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണ്.

തീവ്രവാദത്തിനും ഭീകരതക്കും നേരെയുള്ള സമീപനം മുഖ്യധാര മുസ്ലിംസംഘടനകള്‍ സംയുക്ത പ്രസ്താവനയിലൂടെ ഏകകണ്ഠമായും അസന്ദിഗ്ധമായും വ്യക്തമാക്കിക്കഴിഞ്ഞു. പ്രഥമപരിഗണന രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും; പ്രശ്നപരിഹാരത്തിന് സമാധാനപരമായ പോരാട്ടം മാത്രം; ഒരു തരത്തിലുള്ള തീവ്രവാദത്തെയും പിന്തുണക്കുന്ന പ്രശ്നമേയില്ല; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന പക്ഷപാതരഹിതമായ നടപടിക്ക് പൂര്‍ണ പിന്തുണ; തീവ്രവാദ വിരുദ്ധ വേട്ടയുടെ പേരില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടരുത്^ഇതാണ് പ്രഖ്യാപനത്തിന്റെ ചുരുക്കം. മുസ്ലിംകേരളം ഇതിലപ്പുറം എന്ത് വേണമെന്നാണ് ചോദ്യം.

Tuesday, November 4, 2008

മരണ സംഖ്യ കുറഞ്ഞു പോയതെന്തേ ?


കഷ്ടപ്പെട്ട് സ്ഫോടനം നടത്തിയിട്ട് ആകെ 30 ഓളം പേരെ മാത്രമെ കൊല്ലാന്‍ സാധിച്ചുള്ളൂ... മോശമായി പോയി.
സന്ന്യാസിനി നടത്തിയ സംഭാഷണം വായിക്കൂ.

ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി വരും. അപ്പോള്‍ ഭംഗി ആയി വായിക്കാം

ഇവര്‍ക്ക് വേണ്ടി ബീ ജെ പി യും ആര്‍ എസ് എസ് ഉം ശബ്ദമുയര്ത്തുന്നുണ്ട്. പിന്നണിയില്ലുള്ള സംഘ് പരിവാര്‍ ഉദ്യോഗസ്ഥരും കൂടി സഹകരിച്ചാല്‍ കാര്യം ശുഭം. കൂടുതല്‍ ആളുകളെ കൊല്ലാന്‍ ഇവര്ക്ക് ഇനിയും ജന്മം ബാക്കി.