Tuesday, August 23, 2011

അമേരിക്കയെ ആരു രക്ഷിക്കും?


പുതിയ സ്‌പെഡര്‍മാന്റെ നിറം വെളുപ്പല്ല. അത്ര കറുപ്പുമല്ല. ഏറെക്കുറെ ബരാക് ഒബാമയുടെ നിറം. ആ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ. കാഴ്ചയിലും ഒബാമയെപ്പോലുണ്ട്്.

ചിലന്തിയെപ്പോലെ ചുവരുകളില്‍ കയറിയും കൂറ്റന്‍ കെട്ടിടങ്ങള്‍ ചാടിക്കടന്നും നാട്ടുകാരുടെ രക്ഷകനായെത്തിയിരുന്ന വെള്ളക്കാരന്‍ സ്‌പൈഡര്‍മാന്‍ 'അള്‍ട്ടിമേറ്റ് കോമിക്‌സ് സ്‌പൈഡര്‍മാന്റെ' 160-ാം ലക്കത്തില്‍ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയാണുണ്ടായത്. എന്നുവെച്ച് നാട്ടുകാരെ രക്ഷിക്കാന്‍ ആരെങ്കിലും വേണ്ടേ? അതിനാണ് പുതിയ സ്‌പൈഡര്‍മാനെ 'മാര്‍വെല്‍ കോമിക്‌സ്' അവതരിപ്പിക്കുന്നത്.

വെള്ളക്കാരനായ പഴയ ചിലന്തിമനുഷ്യന്റെ സ്ഥാനത്ത് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ സ്‌പൈഡര്‍മാനെ കൊണ്ടുവരാന്‍ അമേരിക്കയിലെ വിനോദ വ്യവസായികളെ പ്രേരിപ്പിച്ചത് എന്തായിക്കും? സംശയിക്കേണ്ട, ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് വെള്ളക്കാരനല്ല എന്നതുതന്നെ.

അമേരിക്കയില്‍ നിന്നിറങ്ങി ലോകമെമ്പാടുമെത്തുന്ന കോമിക്കുകളും ഹോളിവുഡില്‍നിന്നിറങ്ങുന്ന തട്ടുപൊളിപ്പന്‍ ചിത്രങ്ങളും എല്ലാ കാലത്തും അമേരിക്കന്‍ ഭരണകൂടത്തിന്റെ താത്പര്യങ്ങളാണ് സംരക്ഷിച്ചു പോന്നിട്ടുള്ളത്. ചിത്രകഥയിലെ സ്‌പൈഡര്‍മാനും സൂപ്പര്‍മാനും ഫാന്റവും മാന്‍ഡ്രേക്കും സിനിമയിലെ ജെയിംസ്‌ബോണ്ടും റാംബോയും റോക്കിയുമെല്ലാം വെള്ളക്കാരന്റെ അധീശത്വത്തിന്റെ പ്രഖ്യാനമാണ് നടത്തുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ശത്രുക്കളാണ് ഈ അതിമാനുഷരുടെ ശത്രുക്കള്‍. അമേരിക്കന്‍ ഭരണകൂടമാണ് ലോക ഭരണകൂടമെന്നും അമേരിക്കക്കാരന്‍ വിചാരിച്ചാലേ ലോകത്തെ രക്ഷിക്കാനാവൂ എന്നുമാണ് അവരെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഒബാമയുടെ സ്ഥാനാരോഹണ ദിവസം അദ്ദേഹത്തെയും സ്‌പൈഡര്‍മാനെയും ഒറ്റപ്പുസ്തകത്തില്‍ അവതരിപ്പിച്ച മാര്‍വെല്‍ കോമിക്‌സ് പറയാതെ പറഞ്ഞത് ഒബാമയാണിനി നമ്മുടെ രക്ഷകനെന്നാണ്.

പക്ഷേ ചുവരില്‍ കയറിയും ചാടിക്കടന്നും ചിലന്തിയുടെ രൂപമാര്‍ജ്ജിച്ചും അമേരിക്കയെ രക്ഷിക്കാന്‍ പുതിയ സ്‌പൈഡര്‍മാനാകുമോ? ചിത്രകഥയില്‍ പറ്റിയേക്കും. യഥാര്‍ഥലോകത്ത് ഇനിയത് എളുപ്പമല്ല. ലോകത്തെ മുഴുവന്‍ രക്ഷിക്കാന്‍ നടക്കുന്ന അമേരിക്ക അത്ര വലിയ പ്രതിസന്ധിയിലാണകപ്പെട്ടിരിക്കുന്നത്. വീരവാദത്തിനും ആക്രമണോത്സുകതയ്ക്കും ഒരു കുറവുമില്ലെങ്കിലും അമേരിക്കക്കാരന്‍ തകര്‍ച്ച മുന്നില്‍ കാണാന്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു.

സാമ്രാജ്യങ്ങള്‍ തകരുന്നതില്‍ വലിയ പുതുമയൊന്നുമില്ല, ചരിത്രത്തിന്റെ അനിവാര്യതയാണത്. ലോകജനതയുടെ ശവക്കൂമ്പാരത്തിനു പുറത്ത് ഏറെപ്പണിപ്പെട്ടു കെട്ടിപ്പൊക്കിയ സാമ്രാജ്യത്വത്തിന്റെ പളുങ്കുകോട്ടകള്‍ ചീട്ടുകൊട്ടാരം നിലംപൊത്തുന്ന വേഗത്തിലാണ് പലപ്പോഴും തകര്‍ന്നുവീഴുക. കൊട്ടാരത്തിന്റെ പുറംമോടിയില്‍ കണ്ണുടക്കിനില്‍ക്കുന്നവര്‍ക്ക് അതു തകരുകയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ വിഷമമായിരിക്കുമെന്നുമാത്രം. അമേരിക്ക ഒരിക്കലും തകരില്ലെന്നു തന്നെ അവര്‍ വിശ്വസിക്കും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം എല്ലാ കാലവും നമ്മുടെ തലയ്ക്കുമുകളിലുണ്ടാവുമെന്നുറപ്പിച്ചിരുന്നവരുടെ പിന്‍മുറക്കാര്‍ ഇപ്പോഴുമുണ്ട്്.

ആടി ഉലയാന്‍ തുടങ്ങിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തകര്‍ച്ച പൂര്‍ത്തിയാവാന്‍ വെറും 17 വര്‍ഷമേ വേണ്ടിവന്നുള്ളൂ എന്നതാണ് വസ്തുത. ഒരൊറ്റ വര്‍ഷം കൊണ്ടാണ് പോര്‍ച്ചുഗല്‍ തകര്‍ന്നത്. വിള്ളലുകള്‍ പുറംലോകമറിഞ്ഞ് രണ്ടു വര്‍ഷംകൊണ്ട് സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായി. സാമ്രാജ്യം നഷ്ടപ്പെട്ട് ഫ്രാന്‍സ് വെറുമൊരു രാജ്യം മാത്രമായത് എട്ടു വര്‍ഷം കൊണ്ടാണ്. പഴയ ഓട്ടോമന്‍ തുര്‍ക്കിയുടെ പതനം പൂര്‍ത്തിയാവാന്‍ 11 വര്‍ഷമേ വേണ്ടിവന്നുള്ളൂ. അമേരിക്കയുടെ സാമന്ത രാജ്യങ്ങളെന്ന നിലയിലും പഴയ അടിമകളുടെ കാല്‍പനിക സ്മരണകളിലും ബ്രിട്ടനും ഫ്രാന്‍സും ഇപ്പോഴും ജീവിക്കുന്നുണ്ട്. പക്ഷേ, തുര്‍ക്കിയും പോര്‍ച്ചുഗലും ഒരുകാലത്ത് സാമ്രാജ്യത്വ ശക്തികളായിരുന്നു എന്നുപറഞ്ഞാല്‍ ഇന്നാരെങ്കിലും വിശ്വസിക്കുമോ? അമേരിക്കയെപ്പറ്റിയും അങ്ങനെ പറയുന്നൊരു കാലം വരുമെന്നുതന്നെ വേണം കരുതാന്‍.

ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയും ഗതി അമേരിക്കയ്ക്കും വരാന്‍ പോവുകയാണെന്നും അവരുടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്നും കാര്യകാരണ സഹിതം സമര്‍ഥിക്കുന്ന ചരിത്രകാരന്‍മാര്‍ ധാരാളമുണ്ട്. യുദ്ധമാവില്ല, യുദ്ധങ്ങള്‍ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയാവും അമേരിക്കയുടെ ശവക്കുഴി തോണ്ടുക. കാരണം, പണമില്ലെങ്കില്‍ അമേരിക്കയുമില്ല.

ബിസിനസുകാര്‍ക്ക് ആധിപത്യമുള്ള മനുഷ്യ ചരിത്രത്തിലെ ആദ്യ സമൂഹമാണ് അമേരിക്കന്‍ സമൂഹം. ആദ്യത്തെ പണാധിപത്യ സമൂഹം എന്നു പറയാം. പണമാണ് എല്ലാം എന്നതുകൊണ്ട് അവിടെ മതപുരോഹിതന്‍മാര്‍ക്കോ കുലീനരായ പ്രഭുക്കന്‍മാര്‍ക്കോ പ്രാധാന്യം ലഭിച്ചില്ല. പണമുള്ളവരുടെ അഭിപ്രായത്തിനായി പ്രാമുഖ്യം. നമ്മളതിനെ അഭിപ്രായസ്വാതന്ത്ര്യമെന്നും ജനാധിപത്യമെന്നും വിളിച്ചു. ഊഹക്കച്ചവടം കൊണ്ടു കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകരുന്നതുപോലെതന്നെയാണ് ബിസിനസുകാരന്റെ സമൂഹവും തകരുക. ഉയര്‍ന്നുയര്‍ന്ന് മുകളിലെക്കുപോവുന്ന ഓഹരിവിപണി ഉടയുന്നതുപോലെ ഒരു സുപ്രഭാതത്തില്‍ അതു തകരാന്‍ തുടങ്ങും. പണമുണ്ടാക്കുക, എല്ലാം കൈയടക്കുക എന്ന ചിന്തയ്ക്കപ്പുറം ഒന്നുമില്ലാത്ത സമൂഹത്തിനു പിന്നെ പിടിച്ചുനില്‍ക്കാനെളുപ്പമല്ല. അതിന്റെ സൂചനകളാണ് അമേരിക്കയില്‍നിന്നുയരുന്നത്.

അമേരിക്കന്‍ ഭരണകൂടം കടപ്രതിസന്ധിയില്‍പ്പെട്ടുലഞ്ഞതും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി അവരുടെ വായ്പാക്ഷമത കുറച്ചതും ധനക്കമ്മിയും തൊഴിലില്ലായ്മയും കുതിച്ചുയരുന്നതും അമേരിക്ക നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ബാഹ്യ ലക്ഷണങ്ങള്‍ മാത്രമാണ്. ഇന്നത്തെ നിലയ്ക്ക് 22 വര്‍ഷംകൊണ്ട് അമേരിക്ക തകരുമെന്നാണ് പ്രശസ്ത ചരിത്രകാരന്‍ ആല്‍ഫ്രഡ് എം മക് കോയുടെ കണക്കുകൂട്ടല്‍. ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്ക നടത്തിയ അധിനിവേശത്തോടെ ആ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ നിഗമനം ഇങ്ങനെ സംഗ്രഹിക്കാം -2020 ഓടെ അമേരിക്കയുടെ വളര്‍ച്ച താഴോട്ടാവും. 2025ഓടെ തകര്‍ച്ച തുടങ്ങും. 2030ഓടെ അതു മൂര്‍ധന്യത്തിലെത്തും. പിന്നെയവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാവും.

പത്തു വര്‍ഷംമുമ്പ് ജി20 രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയുടെ 61 ശതമാനവും അമേരിക്കയുടേതായിരുന്നു. 2010 ആയപ്പോഴേക്ക് ഇത് 42 ശതമാനമായി കുറഞ്ഞു. വളര്‍ച്ച കുറഞ്ഞു കുറഞ്ഞ് രണ്ടാമതൊരു സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ് അവരുടെ സമ്പദ് വ്യവസ്ഥ. നികുതിദായകരുടെ പണം വന്‍കിട മുതലാളിമാര്‍ക്കു നല്‍കിയാണ് 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കരകയറിയത്. മുതലാളിമാര്‍ രക്ഷപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പാപ്പരായി. അതിന്റെ തുടര്‍ച്ചയാണ് വരാനിരിക്കുന്ന മാന്ദ്യം.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന അമേരിക്ക 2026ഓടെ ചൈനയ്ക്കു പിന്നിലാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 2050ഓടെ ഇന്ത്യയും സാമ്പത്തിക രംഗത്ത് അമേരിക്കയെ മറികടക്കും. 2030ഓടെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും പ്രതിരോധ രംഗത്തും ചൈന അമേരിക്കയ്ക്കു മുന്നിലെത്തും. ഉത്പന്ന കയറ്റുമതി രംഗത്ത് 2008ഓടെ തന്നെ അമേരിക്ക ചൈനയ്ക്കും യൂറോപ്യന്‍ യൂണിയനും പിന്നിലായി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടുകഴിഞ്ഞു. പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ജപ്പാനു പിന്നിലാണ് കുറേക്കാലമായി അമേരിക്ക. വൈകാതെ അവര്‍ ചൈനയ്ക്കും പിന്നിലാകും.

ഉന്നത വിദ്യഭ്യാസ രംഗത്ത് ഏറെക്കാലം ലോകത്തുതന്നെ ഒന്നാമതായിരുന്ന അമേരിക്ക 2010 ഓടെ പന്ത്രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ശാസ്ത്ര, ഗണിതശാസ്ത്ര വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ 52ാം സ്ഥാനമാണ് ലോക സാമ്പത്തിക ഫോറം അമേരിക്കയ്ക്കു നല്‍കുന്നത്. ഇപ്പോള്‍ അമേരിക്കയില്‍ നിന്നു ശാസ്ത്ര ബിരുദമെടുക്കുന്നവരില്‍ പകുതിയും വിദേശ വിദ്യാര്‍ഥികളാണ്. സ്വന്തം രാജ്യം അഭിവൃദ്ധി പ്രാപിക്കുമ്പോള്‍, തമിഴ്‌തൊഴിലാളികള്‍ കേരളം വിട്ടുപോയപോലെ, അവരെല്ലാം അമേരിക്ക വിടും. ഇപ്പോഴുള്ള എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും വിരമിക്കുന്നതോടെ പകരക്കാരെ കിട്ടാതെ പ്രതിരോധ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും അമേരിക്ക പിന്തള്ളപ്പെടും. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിച്ചിരുന്ന രാജ്യം എന്ന പദവി ഒരു നൂറ്റാണ്ടു കാലമായി അമേരിക്കയുടെ കുത്തകയായിരുന്നു. ഈവര്‍ഷം ആ സ്ഥാനം ചൈന കൈയടക്കി. വ്യാവസായിക വളര്‍ച്ചയില്‍ ചൈന അമേരിക്കയ്ക്കു മുന്നിലെത്തിയെന്നതിന്റെ തെളിവാണത്.

ലോകശക്തി എന്ന നിലയില്‍ അമേരിക്കയുടെ ഗതി ഇനി താഴോട്ടാണെന്ന് 2008ല്‍ അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ ആദ്യമായി സമ്മതിച്ചിരുന്നു. സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രവാഹം പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്കു നീങ്ങിത്തുടങ്ങിയെന്നാണ് 'ഗ്ലോബല്‍ ട്രെന്‍ഡ്‌സ് 2025' എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വളരെ പതുക്കെ പതിറ്റാണ്ടുകള്‍കൊണ്ടേ അതു സംഭവിക്കൂ എന്നാണ് യു.എസ്. ഭരണകൂടത്തിലെ ഉന്നതര്‍ കരുതിയിരുന്നത്. പ്രതീക്ഷിച്ചതിലും എത്രയോ ദ്രുതഗതിയിലാവും ആ മാറ്റമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

വായ്പാനിരക്ക് അവലോകന രംഗത്തെ ലോകത്തെ മൂന്നു പ്രമുഖ ഏജന്‍സികളിലൊന്നായ സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് ഏറ്റവും മികച്ച ട്രിപ്പിള്‍ എയില്‍ നിന്ന് ഡബിള്‍ എ പ്ലസ് ആയി കുറച്ചതോടെ പണം മുതലിറക്കാനോ കടംകൊടുക്കാനോ വേണ്ടത്ര സാമ്പത്തിക സുരക്ഷിതത്വം ഉള്ള രാജ്യമല്ല അമേരിക്ക എന്ന സത്യമാണു വെളിപ്പെട്ടത്. അമേരിക്കയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 72.9 ശതമാനവും കടത്തില്‍ നിന്നാണ്. മൊത്തം കടഭാരം 15 ലക്ഷം കോടി ഡോളര്‍ വരും. അമേരിക്കയുടെ ട്രഷറി ബോണ്ടുകളില്‍ ചൈനയ്ക്ക് 1,20,000 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. ഇന്ത്യയുടെ നിക്ഷേപം 4,100 കോടി ഡോളര്‍ വരും. കരുതല്‍ ധനം എന്ന നിലയില്‍ സുരക്ഷിതം ഡോളറാണ് എന്ന വിശ്വാസത്തിലാണ് ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ കടപ്പത്രങ്ങളില്‍ മുതല്‍മുടക്കുന്നത്്. അമേരിക്കയുടെ വിലയിടിയുമ്പോള്‍ ഡോളറിന്റെ സ്ഥാനത്ത് മറ്റൊരു കരുതല്‍ ധനം ഉയര്‍ന്നുവരും. അപ്പോള്‍ നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടും. പണമിരട്ടിപ്പു സ്ഥാപനങ്ങളും ബ്ലേഡു കമ്പനികളും തകരുംപോലെ അതോടെ അമേരിക്കയുടെ സമ്പദ് മേഖല തകര്‍ന്നടിയും.

ലോകത്തിന്റെ മൊത്തം രക്ഷകരായി ചമഞ്ഞു നടത്തിയ കടന്നാക്രമണങ്ങളും ലാഭംകൊയ്യാന്‍ വേണ്ടിനടത്തിയ ചൂതാട്ടങ്ങളുമാണ് അമേരിക്കയെ ഈ നിലയിലെത്തിച്ചത്. കണ്ണത്താ ദൂരത്തുള്ള ഇറാഖിലും അഫ്ഗാനിസ്താനിലും എന്തിനോ വേണ്ടിയാരംഭിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന യുദ്ധമാണ് അമേരിക്കയെ ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 69,700 കോടി ഡോളറാണ് അമേരിക്ക വിദേശത്തെ സൈനിക നടപടികള്‍ക്കായി ചെലവഴിച്ചത്. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളുടെ മൊത്തം ചെലവ് മൂന്നു ലക്ഷം കോടി ഡോളര്‍ വരുമെന്നാണ് സാമ്പത്തിക വിദഗ്ധരായ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സും ലിന്‍ഡാ ബില്‍മെസും 2008ല്‍ കണക്കുകൂട്ടിയത്. അത് അതിനുമപ്പുറത്തെത്തുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഒന്നാം ലോകയുദ്ധത്തിന് അമേരിക്കയുടെ മൊത്തം ചെലവ് 3200 കോടി ഡോളര്‍ മാത്രമായിരുന്നെന്നോര്‍ക്കണം. രണ്ടാം ലോകയുദ്ധകാലത്താണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സന്നാഹം വേണ്ടിവന്നത്. അന്നതിന്റെ ചെലവ് 20,000 കോടി ഡോളറായിരുന്നു.

രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ ജനസംഖ്യയുടെ 10 ശതമാനവും സൈനിക സേവനത്തിനു തയ്യാറായിരുന്നു. എന്നാലിപ്പോള്‍ അര ശതമാനത്തിലും താഴെയാണവരുടെ അനുപാതം. അതില്‍ത്തന്നെ മുഖ്യധാരാ അമേരിക്കക്കാര്‍ തീരെയില്ലെന്ന് അമേരിക്കയുടെ ഫോറിന്‍ അഫയേഴ്‌സ് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ചരിത്ര ഗവേഷകന്‍ ജെയിംസ് റൈറ്റ് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ പിന്നാക്ക, ഗ്രാമീണ മേഖലകളില്‍നിന്നുള്ള പാവങ്ങളാണ് സൈനികരിലേറെയും. അഫ്്ഗാനിസ്താനിലും ഇറാഖിലുമായി 6,500ഓളം യു.എസ്. സൈനികര്‍ മരണമടഞ്ഞു. 44,000 പേര്‍ക്കു പരിക്കേറ്റു. അവരുടെയെല്ലാം ബന്ധുക്കളുടെ രോഷം യു.എസ് ഭരണകൂടത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

രണ്ടാം ലോകയുദ്ധവേളയില്‍ 1945ല്‍ അമേരിക്കയുടെ ജി.ഡി.പിയുടെ 37 ശതമാനമായിരുന്നു പ്രതിരോധച്ചെലവ്. അന്നു പക്ഷേ ജനം ഭരണകൂടത്തിനൊപ്പമുണ്ടായിരുന്നു. യുദ്ധനികുതിയേര്‍പ്പെടുത്തിയാണ് അന്നു യുദ്ധച്ചെലവ് കണ്ടെത്തിയിരുന്നത്. എന്നാലിപ്പോള്‍, ദൂരെയേതോ രാജ്യത്ത് ഒരു കാര്യവുമില്ലാതെ നടത്തുന്ന യുദ്ധത്തിനായി നികുതി നല്‍കാന്‍ അമേരിക്കക്കാര്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ നികുതിപ്പണം ഉപയോഗിക്കാതെ കടപ്പത്രങ്ങളില്‍നിന്നുള്ള വരുമാനമാണ് യുദ്ധച്ചെലവിനു നീക്കിവെക്കുന്നത്. കടം കുമിഞ്ഞുകൂടി പരിധി ലംഘിച്ചതും പ്രതിസന്ധി പരിഹരിക്കാന്‍ വായ്പാ പരിധി ഉയര്‍ത്തേണ്ടിവന്നതും അതുകൊണ്ടാണ്. ഓരോ മാസവും വരവിനെക്കാള്‍ 20,000 കോടി ഡോളര്‍ അധികമാണ് അമേരിക്കയുടെ ചെലവ്.

ചെലവു വരവിനേക്കാള്‍ കവിയുമ്പോള്‍ കടം വാങ്ങാതെ തരമില്ല. ലോകത്തിനുമുന്നില്‍ നാണംകെട്ടെങ്കിലും പ്രതിപക്ഷത്തിന്റെ സഹായത്തോടെ വായ്പാ പരിധി ഉയര്‍ത്തിയാണ് ഒബാമ ഭരണകൂടം ഈ മാസമാദ്യം കടപ്രതിസന്ധിയില്‍ നിന്നു തത്ക്കാലത്തേക്കെങ്കിലും രക്ഷപ്പെട്ടത്. വായ്പാ പരിധി ഉയര്‍ത്താനുള്ള ബില്ലിനൊപ്പം പത്തു വര്‍ഷം കൊണ്ട് ചെലവ് ഒരു ലക്ഷം കോടി ഡോളര്‍ കണ്ടു വെട്ടിച്ചുരുക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. അതില്‍ 35,000 കോടി കണ്ടെത്തുക പ്രതിരോധച്ചെലവ് വെട്ടിക്കുറച്ചുകൊണ്ടാണ്. ഇതിനുപുറമെ ഒന്നര ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കല്‍ വേറെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിലും വലിയൊരു പങ്ക് പ്രതിരോധച്ചെലവു കുറച്ചുകൊണ്ടാവും കണ്ടെത്തുക.

പ്രതിരോധച്ചെലവു വെട്ടിക്കുറയ്‌ക്കേണ്ടിവരുന്നതോടെ അമേരിക്കയ്ക്ക് നഷ്ടമാവുക ലോകപോലീസെന്ന സ്ഥാനമാണ്. അതോടെ അമേരിക്ക അമേരിക്കയല്ലാതാവും. ഇറാഖില്‍നിന്നും അഫ്ഗാനിസ്താനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചത് അമേരിക്ക സമാധാനത്തിന്റെ വഴി തിരഞ്ഞെടുത്തതുകൊണ്ടൊന്നുമല്ല. യുദ്ധം ചെയ്യാനുള്ള ശേഷി കുറഞ്ഞുവരുന്നതുകൊണ്ടാണ്. ബഹിരാകാശ ഗവേഷണപദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും സ്‌പെയ്‌സ് ഷട്ടിലുകള്‍ നിലത്തിറക്കാനുമുള്ള തീരുമാനത്തിനുപിന്നിലും സാമ്പത്തിക പ്രതിസന്ധി തന്നെ.

ഇറാഖിലും അഫ്ഗാനിസ്താനിലും മാത്രമല്ല ശീത യുദ്ധത്തിനു ശേഷം സൊമാലിയ, ഹെയ്ത്തി, ബോസ്‌നിയ, കൊസോവോ എന്നിവിടങ്ങിലും അമേരിക്ക സൈനികമായി ഇടപെട്ടിരുന്നു. ജനാധിപത്യം പുന:സ്ഥാപിച്ച് അന്നാട്ടുകാരെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു, അമേരിക്കന്‍ അധിനിവേശത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. തോക്കും ബോംബുമുപയോഗിച്ച് പുറമെനിന്നുവന്നു സ്ഥാപിച്ചെടുക്കാവുന്നതല്ല ജനാധിപത്യമെന്ന യാഥാര്‍ഥ്യം ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ മാത്രമേ അമേരിക്കയുടെ ഇടപെടലുകള്‍കൊണ്ടു കഴിഞ്ഞുള്ളൂ. ഇടപെട്ട രാജ്യങ്ങളിലെയെല്ലാം ജനങ്ങള്‍ അമേരിക്കക്കെതിരെ തിരിയുകയും ചെയ്തു. ലിബിയയില്‍ വിമതരെ സഹായിക്കാന്‍ കരസേനയെ ഇറക്കാതെ വ്യോമാക്രമണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമേരിക്ക ശ്രദ്ധിച്ചത് ഈ പശ്ചാത്തലത്തിലാണ്. സിറിയയില്‍ അതുപോലും വേണ്ട, ഉപരോധവും നയതന്ത്രനീക്കവും മതിയെന്നുവെച്ചു.

ഇറാഖിലും അഫ്ഗാനിസ്താനിലും സൈന്യത്തെയിറക്കുമ്പോള്‍ ജനാധിപത്യം സ്ഥാപിക്കുകയായിരുന്നില്ല, അവിടത്തെ എണ്ണസമ്പത്ത് കൈയടക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഈ രാജ്യങ്ങളില്‍ പാവസര്‍ക്കാറുകളെ വാഴിക്കാന്‍ കഴിഞ്ഞെങ്കിലും എണ്ണ കൊള്ളയടിച്ചുകൊണ്ടുവരികയെന്ന പദ്ധതി നിറവേറിയില്ല. ഇറാനെതിരായ നീക്കങ്ങള്‍ എങ്ങുമെത്തിയുമില്ല. എണ്ണ ഉത്പാദനത്തിന്റെ കാര്യത്തില്‍ 2025ഓടെ റഷ്യയും ഇറാനും ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. അതോടെ എണ്ണ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന അമേരിക്ക ഒന്നുകൂടി വെട്ടിലാവും.

തകരാന്‍ തുടങ്ങുന്ന സാമ്രാജ്യങ്ങള്‍ എണ്ണ ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ നടത്തുന്നത് ചരിത്രത്തിലെ പതിവാണ്. 1956ല്‍ ബ്രിട്ടന്‍ നടത്തിയ സൂയസ് കനാല്‍ ആക്രമണം അതിനുദാഹരണം. അന്നതില്‍ നാണം കെട്ട ബ്രിട്ടന് പിന്നീടൊരിക്കലും പഴയ പ്രഭാവം വീണ്ടെടുക്കാനായില്ല. ഇറാഖ്, അഫ്ഗാനിസ്താന്‍ ആക്രമണങ്ങള്‍ അമേരിക്കയുടെ നാണക്കേടായി മാറുന്നതിനെ ഈയൊരു ചരിത്രത്തിന്റെ ആവര്‍ത്തനമായി വേണം കാണാന്‍. ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷാ ഭാരവുമായി അധികാരത്തിലേറിയ ബരാക് ഒബാമയല്ല, മുന്‍ഗാമി ജോര്‍ജ് ബുഷ് ആണ് ഈ പ്രതിസന്ധിക്കുത്തരവാദി. ബുഷിനെ അതിനു പ്രേരിപ്പിച്ചതിന്റെ ക്രെഡിറ്റ് ഉസാമാ ബിന്‍ ലാദന് അവകാശപ്പെട്ടതാണ്. ലോകവ്യാപാര കേന്ദ്രത്തിലേക്ക് തീവ്രവാദികള്‍ വിമാനമിടിച്ചു കയറ്റിയപ്പോള്‍ തകരാന്‍ തുടങ്ങിയത് അമേരിക്കയുടെ സാമ്പത്തികാടിത്തറ തന്നെയായിരുന്നു. അമേരിക്കയെ നിലംപരിശാക്കുകയെന്ന ഉസാമയുടെ പദ്ധതി പതുക്കെപ്പതുക്കെ യാഥാര്‍ഥ്യമാവുകയാണ്. ഈ തകര്‍ച്ചയില്‍നിന്ന് അമേരിക്കയെ രക്ഷിക്കാന്‍ ഏതെങ്കിലും അതിമാനുഷനെത്തുമെന്നു കരുതുന്നത് വെറുതെയാണ്. കാരണം സ്വയംകൃതാനര്‍ഥമാണ് ഈ നാശം.

വി.ടി. സന്തോഷ്‌കുമാര്‍ - മാതൃഭൂമി Daily

Monday, August 22, 2011

മഅദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍


2010 ആഗസ്റ്റില്‍, തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മഅ്ദനിയുമായി ഞാന്‍ സംസാരിച്ചത്. അന്‍വാര്‍ശ്ശേരിയിലെ അദ്ദേഹത്തിന്‍െറ സ്ഥാപനത്തിന്‍െറ അതിഥി മുറിയില്‍ അന്ന് അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായിരുന്നു. അനിതരസാധാരണമായ മനോദാര്‍ഢ്യവും ആത്മനിയന്ത്രണവും പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വന്‍ ഗൂഢസംഘത്തോട് തനിച്ച് പൊരുതേണ്ടി വരുന്ന പോരാളിയുടെ സംഘര്‍ഷങ്ങള്‍ ആ മുഖത്തുണ്ടായിരുന്നു. സന്ദിഗ്ധതകള്‍ക്കും ഉദ്വേഗങ്ങള്‍ക്കുമൊടുവില്‍, ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിച്ച അതിനാടകീയതകള്‍ക്ക് വിരാമമിട്ട് സൂപ്രണ്ട് അര്‍ഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആഗസ്റ്റ് 17ന് ഉച്ചക്ക് 1.10ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി. ഈ സമയത്തിന് ഒരു പ്രാധാന്യമുണ്ട്. നമ്മുടെ നീതിന്യായ വ്യവസ്ഥയും നിയമപാലക സംവിധാനവും കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ കാണിക്കുന്ന ‘കോഓഡിനേഷന്‍’ മനസ്സിലാക്കാന്‍ ഇത് ശ്രദ്ധിച്ചാല്‍ മതി. അതായത്, മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത് അതേദിവസം ഉച്ചക്ക് രണ്ടിന്. പക്ഷേ, അതിന്‍െറ മുക്കാല്‍ മണിക്കൂര്‍ മുമ്പ് സര്‍വായുധ വിഭൂഷിതരായ പൊലീസ് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. ജാമ്യാപേക്ഷയില്‍ വിധിപറയാന്‍ രണ്ടുമണിക്ക് ചേര്‍ന്ന സുപ്രീം കോടതി അറസ്റ്റ് നടന്നു കഴിഞ്ഞിരിക്കെ ജാമ്യാപേക്ഷക്ക് പ്രസക്തിയില്ളെന്ന കിടിലന്‍ വിധി പ്രസ്താവിക്കുന്നു! എങ്ങനെയുണ്ട്; നീതിയുടെ ദേവത? അതായത്, ഒരു കൂട്ടര്‍ക്ക് ആദ്യമേ ഇല നിഷേധിക്കുക. ഇലയില്ലാത്തവര്‍ക്ക് ഊണില്ളെന്ന സമഗ്രമായൊരു നിയമം പിന്നീട് പാസാക്കുക. അതാണ് നമ്മുടെ നീതിനിര്‍വഹണവും മഹത്തായ ജനാധിപത്യവും.
2011 ആഗസ്റ്റ് 17ന്, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം ഏതാനും സുഹൃത്തുക്കളോടൊപ്പം ഈ ലേഖകന്‍ അദ്ദേഹത്തെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ചെന്നുകണ്ടു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കണ്ടതിനേക്കാള്‍ സുസ്മേരവദനനാണ് അദ്ദേഹമിപ്പോള്‍. ശരീരം ശോഷിച്ചിട്ടുണ്ടെങ്കിലും മുഖത്ത് സംഘര്‍ഷങ്ങളില്ല. ആഹ്ളാദവും വിശ്വാസത്തിന്‍െറ തിളക്കവും ആ കണ്ണുകളില്‍ നിങ്ങള്‍ക്ക് വായിച്ചെടുക്കാം. ‘നോമ്പ് എങ്ങനെയുണ്ട്? ഞാന്‍ ചോദിച്ചു. ‘റമദാന്‍ ആചരിക്കാന്‍ ഏറ്റവും നല്ലത് ജയില്‍ തന്നെയാണ്’ -അദ്ദേഹം പറഞ്ഞു. ആരോഗ്യം, കേസ്, ജയിലിലെ അനുഭവങ്ങള്‍...അങ്ങനെ ധാരാളം ഞങ്ങള്‍ സംസാരിച്ചു. ഭാവിയെക്കുറിച്ച് എന്തു തോന്നുന്നുവെന്നതിന്, ‘ലാ തഖ്നുതൂ മിന്‍ റഹ്മത്തില്ലാഹ്’ എന്ന ഖുര്‍ആന്‍ വാക്യമാണ് അദ്ദേഹം മറുപടിയായി പറഞ്ഞത് -അല്ലാഹുവിന്‍െറ കാരുണ്യത്തിന്‍െറ കാര്യത്തില്‍ നിങ്ങള്‍ നിരാശരാവേണ്ടതില്ല.മഅ്ദനിയെ അറസ്റ്റ് ചെയ്തവര്‍ അദ്ദേഹത്തെ തളര്‍ത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ അവര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. കാരണം അദ്ദേഹം തരിമ്പും തളര്‍ന്നിട്ടില്ല. തളര്‍ന്നു കുഴഞ്ഞു വീണുപോവാന്‍ മാത്രം കാരണങ്ങള്‍ അദ്ദേഹത്തിനുണ്ട്. നീണ്ട ഒമ്പതര വര്‍ഷത്തെ പീഡനപൂര്‍ണമായ കോയമ്പത്തൂര്‍ ജയില്‍വാസം, അതിന് ശേഷം വന്നുകിട്ടിയ കുടുംബ ജീവിതം ആസ്വദിച്ചു തുടങ്ങവേ ഭാര്യയെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നു. കോയമ്പത്തൂര്‍ ജയില്‍വാസക്കാലത്ത് കേസുമായി നടക്കാന്‍ ബാപ്പയുണ്ടായിരുന്നു. പക്ഷേ, രണ്ടാം അറസ്റ്റിന്‍െറ സമയമാവുമ്പോഴേക്ക് അദ്ദേഹം ഹൃദയം തകര്‍ന്ന് തളര്‍ന്നുവീണ് വീല്‍ ചെയറില്‍ ആയിക്കഴിഞ്ഞു. രണ്ട് മക്കള്‍, ദീര്‍ഘ കാലത്തെ കാത്തിരിപ്പിന് ശേഷം കൊതിച്ചു കിട്ടിയ ബാപ്പയെ വീണ്ടും ‘മഹത്തായ നീതിദേവത’ കൊണ്ടുപോയതിന്‍െറ ആഘാതത്തില്‍ പഠനത്തില്‍ ഏകാഗ്രത കിട്ടാതെ, ഉറക്കത്തിലും ഉണര്‍വിലും ഞെട്ടിയെഴുന്നേല്‍ക്കുന്ന അവസ്ഥയില്‍ കഴിയുന്നു. മഅ്ദനി സ്വയം തന്നെയും രോഗിയും വികലാംഗനുമാണ്. കേസിന്‍െറ സങ്കീര്‍ണ വഴികളെയും കെട്ടുപിണച്ചിലുകളെയും കുറിച്ചാലോചിച്ചാല്‍ തന്നെ തലകറങ്ങിപ്പോകും. ഒരര്‍ഥത്തില്‍ ബോധക്ഷയം വന്നുപോകാവുന്ന അവസ്ഥ. പക്ഷേ, സത്യം, അദ്ദേഹത്തിന്‍െറ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടില്ല. നിശ്ചയദാര്‍ഢ്യത്തിന്‍െറ കരിവീട്ടിക്കാതല്‍ അദ്ദേഹത്തില്‍ നിങ്ങള്‍ക്ക് തൊട്ടനുഭവിക്കാന്‍ കഴിയും.
മഅ്ദനി വികലാംഗനാണെന്ന് പറയുമ്പോള്‍, അദ്ദേഹം ജന്മനാ വികലാംഗനാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അങ്ങനെയല്ല. 1992 ആഗസ്റ്റ് ആറിന് ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞ് അദ്ദേഹത്തിന്‍െറ ഒരു കാല്‍ തകര്‍ക്കുകയായിരുന്നു. ‘ഒറ്റക്കാലന്‍ മഅ്ദനീ മറ്റേക്കാലും സൂക്ഷിച്ചോ’ എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍.എസ്.എസുകാര്‍ കല്ലാച്ചി അങ്ങാടിയിലൂടെ പ്രകടനം വിളിച്ചുപോകുന്നത് സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കണ്ടുനിന്നതിന്‍െറ ഓര്‍മ ഇപ്പോഴുമുണ്ട്. തന്‍െറ കാല് തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് മഅ്ദനി പക്ഷേ, മാപ്പുനല്‍കി. അവര്‍ക്കെതിരെ വാദിക്കാനോ സാക്ഷി പറയാനോ ഒന്നും മഅ്ദനി സന്നദ്ധമായില്ല. കോടതി അവരെ വെറുതെ വിട്ടു. ഒരുപക്ഷേ, കേരളത്തിലെ ക്രിമിനല്‍ കേസുകളുടെ ചരിത്രത്തിലെ അപൂര്‍വമായ അനുഭവമായിരുന്നു അത്. തന്‍െറ കാല് അറുത്തെടുത്തവര്‍ക്ക് മാപ്പ് നല്‍കിയ മഅ്ദനിയെ മനസ്സിലാക്കാന്‍ മലയാളിക്ക് കഴിഞ്ഞില്ല. ആര്‍.എസ്.എസിന് അദ്ദേഹത്തിന്‍െറ പച്ചമാംസത്തോട് എന്നും ആര്‍ത്തിയുണ്ടായിരുന്നു. കാന്തഹാര്‍ വിമാന റാഞ്ചികളുടെ ഉപാധികളില്‍ മഅ്ദനിയുടെ മോചനവുമുണ്ടെന്ന് വരെ തട്ടിവിട്ടവരാണവര്‍. എന്നുവെച്ചാല്‍, അദ്ദേഹത്തിന്‍െറ പിന്നാലെ കൂടി അവര്‍ എന്നും ആ ചോരക്ക് കൊതിച്ചിട്ടുണ്ട്. പക്ഷേ, ദുരിതങ്ങളുടെ ഈ മഹാസമുദ്രത്തില്‍ നമ്മുടെ സഹജീവിയെ നീന്താനയച്ചുകൊണ്ട് നാം മലയാളികള്‍ക്ക് വെറുതെയിരിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? മഅ്ദനിയും കുടുംബവും നേരിട്ടുകൊണ്ടിരിക്കുന്ന രക്തം കിനിയുന്ന പീഡന പര്‍വങ്ങള്‍ നമ്മെ സായുജ്യം കൊള്ളിക്കുന്നുവെന്ന് വന്നാല്‍ നാം എന്തുമാത്രം മനോരോഗികളാണ്? എന്തുകൊണ്ട് നമുക്കിടയിലെ ഒരു പൊതുപ്രവര്‍ത്തകന്‍ സമ്പൂര്‍ണമായും കെട്ടിച്ചമച്ച കേസിന്‍െറ പേരില്‍ യാതനകള്‍ പേറുമ്പോള്‍ അതിനെതിരെ ഒരു ചെറുവിരല്‍ ഈ സംസ്ഥാനത്ത് നിന്നുണ്ടാകുന്നില്ല. നാം വീമ്പുപറയുന്ന പ്രബുദ്ധതയും പുരോഗമനപരതയും മനുഷ്യാവകാശബോധവുമൊക്കെ എവിടെ?
‘നിയമം നിയത്തിന്‍െറ വഴിക്ക് പോവട്ട’ എന്ന വലിയ സിദ്ധാന്തമാണ് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം നമ്മളില്‍ പലരും പറയാറുള്ളത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട്, കോടതി വധശിക്ഷക്ക് വിധിച്ച വ്യക്തിയായിരുന്നു എസ്.എ.ആര്‍. ഗീലാനി എന്ന ദല്‍ഹി യൂനിവേഴ്സിറ്റി പ്രഫസര്‍. അദ്ദേഹത്തിന്‍െറ മോചനത്തിന് വേണ്ടി കേരളത്തിന് പുറത്തുയര്‍ന്നുവന്ന വിപുലമായ കാമ്പയിനുകള്‍ നാം ഓര്‍ക്കുക. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍ എന്നിങ്ങനെ ജീവിതത്തിന്‍െറ വിവിധ രംഗങ്ങളില്‍ പെട്ടവര്‍ നിയമം നിയമത്തിന്‍െറ വഴിക്ക് പോയപ്പോള്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ആള്‍ക്കു വേണ്ടി രംഗത്തുവന്നു. എസ്.എ.ആര്‍. ഗീലാനി ഇന്ന് രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടിയുള്ള ദേശീയ പ്രസ്ഥാനത്തിന്‍െറ അധ്യക്ഷനാണ്. ബിനായക് സെന്നിനെതിരെയും ദേശദ്രോഹവുമായി ബന്ധപ്പെട്ട ചാര്‍ജുകളായിരുന്നു ചുമത്തപ്പെട്ടിരുന്നത്. ‘ദേശദ്രോഹി’യായ അദ്ദേഹത്തിന് വേണ്ടിയും കാമ്പയിന്‍ നടത്താന്‍ ‘നിരക്ഷര’രായ ഉത്തരേന്ത്യക്കാര്‍ രംഗത്തുവന്നു. പക്ഷേ, നമ്മുടെ ഈ കേരളത്തില്‍ മഅ്ദനി പോവട്ടെ, മഅ്ദനി കേസിന്‍െറ ദുരൂഹവഴികളെക്കുറിച്ച് റിപ്പോര്‍ട്ടെഴുതിയ പത്രപ്രവര്‍ത്തക വേട്ടയാടപ്പെട്ടപ്പോള്‍ പോലും അത് വലിയ ചലനമുണ്ടാക്കിയില്ല. മഅ്ദനി, ഗീലാനിയെയും ബിനായക് സെന്നിനെയും പോലെ ശിക്ഷ വിധിക്കപ്പെട്ട പ്രതിയല്ല. വിചാരണത്തടവുകാരന്‍ മാത്രമാണ്. മുമ്പ് അദ്ദേഹത്തിന്‍െറ കേസില്‍ വിധി തീര്‍പ്പുണ്ടായപ്പോഴാവട്ടെ, അദ്ദേഹത്തെ നിരപരാധിയായി വിട്ടയച്ചതാണുതാനും. അങ്ങനെയൊരു മനുഷ്യനും കുടുംബവും അനന്തമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ നാം ഒരു സാഡിസ്റ്റ് മനസ്സോടെ അതെല്ലാം കണ്ടാസ്വദിക്കുന്നു. എന്നിട്ട് പ്രബുദ്ധരുടെ സംസ്ഥാനമെന്ന് വീമ്പുപറഞ്ഞിരിക്കുന്നു.
മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതിന്‍െറ പ്രത്യേകതയും ഇതു തന്നെയാണ്. കേരളത്തിലെ പുരോഗമനോന്മുഖ ഇടതുപക്ഷ സമൂഹം തള്ളിക്കളഞ്ഞ അദ്ദേഹത്തിന്‍െറ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കേരളത്തിന് പുറത്തുനിന്ന് മനുഷ്യാവകാശ സമൂഹം രംഗത്തുവരുന്നുവെന്നതാണ് മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോഴുള്ള പ്രത്യേകത. അരുണാ റോയ്, കവിതാ ശ്രീവാസ്തവ, ഡോ. ബിനായക് സെന്‍, ആനന്ദ് പട്വര്‍ധന്‍ തുടങ്ങിയ പ്രഗല്ഭരായ ദേശീയ വ്യക്തിത്വങ്ങള്‍ ഒപ്പിട്ട് രണ്ടാഴ്ച മുമ്പ് ദല്‍ഹിയില്‍നിന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന അതിന്‍െറ വലിയൊരു സൂചകമാണ്. കിഴവന്‍ വര്‍ത്തമാനങ്ങളും ഞൊണ്ടി ന്യായങ്ങളുമായി ധീരമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ മലയാളി ‘പ്രബുദ്ധത’ മടിച്ചു നില്‍ക്കുമ്പോഴാണ് നമ്മുടെ നാട്ടുകാരന് വേണ്ടി പുറംനാട്ടുകാര്‍ അവരുടെ ശബ്ദം കേള്‍പ്പിച്ചു തുടങ്ങുന്നത്. സംശയരഹിതമായും, കോയമ്പത്തൂരില്‍ സംഭവിച്ചത് പോലെത്തന്നെ, മഅ്ദനി ബംഗളൂരുവില്‍ നിന്നും നിരപരാധിയായി തിരിച്ചുവരും. വിചാരണ തീരുംവരേക്ക് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ച് ഇല്ലാതാക്കാം എന്ന് മാത്രമാണ് ഭരണകൂടം ആലോചിക്കുന്നത്. അങ്ങനെ അദ്ദേഹം തിരിച്ചുവരുമ്പോള്‍ നാം മലയാളികള്‍ പിന്നെയും പ്രബുദ്ധതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും.

സി. ദാവൂദ്

നമ്മുടെ പത്രമാപ്പീസുകളില്‍ എത്ര ബ്രെയ്‌വിക്മാരുണ്ട്


മലയാളത്തിലെ ആദ്യത്തെ ദിനപത്രം, സാക്ഷര കേരളത്തിന്റെ ആദ്യാക്ഷരം എന്നിവയാണ് ദീപികയുടെ പരസ്യ വാചകങ്ങള്‍. മാധ്യമ വിദ്യാര്‍ഥികള്‍ അതിനാല്‍ തന്നെ ഏറെ ഗൗരവത്തിലെടുക്കേണ്ട പത്രം. പ്രസ്തുത പത്രത്തില്‍, 2011 ജനുവരി 13-ന് ഒന്നാം പേജില്‍ മുഖ്യതലക്കെട്ടായി വന്ന വാര്‍ത്തയാകട്ടെ, പുതിയ കാലത്ത് മാധ്യമ പഠനങ്ങള്‍ക്ക് ആമുഖമാകാവുന്ന ഒരു ഉരുപ്പടിയാണ്. വാര്‍ത്താ തലക്കെട്ട് ഇങ്ങനെ: 'റിയാസ് ഭട്കല്‍ വെടിയേറ്റ് മരിച്ചെന്ന് പ്രചാരണം'. കണ്ണൂര്‍ ഡേറ്റ്‌ലൈനില്‍ പി. ജയകൃഷ്ണന്‍ എന്നയാളാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സ്വാഭാവികമായും പാനൂരിലോ കൂത്തുപറമ്പിലോ കണ്ണൂരിലെ അതുപോലുള്ള മറ്റേതെങ്കിലും യുദ്ധമുന്നണിയിലോ ഒരാള്‍കൂടി കൊല്ലപ്പെട്ടുവെന്നേ വായനക്കാര്‍ ഒറ്റനോട്ടത്തില്‍ കരുതുകയുള്ളൂ. പക്ഷേ, വാര്‍ത്തയിലേക്കിറങ്ങുമ്പോള്‍ നാം ശരിക്കും അമ്പരന്നു പോവും. കാരണം, കണ്ണൂരിലല്ല, അങ്ങ് കറാച്ചിയിലാണ് കൊല നടന്നിരിക്കുന്നത്! കറാച്ചിയില്‍ നടന്ന കൊല കണ്ണൂരിലെ ബ്യൂറോവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന ലേഖകന്റെ അതിമിടുക്കില്‍ നാം അന്തം വിട്ടു നില്‍ക്കെയാണ് വാര്‍ത്തയിലെ രണ്ടാം ഖണ്ഡം. അതിങ്ങനെ: 'അധോലോക നേതാവായ ഛോട്ടാരാജനാണ് കറാച്ചിയില്‍ റിയാസ് ഭട്കല്‍ വെടിയേറ്റ് മരിച്ചതായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എന്നാല്‍ ഇന്ത്യയിലെ അന്വേഷണ വിഭാഗങ്ങളോ വാര്‍ത്താ ഏജന്‍സികളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല...'

കൊല നടന്നത് കറാച്ചിയില്‍, അക്കാര്യം സ്ഥിരീകരിച്ചത് മുംബൈയിലെ കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്‍, ഇന്ത്യയിലെ ഇന്റലിജന്‍സ് ബ്യൂറോവിനോ വാര്‍ത്താ ഏജന്‍സികള്‍ക്കോ സ്ഥിരീകരിക്കാന്‍ കഴിയാത്ത കൊലപാതകം, അങ്ങനെയുള്ളൊരു കാര്യമാണ് ഒരു മലയാള പത്രത്തിന്റെ ജില്ലാ ലേഖകന്‍ മാത്രമായ ആള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? നമ്മുടെ പത്രലേഖകര്‍, ജില്ലാ-പ്രാദേശിക ലേഖകര്‍ പോലും 'അന്താരാഷ്ട്ര തീവ്രവാദം' എന്ന ബൈറ്റ് ചെയ്യാന്‍ എന്തു മാത്രം മിടുക്കരാണ് എന്നതാണ് അതിലൊന്ന്. വിഷയം അന്താരാഷ്ട്ര തീവ്രവാദമാണെങ്കില്‍ ദേശാന്തരീയ ബ്യൂറോ സംവിധാനങ്ങളുള്ള വാര്‍ത്താ ഏജന്‍സികളെപ്പോലും മറികടന്നു കൊണ്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ ശേഷിയുള്ള പ്രാദേശിക ലേഖകര്‍ നമ്മുടെ പത്രസ്ഥാപനങ്ങള്‍ക്കുണ്ട്. അത് മുഖ്യ തലക്കെട്ടായി നല്‍കാന്‍ മാത്രം പ്രഫഷനല്‍ എക്‌സലന്‍സുള്ള പത്രാധിപന്മാരും നമുക്കുണ്ട്. എന്നു മാത്രമല്ല, അത്തരം വാര്‍ത്തകളെ വെറുതെ കാറ്റില്‍ വിടാതെ പ്രാദേശിക സാഹചര്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള മിടുക്കും ഈ ലേഖകര്‍ക്ക് വേണ്ടതിലധികമുണ്ട്. മേല്‍പറഞ്ഞ കറാച്ചി/കണ്ണൂര്‍ വാര്‍ത്ത തന്നെ റിയാസ് ഭട്കലുമായി ബന്ധമുള്ള മലപ്പുറത്തെ ഒരു ബഷീറിനെക്കുറിച്ച് പറഞ്ഞ് കൊണ്ടാണ് അവസാനിക്കുന്നത്. നല്ലവരായ വായനക്കാര്‍ മലപ്പുറത്ത് പോവുമ്പോഴൊക്കെ ഒന്ന് 'കരുതാന്‍' ഇത്തരം വാര്‍ത്തകള്‍ ഏറെ ഉപകരിക്കും.

തീവ്രവാദം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കുന്ന അനിതര സാധാരണമായ ഈ വൈഭവം നാം ഏറെ കണ്ടതാണ്. തിരുവനന്തപുരത്ത് നടന്ന ലെറ്റര്‍ ബോംബ് സംഭവം, അതിലെ സൂത്രധാരനായ 'അന്താരാഷ്ട്ര തീവ്രവാദി' മുഹ്‌സിനെ പുറത്തു കൊണ്ടുവരുന്നതില്‍ കേരളത്തിലെ മിക്ക മാധ്യമങ്ങളും കാണിച്ച ഏകോപനം, പിന്നീട് മറ്റൊരു പ്രതി പിടിക്കപ്പെട്ടപ്പോള്‍ ആളെ മനോരോഗിയാക്കുന്നതില്‍ കാണിച്ച ക്ലിനിക്കല്‍ എക്‌സലന്‍സ്, തിരുവനന്തപുരത്ത് തന്നെ കിംഗ് ഫിഷര്‍ വിമാനത്തിലെ ബോംബും ഇന്ത്യന്‍ മുജാഹിദീനുമായുള്ള ബന്ധം അന്നേ ദിവസം തന്നെ പുറത്തുകൊണ്ടു വന്നത്, പിന്നീട് ബോംബ് വെച്ചയാള്‍ അവകാശവാദമുന്നയിച്ചപ്പോള്‍ ബോംബിനെ ഗുണ്ട് ആക്കി മാറ്റിയ കെമിക്കല്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യം, ശബരിമലയിലെ പുല്ലുമേട്ടില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായപ്പോള്‍ അവിടെ കിടന്നിരുന്ന ജീപ്പും അന്താരാഷ്ട്ര തീവ്രവാദികളുമായുള്ള ബന്ധം പുറത്തുകൊണ്ടുവരുന്നതില്‍ കാണിച്ച മിടുക്ക്.... അങ്ങനെ അന്താരാഷ്ട്ര തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും അസാധാരണ മിടുക്ക് നമ്മുടെ പത്രപ്രവര്‍ത്തകര്‍ കാണിച്ചിട്ടുണ്ട്. ആ മിടുക്കാണ് മലയാളത്തിന്റെ സുപ്രഭാതമായി, പത്രത്തോടൊപ്പം പ്രചരിക്കുന്ന സംസ്‌കാരമായി നാട്ടില്‍ പ്രചരിക്കുന്നത്.

അന്താരാഷ്ട്ര തീവ്രവാദത്തില്‍ വിദഗ്ധരായവര്‍ക്ക് ലഭിക്കാവുന്ന മികച്ചൊരു ഉരുപ്പടിയായിരുന്ന കഴിഞ്ഞയാഴ്ച നോര്‍വെയില്‍ നടന്ന കൂട്ടക്കൊല. പക്ഷേ, ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രെയ്‌വിക് എന്നൊരു ചെറുപ്പക്കാരനാണ് കൊലയാളിയെന്നറഞ്ഞപ്പോള്‍ തന്നെ അതിന്റെ രസച്ചരട് പൊട്ടി. പ്രത്യേകിച്ച് ആസൂത്രണമോ അന്താരാഷ്ട്ര ബന്ധമോ ഒന്നുമില്ലാത്ത ഒരു പാവം. അദ്ദേഹത്തിന് ബാധിച്ച മനോരോഗമെന്തായിരിക്കും എന്നന്വേഷിക്കുന്നതിലായിരുന്നു പല ലേഖകരുടെയും താല്‍പര്യം. നോര്‍വെയില്‍ നടന്നതില്‍ നമുക്കെന്ത് കാര്യം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അയാളെ കുറ്റപ്പെടുത്താനും പറ്റില്ല. അതിനാല്‍, സ്വാഭാവികമായും, പ്രാദേശികമായ താല്‍പര്യങ്ങള്‍ ഇല്ലാത്തതിനാലാവണം നാട്ടിലെ പത്രങ്ങള്‍ വിഷയത്തിന് അത്രയങ്ങ് എരിവ് കൊടുക്കാന്‍ മെനക്കെട്ടതു കണ്ടില്ല. പക്ഷേ, രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് കാര്യങ്ങളില്‍ പുതിയ വെളിച്ചം കിട്ടുന്നത്. ബ്രെവിക് ആള് നാം വിചാരിച്ച മാതിരി സാധുവല്ല. കക്ഷി സ്വന്തമായി ഒരു മാനിഫെസ്റ്റോ എഴുതിത്തയാറാക്കി ഒരു സംഘടന കൊണ്ടുനടക്കുന്ന ആളാണ്. 1518 പേജുള്ള പ്രസ്തുത മാനിഫെസ്റ്റോയുടെ ഉള്ളടക്കം, അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളില്‍ പലതും പുറത്തു വിട്ടു. ഹൊ, മാനിഫെസ്റ്റോയൊക്കെ അങ്ങ് യൂറോപ്പില്‍, എന്ന മട്ടില്‍ നമ്മുടെ പത്രക്കാര്‍ക്ക് സ്വാഭാവികമായും അതും ഒഴിവാക്കാം. പക്ഷേ, മാനിഫെസ്റ്റോ ഓടിച്ച് വായിക്കുന്ന ആരുടെയും ശ്രദ്ധയില്‍ പെടുമാറ് 102 പേജുകളില്‍ ഇന്ത്യയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ഇന്ത്യയിലെ തന്റെ മഹാന്മാരായ സുഹൃത്തുക്കളെക്കുറിച്ച്, മഹത്തായ സംഘടനകളെക്കുറിച്ച്, അവരെ സഹായിക്കേണ്ടതിനെക്കുറിച്ചൊക്കെ വിശദമായ പരാമര്‍ശങ്ങളുണ്ട്. ബി.ജെ.പി, ആര്‍.എസ്.എസ്, എ.ബി.വി.പി, വി.എച്ച്.പി എന്നീ സംഘടനകള്‍ ഇന്ത്യയില്‍ നിര്‍വഹിക്കുന്ന മഹത്തായ ദൗത്യങ്ങളെക്കുറിച്ച് ബ്രെവിക് മാനിഫെസ്റ്റോയില്‍ വാചാലനാവുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്കായി അവരുടെ വെബ്‌സൈറ്റ് വിലാസവുമുണ്ട്. 'മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള യുദ്ധ'ത്തില്‍ മേല്‍ സംഘടനകള്‍ക്ക് ബ്രെവിക് തന്റെ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. സംഘപരിവാര്‍ ചരിത്രകാരന്മാരായ കെ.എസ് ലാല്‍, ശ്രീനന്ദന്‍ വ്യാസ് എന്നിവരെ പേരെടുത്ത് പ്രശംസിക്കുന്നുണ്ട്. അതായത്, നോര്‍വെ ഭീകരാക്രമണത്തെ 'ഫോളോ' ചെയ്യാന്‍ പ്രഫഷനല്‍ റീസണ്‍സ് വേണ്ടുവോളമുണ്ട്. പക്ഷേ, അന്താരാഷ്ട്ര തീവ്രവാദ വിദഗ്ധര്‍ പൊടുന്നനെ എവിടെയോ ഓടിയൊളിച്ച മട്ടായി. ആരും ഒരു സ്റ്റോറിയും ബ്രേക്ക് ചെയ്യുന്നില്ല. ആര്‍.എസ്.എസ്സുമായി ബ്രെവികിനുള്ള ബന്ധത്തെക്കുറിച്ച അന്വേഷണങ്ങളില്ല. സര്‍ സംഘ് ചാലകിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആരും പോയില്ല. നോര്‍വെ സംഭവത്തിന്റെ ക്ലിപ്പിംഗിനോടൊപ്പം ആര്‍.എസ്.എസ്സിന്റെ സായുധ മാര്‍ച്ചുകളുടെ വിഷ്വല്‍സ് ഒരു ടി.വിയും കാണിച്ചില്ല. അന്താരാഷ്ട്ര തീവ്രവാദമെല്ലാം ഒരു കണ്ണിമവെട്ടല്‍ നേരം കൊണ്ട് ആവിയായിപ്പോയ പോലെ. ഒന്നും ആരും എഴുതിയില്ല എന്ന് പറയുന്നത് പൂര്‍ണമായും ശരിയാവില്ല. ബ്രെവികിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച വാര്‍ത്തകള്‍ പല ഏജന്‍സികളും പുറത്തുവിട്ട ദിവസം മനോരമയും ആ വിഷയത്തില്‍ ഒരു വാര്‍ത്ത കൊടുത്തിരുന്നു; അതിങ്ങനെ: 'നോര്‍വെ കൊലയാളിക്ക് ബ്രിട്ടീഷ് തീവ്രവാദി ബന്ധം'. ബ്രിട്ടനിലെ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്ന വലതുപക്ഷ സംഘടനയുമായി ബ്രെയ്‌വികിനുള്ള ബന്ധമാണ് വാര്‍ത്തയില്‍ വിസ്തരിക്കുന്നത് (2011 ജൂലൈ 27). പക്ഷേ, അതില്‍പോലും ബ്രെവികിന്റെ ആര്‍.എസ്.എസ് പ്രകീര്‍ത്തനങ്ങളെക്കുറിച്ച് പത്രം ഒന്നും മിണ്ടിയതേയില്ല. കണ്ണൂരിലിരുന്ന് കറാച്ചിയിലെ തീവ്രവാദം റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ വേറൊരു രീതിയാണിത്. ഇന്ത്യയിലിരുന്ന് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗും ബ്രെയ്‌വികും തമ്മിലുള്ള ബന്ധം റിപ്പോര്‍ട്ട് ചെയ്യുക; ആര്‍.എസ്.എസും ബ്രെവികും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലണ്ടനിലുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യട്ടേ എന്നതായിരിക്കും പത്രാധിപരുടെ ആത്മഗതം!

ചില സുഹൃത്തുക്കള്‍ ഇങ്ങനെ ചോദിക്കാറുണ്ട്: സുഹൃത്തേ, ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ സ്ഥിരമായി എഴുതുന്നുവല്ലോ, എന്തിന് നിരന്തരം ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് എഴുതുന്നു? ചോദ്യത്തില്‍ ചില ന്യായങ്ങളുണ്ട്. മാധ്യമങ്ങളുടെ പ്രകടവും അങ്ങേയറ്റം അശ്ലീലവുമായ ഇരട്ട സമീപനത്തെക്കുറിച്ച് നാമേറെ ചര്‍ച്ച ചെയ്തതാണ്. പക്ഷേ, പിന്നെയും പിന്നെയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമുക്ക് അതുതന്നെ പറയേണ്ടിവരുന്നു. ഇതൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക, ഡോക്യുമെന്റ് ചെയ്യുക എന്നത് തന്നെയാണ് അളിഞ്ഞ ഈ 'മാധ്യമ കാല'ത്തെ പ്രതിരോധ പ്രവര്‍ത്തനമെന്ന് നാം മനസ്സിലാക്കുക.

മുംബൈയില്‍ നിന്നിറങ്ങുന്ന ഡിഎന്‍എ പത്രത്തില്‍ ജൂലൈ 16-ന് സുബ്രഹ്മണ്യ സ്വാമി 'ഇസ്‌ലാമിക ഭീകരതയെ എങ്ങനെ തുടച്ചു നീക്കാം' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയിരുന്നു. ബാല്‍താക്കറെയെപ്പോലും കടത്തിവെട്ടുന്ന വര്‍ഗീയ വിഷപ്രയോഗത്തിന്റെ മികച്ച മാതൃകയായിരുന്നു പ്രസ്തുത ലേഖനം. ഒരു പക്ഷേ, ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ ഇത്രയും വിഷലിപ്തവും മുരത്ത വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ ലേഖനം എഡിറ്റ് പേജില്‍ ഒരു പത്രത്തിലും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടാവില്ല. ഹലാല്‍ വധം അവസാനിച്ചുകിട്ടാന്‍ മുസ്‌ലിംകള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്നാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ സ്വാമി ലേഖനത്തില്‍ ആവശ്യപ്പെടുന്നത്. ഹിന്ദുക്കള്‍ അതിക്രൂരമായ കൂട്ടക്കൊലകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളെ എണ്ണിയ കൂട്ടത്തില്‍ മലപ്പുറവും പ്രസ്തുത ലേഖനത്തില്‍ സ്വാമി ലിസ്റ്റ് ചെയ്തിട്ടുണ്ട്! മുംബൈയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ലേഖനത്തിനെതിരെ രംഗത്ത് വരികയും മതവൈരം പ്രചരിപ്പിച്ചതിന് 153 (എ) വകുപ്പ് പ്രകാരം സ്വാമിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേശീയ ന്യൂനപക്ഷ കമീഷനും ലേഖനത്തിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുകയാണ്. എന്നാല്‍ പുരോഗമന കേരളത്തില്‍, സ്വാമിയുടെ ലേഖനം പ്രത്യക്ഷപ്പെട്ട് കൃത്യം 10 ദിവസങ്ങള്‍ക്ക് ശേഷം, ജൂലൈ 26-ന് പരിഭാഷ വന്നു. മലയാളത്തിലെ പ്രശസ്ത പത്രപ്രവര്‍ത്തക ലീലാ മേനോന്‍ എഡിറ്ററായുള്ള ജന്മഭൂമിയാണ് പ്രസ്തുത ലേഖനം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. ലീലാ മോനോനെപ്പോലുള്ള ഒരാള്‍ ഇത്തരം ഭ്രാന്തന്‍ വിദ്വേഷ പ്രചാരണത്തിന് പത്രാധിപത്യം വഹിക്കുന്നുവെന്നത് മാത്രമല്ല, പ്രസ്തുത ലേഖനവുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തുണ്ടായ ശബ്ദങ്ങളൊന്നും ഇവിടെ പരിഭാഷ വന്നപ്പോളുണ്ടായില്ല എന്നതാണ് നമ്മെ ദുഃഖിപ്പിക്കേണ്ടത്. വിദ്വേഷ വിഷം ചീറ്റി നാടു ചുറ്റുന്ന സുബ്രഹ്മണ്യന്‍ സ്വാമിക്ക് എപ്പോഴും മലയാള മാധ്യമങ്ങള്‍ മികച്ച പരിചരണമാണ് നല്‍കിപ്പോന്നത്. എന്തിനേറെ, കഴിഞ്ഞ ഫെബ്രുവരി 24-ന്, മലയാളത്തിലെ സര്‍വാദരണീയനായ പത്രപ്രവര്‍ത്തകന്‍ എന്‍.എന്‍ സത്യവ്രതനെ അനുസ്മരിക്കാന്‍, ഇന്റര്‍നാഷ്‌നല്‍ മീഡിയാ സെന്റര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത് സ്വാമിയായിരുന്നു! ആന്‍ഡേഴ്‌സ് ബെഹ്‌റിംഗ് ബ്രെയ്‌വിക് പൊടുന്നനെ ഒരു ദിവസം തോക്കെടുത്ത് ആളുകളെ വെടിവെച്ചിട്ടതല്ല. ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ച നിരന്തര പ്രചാരണവും വാര്‍ത്തകളും കണ്ട് ഉന്മാദിയായിപ്പോയ ആളാണ് അയാള്‍. സുബ്രഹ്മണ്യ സ്വാമിയെപ്പോലുള്ള നോര്‍വീജിയന്‍ എഴുത്തുകാരും അത്തരം ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുമാണ് ബ്രെയ്‌വികിന്റെ യഥാര്‍ഥ ഉസ്താദുമാര്‍. അങ്ങനെയെങ്കില്‍ നമ്മുടെ പത്രമാപ്പീസുകളില്‍ ബ്രെയ്‌വികിന് എത്ര ഉസ്താദുമാരുണ്ട്? അവിടങ്ങളില്‍ എത്ര ബ്രെയ്‌വിക്മാരുണ്ട്? തോക്കെടുക്കാന്‍ ധൈര്യമില്ലാത്തത് കൊണ്ട് അവരിപ്പോള്‍ തല്‍ക്കാലം പേന കൊണ്ട് കളിക്കുന്നുവെന്ന് മാത്രം.

സി. ദാവൂദ്