Thursday, August 28, 2008

തുടരുന്ന പൊട്ടിത്തെറികള്‍ ആരുടെ വക? part 1

തുടരുന്ന പൊട്ടിത്തെറികള്‍ ആരുടെ വക?


2006 ഏപ്രിലില്‍ മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയില്‍ ഒരു ആര്‍.എസ്.എസുകാരന്റെ വീട്ടിലുണ്ടായ ആകസ്മികസ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും നാല് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. വീട്ടിലുണ്ടായിരുന്ന പടക്കം പൊട്ടിയാണ് അപകടമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു എന്നാണ് എഫ്.ഐ.ആറില്‍. പള്ളികളിലും മറ്റും ആക്രമണം നടത്താന്‍ ഹിന്ദുതീവ്രവാദികള്‍ സൂക്ഷിച്ച ബോംബ് ആകസ്മികമായി പൊട്ടിയാണ് അപകടംനടന്നതെന്ന് പോലിസ് പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍ തെളിഞ്ഞു.

ഹിന്ദുതീവ്രവാദികളെ ബോംബുമായി ബന്ധപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, നാടിനെ നടുക്കുന്ന സ്ഫോടനങ്ങള്‍ തുടരത്തുടരെ ഉണ്ടാകുമ്പോഴും പോലിസും ഇന്റലിജന്‍സും ഇസ്ലാമിക തീവ്രവാദസംഘടനകളുടെ ഇന്ത്യന്‍/സ്വദേശി രൂപങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് പതിവ്. ഇത്തരം ആരോപണങ്ങള്‍ അപൂര്‍വമായി മാത്രമേ കോടതികളില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ആരോ ചെയ്യുന്ന ഭീകരതയുടെ പേരില്‍ സമൂഹത്തെ മൊത്തം ഭീകരവാദികളായി ചിത്രീകരിക്കുന്നു എന്നൊരു വികാരം ഇന്ത്യയിലെ മുസ്ലിംകള്‍ക്കിടയിലുണ്ട്.

ഇത്തരം തിരിച്ചടികള്‍ക്കിടയിലും നാന്ദേഡ് സംഭവം നല്ലൊരു വിഭാഗം മതേതരവാദികളുടേയും മുസ്ലിം സംഘടനകളുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഹിന്ദു തീവ്രവാദികള്‍ കൈയോടെ പിടികൂടപ്പെട്ട ഈ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണവും വിചാരണയും നടക്കുന്നുണ്ടോ എന്ന് അവര്‍ നിരന്തരം ശ്രദ്ധിച്ചു. തദ്ഫലമായി കേസ് പോലിസില്‍ നിന്ന് തീവ്രവാദവിരുദ്ധ സ്ക്വാഡിനും അവരില്‍ നിന്ന് സി.ബി.ഐക്കും കൈമാറി.

തുടക്കം മുതല്‍ കേസ് നിരീക്ഷിച്ചുവന്ന ഞങ്ങളുടെ നിരന്തര അന്വേഷണത്തില്‍ പോലിസും തീവ്രവാദ വിരുദ്ധ സ്ക്വാഡും കാണിച്ച ഞെട്ടിക്കുന്ന പക്ഷപാതകഥകളാണ് പുറത്തുവന്നത്.പൂര്‍ണവും പക്ഷപാതരഹിതവുമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിച്ച സി.ബി.ഐയുടെ മുഖമായിരുന്നു ഏറ്റവും വികൃതം. എങ്ങനെയും പ്രതികളെ രക്ഷിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് സി.ബി.ഐ കേസ് അന്വേഷിച്ചത്. ഇവിടെ സ്വാഭാവികമായ ചോദ്യം ഉയര്‍ന്നുവരുന്നു. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയിലും വര്‍ഗീയതയുടെ കറ പുരണ്ടിട്ടുണ്ടോ?

2006 ഏപ്രില്‍ അഞ്ചിനോ ആറിനോ രാത്രിയിലാണ് പി.ഡബ്ല്യു.ഡിയില്‍നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച ലക്ഷ്മണ്‍ ഗുണ്ടയ്യ രാജ്കോണ്ട്വാറിന്റെ വീട്ടില്‍ സ്ഫോടനമുണ്ടായത്.നരേഷ് രാജ് കോണ്ട്വാറും ഹിമാന്‍ഷു പാന്‍സയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവരുടെ കൂട്ടാളികളായ മരോട്ടി കേശവ് വാഗ്, വിദുല്‍ക്കര്‍ എന്നുവിളിക്കുന്ന യോഗേഷ് ദേശ്പാണ്ഡെ, ഗുരുരാജ് ജയ്റാം തുപ്തേവാര്‍, രാഹുല്‍ മനോഹര്‍ പാണ്ഡെ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അന്ന് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഭാഗ്യനഗര്‍ സ്റ്റേഷനിലെ അസി. ഇന്‍സ്പെക്ടര്‍ രവീന്ദ്ര പുരുഷോത്തം ദഹേദ്കറാണ് ആദ്യപരാതി രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ തയാറാക്കിയത്. ഇതനുസരിച്ച് നരേഷ്രാജ് കോണ്ട്വാര്‍ വീട്ടില്‍ പടക്കക്കച്ചവടം നടത്തി വരികയായിരുന്നു.നരേഷും മരോട്ടി കേശവ് വാഗും പടക്കത്തിനടുത്തിരുന്ന് സിഗരറ്റ് വലിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അലംഭാവമോ, പരിചയക്കുറവോ, അതുമല്ലെങ്കില്‍ ഒരു പ്രത്യേകസമുദായം മാത്രമേ ബോംബ് നിര്‍മാണത്തിലും സ്ഫോടനത്തിലും പങ്കാളികളാവൂ എന്ന പൊതുധാരണയോ ദഹേദ്കറുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ? ഈ നാണക്കേടില്‍ എസ്.പി ഫത്തേഹ് സിംഗ് പാട്ടീലും കലക്ടര്‍ രാധേശ്യാം മോപല്‍വാറും പങ്കാളികളാണ്.അവര്‍ ദഹേദ്കറുടെ എഫ്.ഐ.ആര്‍ വിശ്വസിച്ച് പടക്കക്കഥ നിരന്തരം മാധ്യമങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്നു.

ദിവസങ്ങള്‍ക്കകം നാന്ദേഡ് റേഞ്ച് ഐ.ജി ഡോ. സൂര്യപ്രകാശ് ഗുപ്ത അതൊരു ബോംബ്സ്ഫോടനമായിരുന്നെന്ന് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കി. മരിച്ചവരുടേയും പരിക്കേറ്റവരുടേയും ശരീരത്തില്‍നിന്ന് ബോംബ്ചീളുകള്‍ ദഹേദ്കര്‍ തന്നെ കണ്ടെടുത്തിരുന്നു. പോലീസിനെ വഴിതെറ്റിക്കാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ചതാണ് പടക്കക്കഥയെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

തുടരന്വേഷണത്തില്‍ മരിച്ചവരും പരിക്കേറ്റവരും സജീവ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. മുസ്ലിം ആരാധനാലയങ്ങളില്‍ സ്ഫോടനം നടത്തി കുറ്റം മുസ്ലിംകളുടെ തലയില്‍ കെട്ടിവെക്കാന്‍ ബോംബ് സമാഹരിക്കുകയായിരുന്നു ഇവര്‍. വീട്ടുടമസ്ഥന്‍ ലക്ഷ്മണ്‍ ഗുണ്ടയ്യ രാജ്കോണ്ട്വാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ഡയറികള്‍, സംശയകരമായ മാപ്പുകള്‍, മൊബൈല്‍ നമ്പറുകള്‍ തുടങ്ങി പല വിലപ്പെട്ട രേഖകളും ഇവിടെനിന്ന് കണ്ടെടുത്തു. അക്ഷരാര്‍ഥത്തില്‍ ബജ്റംഗ്ദള്‍ അംഗങ്ങള്‍ എല്ലാ തെളിവുകളോടെയും അവരുടെ മടയില്‍ പിടിയിലാവുകയായിരുന്നു.

തെളിവുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് പിന്നീട് നടന്നത്. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന പടക്കങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. വലിയൊരു സ്ഫോടനം നടന്നിട്ടും എങ്ങനെയാണ് ഇത്രയും പടക്കങ്ങള്‍ സുരക്ഷിതമായിരുന്നത്? ഇതില്‍നിന്ന് ഈ പടക്കം പിന്നീട് അവിടെ കൊണ്ടുവെച്ചതാണെന്ന് മനസ്സിലാക്കാം. ഇത്രയും പടക്കം എവിടെനിന്ന് വന്നു? നിയമവിരുദ്ധമായി, ലൈസന്‍സില്ലാതെ, ഇവര്‍ക്കെങ്ങനെ ഇത് വീട്ടില്‍ സൂക്ഷിക്കാന്‍ സാധിച്ചു?

സ്ഫോടനത്തിന്റെ ഇരകളാണ് ഇപ്പോള്‍ കുറ്റാരോപിതര്‍. സ്ഫോടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പോലിസ് 16 പേരെ അറസ്റ്റ് ചെയ്തു. ഇവരെ റിമാന്റില്‍ വിട്ടുകിട്ടാന്‍ രണ്ടു കാര്യങ്ങളാണ് പോലിസ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടിയത്. ഒന്ന്, പ്രതികള്‍ സ്ഫോടനത്തെക്കുറിച്ച് പോലിസിന് തെറ്റായ വിവരം നല്‍കി. രണ്ട്, പ്രതികളില്‍നിന്ന് ബോംബ് നിര്‍മാണത്തെക്കുറിച്ച ചിത്രങ്ങളും വിവരങ്ങളും ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. രാജ്യത്ത് അശാന്തി പടര്‍ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

കുറ്റാരോപിതരുടെ കൂട്ടത്തില്‍ നാന്ദേഡ് ജില്ലാകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. മിലിന്ദ് അരവിന്ദ് എക്കാട്ടേയും ഉമേഷ് ദിംഗാ റാവു ദേശ്പാണ്ഡെയെന്ന ഡോക്ടറും ഉള്‍പ്പെടുന്നു. പ്രതികളിലൊരാളായ രാഹുല്‍ മനോഹര്‍ പാണ്ഡെ പരിക്കുകളുണ്ടായിട്ടും രക്ഷപ്പെട്ട് ഒളിവില്‍ ചികിത്സ തേടുകയായിരുന്നു. രാഹുലിനെ ഒളിക്കാന്‍ സഹായിച്ചവരില്‍ അഡ്വ. മിലിന്ദും ഉള്‍പ്പെടും. പോലിസില്‍ അറിയിക്കാതെ രാഹുലിനെ ചികിത്സിച്ചത് ഡോ. ഉമേഷാണ്. പക്ഷേ, അഡ്വ. മിലിന്ദിനും ഡോ. ഉമേഷിനും ജില്ലാകോടതിയില്‍ നിന്ന് മുന്‍കൂര്‍ജാമ്യം ലഭിക്കാന്‍ ഒരു തടസ്സവുമുണ്ടായില്ല. ഏപ്രില്‍ 10ന് മിലിന്ദിനും ഏപ്രില്‍ 13ന് ഇരുവര്‍ക്കും ഇടക്കാലജാമ്യം അനുവദിച്ചു. ഉമേഷിന്റെ ജാമ്യാപേക്ഷക്കെതിരെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചില്ല.
ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മനോഹര്‍പാണ്ഡെ ഒഴിച്ച് ബാക്കി എല്ലാ പ്രതികളും ജാമ്യംനേടി പുറത്ത് വിഹരിക്കുന്നു.

2006 മെയ് നാലിന് ഈ കേസ് മഹാരാഷ്ട്ര പോലിസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എ.ടി.എസ്) കൈമാറി. 2006 ആഗസ്റ്റ് 24ന് എ.ടി.എസ് ആദ്യ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്തു. തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെയും ബജ്റംഗ്ദളിന്റെ തീവ്രവാദ ശൃംഖലക്കെതിരെയും ഇതിനകം എ.ടി.എസ് ശക്തമായ തെളിവുകള്‍ സമാഹരിച്ചിരുന്നു.
എ.ടി.എസ് കുറ്റപത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:
കേസില്‍ കുറ്റാരോപിതരായവര്‍ 2003 നവംബറില്‍ പര്‍ഭാനിയിലെ മുഹമ്മദിയ്യ മസ്ജിദിലും 2004 ആഗസ്റ്റില്‍ ജാല്‍നയിലെ ഖാദിരിയ്യ മസ്ജിദിലും പര്‍നയിലെ മിഅ്റാജുല്‍ ഉലൂം മസ്ജിദിലും നടന്ന ബോംബ്സ്ഫോടനങ്ങളില്‍ പങ്കാളികളായിരുന്നു. (ഈ സ്ഫോടനങ്ങളിലെ കുറ്റവാളികളെക്കുറിച്ച് പോലിസിന് ഒരു തെളിവും അതുവരെ ലഭിച്ചിരുന്നില്ല)

നാന്ദേഡ് കേസിലെ പ്രധാന പ്രതിപ്പട്ടികയിലുള്‍പ്പെട്ട സഞ്ജയ് ചൌധരി, ഹിമാന്‍ഷു പാന്‍സെ, മരോട്ടി കേശവ് വാഗ്, യോഗേഷ് രവീന്ദ്ര ദേശ്പാണ്ഡെ എന്നിവരാണ് 2003 നവംബര്‍ 21ന് പര്‍ഭാനിയിലെ മുഹമ്മദിയ മസ്ജിദില്‍ ബോംബ് വെച്ചത്. ഇതേ കേസിലെ മുഖ്യപ്രതികളായ സഞ്ജയ് ചൌധരിയും ഗുരുരാജ് ജയ്റാം തപ്തേവാറും 2004 ആഗസ്റ്റ് 27 ന് പര്‍നയിലെ പള്ളിയില്‍ ബോംബ് വെച്ചതായി സമ്മതിച്ചു. 2004 ആഗസ്റ്റ് 27 ന് ഖാദിരിയ്യ മസ്ജിദില്‍ ബോംബ് വെച്ച കേസില്‍ പ്രതിയാണ് മരോട്ടി കേശവ് വാഗ്.

ഔറംഗാബാദിലെ പള്ളിയില്‍ സ്ഫോടനം നടത്താന്‍ വെച്ച ബോംബാണ് നാന്ദേഡ് സ്ഫോടനത്തിന് കാരണമായത്. ഹിമാന്‍ഷു പാന്‍സെയും മരോട്ടി കേശവ് വാഗും 2004 മേയില്‍ ഔറംഗാബാദ് പള്ളിയും പരിസരവും സന്ദര്‍ശിച്ച് സൂക്ഷ്മനിരീക്ഷണം നടത്തിയിരുന്നു. കുറ്റാരോപിതരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകളും പിടിച്ചെടുത്ത സാധനങ്ങളും ഇവര്‍ ആര്‍.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത്, ബജ്റംഗ്ദള്‍ അംഗങ്ങളാണെന്ന് തെളിയിക്കുന്നവയാണ്.
തിരിച്ചറിയല്‍ കാര്‍ഡും രജിസ്റ്ററും മരോട്ടി കേശവ് വാഗിന്റെ ആര്‍.എസ്.എസ് ബന്ധം തെളിയിക്കുന്നു. ഇയാളുടെ ആര്‍.എസ്.എസ് ബന്ധം തെളിയിക്കുന്ന രേഖകളും എ.ടി.എസ് പിടിച്ചെടുത്തു.
സ്ഫോടന സ്ഥലത്തുനിന്ന് 7.65 മി.മീറ്ററിന്റെ പത്ത് സജീവ വെടിക്കോപ്പുകള്‍ പോലിസ് പിടിച്ചെടുത്തു. ലക്ഷ്മണ്‍ ഗുണ്ടയ്യ രാജ് കോണ്ട്വാറാണ് അനധികൃതമായി ഇത് വീട്ടില്‍ സൂക്ഷിച്ചിരുന്നത്.
കടപ്പാട് : മാധ്യമം ഡെയിലി (ടീസ്റ്റ സെറ്റല്‍വാദ്)

2 comments:

കാണി said...

വായിക്കേണ്ട ഒരു ലേഖനം.
കാലമേറെ കഴിഞ്ഞാല്‍ , ആളുകള്‍ പലതും മറക്കും അപ്പൊ വീണ്ടും ഇവിടുത്തെ രാക്ഷസ ഭീകരന്മാരായ സന്ക് പരിവാര്‍ പഴയ പല്ലവി പാടി വരും. നാം എന്ത് പറഞ്ഞാലും തെളിവ് ചോതിക്കും. ഇന്ന ആളെ കൊന്നതിന്‍ താങ്കളുടെ കയ്യില്‍ തെളിവുണ്ടോ ?. ഒരീസയ്ല്‍ സങ്കപരിവാര്‍ കലാപം നടത്തിയതിന്‍ തെളിവുണ്ടോ ? ഗുജറാത്തില്‍ നടന്നത് കൂസിസ്റ്റ്‌ കൈ ക്രിയകള്‍ ആയിരുന്നു. അല്ല എന്നതിന്‍ തെളിവുണ്ടോ ? അങ്ങനെ അങ്ങനെ പലതും. അപ്പൊ ചൂണ്ടി കാണിക്കാന്‍ ചിലതോകെ നമ്മുടെ കയ്യിലും ഇരിക്കട്ടെ .

PIN said...

ഇനി എന്നാണ്‌ നമ്മുടെ രാജ്യം, മതങ്ങളുടെ കരാള ഹസ്തത്തിൽ നിന്നും മോചിതമായി മനുഷ്യത്വത്തിലേയ്ക്ക്‌ വരിക ?

ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതിനു നന്ദി...

അത്മരോദനം എന്ന എന്റെ പോസ്റ്റും കൂടി ഒന്നു വയിക്കുക...