ഭൈന്‍സ: കാലുഷ്യത്തിന്റെ കനലെരിയുന്ന പുതുകാലത്തിന് പ്രതീക്ഷയുടെ പച്ചത്തുരുത്തായി ഒരറുപതുകാരി. മതഭ്രാന്തരുടെ കലാപത്തീയില്‍ വെന്ത ആന്ധ്രയിലെ ഭൈന്‍സയില്‍ സൌഹാര്‍ദത്തിന്റെ സ്നേഹഗാഥയെഴുതി തുജ്ലാ ബായി രാജ്യമനസ്സാക്ഷിക്കു മുന്നില്‍ ചിരിയോടെ നില്ക്കുന്നു. കലാപകാരികള്ക്കും നിസ്സഹായരായ ഒരു കുടുംബത്തിനുമിടയില്‍ സ്നേഹത്തിന്റെ രക്ഷാവലയം തീര്ക്കുകയായിരുന്നു അവര്‍. മതവും ജാതിയും തീര്ത്ത വരമ്പുകളൊന്നും തുജ്ലാ ബായിയുടെ മുന്നില്‍ തടസ്സമായില്ല. മതവിദ്വേഷത്തിന്റെ തീയില്‍ അമര്ന്നുപോവുമായിരുന്ന നാലു ജീവനാണ് ആ നിശ്ചയദാര്‍ഢ്യത്തില്‍ പിടിച്ചുകയറിയത്.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നവരാത്രി ആഘോഷത്തിന്റെ ആഹ്ലാദത്തിലും ഭൈന്സയും പരിസരവും കലാപച്ചൂടില്‍ വിറങ്ങലിച്ചുനില്ക്കുന്നു. അതിനിടെ, തെരുവുവക്കിലെ വീടിന്റെ ജനലഴികള്ക്കിടയിലൂടെ അവരാ കാഴ്ച കണ്ടു. അയലത്തെ വീടിനും കടകള്ക്കും ഒരുപറ്റം അക്രമികള്‍ തീയിടുന്നു. വര്ഗീയത്തിമിരത്തിനൊപ്പം മദ്യലഹരിയുടെ ചാപല്യവും കൂടിച്ചേര്ന്ന അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥയിലായിരുന്നു. എങ്കിലും തെരുവിനപ്പുറത്തെ അയല്ക്കാരന് സയ്യിദ് ഉസ്മാന്റെ വീടിനു തീ പടര്‍ന്നപ്പോള്‍ തുജ്ലക്കു പിടിച്ചുനില്ക്കാനായില്ല.
'അയല്വീട്ടില്നിന്ന് പുകപടലങ്ങള്‍ മാനംമുട്ടെ ഉയര്‍ന്നുതുടങ്ങിയപ്പോള്‍ ഞാനും മകനും മറ്റു കുടുംബാംഗങ്ങളും അങ്ങോട്ടേക്കു കുതിച്ചു. ആള്ക്കൂട്ടത്തെ തള്ളിമാറ്റി ഞാനും കുടുംബവും അകത്തേക്കു പാഞ്ഞുകയറി. അക്രമികള്‍ ഞങ്ങള്‍ക്കുനേരെ ആക്രോശിക്കുന്നുണ്ടായിരുന്നു. മിണ്ടിപ്പോകരുത് എന്നു ഞാനവരോടു പറഞ്ഞു. അയല്‍ക്കാര്‍ അമ്മപെറ്റ സഹോദരങ്ങളെപ്പോലെതന്നെയാണെന്ന് പറഞ്ഞു ഞങ്ങള്‍ ഉള്ളിലേക്കു നീങ്ങി ^തുജ്ലാ ബായി മാധ്യമത്തോടു പറഞ്ഞു.
നിമിഷങ്ങള്ക്കകം അയല്വീട്ടിലെ സഫിയ ബീഗത്തെയും മൂന്നു കുട്ടികളെയും പുറത്തെത്തിച്ച തുജ്ല അവരെ സ്വന്തം വീട്ടിനുള്ളിലാക്കി. നാലിനും 12നുമിടയില്‍ പ്രായമുള്ളവരായിരുന്നു കുട്ടികള്‍. 'അവരുടെ സുരക്ഷ ഉറപ്പായതോടെ ഞങ്ങള്‍ വെള്ളവുമായി വീണ്ടും ഓടി. ആളുന്ന തീയിലേക്ക് വെള്ളമൊഴിച്ചുകെടുത്താനായിരുന്നു ശ്രമം. ഭാഗ്യത്തിന് വീട്ടില്‍ ധാരാളം വെള്ളമുണ്ടായിരുന്നു. അല്പം പണിപ്പെട്ടിട്ടാണെങ്കിലും തീയണക്കാന്‍ കഴിഞ്ഞു'. ബക്കറ്റുകള്‍ പിടിച്ചുവാങ്ങാന്‍ അക്രമികള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും വൃദ്ധ വീട്ടമ്മ ചെറുത്തുനിന്നു. പക്ഷേ, അപ്പോഴേക്കും സയ്യിദ് ഉസ്മാന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിനു പട്ടങ്ങളുടെ കെട്ടുകള്‍ ചാമ്പലായിക്കഴിഞ്ഞിരുന്നു. പട്ടം വിറ്റായിരുന്നു ഉസ്മാന് കുടുംബം പുലര്ത്തിയിരുന്നത്. ഫര്‍ണിച്ചര്‍ മുഴുവന്‍ കത്തിനശിച്ചു. കളര്‍ ടെലിവിഷന്‍ പൊട്ടിച്ചിതറി. ഉസ്മാന്റെ മൂത്ത സഹോദരന് സയ്യിദ് മുഹമ്മദ് പാഷയുടെ മകളുടെ കല്യാണത്തിന് ഒരുക്കൂട്ടിവെച്ചിരുന്ന ആഭരണങ്ങളും മറ്റുമാണ് തീരാനഷ്ടമായത്. 19 തോല സ്വര്ണം (ഉദ്ദേശം 28 പവന്‍), 40 തോല വെള്ളി, 1.3 ലക്ഷം രൂപ എന്നിവയെല്ലാം അക്രമികള്‍ കൊള്ളയടിച്ചതായി ഹൈദരാബാദ് പത്രത്തിന്റെ ലേഖകനായ പാഷ പറഞ്ഞു. തുജ്ലാ ബായിയുടെയും പാഷയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തിനു രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അവരുടെ പൂര്വികള്‍ 200 വര്ഷത്തോളമായി ഭൈന്സയിലെ പഞ്ചേശ പ്രദേശത്തെ താമസക്കാരാണ്. 'ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഇതുവരെയുണ്ടായിട്ടില്ല. പണിയെടുത്തു ജീവിക്കുന്നവരാണ് ഞങ്ങളെല്ലാം. ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ ഇവിടെ ഒരു കലഹവുമില്ലായിരുന്നു. സാമൂഹികവിരുദ്ധരാണ് കലാപം അഴിച്ചുവിട്ടത്' ^തുജ്ല രോഷത്തോടെ പറഞ്ഞു.
പുറത്തുനിന്നുവരുന്ന ആളുകള്‍ കുത്തിപ്പൊക്കുന്ന പ്രശ്നങ്ങളുടെ ദുരിതം പേറേണ്ടിവരുന്നത് നാട്ടുകാരാണെന്ന് തുജ്ലയുടെ മകന് താക്കൂര്‍ രമേശ് സിംഗ് പറഞ്ഞു. തുജ്ലയുടെ ധീരതയും മനുഷ്യസ്നേഹവും വി.ഐ.പികളുടെയടക്കം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. വര്ഗീയ വിദ്വേഷത്തിനെതിരെ പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ് തുജ്ലയെന്ന് സ്ഥലം സന്ദര്ശിച്ച മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. ഭൈന്സയിലെ വീട്ടിലെത്തി തുജ്ലാ ബായിയെ സന്ദര്ശിച്ച കവി ഗദ്ദര്‍ അവരുടെ കാല്തൊട്ടു വന്ദിച്ചാണ് ആദരം പ്രകടിപ്പിച്ചത്. ആദിലാബാദ് ജില്ലയിലെ ഭൈന്‍സ പ്രദേശത്തുണ്ടായ വര്ഗീയ സംഘര്‍ഷത്തില്‍ പത്തിലേറെ പേര് കൊല്ലപ്പെട്ടിരുന്നു. അക്രമികള്‍ ചുട്ടുകൊന്ന കുടുംബത്തിലെ ആറു പേരും ഇതിലുള്പ്പെടും.