''വ്യാപാരാവശ്യവുമായി മുംബൈയിലും ചെന്നൈയിലും ഡല്‍ഹിയിലുമൊക്കെ തുടക്കത്തില്‍ പോവേണ്ടിവന്നിട്ടുണ്ട്. ഭാഷ അറിയില്ല. റെയില്‍വേസ്റ്റേഷനിലും വിമാനത്താവളത്തിലും മറ്റും അന്തംവിട്ട് നിന്നുപോയിട്ടുണ്ട്. ബിസിനസ്സ് പിതാവ് പഠിപ്പിച്ചു. പക്ഷേ, വിദ്യാഭ്യാസത്തിന്റെ മഹത്തമെന്തെന്ന് പഠിപ്പിച്ചില്ല. ഇംഗ്ലീഷില്‍ ഒരെഴുത്തുവന്നാല്‍ ബാങ്കിലെ സുഹൃത്താണ് സഹായിച്ചിരുന്നത്. പിന്നീട് സ്വയം പഠിച്ചു. എന്റെ മക്കള്‍ക്ക് ഈ ഗതി വരരുതെന്ന് ഞാനാഗ്രഹിച്ചു. നാലുവര്‍ഷംമുമ്പ് മകനെ പഠിക്കാനയച്ചത് ലണ്ടന്‍ കോളേജ് ഓഫ് അഡ്‌വാന്‍സ്‌ഡ് സ്റ്റഡീസില്‍. ഇപ്പോള്‍ വലിയൊരു ജോലിയുമായി അവിടെത്തന്നെയാണവന്‍. മകളും പഠിക്കുന്നു; മത്സരിച്ച്. വിദ്യാഭ്യാസത്തിന്റെ വിലയെന്തെന്ന് എന്റെ തലമുറയില്‍പ്പെട്ട രക്ഷിതാക്കള്‍ക്ക് ശരിക്കുമറിയാം''.
ഹംസയുടേത് ഒറ്റപ്പെട്ട സംഭവമല്ല. മലപ്പുറം- മഞ്ചേരി റോഡിലെ വിക്ടോറിയ എജുക്കേഷണല്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്ഥാപനം നല്‍കുന്ന വിവരങ്ങള്‍ കടല്‍കടന്നു വിദ്യ തേടുന്ന മലപ്പുറത്തിന്റെ ചിത്രമാണ് വെളിപ്പെടുത്തുന്നത്.
വിദേശത്തെ സര്‍വകലാശാലകളിലും കോളേജുകളിലും പ്രവേശനത്തിന് സഹായിക്കുന്ന ഏജന്‍സിയാണ് വിക്ടോറിയ. അഞ്ചുവര്‍ഷം മുമ്പ് തുടക്കമിടുമ്പോള്‍ അന്വേഷണത്തിനുപോലും ആരും വന്നിരുന്നില്ല. ഇപ്പോള്‍ പ്രതിവര്‍ഷം ശരാശരി പത്തുപേര്‍ മഞ്ചേരി, കോട്ടക്കല്‍ ഭാഗത്തുനിന്നായി ഈ സ്ഥാപനം വഴി വിദേശത്ത് പഠിക്കാന്‍ പോകുന്നു. കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങള്‍ വഴി ഒരു വര്‍ഷം അമ്പതോളം മലപ്പുറത്തുകാര്‍ വിദേശ സര്‍വകലാശാലകളിലെത്തുന്നുണ്ട്.
''രണ്ടാം തലമുറയുടെ വാശിയാണിത്''-ശാസ്‌ത്രസാഹിത്യപരിഷത്ത് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ജനാര്‍ദനന്‍ പറയുന്നു. പ്രാഥമിക പഠനംകൊണ്ട് പഠിപ്പുപേക്ഷിച്ചവര്‍ ഗള്‍ഫിലെത്തി വിയര്‍പ്പൊഴുക്കി. അവിടെ മറ്റു മലയാളികളുമായുള്ള വ്യത്യാസം അവര്‍ സ്വയം തിരിച്ചറിഞ്ഞു. ''കോട്ടയത്തുകാരനും പത്തനംതിട്ടക്കാരനും മാനേജര്‍മാര്‍, മലപ്പുറത്തുകാരന്‍ വെറും തൊഴിലാളി. വിദ്യാഭ്യാസമാണ് ഈ വ്യത്യാസത്തിന്റെ പിന്നിലെന്ന് ബോധ്യപ്പെട്ട ഒരു തലമുറ മക്കളെ പഠിപ്പിക്കാന്‍തന്നെ ഉറച്ചു''- ജനാര്‍ദനന്‍ പറയുന്നു.
''വിദ്യാഭ്യാസത്തിലൂടെ ജോലി, തുടര്‍ന്ന് സമ്പത്ത് എന്ന സ്വാഭാവിക പരിണാമത്തിന്റെ എതിര്‍ദിശയിലുള്ള വികാസമാണ് മലപ്പുറത്തുണ്ടായത്. ആദ്യം സമ്പത്ത് നേടി പിന്നെ വിദ്യാഭ്യാസവും ഗള്‍ഫ് മുന്നേറ്റമാണിതിന് അവരെ സഹായിച്ചത്'' - അദ്ദേഹം പറഞ്ഞു.
ആത്മീയ വിദ്യാഭ്യാസത്തിനൊപ്പം ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ മുസ്‌ലിം സമുദായത്തിനു കഴിഞ്ഞതും മതസംഘടനകള്‍ ഈ വഴിക്കു പ്രോത്സാഹനം നല്‍കിയതും മാറ്റങ്ങള്‍ക്കു കാരണമായി.
പരാജയത്തില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ നല്‍കിയപാഠം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനു വഴി തുറന്ന കാരണങ്ങളിലൊന്നാണെന്ന് മലപ്പുറം ഖാസി സയ്യിദ് ഒ.പി.എം. മുത്തുക്കോയ തങ്ങള്‍ പറയുന്നു. ജില്ലയ്‌ക്ക് പുറത്തുപോയാല്‍ വായതുറക്കാന്‍ കഴിയാത്ത സാഹചര്യം, അതില്‍ നിന്നുണ്ടായ കുറ്റബോധം വരുംതുലമുറയെ പഠിപ്പിക്കുന്നതിലേക്ക് രക്ഷിതാക്കളെ നയിച്ചു. സാംസ്‌കാരിക സംഘടനകളുടെ ഇടപെടലും വലിയ പ്രചോദനമായി - അദ്ദേഹം വിലയിരുത്തുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിന്റെ ഗുണഫലമാണ് ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രധാന കാരണമെന്നാണ് ഡോ. കെ.എന്‍. ഗണേഷിന്റെ അഭിപ്രായം. സര്‍ക്കാര്‍ സ്‌കൂളുകളാണ് ജില്ലയില്‍ മികച്ച ഫലമുണ്ടാക്കിയത്. പഞ്ചായത്തുതലം മുതല്‍ ഉണ്ടായ ഇടപെടലുകളുടെ സദ്‌ഫലം - അദ്ദേഹം പറയുന്നു.
മലപ്പുറത്ത് മാറ്റത്തിന്റെ കാറ്റ് എത്തിച്ചതിന് അരീക്കോട് മേഖലയുടെ സംഭാവന മറക്കാനാവില്ല. സ്‌കൂളില്‍ മകളെ പറഞ്ഞയച്ചതിന് പള്ളിയുടെ വിലക്ക് നേരിട്ടിരുന്ന പഴയ തലമുറ പക്ഷേ, വിട്ടുവീഴ്‌ച ചെയ്‌തില്ല. ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷയാണെന്നും മലയാളഭാഷയുടെ അടിസ്ഥാനം സംസ്‌കൃതമായതിനാല്‍ അത് ആര്യനെഴുത്താണെന്നും പറഞ്ഞ് ഭൗതിക വിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ മുതിര്‍ന്നവരുണ്ടായിരുന്നു. പക്ഷേ, അരീക്കോട് അതിനെ മറികടന്നു.
സാംസ്‌കാരിക, മതസംഘടനകള്‍ നടത്തിയ പോരാട്ടം ഇവിടെ വിദ്യാഭ്യാസത്തിനനുകൂലമായ അന്തരീക്ഷമുണ്ടാക്കി. കാലം കടന്നുപോയപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഇംഗ്ലീഷ് അടക്കമുള്ള റാങ്കുകള്‍ പലതും അരീക്കോട് മേഖലയിലെത്തി. അവരിലേറെയും പെണ്‍കുട്ടികള്‍.
ജാമിയ മിലിയയിലും അലിഗഢിലും ജെ.എന്‍.യു.വിലും മാത്രമല്ല, ലണ്ടനിലും അമേരിക്കയിലും ഫ്രാന്‍സിലും കാണാം, പഠിക്കുന്ന മലപ്പുറത്തുകാരെ.
കുറ്റബോധത്തില്‍ നിന്നുണ്ടായ തിരിച്ചറിവുകളാണ് മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ചാലക ശക്തിയായത്. ജില്ലയില്‍ പ്ലസ് ടു ക്ലാസ്സില്‍ വിവാഹിതരായെത്തുന്ന പെണ്‍കുട്ടികള്‍ ഇപ്പോള്‍ വിരളം. കോടതിയില്‍ വിവാഹമോചനക്കേസുകളുമായെത്തുന്ന പെണ്‍കുട്ടികള്‍ അപേക്ഷ സ്വയം പൂരിപ്പിച്ചു നല്‍കുന്നു. മലപ്പുറം നേടിയ വിദ്യാഭ്യാസ നിലവാരത്തിന്റെ സാമൂഹിക സൂചകങ്ങളാണിവ.
[ മാത്രഭുമി ലേഖനം ]
1 comment:
" കോടതിയില്‍ വിവാഹമോചനക്കേസുകളുമായെത്തുന്ന പെണ്‍കുട്ടികള്‍ അപേക്ഷ സ്വയം പൂരിപ്പിച്ചു നല്‍കുന്നു. മലപ്പുറം നേടിയ വിദ്യാഭ്യാസ നിലവാരത്തിന്റെ സാമൂഹിക സൂചകങ്ങളാണിവ."
ഒരു നാടിന്റെ പുരോഗതി വിലയിരുത്താന്‍ വിവാഹ മോചന ഫോറം പൂരിപ്പിച്ചു നല്‍കാനുള്ള കഴിവാണോ മാനദണ്ടം ?
ലേഖകന്റെ എഴുത്തിനിടയിലെ കുത്ത് നന്നായി ആസ്വദിച്ചു. വിവാഹ മോചന നിരക്ക് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍ അല്ല എന്ന വിദ്യാഭ്യാസം നേടാന്‍ ലേഖകന്‍ മറന്നു എന്ന് തോന്നുന്നു.
എന്നാലും ആകെ മൊത്തം ലേഖനം നന്നായിടുണ്ട്
Post a Comment