Tuesday, November 18, 2008
രഹസ്യാന്വേഷണ ഏജന്‍സികളിലെ സംഘ്പരിവാര്‍ സ്വാധീനം
രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളായ ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നിവയിലും സി.ബി.ഐ അടക്കമുള്ള പ്രത്യേക ഏജന്‍സികളിലും സംഘ്പരിവാറിന്റെ സ്വാധീനമാണ് കാണുന്നത്. ഭരണകൂടത്തിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന മുഖ്യ സര്‍ക്കാര്‍ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ആര്‍.എസ്.എസിന്റെ പിടിയിലാണെന്ന് മഹാരാഷ്ട്ര പോലിസില്‍ ഐ.ജിയായി വിരമിച്ച എസ്.എം. മുശരിഫ് നേരത്തെ തുറന്നടിച്ചിരുന്നു. ആര്‍.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരുകളും ഇദ്ദേഹം തുറന്നുകാട്ടി. രാജ്യത്തെ ഖജനാവിലെത്തേണ്ട 32,000 കോടിരൂപ തട്ടിമാറ്റിയ അബ്ദുല്‍കരീം തെല്‍ഗി മുഖ്യപ്രതിയായ മുദ്രപത്ര കുംഭകോണം പുറത്തുകൊണ്ടു വരുന്നതില്‍ മുഖ്യപങ്കു വഹിച്ച പോലിസ് ഉദ്യോഗസ്ഥനാണ് മുശരിഫ്.
ആര്‍.എസ്.എസ് ദേശീയസംഘടനയാണെന്ന ബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കാനും വര്‍ഗീയമനസ്സില്ലാത്ത ഭൂരിപക്ഷഹിന്ദുക്കളെ സ്വാധീനിക്കാനും ഹിന്ദു^മുസ്ലിംവിരോധം നിലനിര്‍ത്താനുമുള്ള സംഘ് അജണ്ട ഗൂഢമായി നടപ്പാക്കുകയാണ് ഐ.ബിയും 'റോ' യുമെന്നാണ് മുശരിഫിന്റെ കണ്ടെത്തല്‍. അംഗങ്ങളോ അനുഭാവികളോ ആയ ഐ.പി.എസുകാരെയും മറ്റു പോലിസ് ഉദ്യോഗസ്ഥരെയും ഐ.ബിയിലേക്കും 'റോ'യിലേക്കും കടത്തിവിട്ട് ഇരു ഏജന്‍സിയെയും പതിറ്റാണ്ടുനീണ്ട പ്രയത്നത്തിലൂടെ ആര്‍.എസ്.എസ് കൈപ്പിടിയിലാക്കി. ഐ.ബിയില്‍ രണ്ടുവിധത്തിലാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്^സ്ഥിരാടിസ്ഥാനത്തിലും ഡെപ്യൂട്ടേഷനിലും.
സ്ഥിരമായുള്ള ഉന്നത ഉദ്യോഗസ്ഥരിലേറെയും ആര്‍.എസ്.എസുമായി അടുത്ത് ബന്ധം പുലര്‍ത്തുന്നവരാണത്രെ. ഡെപ്യൂട്ടേഷനില്‍ റോയിലും ഐ.ബിയിലും എത്തുന്ന ആര്‍.എസ്.എസ് ചിന്താഗതിക്കാരായ ഐ.പി.എസുകാര്‍ പത്തും ഇരുപതും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മടങ്ങുന്നത്. ഡെപ്യൂട്ടേഷനില്‍ എത്തി ഐ.ബിയുടെ ഡയറക്ടറായി വിരമിച്ച വി ജി വൈദ്യ ഉദാഹരണം. മഹാരാഷ്ട്ര ആര്‍.എസ്.എസ് പ്രമുഖ് ആയിരുന്ന എം.ജി.വൈദ്യയുടെ സഹോദരനാണ് ഇദ്ദേഹം. ആര്‍.എസ്.എസ് അനുഭാവിയെന്ന് പരക്കെ അറിയപ്പെട്ടിരുന്ന എസ്.കെ. ബപത്ത്, മഹാരാഷ്ട്ര പോലിസിന്റെ അമരക്കാരനായിരുന്ന പ്രമുഖ ആര്‍.എസ്.എസ് നേതാവ് നാസിക്കിലെ കസറിന്റെ മരുമകന്‍ ആര്‍.എല്‍. ഭിങ്കെ, ഐ.പി. എസുകാരനാകുംവരെ പൂനെ നാരായണ്‍പേട്ടിലെ ആര്‍.എസ്.എസ് ശാഖയില്‍ സജീവമായിരുന്ന പൂനെ പോലിസ് കമീഷണറായിരുന്ന ജയന്ത് ഉംറാനികര്‍ എന്നിവരും ഐ.ബിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നവരാണ്.
രഹസ്യവിവരങ്ങളെന്ന പേരില്‍ മുസ്ലിംകളെ ഭീകരരായി ചിത്രീകരിക്കുന്ന കഥകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടും ഭരണകൂടത്തെ തെറ്റിദ്ധരിപ്പിച്ചുമാണ് ഐ.ബി, ആര്‍.എസ്.എസ് അജണ്ട നിറവേറ്റുന്നത്. രഹസ്യമായി ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ സര്‍ക്കാരിനെ മാത്രം അറിയിക്കുകയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യേണ്ടിടത്ത് ആദ്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തികൊടുക്കുന്നത് സാധാരണമായിരിക്കുകയാണ്. ഐ.ബി മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുക്കുന്നതിന് ശക്തമായ വിലക്കേര്‍പ്പെടുത്തകയും ഐ.ബി നല്‍കുന്ന വിവരങ്ങള്‍ പുനഃപരിശോധിക്കാന്‍ സമാന്തരസംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കുകയും വേണമെന്ന് മുശരിഫിനെ പോലുള്ള മുന്‍ പോലിസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നതാണ്.
കടപാട് : മാധ്യമം ഡെയിലി
Subscribe to:
Post Comments (Atom)
No comments:
Post a Comment