Thursday, March 26, 2009

മതേതരത്വത്തിന്റെ പേരിലെ സവര്‍ണ വര്‍ഗീയ(കേ)കളികള്‍

കേരള രാഷ്ട്രീയത്തിലെ സവര്‍ണ വര്‍ഗീയ കളികളെ കുറിച്ച ഒരു അടി പൊളി ലേഖനം
. പലരും പറയാന്‍ മടിക്കുന്നത് ശ്രീമാന് ദാവൂദ് പറയുന്നു എന്ന് മാത്രം. ഭാഷ ഇത്തിരി കട്ടി കൂടിയതാനെങ്കിലും, കാര്യ പ്രസക്തമാണ് .


മതേതരത്വത്തിന്റെ പേരിലെ സവര്‍ണ വര്‍ഗീയ(കേ)കളികള്‍

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദക്കൊടുങ്കാറ്റുകള്‍ ഇക്കുറിയും ഉയര്‍ന്നുകഴിഞ്ഞു. ഇത്തവണ വിവാദ വിനോദവ്യവസായത്തിലെ മുഖ്യ ഇനം വര്‍ഗീയതയും തീവ്രവാദവുമാണ്. മതേതര ബുദ്ധിജീവികളും മാധ്യമങ്ങളും വലതുപക്ഷ പ്രസ്ഥാനങ്ങളുമാണ് ഈ വിവാദങ്ങളെ പൊലിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട രണ്ട് വാദങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്.

1. തെരഞ്ഞെടുപ്പില്‍ മതസാമുദായിക ശക്തികള്‍ കവിഞ്ഞ തോതിലുള്ള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത്യന്തം അപകടകരമാണിത്. ഇടതു^വലതു മുന്നണികള്‍ ഇക്കാര്യത്തില്‍ പരസ്പരം മല്‍സരിക്കുകയാണ്. സ്വയം പ്രഖ്യാപിത മതേതര കാവല്‍ഭടന്മാരായ ബുദ്ധിജീവികളാണ് ഈ വാദം പ്രധാനമായും ഉന്നയിക്കുന്നത്.

2. ഇടതുപക്ഷം അബ്ദുന്നാസിര്‍ മഅ്ദനിയെന്ന കൊടും ഭീകരനുമായി പക്ഷം ചേര്‍ന്നിരിക്കുന്നു. മാര്‍ക്സിസം മഅ്ദനിസത്തിന് വഴിമാറിയിരിക്കുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിംലീഗ് എന്നീ വലതുപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും ഇടതുപക്ഷത്തെ വിമതരുമാണ് ഈ ആശയത്തിന്റെ മുഖ്യപ്രചാരകര്‍.
ഈ ആരോപണങ്ങളുടെ യാഥാര്‍ഥ്യങ്ങളിലേക്കും അവ ഉയര്‍ന്നുവരാനിടയായ പ്രത്യയശാസ്ത്ര അബോധത്തിലേക്കും ശ്രദ്ധ തിരിക്കാനാണ് ഈ കുറിപ്പ്.

1. തെരഞ്ഞെടുപ്പില്‍ മത^സാമുദായിക ശക്തികള്‍ ഇടപെടുന്നുവെന്നാണ് ബുദ്ധിജീവി ശിങ്കങ്ങളുടെ പ്രധാന പരാതി.
പൊതുതെരഞ്ഞെടുപ്പ് നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രക്രിയയാണ്. എല്ലാവര്‍ക്കും സാമൂഹികനിര്‍മിതിയില്‍ അവരുടെ പങ്കാളിത്തം നല്‍കുന്നതിനാണ് ജനാധിപത്യം എന്നു പറയുന്നത്. മതവും ജാതിയും നമ്മുടെ സമൂഹത്തിലെ അനിവാര്യവും അവിഭാജ്യവുമായ ഘടകമാണ്. മതസമൂഹങ്ങള്‍ അന്യഗ്രഹങ്ങളിലല്ല; ഈ നാട്ടില്‍ തന്നെ ജീവിക്കുന്നവരാണ്. ഈ നാട്ടിലെ ജനാധിപത്യപ്രക്രിയയില്‍ ഇടപെടാന്‍, അഭിപ്രായം പറയാന്‍, സ്വാധീനിക്കാന്‍ ഇവിടെ ജീവിക്കുന്ന മതസമൂഹങ്ങള്‍ക്ക് പാടില്ല എന്ന് പറയുന്നത് അതിനാല്‍ തന്നെ തികഞ്ഞ ജനാധിപത്യവിരുദ്ധതയാണ്. ഞങ്ങള്‍ മതേതര ബുദ്ധിജീവികള്‍ക്കേ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ പാടുള്ളൂ, മറ്റാരും പാടില്ല എന്നത് മതേതര ഫ്യൂഡലിസത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ആഗ്രഹം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ ടോം വടക്കന്‍ മല്‍സരിക്കാന്‍ പാടില്ല എന്ന് സുകുമാര്‍ അഴീക്കോടിന് അഭിപ്രായം പറയാമെങ്കില്‍ അതേ പോലുള്ള അഭിപ്രായങ്ങള്‍ പറയാന്‍ ഫാദര്‍ മാര്‍ വര്‍ക്കി വിതയത്തിലിനും കാന്തപുരം മുസ്ലിയാര്‍ക്കും എല്ലാം സ്വാതന്ത്യ്രമുണ്ട്. ഇത് അനുവദിച്ചുകൊടുക്കുകയാണ് സാമാന്യ ജനാധിപത്യബോധമുള്ളവര്‍ ചെയ്യേണ്ടത്.

മതസമുദായങ്ങളുടെ തെരഞ്ഞെടുപ്പിലെ ഇടപെടല്‍ പുതിയ കാര്യമൊന്നുമല്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ മാത്രമായി ഇമ്മാതിരി ബഹളവും പൊല്ലാപ്പും എന്ന് ആലോചിക്കാവുന്നതാണ്. അതിന്റെ കാരണം വളരെ വ്യക്തം. നേരത്തെ സവര്‍ണ ആഢ്യവിഭാഗങ്ങളായ നായന്മാരും സുറിയാനി ക്രിസ്ത്യാനികളും മാത്രമായിരുന്നു ജനാധിപത്യപ്രക്രിയയില്‍ ഇടപെടുകയും സ്വാധീനിക്കുകയും ചെയ്തു കൊണ്ടിരുന്നത്. പ്രസ്തുത സമുദായസംഘടനകളും സഭകളും എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും സ്വാധീനിച്ച് ആവശ്യങ്ങള്‍ വിദഗ്ധമായി നേടിയെടുത്തു കൊണ്ടിരുന്നു. അടുത്ത കാലത്തായി ഇത്തരം ഇടപെടലുകള്‍ കൂടുതല്‍ ബഹുസ്വരവും സര്‍ഗാത്മകവുമായി. കാലങ്ങളായി ഈ മേഖലയില്‍ കുത്തക നിലനിര്‍ത്തിയിരുന്ന സവര്‍ണസംഘടനകളോട് മത്സരിച്ച് മുസ്ലിംസംഘടനകളും ദലിത് പിന്നാക്കഗ്രൂപ്പുകളും തെരഞ്ഞെടുപ്പില്‍ പങ്കാളിത്തത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കേരള പുലയര്‍ മഹാസഭയും എസ്.എന്‍.ഡി.പിയും ജമാഅത്തെ ഇസ്ലാമിയും പി.ഡി.പിയും എല്ലാം തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വാക്കുകള്‍ ഗൌരവത്തില്‍ ഉന്നയിക്കാന്‍ തുടങ്ങി. അങ്ങനെ ചരിത്രപരമായി നിശãബ്ദരാക്കപ്പെട്ടവര്‍ ശബ്ദിച്ചുതുടങ്ങുകയും അവരുടെ ശബ്ദം ചെറിയ തോതിലെങ്കിലും പൊതുസമൂഹം/രാഷ്ട്രീയസമൂഹം കേട്ടേ മതിയാവൂ എന്ന അവസ്ഥ വന്നുചേരുകയും ചെയ്തു. സവര്‍ണ ആഢ്യബോധത്തിന്റെ കൊടിവാഹകരായ കേരളത്തിലെ മതേതര ബുദ്ധിജീവിസമൂഹത്തിന് ചൊറിച്ചിലുണ്ടാക്കാന്‍ ഇതില്‍പരം മറ്റെന്തു വേണം? ശരീഅത്ത് വിവാദകാലം മുതല്‍ സവര്‍ണ പ്രത്യയശാസ്ത്രത്തെ അബോധമായി സ്വീകരിച്ച ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള ബുദ്ധിജീവികളാണ് പുതിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നും ശ്രദ്ധിക്കുക.

2. മഅ്ദനിയുമായി ബന്ധപ്പെട്ടുയരുന്ന ബഹളങ്ങളുടെയും പ്രത്യയശാസ്ത്ര അബോധം ഇതേ സവര്‍ണ വര്‍ഗീയ കാഴ്ചപ്പാടു തന്നെയാണ്. ഭീകരനെന്ന് ആരോപിക്കപ്പെട്ട് ദീര്‍ഘമായ പത്തുവര്‍ഷക്കാലം നരകയാതനയുടെ തടവറ തീണ്ടിയവനാണ് മഅ്ദനി. സമ്പൂര്‍ണമായി കുറ്റവിമുക്തനാക്കപ്പെട്ടാണ് അദ്ദേഹം തടവറ വിടുന്നത്. അന്യായമായി അദ്ദേഹത്തിന്റെ ആയുസ്സില്‍നിന്ന് പത്തുവര്‍ഷം കവര്‍ന്നെടുത്തതിന് നമ്മുടെ രാഷ്ട്രീയ നീതിന്യായവ്യവസ്ഥ മാപ്പ് പറയേണ്ടതുണ്ടായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ, അദ്ദേഹംതന്നെ കുറ്റവിചാരണ നടത്തിയ ഭൂതകാലത്തെ വെച്ച് വര്‍ത്തമാനകാലത്തും വേട്ടയാടാനാണ് വലതുപക്ഷവും ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്ന് സ്വയം തെറ്റിദ്ധരിച്ച സവര്‍ണ പ്രത്യയശാസ്ത്ര പ്രചാരകരും ഇപ്പോള്‍ ശ്രമിക്കുന്നത്. സി.പി.എമ്മിനെ അടിക്കാനുള്ള വടി എന്ന നിലക്കാണ് കോണ്‍ഗ്രസ്^ബി.ജെ.പി^മുസ്ലിംലീഗ് കൂട്ടുകെട്ട് ഇതിനെ കാണുന്നത്. എന്നാല്‍ അടിയുറച്ചുപോയ സവര്‍ണ അബോധം തന്നെയാണ് ഈ വിവാദത്തില്‍ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും തോള്‍ചേരാന്‍ വിമത ഇടതു ബുദ്ധിജീവികളെ പ്രേരിപ്പിക്കുന്നത്.

ലോകത്തെ സര്‍ഗാത്മകതയുള്ള ഏത് രാഷ്ട്രീയക്കാരനും അതിതീക്ഷ്ണമായ ഒരു തീവ്രവാദ ഭൂതകാലമുണ്ട്. എന്നല്ല, അവരുടെ തീവ്രവാദങ്ങളാണ് സമൂഹത്തിന്റെ സന്ധിബന്ധങ്ങളില്‍ പുതിയ രക്തപ്രവാഹങ്ങള്‍ സൃഷ്ടിച്ചത്. വി.എസ്.അച്യുതാനന്ദനും ജ്യോതിബസുവിനുമെല്ലാം ഇങ്ങനെയൊരു ഭൂതമുണ്ടായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന് മൊത്തത്തില്‍ തന്നെയും അതുണ്ട്. അത് തള്ളിപ്പറയേണ്ട ഒരു കാര്യമേ അല്ല. തീവ്രവാദികളെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാക്കുകയാണ് ഉത്തരവാദ ബോധമുള്ള രാഷ്ട്രീയസംവിധാനങ്ങളുടെ കടമ. ഓസ്ലോ കരാര്‍ ഫലസ്തീന്‍ തീവ്രവാദത്തെ ജനാധിപത്യപ്രക്രിയയില്‍ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു. ശ്രീലങ്കയില്‍, അയര്‍ലണ്ടില്‍ എല്ലാം അത് നടന്നിട്ടുണ്ട്. കൊസോവയുടെ ഇന്നത്തെ പ്രസിഡന്റ് ഹാശിം താഷി രണ്ട് വര്‍ഷം മുമ്പ് വരെ തികവൊത്തൊരു സായുധ തീവ്രവാദിയായിരുന്നു. നേപ്പാളിലെ പ്രചണ്ഡ നമ്മുടെ അയല്‍പക്കത്തെത്തന്നെ ഉദാഹരണം. തീവ്രവാദികള്‍ രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാവുമ്പോള്‍ സ്വാഗതം ചെയ്യുന്നതിന് പകരം അവരെയും ഒപ്പം സ്റ്റേജില്‍ കയറുന്നവരെയും വിരട്ടുന്നത് ജനാധിപത്യവിദ്യാഭ്യാസം തരിമ്പും ഇല്ലാത്തതുകൊണ്ടാണ്.

പി.ഡി.പിയുടെ കാര്യത്തില്‍ ഇതിനുപുറമെ മറ്റൊരു പ്രധാനഘടകവും പ്രവര്‍ത്തിക്കുന്നുണ്ട്. അത് നേരത്തെപ്പറഞ്ഞ സവര്‍ണ മുഖ്യധാരാ കാഴ്ചപ്പാടു തന്നെയാണ്. ബി.ജെ.പിയോടൊപ്പം അധികാരത്തില്‍ പങ്കാളിയാവുകയും മന്ത്രിയാവുകയും ചെയ്ത പി.സി തോമസ് ഒരു നാള്‍ സൂര്യനുദിച്ചപ്പോള്‍ ഇടതുമുന്നണിയില്‍ കയറിവന്നതില്‍ ഇവിടെയാരും വേവലാതിപ്പെട്ടിട്ടില്ല. അയാള്‍ മഅ്ദനിയെപ്പോലെ പിണറായിയോടൊപ്പം സ്റ്റേജില്‍ ഇരിക്കുക മാത്രമല്ല, എ.കെ.ജി സെന്ററില്‍ നടക്കുന്ന എല്ലാ എല്‍.ഡി.എഫ് യോഗത്തിലും ഇടതുപക്ഷത്തിന്റെ സമുന്നത നേതാക്കളോടൊപ്പം കൂടെയിരിക്കുന്നയാളാണ്. അത് ആര്‍ക്കും പ്രശ്നമല്ല^ കാരണം വ്യക്തം. അദ്ദേഹം സവര്‍ണക്രിസ്ത്യാനിയാണ്. അതിനാല്‍തന്നെ ഭൂതകാലവും വര്‍ത്തമാനവും ശുദ്ധവും സംസ്കൃതചിത്തവുമായിരിക്കും. എന്നാല്‍ മഅ്ദനി അതല്ല; മുസ്ലിംകളുടെയും ദലിതരുടെയും പ്രതിനിധിയാണ്. അത് സഹിക്കാന്‍ ബുദ്ധിജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും കഴിയില്ല. മഅ്ദനി മാത്രമല്ല, പഴയ ബി.ജെ.പി തീപ്പൊരികളായ രാമന്‍ പിള്ളയും ഉമാ ഉണ്ണിയും ഇടതുവേദികളില്‍ പുതുതായി കയറിയിട്ടുണ്ട്. മതേതര ശിങ്കങ്ങള്‍ക്കും കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊന്നും ഇത് പ്രശ്നമല്ല. പുതിയ വിവാദവ്യവസായത്തിലെ അസംസ്കൃത വസ്തു മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ ഈ സവര്‍ണ വര്‍ഗീയത തന്നെയാണെന്നാണ് ഇത് കാണിക്കുന്നത്.

എണ്‍പതുകളിലെ ശരീഅത്ത് വിവാദം കേരളത്തിലെ ഹൈന്ദവവോട്ടുകള്‍ സി.പി.എമ്മിന് ഏകീകരിച്ച് സമാഹരിക്കുക എന്ന ഇ.എം.എസ് കൌശലത്തിന്റെ ഭാഗമായിരുന്നു. അന്ന് ഇ.എം.എസ് പയറ്റിയ അതേ തന്ത്രമാണ് ഇന്ന് അപകടകരമായ രീതിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലതുപക്ഷം പയറ്റിനോക്കുന്നത്. പക്ഷേ, സാമൂഹികബന്ധങ്ങളിലും സന്തുലനത്തിലും അന്നത്തേതില്‍ വ്യത്യസ്തമായ അവസ്ഥയാണ് ഇന്നുള്ളതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അതിനാല്‍ തന്നെ അവരുടെ ഈ തന്ത്രം വിലപ്പോവാനും പോവുന്നില്ല.

ഈ വിവാദകാലത്ത് ഏറ്റവും അപകടകരമായ റോള്‍ ഏറ്റെടുക്കുന്നത് മുസ്ലിംലീഗാണ് എന്ന് അതിന്റെ നേതാക്കള്‍ തിരിച്ചറിഞ്ഞാല്‍ അത് എത്രയും നല്ലത്. സവര്‍ണ ആഢ്യബോധത്തിന്റെ താല്‍ക്കാലികതലോടല്‍ ലഭിക്കാന്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെത്തന്നെയാണ് അവര്‍ ഒറ്റിക്കൊടുക്കുന്നത് എന്ന് അവര്‍ മനസ്സിലാക്കണം. ഇടതുപക്ഷത്തിന് വൈകിയേ ബുദ്ധിയുദിക്കൂ എന്ന് പറയാറുണ്ട്. ലീഗുകാര്‍ക്ക് ബുദ്ധി ഉദിക്കാറേ ഇല്ല എന്നാണ് ഇപ്പോള്‍ തോന്നുന്നത്.

സി. ദാവൂദ് എഴുതിയ ലേഖനം

3 comments:

Raghu Korambath said...

Davood ki jay.... allathendu parayan... njane sari oh sari valare sari.. ethraye thankal parayan sramichittullu athinu savarnaneyum dalithenyum onnum kootu pidikkenda karyamilla. ha ha mathethratvam neenal vazhatte. mathethratvam enna vakku thanne ee nootandile valiya thamasayanu.

വായന said...

ഈ തെരഞ്ഞെടുപ്പിലെ വിഷയം മ`അദനിയാണെന്നത്‌ കൌതുകകരം തന്നെ. രഷ്ട്രീയ പാര്‍ട്ടികളുടെ വിഷയ ദാരിദ്ര്യം എത്ര രൂക്ഷമാണെന്ന് നോക്കുക. പക്ഷേ മ`അദനി വിഷയം തെരഞ്ഞെടുപ്പ്‌ വിഷയമായി തള്ളാന്‍ പാടില്ലാത്തതാണ. യാഥാര്‍ത്ഥത്തിലിത്‌ ജാമിയാനഗറിസമാണ. മുസ്ളിംകളിലാരെയും എപ്പോള്‍ വേണമെങ്കിലും ആര്‍ക്ക്‌ വേണമെങ്കിലും ഭീകരവാദിയാക്കാനും, വേണമെങ്കില്‍ വെടിവെച്ച്‌ കൊന്ന് കയ്യില്‍ നല്‍കാനും വേണമെങ്കില്‍ കിഫായ പുതപ്പിച്ച്‌ മീഡിയക്ക്‌ മുന്നില്‍ നിരത്താനും കഴിയുന്ന സാഹചര്യം എത്ര ഭീതിതമല്ല.! ഭീകരവാദം ആരോപിക്കപ്പെടുന്നവനാണ താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല എന്നരീതിയിലുള്ള പ്രചാരണം ഏറെ ഭീതിപ്പെടുത്തുന്നു. നാളെ എന്നെയും വല്ലവരും ഇതിലേതെങ്കിലുമൊന്നു ചെയ്താല്‍ ഞാനെന്ത്‌ ചെയ്യും, ഭീകരവാദിയാക്കപ്പെട്ട ഞാനെങ്ങനെ എണ്റ്റെ നിരപരാധിത്വം തെളിയിക്കും. രാഷ്ട്രീയ ശത്രുതയുടെ പേരില്‍ മ`അദനിക്കെതിരെ വാളെടുത്താടുമ്പോള്‍ കുഞ്ഞാലിക്കുട്ടി മറന്ന് പോകുന്നതും ഇതൊക്കെയാണ. യഥാര്‍ത്ഥത്തില്‍ മ`അദനിക്കെതിരെ ഭീകരബന്ധം ആരോപിക്കുന്നവര്‍ തെളിവ്‌ കൊണ്ട്‌ വരേണ്ടിയിരിക്കുന്നുല്‍. അല്ലെങ്കിലവര്‍ പൊതുസമൂഹത്തിന മുന്നില്‍ മാപ്പ്‌ പറയേണ്ടി വരും.

കാണി said...

രഘു, എവിടെയാണ് താങ്കളുടെ വിയോജിപ്പ് എന്നു പറഞാല്‍ നന്നായിരുന്നു. ദാവൂദ് പറയുന്നതിലെ ശരികേടുകള്‍ ചര്‍ച്ച ചെയ്യാനും നമുക്ക് അവകാശമുണ്‍ട് .
കോടതി വേറുതെ വിട്ട ഒരു മനുഷ്യനെ, ആരോപിക്കപ്പെട്ടതെല്ലാം കളവായിരുന്നെന്ന് ബോധ്യമായ ശെഷവും ക്രൂഷിക്കുന്നതിലെ സാമാന്യ് നീതി എന്താണ് ? .
ആയിരങളെ കൊന്നൊടുക്കിയവന്‍ മന്ത്രിയും, പോലീസുമായി വിരാജിക്കുന്ന നാട്ടില്‍ പൂര്‍‌വകാലത്തെ തെറ്റുകള്‍ക്ക് പശ്ചാത്തപിച്ച് മടങിയവനെ കല്ലെറിയുന്നതിലെ സാംഗത്ത്യം ഒട്ടും മനസ്സിലാവവുന്നില്ല. ഇതു കണവ മല്‍സ്യത്തിന്റെ രീതിയാണ് . സ്വന്തത്തെ മറക്കാന്‍ പുക മറ ശൃഷ്ടിച്ച് രക്ഷപ്പെടുക.
സാപ്പി, ഒരു വിഭാഗത്തെ എല്ലാ കാലവും ആകുലതയില്‍ തളച്ചിടാനാണ് പലരുടെയും ശ്രമം. നാം എന്നു പ്രതിരോധ നിരയില്‍ കളിക്കേണ്‍റ്റി വരുന്നതാണ് ഇവര്‍ക്കിഷ്ടം. സൃഷ്ടിപരമായി ഒന്നും ചെയ്യാനാവാതെ പ്രയാസപ്പെടുന്നവാരാണ്‌ നിലവിലെ മുസ്ലിം/ദലിദ് വിഭാഗങള്‍. അതിനൊരറുതി വരുതിയേ തീരൂ.