സയണിസ്റ്റ് ദാസ്യത്തോട് ശശി തരൂരിന്റെ നിലപാടറിയാന്‍ ചില ചോദ്യങ്ങള്‍ .
എ.ആര് മാധ്യമത്തില്‍ എഴുതിയ ലേഖനം
പതിനഞ്ചാം ലോക്സഭാതെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ പോവുന്ന ആയിരക്കണക്കിന് സ്ഥാനാര്‍ഥികളില്‍ പരമയോഗ്യന്‍ ആരെന്ന് ചോദിച്ചാല്‍ കിട്ടാവുന്ന പേരുകളിലൊന്ന് നിശ്ചയമായും തിരുവനന്തപുരത്ത് ഭാഗ്യപരീക്ഷണത്തിനിറങ്ങിയ മലയാളിയായ ശശി തരൂരിന്റേതായിരിക്കും. അമേരിക്കയിലെ പ്രശസ്തമായ ടഫ്റ്റ്സ് യൂനിവേഴ്സിറ്റിയിലെ ഫുക്വര്‍ സ്കൂള്‍ ഓഫ് ലാ ആന്റ് ഡിപ്ലോമസിയില്‍നിന്ന് പി.എച്ച്.ഡി എടുത്ത അസാധാരണ പ്രതിഭാശാലി. ദീര്‍ഘകാലം ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മല്‍സരിക്കുകയും ചെയ്ത നയതന്ത്ര വിദഗ്ധന്‍. മികച്ച എഴുത്തുകാരന്. ഒരൊറ്റത്തവണയേ അദ്ദേഹത്തെ നേരില്‍ കേള്‍ക്കാന്‍ അവസരമുണ്ടായുള്ളൂ. 2009 ഫെബ്രുവരി മൂന്നിന് കോഴിക്കോട്ട് 'മാധ്യമം' വിചാരവേദി സംഘടിപ്പിച്ച കെ.എ. കൊടുങ്ങല്ലൂര്‍ അനുസ്മരണപരിപാടിയില്‍ മുഖ്യാതിഥിയായി. ശശി തരൂര്‍ ഫലസ്തീന് പ്രശ്നത്തെക്കുറിച്ച് നടത്തിയ പ്രഭാഷണമായിരുന്നു അത്. മുപ്പതു മിനിറ്റില്‍ ഇത്ര സമര്‍ഥമായും സമഗ്രമായും വിഷയം അവതരിപ്പിക്കാന്‍ മിടുക്കരായ ഏറെപേരില്ലെന്നുറപ്പ്. നടക്കാന്‍ പോവുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പോ നിയമസഭാതെരഞ്ഞെടുപ്പോ അല്ല, പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്. അതില്‍ മല്‍സരിക്കേണ്ടതും ജയിക്കേണ്ടതും ലോകവിവരവും അഭിപ്രായഭദ്രതയും വിശാല കാഴ്ചപ്പാടുമുള്ള യോഗ്യരാണ്. ആണ്, പെണ്, ജാതി, സമുദായ, പ്രാദേശിക ഗ്രൂപ്പ് സമവാക്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കുറ്റിച്ചൂലുകളല്ല. അങ്ങനെ നോക്കുമ്പോള്‍ ശശി തരൂര്‍ ഇറക്കുമതി സ്ഥാനാര്‍ഥിയാണെന്ന പരാതിക്ക് അടിസ്ഥാനമില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു ഡിപ്ലോമാറ്റിനെ മല്‍സരിപ്പിക്കാന്‍ അവസരമുണ്ടായതില്‍ അഭിമാനിക്കുകയാണ് വേണ്ടത്. ശരിയായ പാര്‍ലമെന്ററി ജനാധിപത്യകാഴ്ചപ്പാടില്‍ ഇത്തരം വ്യക്തിത്വങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ വഴിയൊരുക്കുകകൂടി വേണം. പക്ഷേ, സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുപോലും എതിരില്ലാതെ ഒരിക്കലും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലെന്നോര്‍ത്താല്‍ ശശി തരൂരും ഖിന്നനാവേണ്ട കാര്യമില്ല. ഒരുവേള അക്കാര്യത്തില്‍ അദ്ദേഹം ദുഃഖിതനുമല്ല.
എന്നാല്‍, അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്. തന്റെ സ്വന്തം നാട്ടില്‍ മലയാളികള്‍ക്കിടയില്‍ ഫലസ്തീനെച്ചൊല്ലി താന്‍ വിമര്‍ശിക്കപ്പെടുന്നത് ശശിക്ക് താങ്ങാനാവുന്നില്ല ( ഫലസ്തീന് രാഷ്ട്രം എന്റെ സ്വപ്നം^'മാധ്യമം' 2009 മാര്‍ച്ച് 28). നിയതവും പ്രതിരോധിക്കാന്‍ കഴിയുന്ന അതിര്‍ത്തികളുള്ളതും സഹവര്‍ത്തിത്വമുള്ളതുമായ ഒരു രാജ്യത്തെയാണ് ഞാന്‍ ശക്തിയായി അനുകൂലിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുന്ന ശശി പരേതനായ ഫലസ്തീന് വിമോചനപ്പോരാളി യാസിര്‍ അറഫാത്തുമായും മറ്റു പി.എല്‍.ഒ വക്താക്കളുമായുള്ള സുഹൃദ്ബന്ധം അനുസ്മരിക്കുന്നുമുണ്ട്. വെസ്റ്റ്ബാങ്ക് അതോറിറ്റിയും ഗാസയും തമ്മിലെ വിള്ളലില്‍ അസ്വസ്ഥനുമാണ് അദ്ദേഹം. ശശി തരൂരിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം ഫലസ്തീന് രാഷ്ട്രരൂപവത്കരണത്തെ അനുകൂലിക്കുന്ന സമാധാനപ്രിയന്‍ തന്നെയാവട്ടെ. പക്ഷേ, വിശദീകരണം മുഴുവന്‍ ശ്രദ്ധാപൂര്‍വം വായിച്ചശേഷവും അവശേഷിക്കുന്ന മര്‍മസ്പര്‍ശിയായ സംശയങ്ങള്‍ക്ക് അത് മറുപടിയാവുന്നില്ല. അതാകട്ടെ, ഫലസ്തീനുമായല്ല, ഇസ്രായേലുമായി ബന്ധപ്പെട്ടതാണ്. ആ സംശയങ്ങള്‍ ചുവടെ ഒതുക്കിപ്പറയട്ടെ.
ഒന്ന്: റോമാ സാമ്രാജ്യത്തിന്റെ കോളനിയായിരുന്ന ഫലസ്തീന് ക്രിസ്തുവര്‍ഷം 636ല്‍ ഖലീഫ ഉമറിന്റെ കീഴിലെ ഇസ്ലാമികസാമ്രാജ്യം മോചിപ്പിച്ചശേഷം അറബികളായ മുസ്ലിം, ക്രൈസ്തവ, യഹൂദ കുടുംബങ്ങള്‍ അവിടെ സമാധാനപരമായ സഹവര്‍ത്തിത്വത്തോടെ കഴിയുകയായിരുന്നു. പില്ക്കാലത്ത് കുരിശുയുദ്ധങ്ങള്‍ക്കൊടുവില്‍ ക്രൈസ്തവ യൂറോപ്യന്‍രാജാക്കന്മാര്‍ക്ക് ഫലസ്തീന് കീഴടക്കാന്‍ സാധിച്ചെങ്കിലും ക്രി.വ.1142ല്‍ സുല്‍ത്താന്‍ സലാഹുദ്ദീന് അയ്യൂബി തിരിച്ചുപിടിച്ചതു മുതല്‍ അത് മുസ്ലിംഭരണത്തിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നിലവില്‍വന്ന സയണിസ്റ്റ് പ്രസ്ഥാനം ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ തണലില്‍ ആരംഭിച്ച ജൂത ജന്മഗേഹ വാദമാണ് ഹിറ്റ്ലറുടെ നാസി ജര്‍മനി ആട്ടിപ്പുറത്താക്കിയ ജൂതരെയും ലോകത്തെങ്ങുമുള്ള ജൂതരെയും ഇറക്കുമതി ചെയ്ത് 1948ല്‍ ബലപ്രയോഗത്തിലൂടെ ഇസ്രായേല്‍ രാഷ്ട്രസ്വപ്നത്തെ സാക്ഷാത്കരിച്ചതെന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ശശി തരൂരിന് നന്നായറിയാം. അന്ന് അന്യായമായി പുറന്തള്ളപ്പെട്ട ഫലസ്തീന്‍ജനതയില്‍ സിംഹഭാഗവും ഇന്നും അഭയാര്‍ഥികളായി കഴിയുന്നു എന്ന സത്യവും അദ്ദേഹത്തിന് ബോധ്യമുള്ളതാണ്. എന്നിരിക്കെ ഇസ്രായേല്‍ രാഷ്ട്രസൃഷ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമെന്താണ്, അത് ശരിയോ തെറ്റോ?
രണ്ട്: ഒരിക്കലും അതിര്‍ത്തികള്‍ നിര്‍ണയിക്കാതിരുന്ന ഇസ്രായേല്‍ 1967 ജൂണിലെ യുദ്ധത്തോടെ ഈജിപ്തില്‍നിന്ന് ഗാസയും സിറിയയില്‍നിന്ന് ജൂലാന്‍കുന്നുകളും ജോര്‍ദാനില്‍നിന്ന് വെസ്റ്റ്ബാങ്കും പിടിച്ചെടുത്ത് ജൂതരാഷ്ട്രത്തിന്റെ ഭാഗമാക്കിയ നടപടിയെപ്പറ്റി എന്തു പറയുന്നു? അധിനിവിഷ്ട പ്രദേശങ്ങള്‍ വിട്ടൊഴിയണമെന്ന 242ാം നമ്പര്‍ യു.എന്‍ പ്രമേയം ഇന്നേവരെ നടപ്പാക്കാതിരുന്ന ഇസ്രായേലിന്റെ നടപടിയെ അപലപിക്കാന്‍ തയാറാണോ?
മൂന്ന്: 1993ലെ അറഫാത്ത്^ ഇസ്രായേല്‍ ഓസ്ലോ കരാര്‍പ്രകാരം വെസ്റ്റ്ബാങ്കിലെ ഏതാനും കിലോമീറ്റര്‍ സ്ഥലവും ഗാസയും ചേര്‍ത്തു രൂപവത്കരിക്കേണ്ട ഫലസ്തീനെ പോലും ഒരു സ്വതന്ത്ര പരമാധികാരരാഷ്ട്രമായി അംഗീകരിക്കാന്‍ തയാറില്ലാത്ത ഇസ്രായേലിന്റെ നിലപാടിനെ എങ്ങനെ കാണുന്നു?
നാല് : ചരിത്രത്തില്‍ ഇന്നേവരെ ഇസ്രായേലിനോടൊപ്പം നിന്ന് ആ രാജ്യത്തിന്റെ എല്ലാ ആക്രമണങ്ങളെയും വെള്ളപൂശുകയും അതിനെ ആയുധമണിയിക്കുകയും വെടിനിര്‍ത്തലിനും സമാധാന പുനഃസ്ഥാപനത്തിനുമുള്ള രക്ഷാസമിതി പ്രമേയങ്ങളെ മുഴുക്കെ വീറ്റോ ചെയ്യുകയും ചെയ്ത അമേരിക്കയുടെ നടപടികളെ എപ്പോഴെങ്കിലും ശശി എതിര്‍ത്തിട്ടുണ്ടോ? ഇന്നും അമേരിക്കയുടെ ഇസ്രായേല്‍പക്ഷപാതത്തെ അസന്ദിഗ്ധമായി അപലപിക്കാന്‍ തയാറുണ്ടോ?
അഞ്ച്: 'സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി ഒരെഴുത്തുകാരനെന്ന നിലയില്‍ പലപ്പോഴും എഴുതിയ ലേഖനങ്ങള്‍ വളച്ചൊടിച്ച് എന്നെ ഇസ്രായേല്‍ പക്ഷപാതിയും ഫലസ്തീന് വിരുദ്ധനുമാക്കി തീര്‍ക്കാനുള്ള ശ്രമം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സത്യത്തിന് നിരക്കുന്നതല്ല'. ശശി തരൂരിന്റെ ഈ പരിദേവനത്തെ മുഖവിലക്കെടുക്കാം. എങ്കില്‍ 2009 ജനുവരി 23ന് ഇസ്രായേലി പത്രമായ 'ഹാരെറ്റ്സി'ലും ജനുവരി 19ന് 'ദ ആസ്ത്രേലിയന്‍' എന്ന പത്രത്തിലും എഴുതിയ ലേഖനങ്ങളില്‍ ഇസ്രായേലിന്റെ ഗാസാ ആക്രമണങ്ങളെ താന്‍ മുക്തകണ്ഠം വാഴ്ത്തുകയും ഇന്ത്യക്കതില്‍ അസൂയ തോന്നുന്നു എന്നുതന്നെ തുറന്നടിക്കുകയും ചെയ്തു എന്ന ആരോപണത്തെ ശശി തരൂര്‍ നിഷേധിക്കുമോ? ഗാസയില്‍ നിരപരാധികളായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നേരെ ഇസ്രായേല്‍ നടത്തിയ മൃഗീയാക്രമണങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം? ഗാസക്ക് വെള്ളവും വൈദ്യുതിയും ആഹാരവസ്തുക്കളും നിഷേധിച്ച് ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്ന ഭീകരമായ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമോ? ഫലസ്തീനിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഹമാസ് സര്‍ക്കാറുമായി സംഭാഷണമേ സാധ്യമല്ലെന്ന ഇസ്രായേലിന്റെയും അമേരിക്കയുടെയും പിടിവാശി നീതീകരിക്കത്തക്കതാണോ?
ആറ്: അയല്‍രാജ്യങ്ങളുടെ ഭൂമി അന്യായമായി കൈവശം വെക്കുകയും ഇറാഖിന്റെ ആണവനിലയങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയും പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥ ശാശ്വതമായി നിലനിര്‍ത്തുകയും ചെയ്ത ഇസ്രായേല്‍ ലോകസമാധാനത്തിന് ഭീഷണിയായി തുടരുന്നേടത്തോളം കാലം അതുമായി ഉറ്റ സൌഹൃദവും സഖ്യവും സ്ഥാപിച്ച് 10000 കോടി രൂപയുടെ ആയുധകരാര്‍ ഒപ്പുവെക്കുകയും ഭീകര ചാരസംഘടനയായ മൊസാദിനെ രാജ്യത്ത് കുടിയിരുത്തുകയും ചെയ്യുന്ന മന്മോഹന് സര്‍ക്കാറിന്റെ നിലപാടിനെ തരൂര്‍ എങ്ങനെ കാണുന്നു? ആ നയം കൂടുതല്‍ ഊര്‍ജസ്വലമായി തുടരാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും മീതെയുള്ള ഏതോ 'ഹൈയസ്റ്റ് ശക്തികള്‍' തരൂരിനെ മല്‍സരരംഗത്തിറക്കിയതെന്ന ധാരണ തിരുത്തപ്പെടേണ്ടതാണോ?
ചുരുക്കത്തില്‍ യാസിര്‍ അറഫാത്ത് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെയും ജീവിച്ചിരിക്കുന്ന ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ന്യൂദല്‍ഹിയില്‍ ക്ഷണിച്ചുവരുത്തി നല്ല വാക്കുകള്‍ പറഞ്ഞു സല്‍ക്കരിച്ചുവിടുന്നതിലെ സൌഹൃദമല്ല പ്രശ്നത്തിന്റെ മര്‍മം. നിസ്സഹായരും ഗതികെട്ടവരുമായ ഫലസ്തീന് നേതൃത്വത്തിന് ലഭിക്കുന്നത് കപട പുഞ്ചിരിയാണെങ്കില്‍ പോലും നിരാകരിക്കാനാവാത്തതാണ് സാഹചര്യം. അതേസമയം, മാനവികതക്കും സമാധാനത്തിനും അഹിംസക്കും എന്തെങ്കിലും അര്‍ഥം ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഇന്ത്യ കല്പിക്കുന്നുണ്ടെങ്കില് ഏറ്റവും അപകടകരമായ സാമ്രാജ്യത്വ സയണിസ്റ്റ് ദാസ്യം അവസാനിപ്പിക്കണമെന്നതാണ് ഈ രാജ്യത്തെ മനുഷ്യ സ്നേഹികളും മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ പണ്ഡിതനും പ്രത്യുല്‍പന്നമതിയുമായ ശശിതരൂര്‍ എവിടെനില്‍ക്കുന്നു എന്ന് ജനങ്ങളോട് തുറന്നു പറയേണ്ടതാണ് സന്ദര്‍ഭം.
മാധ്യമം ലേഖനം
6 comments:
തരൂരിന്റെ മൂടുതാങ്ങികളെങ്കിലും വാ തുറക്കട്ടെ. ഇതിവിടെ പോസ്റ്റിയതിന് അഭിനന്ദനങ്ങള്‍ കാണി.
ചാരന്മാര് നാട് ഭരിക്കുന്നു
പ്രധാനമന്ത്രി. മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥന്, അന്ന് തൊട്ട് ഇന്നോളം തുടരുന്ന കോര്‍പറേറ്റ് ദാസ്യം, ഒടുവില്‍ ആണവ കരാര്‍, ഇപ്പോള്‍ ആയുധ ഇടപാട്, ഈ നാടിന്റെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലൊടിച്ച രാജ്യം സാക്ഷിയായതില്‍ വെച്ച് ഏറ്റവും വലിയ കുതിര കച്ചവടത്തിലൂടെ അധികാരം നിലനിര്‍ത്തിയ. ബഫൂണ്‍. മാധ്യമങ്ങള്‍ വെള്ല പൂശുന്ന ഈ ചാരനെ ആദ്യം വിചാരണ ചെയ്യണം.
2.ആന്റണി. ഇസ്രായേല്‍ കൂട്ടികൊടുപ്പ് കാരന്.
ബിജെപി സര്‍ക്കാര്‍ തുടങ്ങി വെച്ച സയണിസ്റ്റ് ഇടപാടുകള്‍, തുടര്‍ന്നും അവസാനം 10000 കോടിയോളം രൂപ വരെ എത്തിയ ഇടപാടുകള്‍. ഒരു ഭാഗത്ത് ഇന്ത്യയുടെ പണം ഉപയോഗിച്ച് ഫലസ്ഥീനികളേ കൊന്നൊടുക്കാന്‍ ഇസ്രായേലിനെ സഹായിക്കുന്നു. മറുഭാഗത്ത് ഫലസ്ഥീന് അധികാരികളെ വിളിച്ച് അവര്‍ക്ക് ചായ കൊടുക്കുന്നു. സംഘപരിവാറിന്റെ ഡ്രീ മോദത്സായ മൊസാദിനെ രാജ്യത്ത് യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുവാദം കൊടുത്തിരിക്കുന്നു. (ഇതില്‍ അല്ഭുതമില്ലല്ലോ ഈ നപുംത്സകം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ത്യശൂല വിതരണം നടന്നത് )
ഇതിനൊക്കെ പുറമെ ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെടാത്ത ഈ പരിഷകള്‍ നമ്മെ ഭരിക്കുന്നു എന്ന് ദുര്യോഗമാണ്. തെരെഞ്ഞെടുക്കപ്പെടാത്ത ഈ പരിഷകള്‍ നമ്മെ ഭരിക്കുന്നതില്‍ നമുക്ക് ഖേദിക്കാം. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇവരെ തലമുറകള്‍ മറക്കില്ല.
ബോഫോഴ്സ് ഇടപാടില്‍ കുറ്റാരോപിതനായ ക്വത്രോചിയെ കോങ്ങ്രസ്സ് അധികാരത്തില്‍ കയറി ആഴ്ചകള്‍ക്കുള്ളില്‍ അയാള്‍ക്കെതിരെയുള്ള കേസ് ഒതുക്കിയ സോണിയ രാജ്യ സ്നേഹം കാണിക്കുകയും ചെയ്തു.
ദൈവമേ ഈ ജനവിധി കടുത്തതാക്കൂ. ഇത്തരം പിമ്പുകളെ വിസ്മ്യതിയിലേക്കയക്കുകയും ഈ നാടിനെ രക്ഷിക്കൂകയും ചെയ്യൂ.
ശശി തരൂരിന്റെ പ്രതികരണം
പ്രിയപ്പെട്ട പത്രാധിപര്‍
‘മാധ്യമം‘ പാത്രത്തില്‍ എഴുതിയ ലേഖനം(30.03.09) വായിച്ചു. അതില്‍ എന്നെപ്പറ്റിയുള്ള സ്നേഹം നിറഞ്ഞ പരാമര്‍ശങ്ങള്‍ക്ക് നന്ദി.ഫലസ്തീനെപ്പറ്റിയും ഇസ്രായേലിനെപ്പറ്റിയുമുള്ള എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ‘മാധ്യമം’ പത്രം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.താങ്കള്‍ ഇപ്പോള്‍ ചോദിച്ച ആറു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്റെ ഇതുവരെയുള്ള പ്രസ്താവനകളില്‍ അടങ്ങിയിട്ടുണ്ട്. അതില്‍ കൂടുതല്‍ വിശദമായ ഒരു ചര്‍ച്ച ഈ അവസരത്തില്‍ ഉചിതമായിരിക്കുകയില്ല.
യു.ഡി.എഫ് സ്ഥാനാര്‍ഥി എന്ന നിലയില്‍ എന്റെ നിലപാട് കോണ്‍ഗ്രസിന്റെയും ഇന്ത്യാ ഗവണ്മെന്റിന്റെയും നയങ്ങളോട് യോജിക്കുന്നതായിരിക്കും എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ശശി തരൂര്‍
തിരുവനന്തപുരം
ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുമ്പോള്‍
തരൂരിന്റെ ലേഖനം
ഫലസ്തീന് രാഷ്ട്രം എന്റെ സ്വപ്നം
no more comments required..
Post a Comment