നിങ്ങള്‍ വായിച്ചിരിക്കും. പിന്നെ എന്തിനാ പൊസ്ട്കളുടെ എണ്ണം കൂട്ടാനാണോ ചര്‍വിത ചര്‍വണം ചെയ്യുന്നത് എന്ന് ചോദിച്ചാല്‍, ജീവിച്ചിരിക്കേണ്ട നല്ലൊരു ലേഖനം ആണ് ഇത് എന്ന് തോന്നിയതിനാലാണ് എന്നാണെന്ടെ മറുപടി.
അഡ്വ. കാളീശ്വരം രാജ് (മാതൃഭൂമി പത്രം )
തി രഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമസംവാദങ്ങളില്‍ സ്ഥാനാര്‍ഥികളും ജനങ്ങളും ഒരുപോലെ 'വികസന'ത്തിനു നിലവിളിക്കുന്ന കാഴ്ച ഭയാനകമാണ്. സ്മാര്‍ട്ട്സിറ്റിയും കണ്ണൂര്‍ വിമാനത്താവളവും ശബരി റെയില്‍വേയും മറ്റുമാണ് മലയാളിയുടെ വികസന സ്വപ്നത്തിന്റെ അടയാളങ്ങള്‍. വനഭൂമികള്‍ നശിപ്പിച്ചും കുന്നുകള്‍ ഇടിച്ചുനിരത്തിയും വയലുകള്‍ നികത്തിയും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ കുത്തിനിറച്ചും വായുവിലും വെള്ളത്തിലും വിഷം കലര്‍ത്തിയും നാം വികസനമെന്ന അന്ധവിശ്വാസത്തെ ആഘോഷിച്ചു.
ഇത്തരം വികസനത്തിന് നടത്തുന്ന കുടിയിറക്കലുകളും അവയുണ്ടാക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ഇടതുവലതു മുന്നണികളെ അലോസരപ്പെടുത്തിയില്ല. ആവാസവ്യവസ്ഥകള്‍ നശിച്ചാലും 'വികസനം' അഭംഗുരം തുടരണം-വ്യവസ്ഥാപിത നേതൃത്വങ്ങളും അനുയായികളും പുലര്‍ത്തുന്ന സമീപനം ഇതാണ്. മഹാഭൂരിപക്ഷം ജനങ്ങളും ഈ വഴിക്കു ചിന്തിക്കുമ്പോള്‍ തിരഞ്ഞെടുപ്പുകള്‍ മറ്റൊരു ദുരന്തനാടകത്തിന്റെ ആവര്‍ത്തനമായിത്തീരുന്നു.
ഇതിനിടയിലാണ് മൂലമ്പിള്ളിയിലെ കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധിയായി മേരി ഫ്രാന്‍സിസും മുരിയാട്ടെ ഇഷ്ടികക്കളവികസനത്തിനെതിരെ പ്രതികരിച്ച കുഞ്ഞനും അതുപോലെ മറ്റു ചിലരും വിവിധ മണ്ഡലങ്ങളില്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചത്. നിലവിലുള്ള രാഷ്ട്രീയത്തിന്റെയും സാങ്കേതികവിദ്യയുടെയും വികസന സങ്കല്പ്പങ്ങളുടെയും നിയമസംഹിതകളുടെയും യുക്തിയെ, ധാര്‍മികതയെ വിനീതമായി, എന്നാല്‍ ആധികാരികമായി ചോദ്യം ചെയ്യുന്നതാണ് ഈ സ്ഥാനാര്‍ഥിത്വങ്ങള്‍.
മൂലമ്പിള്ളിയില്‍ നിന്ന് കുടിയിറക്കപ്പെട്ട മേരി ഫ്രാന്‍സിസിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ ഈ ലേഖകനും പങ്കെടുക്കുകയുണ്ടായി. 'വികസന'ത്തിന് സ്വന്തം വീടുകളില്‍നിന്ന് പോലീസിനാല്‍ അടിച്ചിറക്കപ്പെട്ടവരുടെ മനുഷ്യാവകാശപ്രശ്നങ്ങളാണ് മേരി ഫ്രാന്‍സിസ് ഈ തിരഞ്ഞെടുപ്പിലൂടെ ഉന്നയിക്കുന്നത്. തങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍ ഇറക്കിയ ഉത്തരവുകളുമായി വന്നാണ് ഉദ്യോഗസ്ഥര്‍ തങ്ങളെ കുടിയിറക്കിയതെന്നും ബലപ്രയോഗം നടത്തി ആ ഭരണകൂട നടപടിയിലൂടെ പാത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളും വലിച്ചെറിയപ്പെടുകയുണ്ടായെന്നും മേരി ഫ്രാന്‍സിസ് പറഞ്ഞു.
2006 ല്‍ നാം ഒരു ദേശീയ പുനരധിവാസ പദ്ധതി രൂപകല്പന ചെയ്തു. അതുപക്ഷേ നടപ്പിലാക്കുവാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസത്തിനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി നര്‍മദാ കേസില്‍ (2005) പറഞ്ഞു. സത്ലജ് ജല്‍നിഗാമിന്റെ കേസിലും (2005) ഇതേ നിയമതത്ത്വം സൂചിപ്പിക്കപ്പെട്ടു. 'വികസന'ത്തിന്റെ പേരിലുള്ള ഭൂമിയേറ്റെടുക്കല്‍ പലപ്പോഴും നഗ്നനമായ മനുഷ്യാവകാശ ലംഘനങ്ങളായിത്തീരുന്നുവെന്ന് ഇന്‍ഡോര്‍ വികാസ് പ്രഥാകരണിന്റെ (2007) കേസില്‍ സുപ്രീംകോടതി നിരീക്ഷിച്ചു. ഏറ്റെടുത്ത ഭൂമിക്ക് പ്രതിഫലമായി കിട്ടിയ നാമമാത്രമായ തുകപോലും നഷ്ടപരിഹാരത്തിനായുള്ള കേസിനുതന്നെ ചെലവാക്കേണ്ടിവന്ന സാധാരണക്കാരന്റെ അനുഭവമാണ് മെഹബൂബിന്റെ കേസില്‍ (2009) സുപ്രീംകോടതിയുടെ മനഃസാക്ഷിയെ ഞെട്ടിച്ചത്.
കാലഹരണപ്പെട്ട ലാന്‍ഡ് അക്വിസിഷന്‍ നിയമമാണ് നമ്മുടേത്. അത് നമ്മുടെ കക്ഷിരാഷ്ട്രീയം പോലെ കാലഹരണപ്പെട്ടിരിക്കുന്നു. 'പൊതുവായ ആവശ്യം' എന്ന ലേബലില്‍ നടക്കുന്ന ഭരണകൂടഭീകരതയ്ക്ക് നിയമസാധുത നല്‍കുക എന്നത് മാത്രമാണ് ഇന്ന് ഈ ഫ്യൂഡല്‍നിയമം നിര്‍വഹിക്കുന്ന ദൗത്യം. നിയമത്തിന്റെ 4-ാം വകുപ്പ് പ്രകാരം, ആരുടെ ഭൂമിയും പൊതുവായ ആവശ്യത്തിന് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാറിന് തോന്നിയാല്‍, അക്വയര്‍ ചെയ്യാം. കാസര്‍കോട് ജില്ലയില്‍ ബേക്കല്‍ ടൂറിസം വികസനത്തിന് ഇങ്ങനെ അക്വയര്‍ ചെയ്യപ്പെട്ട കൃഷിഭൂമികളും പറമ്പുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്പ്പറേഷന് പിന്നീട് ഏല്പിച്ചുകൊടുത്തത് വന്‍കിട ബാര്ഹോട്ടലുകള്ക്കും റിസോര്‍ട്ട് സംരംഭകര്‍ക്കും ആയിരുന്നു. നാളിതുവരെ നാട്ടുകാര്‍ കൃഷിചെയ്ത് ഉപജീവനം നടത്തിയ ഭൂമിയില്‍ സ്വിമ്മിങ്പൂളുകളും ബാര്‍ ഹോട്ടലുകളും വരുന്ന ഈ പ്രക്രിയയെ സാധൂകരിക്കുന്ന അക്വിസിഷന്‍ നിയമം നമ്മുടെ രാജ്യത്തിനും നിയമവ്യവസ്ഥയ്ക്കും അപമാനമാണ്.
നിയമത്തിന്റെ 4, 5, 6 വകുപ്പുകളില്‍ പറയുന്ന നടപടിക്രമങ്ങളൊന്നും തന്നെ അക്വിസിഷന്‍ എന്ന വ്യാജേന നടക്കുന്ന ഭരണകൂട ഭീകരതയുടെ കാഠിന്യം കുറയ്ക്കുന്നില്ല. 17-ാം വകുപ്പനുസരിച്ച് 'അടിയന്തരാവശ്യ'ത്തിന്റെ പേരുപറഞ്ഞ് ഭൂമിയേറ്റെടുത്താല്‍ ഭരണകൂടത്തിന് കുറേക്കൂടി എളുപ്പമാണ്. 'നഷ്ടപരിഹാരം' എന്ന ഒറ്റമൂലിയിലൂടെ അക്വിസിഷന്‍ ഉയര്‍ത്തുന്ന മനുഷ്യാവകാശ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാമെന്ന വികലമായ കാഴ്ചപ്പാടാണ് ഈ നിയമത്തിന്‍േറത്.
ഇത് റദ്ദാക്കുവാന്‍ കാലമായിരിക്കുന്നു. പുതിയ അക്വിസിഷന്‍ നിയമത്തിന് രൂപം നല്കുമ്പോള് ആദ്യം പരിഗണിക്കേണ്ടത് 'വികസന'ത്തിന് ഇരയാകുന്നവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളുമാണ്. അവരുടെ തൃപ്തികരവും സമഗ്രവുമായ പുനരധിവാസം നടത്തിക്കഴിഞ്ഞാല്‍ മാത്രമേ അക്വിസിഷന്‍ നടപടികള്‍ തുടങ്ങാന്‍ പോലും പാടുള്ളൂ എന്ന് നിഷ്കര്‍ഷിക്കുന്ന വിധത്തിലാകണം. 21-ാം നൂറ്റാണ്ടിനും വരും നൂറ്റാണ്ടുകള്‍ക്കുമുള്ള ലാന്‍ഡ് അക്വിസിഷന്‍ നിയമം.
വരും നൂറ്റാണ്ടുകള്‍ക്കുവേണ്ടിയുള്ള നിയമം പോലെ പ്രധാനമാണ് വരുംകാലങ്ങള്‍ക്കായുള്ള രാഷ്ട്രീയവും. പരമ്പരാഗത രാഷ്ട്രീയം അവസാനിക്കുന്നിടത്താണ് പരിസ്ഥിതി രാഷ്ട്രീയം ആരംഭിക്കുന്നത്. കേരളം പോലെ പാരിസ്ഥിതികമായി ദുര്‍ബലമായിക്കഴിഞ്ഞ പ്രദേശത്തിന് ഇനിയും 'വികസിക്കാന്‍' സാധ്യമല്ല. പരിമിതമായ പ്രകൃതിയില്‍ അപരിമിതമായ വികസനവും അനന്തമായ വളര്‍ച്ചയും സാധ്യമല്ല. ഇനിയും നമുക്ക് ഇടിച്ചുകളയാന്‍ കുന്നുകളില്ല; നികത്തുവാന്‍ വയലേലകളില്ല. നശിപ്പിക്കുവാന്‍ കാടുകളും ഇല്ല.
ബാക്കിയുള്ള ആവാസ വ്യവസ്ഥകളെയും ജൈവവ്യൂഹങ്ങളെയും പരിരക്ഷിക്കുക. കുറഞ്ഞ പ്രകൃതി ചൂഷണത്തിലൂടെ എങ്ങനെ കൂടുതല്‍ സന്തോഷവും സ്വാസ്ഥ്യവും നേടാന്‍ കഴിയും എന്നാലോചിക്കുക- ഇതെല്ലാമാണ് വരാന്‍ പോകുന്ന കാലത്തിന്റെ രാഷ്ട്രീയ അജന്‍ഡകള്‍. ജര്‍മനിയിലെ ഗ്രീന്‍ പ്രസ്ഥാനക്കാര്‍ പറയുമായിരുന്നു. ''ഞങ്ങള്‍ ഇടത്തല്ല; വലത്തുമല്ല, മുന്‍പോട്ടു നീങ്ങുന്ന പക്ഷമാണ്'' എന്ന്. കാലഹരണപ്പെട്ട ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും പകരമായി ''ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുകയും'' ചെയ്യുന്ന ചെറുഗ്രൂപ്പുകള്‍ ഇനിയെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും ഇടപെടുകതന്നെ വേണം.
ഇത് ഒരു ആഗ്രഹചിന്തയല്ല; മറിച്ച് സംസ്ഥാനത്തിന്റെ അനിവാര്യതയാണ്. 'വികസന'ത്തിന്റെ ഇരകള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ പുതിയൊരു 'വിക്ടി മോളജി' സൃഷ്ടിച്ചിരിക്കുന്നു. 'വികസനം' പുതിയ പാരിസ്ഥിതിക ഇരകളെ ഉണ്ടാക്കിയിരിക്കുന്നു. ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമിടയില്‍ പാരിസ്ഥിതികമായ വര്‍ഗസമരങ്ങള്‍ അദൃശ്യമെങ്കിലും ശക്തമായി ഉരുത്തിരിഞ്ഞുവരുന്നു. അതുകൊണ്ട് കുഞ്ഞനും മേരി ഫ്രാന്‍സിസും നാളെയുടെ രാഷ്ട്രീയത്തിന്റെ ചെറുതെങ്കിലും പ്രസക്തമായ സൂചനകളാകുന്നു.
മാതൃഭൂമിയില്‍ വന്ന ലേഖനം
8 comments:
ഈയടുത്തായി സെന്‍സേഷണല്‍ പത്രപ്രവര്‍ത്തനം മാത്രം ചെയ്യുന്നതിനിടക്ക് മാതൃഭൂമിയില്‍ ഇത്തരത്തില്‍ കനമുള്ള ലേഖനങള്‍ ഇടക്കു വരുന്നതില്‍ സന്തോഷമുണ്ട്.
മഅദനിയേയും, സൂഫിയയേയും തല്ലിപ്പഴുപ്പിക്കുന്നതിനിടക്ക് മാതൃഭൂമിയില്‍ വന്ന ഒരു നല്ല ലേഖനം. അഭിവാദ്യങള്.
സത്യത്തില്‍ കാളിശ്വരം രാജിന്റെ ലേഖനം മികച്ചതാണ്. പക്ഷേ അത് വന്ന സമയമാണ് പ്രശ്നം. മൂലമ്പള്ളിക്കാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടി എഴുതിയ ലേഖനം പോലെ എനിക്ക് തോന്നി. അതിനുള്ള കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
മൂലമ്പള്ളിയിലെ ജനങ്ങള്‍ക്ക് 50000 രൂപ സെന്റിന് നല്കി ഇറങ്ങിപ്പോകാന്‍ നോട്ടിസ് കിട്ടിയിരുന്ന കാലത്ത് നമ്മുടെ നാട്ടിലെ സോഷ്യല്‍ ആക്റ്റിവിസ്റ്റുകള്‍ അവരോട് പറയുന്നു നിങ്ങള്‍ ഇറങ്ങിക്കൊടുക്കരുത്. നിങ്ങളെ ഇറക്കിവിടാന്‍ പറ്റിയ ഒരു നിയമവും ഇവിടെ ഇല്ല. നിങ്ങള്‍ കോടതിയില്‍ പോകൂ സമരം ചെയ്യൂ എന്നൊക്കെ അവരോട് പറയുന്നു.
പുനരധിവാസം ഉറപ്പു വരുത്തതെ ആരെയും കുടിയൊഴിപ്പിക്കാന്‍ നിയമമില്ല എന്നൊക്കെ ഉള്ള ഉപദേശം വിശ്വസിച്ച് അവര്‍ സമരം തുടങ്ങുകയും കേസ് നടത്തുകയും ചെയ്തു. സമരം ചെയ്യുന്ന പുരുഷന്മാര് ഏര്‍ണ്ണാകുളത്ത് ജാഥ നടത്തുമ്പോള്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലേക്ക് JCB ഇരച്ചു കയറുന്നു. പൊളിക്കല്‍ എല്ലാം ഭംഗിയായി നടക്കുന്നു
കൈക്കുഞ്ഞുങ്ങളുമായി രാത്രിയില്‍ വഴിയാധാരമായി നില്ക്കുന്നവരോട് വേണമെങ്കില്‍ പുറമ്പോക്കില്‍ കുടില്‍ക്കെട്ടി കഴിഞ്ഞോ എന്ന് കളക്ടര്‍ ഏമാന് മുഹമ്മദ് ഹനീഷ്. ഏതു വലിയ മുനുഷ്യാവകാശ ലംഘനവും സഹിക്കാന്‍ പറ്റാത്ത ചാനലുകളില്‍ 9 മണിക്കത്തെ ന്യൂസ് അവരില്‍ രണ്ടാമത്തെ ഇനമായി മൂലമ്പള്ളി സംഭവം ഒതുങ്ങി. മംഗളവും മാധ്യമവും മാത്രം ഈ വിഷയം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഇന്ന് മുതലക്കണ്ണീര് പൊഴിക്കുന്ന ഒരു കോര്‍പ്പറേറ്റ് മാധ്യമങ്ങളും തിരിഞ്ഞ് നോക്കിയില്ല. സെബാസ്റ്റ്യന്‍ പോള്‍ M.P യോ കെ.വി. തോമസ് MLA യോ കണ്ടില്ല. പിറ്റെന്ന് കേസ് കോടതിയുടെ പരിഗണനയില്‍. ഒരു അനുകൂല വിധിയും ഉണ്ടായില്ല. വിധിക്കെതിരെ ഒരു അഡ്വക്കറ്റ് സിംഹങ്ങളും ഒന്നും മിണ്ടിയില്ല. വഴിയാധാരമായവര്‍ മേനക ജംഗഷനില്‍ സമരപ്പന്തല്‍ തുറന്ന് അവിടെ കഞ്ഞി വച്ച് കുടിച്ച് കിടന്നുൂരു മാസത്തോളം. സ്ഥലത്തില്ലാതിരുന്ന മുഖ്യന് മൂലമ്പള്ളിയിലെ നക്സലേറ്റുകളെക്കുറിച്ച് വാചലാരായി.. അവസാനം റവന്യൂ മന്ത്രി മാപ്പ് പറഞ്ഞു. പുനരധിവാസം നല്‍കാമെന്ന് പറഞ്ഞു. അന്നൊന്നും ഒരു കാളിശ്വരം രാജിനേയും ഒരിടത്തും കണ്ടില്ല.
കിരണ്‍ പറഞ്ഞത് ശരി ആണ് . പക്ഷെ ഒരു നല്ല ലേഖനം എപ്പോ വന്നാലും നമുക്ക് അഭിനന്ദിക്കമല്ലോ. നമ്മുടെ വികസന സന്കല്പതിലേക്ക് ഒരു തിരുത്ത് ആയി ആ ലേഖനം എനിക്ക് അനുഭവപ്പെട്ടു. അത്രയേ ഉള്ളൂ.
കിരണിന്റെ അഭിപ്രായം യുക്തി സഹമല്ല. ഇപ്പോള്‍ യു ഡിഎഫാണു ഭരിച്ചിരുന്നതെങ്കില്‍ കിരണ്‍ ഇത് പറയുമായിരുന്നില്ല.
ജനങ്ങളെ ബാധിക്കുന്ന പ്രശ്നം തെരഞ്ഞെടുപ്പു സമയത്തല്ലാതെ പിന്നെ എപ്പോഴാണവോ വരേണ്ടത്? ഉത്തരവാദപ്പെട്ടവര്‍ ജനങ്ങളുടെ പ്രശ്നം യധാസമയത്ത് പരിഹരിച്ചില്ലെങ്കില്‍ ഇതൊക്കെ സം ഭവിക്കാം. മൂലമ്പിള്ളിക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സാമൂഹ്യാവബോധമുള്ളവര് പ്രസക്തമായ പ്രശ്നങ്ങള്‍ അവതിരിപ്പിക്കും. പിന്നെ മാധ്യമ സിന് ഡിക്കേറ്റിലൂടെ മാത്രം ചിന്തിക്കാന്‍ പഠിച്ചവര്‍ ക്കൊന്നും ഇത് ഇഷ്ടമാകില്ല. തെങ്ങിന്റെ മണ്ടയില്‍ വ്യവസയം വരില്ല എന്നു പറയുന്ന മന്ത്രിമാരുടെ വിഴുപ്പ് പേറുന്നവര്‍ക്ക് ഇതൊന്നും ദഹികില്ല.
മൂലമ്പിള്ളി പ്രശ്നം എല്ലവരും കൂടെ കുട്ടിച്ചോറാക്കിയതാണ്. വികസനത്തിനു സ്ഥലം വേണം. കേരളം പോലുള്ള ജനസാന്ദ്ര പ്രദേശത്ത് സ്ഥലമെടുപ്പ് എന്നും പ്രശ്ന സങ്കീര്‍ണ്ണമായിരുന്നു. ഒരു സമവായത്തിലൂടെ അത് ചെയ്യുന്നതാണഭികാമ്യം . പരിഹരിക്കാത്ത പ്രനങ്ങള് കുത്തിപ്പൊക്കാന്‍ അളുകളുണ്ടാകും . അരാജകവാദികളയ നക്സലൈറ്റുകള്‍ അതിനു തക്കം പാര്‍ത്തിരിക്കുകയാണ്.
ഇതൊക്കെ വലിയ വായില്‍ പറയുമെന്നല്ലാതെ... എറണാകുളത്തെ ഗതാഗതക്കുരുക്കില്‍ പെടുമ്പോള്‍ ഈ കാളീശ്വരം രാജും പറയും " ഈ റോഡിന്റെ വീതിയെങ്കിലും ഒന്നു് കൂട്ടിയിരുന്നെങ്കില്‍ " എന്നു്.
അപ്പോള്‍ വികസനമല്ല യഥാര്‍ത്ഥ പ്രശ്നം. കഴിവും ആത്മാര്‍ത്ഥതയുമുള്ള ഭരണകൂടമോ അതിന്റെ അഭാവമോ ആണു്.
ചില മുന്‍കാല കാലിദാസ മൂലമ്പള്ളി ചിന്തകള്‍ മാരിചന്റെ പൊസ്റ്റില്‍ കാളിദാസന് പന്ടെഴുതിയത് താഴെ നല്കിയിരിക്കുന്നു .
മൂലമ്പിള്ളിയില്‍ വി എസ് പ്രത്യേകിച്ചൊന്നും ചെയ്തില്ല. വികസനത്തിനു സ്ഥലം വേണം . കേരളം പോലുള്ള ജനസാന്ദ്രമായ സം സ്ഥാനത്തു സ്ഥലമെടുക്കുക ദുഷ് കരമാണ്. ന്യായമായ പ്രതിഫലം കൊടുത്താണതു ചെയ്തത്. സ്ഥലമെടുക്കാനേ പാടില്ല എന്ന തരത്തില്‍ അവിടെ നക്സല്‍ പ്രസ്ഥാനങ്ങള്‍ ആളുകളെ ഇളക്കി വിട്ടു എന്ന സത്യം മാരീചനു കാണാന്‍ പറ്റാത്തതും മനസിലാകും . കുറ്റം മുഴുവന്‍ നക്സലുകളുടെ തലയില്‍ വി എസ് കെട്ടിവച്ചൊന്നുമില്ല. നക്സലുകള്‍ അവിടെ കുഴപ്പ്മുണ്ടാക്കുന്നു എന്നേ വി എസ് പറഞ്ഞുള്ളു. അത് സംസ്ഥാന പോലീസിന്റെ ഇന്റലിജെന്റ്സ് റിപ്പോര്‍ട്ട് അടിസ്ഥനമാക്കിയാണു താനും .
വി എസ് പറഞ്ഞതിനേക്കുറിച്ച് അഭിപ്രായം സ്വരൂപിക്കാന്‍ ഒരു വക്കീലിന്റെയും സഹായം വേണ്ട. പക്ഷെ അല്‍പ്പം സാമാന്യബോധത്തിന്റെ സഹായം നിശ്ചയമായും ആവശ്യമുണ്ട്.
മൂലമ്പള്ളിയില്‍ ഭൂമി ഏറ്റെടുത്തത് വല്ലാര്‍ പാടം റ്റെര്‍മിനലിലേക്ക് റോഡ് നിര്‍മ്മിക്കാനാണ്. ബഹു ഭൂരിപക്ഷം ആളുകളും ഒഴിഞ്ഞുപോകാന്‍ തയ്യാറായി അവിടെ. ഏതെങ്കിലും മാഫിയകള്‍ക്ക് ഊഹകച്ചവടത്തിനോ മറ്റെന്തെങ്കിലും അവശ്യത്തൊനോ ആ ഭൂമി ഉപയോഗിക്കുകയാണെങ്കില്‍ മാരീചന് അരോപിക്കുന്നതില് എന്തെങ്കിലും കഴമ്പുണ്ടായേനേ.
നന്ദിഗ്രാമിലും സിങ്കൂരിലും സംഭവിച്ചതല്ല മൂലമ്പള്ളിയില്‍ സംഭവിച്ചത്. സിങ്കൂരും നന്ദിഗ്രാമും ഉദാരവല്‍ക്കരണത്തിന്റെ ഇരകളാണ്. വല്ലാര്‍പാടം റ്റെര്‍മിനല്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത പദ്ധതിയാണ്. ആ പദ്ധതി ഉപയോഗപ്പെടുത്തണമെങ്കില്‍ അവിടേക്ക് റോഡു വേണം . വായുവില്‍ കൂടി റോഡ് പണിയാനാവില്ല. അതിനു ഭൂമി വേണം .ആളുകളെ കുടിയൊഴിപ്പിച്ചേ പറ്റൂ. എറണാകുളത്ത് ഭൂമി കിട്ടുന്ന വിലക്ക് അവിടെ ഭൂമി ഏറ്റെടുക്കാന്‍ പറ്റിയെന്നു വരില്ല. അതു കൊണ്ടാണ്, വേറെ സ്ഥലത്തു പുനരധിവസിപ്പിക്കാമെന്നു സര്‍ക്കാര്‍ പറഞ്ഞത്. പക്ഷെ കുറേപ്പേര്‍ക്ക് അതു സ്വീകാര്യമായിരുന്നില്ല. അവരുടെ പിന്നില്‍ പ്രവര്ത്തിച്ചവരേപ്പറ്റിയാണ്, വി എസ് സൂചിപ്പിച്ചതും . ന്യായമായ വില നല്കി പൊതു ആവശ്യത്തിന്, ഭൂമി ഏറ്റെടുക്കാമെന്ന്, ലീലാവതി ടീച്ചറുടെ കേസില്‍ കേരള ഹൈ ക്കോടതി അഭിപ്രായപ്പെട്ടതാണുതാനും .ഭൂരിപക്ഷം ആളുകള്‍ക്കും സ്വീകാര്യമായ വിലയാണ്, മാന്യമായ വില.
സ്മാര്‍ട്ട് സിറ്റി പ്രദേശത്തിനടുത്ത് എളുപ്പത്തില്‍ ആവശ്യത്തിനു ഭൂമി കിട്ടാനുണ്ട്. മൂലമ്പിളിക്കടുത്ത് അങ്ങനെ ഭൂമി കിട്ടാനില്ല. മാര്‍കറ്റ് വില കൊടുത്ത് സര്‍ക്കാരിനു വാങ്ങുക നടക്കുന്ന കാര്യവുമല്ല.
പൊതു ആവശ്യത്തിനു വേണ്ടി സ്ഥലം വിട്ടു കൊടുക്കുക എന്നത് ദേശസ്നേഹത്തിന്റെയും പ്രശ്നം കൂടിയാണ്. നാട്ടുമ്പുറങ്ങളില്‍ ഒരു പുതിയ റോഡിനു വേണ്ടി ആളുകള്‍ ഭൂമി വിട്ടു കൊടുക്കുന്നത് വളരെ സാധാരണമാണ്. മൂലമ്പള്ളിയില്‍ വെറുതെ കൊടുക്കണ്ട, ന്യായമായ പ്രതിഫലം കൊടുക്കാം എന്നു പറഞ്ഞു. ആ പ്രതിഫലം ഭൂരിപക്ഷത്തിനു സ്വീകാര്യമായിരുന്നു. കുറച്ചു പേര് പിന്നെയും എതിര്‍ത്തു അതാണ്, മൂലമ്പള്ളിയില്‍ നടന്നത്. ഇത് കിരണിന്, ഏതു തരത്തില്‍ വേണമെങ്കിലും വ്യഖ്യാനിക്കാം .
കാളിദാസ ചിന്തകള്‍ക്ക് അന്ന് ഞാന്‍ നല്കിയ മറുപടി ചുവടേ ചേര്‍ക്കുന്നു.
എന്താണ് മൂലമ്പള്ളിയില്‍ സംഭവിച്ചത് സര്‍ക്കാര്‍ നല്കുന്ന തുഛമായ നഷ്ടപരിഹാരത്തുക കൊണ്ട് അവര്‍ക്ക് ഏര്ണ്ണാകുളത്തോ പരിസര പ്രദേശങ്ങളിലോ വീട് വച്ച താമസിക്കാനകില്ല. മാന്യമായ വില ലഭിച്ചാല്‍ അവരെല്ലാവരും മാറി താമസിക്കാന്‍ തയ്യാറായിരുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ പദ്ധതി പ്രദേശത്തിന്റ സമീപം 4 മുതല്‍ 6 സെന്റ വരെ നല്‍കിയാണ് അവസാനം പ്രശനം തീര്‍ത്തത് അതും നിരന്തര സമരത്തിന്റ ഭാഗമായി സമാനമായ ഒരു പുനരധിവാസ പാക്കേജ് മാത്രമേ മൂലമ്പള്ളിക്കാര്‍ ആവശ്യപ്പെട്ടൊള്ളൂ എന്നാല്‍ യാതോരു ദയയും കൂടാതെ അവരുടെ വീടുകള്‍ ഇടിച്ച് പൊളിക്കുകയാണ് ജില്ല ഭരണകൂടം ചെയ്തത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ പെരുവഴിയില്‍ നിന്ന് ഈ രാത്രി ഞങ്ങള്‍ എവിടെ ഉറങ്ങും എന്ന് ചോദിച്ചപ്പോള്‍ പുറമ്പോക്കില്‍ കുടില്‍കെട്ടി താമസിക്കൂ എന്നായിരുന്നു കലകടര്‍ ഏമാന്റ മറുപടി. അവരുടെ സമരം ഏറ്റെടുക്കാന്‍ SUCI ക്കാരും കത്തോലിക്ക സഭക്കാരും കൈകോര്‍ത്തു. ഇവരുടെ നേരെയാണ് സഖാവ് VS ഈ സമരത്തിന് പിന്നില്‍ നക്സലേറ്റുകളാണ് എന്ന് പറഞ്ഞത്. പിന്നീട് നിരന്തര സമരത്തിന് ശേഷമാണ് അവര്‍ക്ക് താമസത്തിന് ഭൂമി പതിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഈ പാത ടാറ്റയുടെ സ്ഥലത്തുകൂടി വെട്ടണം എന്ന് പറഞ്ഞ് നടന്ന സമരത്തില്‍ പങ്കെടുത്ത് മൈലേജ് ഉണ്ടാക്കിയ ആളാണ് VS എന്ന് മറക്കരുത്
Post a Comment