Friday, June 5, 2009

മരണത്തിലും വിസ്മയിപ്പിച്ച അമ്മയുടെ ഓര്‍മയില്‍ നാലപ്പാട്ടെ കുടുംബം


വാക്കുകള്‍ കൊണ്ട് വിഭ്രാന്തികള്‍ സൃഷ്ടിച്ച മലയാളത്തിന്റെ എഴുത്തമ്മ, മക്കള്‍ക്കെന്നും വിസ്മയം പകര്‍ന്ന വിളക്കായിരുന്നു. മക്കളെ അതിരുകളില്ലാത്ത സ്വാതന്ത്യ്രം പഠിപ്പിച്ച അമ്മ. ആ അമ്മയുടെ മരണവും അവസാന യാത്രയും അവരെ വല്ലാതെ വിസ്മയിപ്പിച്ചു. അതിന്റെ വൈകാരികമായ ഓര്‍മകളിലാണ് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ കൂട്ടിന് അമ്മയില്ലാത്ത ആദ്യരാത്രി അവര്‍ പിന്നിട്ടത്. അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കാനായി എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയെന്ന് കമല സുറയ്യയുടെ മൂത്ത മകന്‍ എം.ഡി നാലപ്പാടും ഭാര്യ ലക്ഷ്മിയും ഒരുപോലെ പറയുന്നു. 'മരിച്ചാല്‍ കേരളത്തില്‍ സംസ്കരിക്കുക, അത് ഇപ്പോള്‍ വിശ്വസിക്കുന്ന മതാചാര പ്രകാരമാവുക'. ഈ രണ്ട് വാക്കും ഞങ്ങള്‍ പാലിച്ചു. പള്ളിയില്‍ അടക്കരുത്, കേരളത്തില്‍ വേണ്ട, വിവാദങ്ങളുണ്ടാകും, വിമര്‍ശങ്ങള്‍ വരും എന്നൊക്കെ മരിച്ചപ്പോള്‍ പലരും ഫോണില്‍ വിളിച്ചു പറഞ്ഞു. ഉന്നത വ്യക്തികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും വരെ അത് പറഞ്ഞു. എന്നാല്‍ അമ്മയുടെ ആഗ്രഹത്തിന് എതിരു നില്‍ക്കാനാവില്ലെന്ന ഉറച്ച നിലപാടില്‍ നിന്ന് പിന്‍മാറിയില്ല. അതിന്റെ പേരില്‍ വരുന്ന വിവാദങ്ങള്‍ നേരിടാന്‍ തന്നെ തീരുമാനിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ വിവാദങ്ങളുമില്ല, ഫോണ്‍ വിളിച്ചവരുമില്ല. കേരളീയരും മുസ്ലിം സമൂഹവും ഞങ്ങള്‍ക്ക് വലിയ സ്വീകരണമാണ് നല്‍കിയത്. വയലാര്‍ രവി,ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍ തുടങ്ങി അമ്മയുടെ പഴയ സംഘം മുഴുവന്‍ എത്തി. മന്ത്രി ബേബിയാണ് ഏറ്റവും സഹായമായത്. പൂനെയില്‍ രണ്ടുതവണ വന്നിരുന്നു. എന്നാല്‍ അമ്മക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന എ.കെ ആന്റണി മാത്രം വന്നില്ല. പല തവണ ആന്റണിയെ കാണണമെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം രണ്ടുതവണ അറിയിക്കുകയും ചെയ്തിരുന്നു. പൂനെയില്‍ വന്നിട്ടുപോലും കാണാനെത്തിയില്ല. അവസാന നാളില്‍ പലതവണ ആന്റണിയെ കാണണമെന്ന് അമ്മ പറഞ്ഞിരുന്നു. തിരക്കുകാരണമാകാം അദ്ദേഹത്തിന് വരാന്‍ കഴിയാതിരുന്നത്. എന്നാലും അമ്മയെ അത് ഏറെ വേദനിപ്പിച്ചു; ഞങ്ങളെയും. മുസ്ലിം സമൂഹത്തിന്റെ സമീപനവും വിസ്മയിപ്പിക്കുന്നതായിരുന്നു. അമ്മയെ ഒടുവില്‍ അവര്‍ക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്നായിരുന്നു കരുതിയത്. ചൊവ്വാഴ്ച രാവിലെ പാളയം ജുമാമസ്ജിദില്‍ കയറി അഞ്ചുമിനിട്ടിനകം ഞങ്ങളുടെ മനസ്സിലെ എല്ലാ ആധിയും ആശങ്കയും തീര്‍ന്നു. അവര്‍ക്കൊപ്പം ഞങ്ങള്‍ തന്നെയാണ് എല്ലാം ചെയ്തത്. അമ്മയെ അവസാനമായി കുളിപ്പിക്കാന്‍ ലക്ഷ്മിയും ജയസൂര്യയുടെ ഭാര്യ ദേവിയും അവരുടെ മക്കളുമുണ്ടായിരുന്നു. മരണാനന്തര ചടങ്ങുകളിലെല്ലാം മുഖ്യ പങ്കുവഹിച്ചത് ആദ്യത്തെ അനുഭവം തന്നെ. എന്നാല്‍ അന്യരുടെ ചടങ്ങായി അതൊട്ടും അനുഭവപ്പെട്ടില്ലെന്ന് നാലപ്പാട് പറയുന്നു: 'സഹാനുഭൂതിയും ദയയും കാരുണ്യവുമാണ് യഥാര്‍ഥ ദൈവ വിശ്വാസം. അതിലൊന്നില്ലാതായാല്‍ വിശ്വാസം നഷ്ടപ്പെടും. ചൊവ്വാഴ്ച കണ്ടത് ഇതു മൂന്നും മാത്രമാണ്'. ഇസ്ലാം ലോകത്ത് ഏറെ വ്യാപിക്കുമെന്നും അത് സമാധാനത്തിലൂടെ ആയിരിക്കുമെന്നും അമ്മ പറഞ്ഞിരുന്നു. ഇസ്ലാമില്‍ താന്‍ സ്വതന്ത്രയായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഈ മൂന്ന് പ്രവചനങ്ങളും യാഥാര്‍ഥ്യമാകുന്നതെങ്ങനെയെന്ന് പാളയത്ത് നേരിട്ട് കണ്ടു. ഇതില്‍ ഞങ്ങളുടെ നിലപാടും അനുഭവവുമല്ല പ്രശ്നം. ഈ ചടങ്ങുകള്‍ ഒരുപാട് പേരുടെ കണ്ണുതുറപ്പിച്ചു. കേരളത്തിനത് വലിയ സന്ദേശമാണ് നല്‍കിയത്. എത്രയോ കടുത്ത യാഥാസ്ഥിതികര്‍ ഇത് കണ്ട് അത്ഭുതപ്പെട്ടു. മതങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം മേല്‍ നാം ചില ലേബല്‍ അടിച്ചുവച്ചിരിക്കുകയാണ്. അതനുസരിച്ചാണ് പിന്നീട് പ്രവര്‍ത്തിക്കുന്നത്. പാളയം പള്ളി മതമൌലികവാദികളുടെ കേന്ദ്രമാണ് എന്നുവരെ ഞായറാഴ്ച ചിലര്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. മുസ്ലിംകളില്‍ തന്നെയുണ്ട് ഇത്തരം ലേബലുണ്ടാക്കുന്നവര്‍. ഇതെല്ലാം തെറ്റായിരുന്നെന്ന് ഇപ്പോള്‍ നേരിട്ടറിഞ്ഞു. ലേബലുകളിലല്ല വിശ്വസിക്കേണ്ടത്. എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തികഞ്ഞ സമാധാനവും സംതൃപ്തിയുമുണ്ട്. അമ്മയുടെ മരണം തന്നെ സവിശേഷമായിരുന്നു. അവസാന സമയത്തും അമ്മ വേദന അനുഭവിച്ചില്ല. ചോദിച്ചപ്പോള്‍ ചില വിഷമങ്ങളുണ്ടെന്ന് പറഞ്ഞു. അവരപ്പോള്‍ വലിയ ശാന്തത അനുഭവിച്ചിരുന്നു. പൊടുന്നനെയാണ് പള്‍സ് നിന്നത്. സാധാരണ അത് കുറഞ്ഞുകുറഞ്ഞു വരികയാണ് ചെയ്യുക. അമ്മക്ക് പെട്ടെന്ന് നിന്നു. ഇപ്പോള്‍ പലരും പുതിയ കഥകള്‍ മെനയുകയാണ്. മരിച്ചിട്ടും അമ്മയെക്കുറിച്ച കഥകള്‍ തീരുന്നില്ല. തിങ്കളാഴ്ച രാത്രി ഞങ്ങള്‍ രഹസ്യമായി പൂജ നടത്തിയെന്ന് വരെ പറഞ്ഞു. അങ്ങനെയെങ്കില്‍ ഞങ്ങള്‍ പരസ്യമായി തന്നെ പൂജ ചെയ്യുമായിരുന്നു. കെട്ടുകഥകള്‍ സൃഷ്ടിച്ച വേദനയില്‍ നാലപ്പാട് പറഞ്ഞു.

4 comments:

കാണി said...

ഞാന്‍ ഇതു പോസ്റ്റ് ചെയ്യൂന്നത് ഇസ്ലമിനോ ഇസ്ലാമിന്റെ വിശ്വാസികള്‍ക്കോ ഉള്‍പുളകം കൊള്ളാനല്ല. മറിച്ച് ഒരാളുടെ മരണത്തിലും വിവാദങള്‍ സൃഷ്ടിക്കുന്ന ദുഷ്ട ബുദ്ധിക്കാരറിയാനാണ്‌. ഒരു പക്ഷെ ഇസ്ലാമിന്റെ പേരിലും പലരും വിവാദങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാം. അവരുടെ അവികസിത മനസ്സുകളും അറിയണം തങള്‍ ഇപ്പോഴും പാതാളത്തിലെ കിണറ്റില്‍ തന്നെയാണെന്ന്.
സാംസ്കാരിക മാന്യന്മാരും അറിയണം, തങള്‍ എത്ര അനീതി പരമായിട്ടാണ്‌ കാര്യങളെ സമീപിക്കുന്നതെന്ന്. തങല്‍ ഇഷ്ടപ്പെടാത്തതെല്ലാം ചീത്ത എന്ന ശുശ്ക മനസ്കര്‍ക്കും മനസ്സിലാവണം.

ശാന്ത കാവുമ്പായി said...

മതത്തി൯റേയു൦ വിശ്വാസത്തി൯റേയു൦ പേരിലുള്ള കോലാഹല൦ വെറുതെയെന്ന് ഒരിക്കല്ക്കൂടി
മാധവിക്കുട്ടി തെളിയിച്ചിരിക്കുന്നു•

shahir chennamangallur said...

മതവും വിശ്വാസവും മനുഷ്യന്റെ ജീവ വായുവാണ്‌. മനുഷ്യനെ നന്മയുടെ വഴിയില്‍ കൈ പിടിച്ച് നടത്താനാണ്‌ താന്താങളുടെ വിശ്വാസം പ്രാപ്തരാക്കേണ്ടത്. മറിച്ച് അതു പരസ്പര പോരടിക്കാനും ശത്രുത ജനിപ്പിക്കാനും ആണ്‌ കാരണമാവുന്നതെങ്കില്‍, നാം നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലേക്ക് ഒരു തിരിഞു നോട്ടം നടത്തേണ്ടതുണ്ട്.
ആമിയുടെ മരണം സഹിഷ്ണുതയുടെ പുതിയ ലോകം തുറന്നു. അമ്മ മുസ്ലിം വിശ്വാസിയും മക്കള്‍ ഹിന്ദു വിശ്വാസികളുമായിരിക്കെ തന്നെ, ഒരു പള്ളിയില്‍ അമ്മയുടെ വിശ്വാസ പ്രമാണമനുസരിച്ച് അന്ത്യ യാത്ര നല്‍കാനാവുമെന്ന് ആമി തെളിയിച്ചിരിക്കുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

..മരണത്തിലും ചോരയുടെ രുചി കൊതിക്കുന്നവര്‍ക്കിടയില്‍ കണ്ട ഈ നല്ല മനസ്സിന് നന്ദി...