Sunday, January 16, 2011

ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍

Published on മാധ്യമം.
സി. ദാവൂദ്
2007 ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജഡക്കൂമ്പാരത്തില്‍ നിന്നുയരുന്ന രൂക്ഷഗന്ധം താങ്ങാന്‍ അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാകിസ്താനിലെയും ഇന്ത്യയിലെയും ബന്ധുക്കളുടെ അലര്‍ച്ചകള്‍ അവരുടെ കണ്ഠനാളങ്ങളില്‍ തന്നെ ഉടക്കി നിന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴഞ്ഞു. രാജ്യവും ലോകവും സ്തബ്ധമായി.
അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള ജനങ്ങള്‍ ആയുസ്സില്‍ വല്ലപ്പോഴുമൊക്കെയാണ് ദശാബ്ദങ്ങള്‍ മുമ്പ് വേര്‍പിരിഞ്ഞുപോയ ബന്ധുക്കളെ കാണാന്‍ വരുന്നതും സ്‌നേഹം പങ്കുവെച്ച് പിരിഞ്ഞുപോകുന്നതും. അത്തരം കൂടിച്ചേരലുകളെയും സമാഗമങ്ങളെയും ആഹ്ലാദപൂര്‍വം പേറി ഓടുന്ന പുകവണ്ടിയാണ് സംഝോത. പക്ഷേ, ഈ ആകുലതകളും വൈകാരികതകളുമൊന്നും ഗവേഷണ വീരന്മാരായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് വിഷയമേ ആയിരുന്നില്ല. അവര്‍ അടുത്തദിവസം മുതല്‍ ഗമണ്ടന്‍ 'ഇന്‍വെസ്റ്റിഗേറ്റിവു'കള്‍ വീശിത്തുടങ്ങി.
മുന്‍ എസ്.എഫ്.ഐ ദേശീയ തലൈവര്‍ എന്‍.റാമിന്റെ 'ദ് ഹിന്ദു' മുതല്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്രയുടെ 'ദ് പയനിയര്‍' വരെ എല്ലാവരും അച്ചുനിരത്തി-ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഹുജി', ഇന്ദോറിലെ സിമി പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ച സ്‌ഫോടനമാണിത്. 'മനോരമ'യിലെയും 'മാതൃഭൂമി'യിലെയും 'കോപ്പി എഡിറ്റര്‍മാര്‍' അതെല്ലാം വാഗ്ശുദ്ധിയോടെ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് വിളമ്പിത്തന്നു.
അതെല്ലാം വായിച്ച രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മുസ്‌ലിം ചെറുപ്പക്കാരെ പൊക്കിയെടുത്ത് കൊണ്ടുപോയി ഉരുട്ടാനും ഗരുഡന്‍ തൂക്കാനും തുടങ്ങി. അവരുടെ ചോരയും ചലവും തെറിച്ച പൊലീസ് സ്‌റ്റേഷന്‍ ചുമരുകള്‍ ദേശസ്‌നേഹത്താല്‍ വിജ്യംഭിതമായി. പ്രതികളെ അതിവേഗം പിടികൂടിയ പൊലീസുദ്യോഗസ്ഥരെ ശ്ലാഘിക്കാന്‍ പത്രാധിപമേലാളന്മാര്‍ മുഖപ്രസംഗങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.അങ്ങനെ 'ഹുജി ബന്ധ'മുള്ള മുസ്‌ലിം ചെറുപ്പക്കാര്‍ മാംസവും അസ്ഥിയും വേര്‍പിരിയുന്ന തരത്തിലുള്ള പീഡന പര്‍വങ്ങളിലൂടെ കടന്നുപോവുകയും 'ദേശീയബോധ'മുള്ള മുസ്‌ലിം സംഘടനകളും അതിന്റെ തടിമാടന്മാരായ യുവനേതാക്കളും 'തീവ്രവാദ'ത്തിനെതിരായ കാമ്പയിന്‍ നടത്തി ക്ഷീണിച്ചിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ബഹുമാനപ്പെട്ട അസിമാനന്ദ സ്വാമിജി എന്ന ആര്‍.എസ്.എസ് ആത്മീയ നേതാവ് അവതരിക്കുന്നത്. അദ്ദേഹം പറഞ്ഞതും വിസ്തരിച്ചതുമെല്ലാം ഇന്ന് നമ്മുടെ മുന്നിലുണ്ട്. പക്ഷേ, അന്ന് ഹുജിയെക്കുറിച്ചും സിമിയെക്കുറിച്ചും 'ഇന്‍വെസ്റ്റിഗേഷന്‍' ഇറക്കിയവരും അത് കോപ്പിയടിച്ചവരും ഇപ്പോള്‍ മിണ്ടാത്തതെന്താണ്?
അസിമാനന്ദജിയുടെ കുറ്റസമ്മതമൊഴി വാര്‍ത്തയായ ദിവസം മലയാളത്തിന്റെ ദേശീയ പത്രം ഉള്‍പ്പേജിലെ ഒരു കുഞ്ഞുകോളത്തിലൊതുക്കി ആ വാര്‍ത്ത. അപ്പോഴും അങ്ങനെയൊരു മൊഴിയുള്ളതായി അവര്‍ക്ക് നിശ്ചയമില്ല-'മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു'; അത്ര മാത്രം.ഓര്‍മയുണ്ടോ, ഏതാനും മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് കേരളത്തിന് പുറത്തെ തീവ്രവാദ സംഭവങ്ങളില്‍ ബന്ധമുള്ള വാര്‍ത്ത വന്ന സമയത്ത് നാട്ടില്‍ അടിച്ചു വീശിയ ആ തീവ്രവാദവിരുദ്ധ ചുഴലിക്കാറ്റ്. ചാനലുകളില്‍ ഇളകിയാട്ടം, പത്രങ്ങളില്‍ കൂടിയാട്ടം, സ്‌റ്റേജുകളില്‍ കുച്ചുപ്പുടി- അങ്ങനെ കേരളമാകെ തീവ്രവാദത്തിനെതിരെ. തീവ്രവാദത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കാന്‍ മൗലവിമാര്‍ പരക്കം പാഞ്ഞു. ദീനുല്‍ ഇസ്‌ലാമുമായി ഇതിന് ഒരു ബന്ധവുമില്ല എന്ന സര്‍ട്ടിഫിക്കറ്റുമായി അവര്‍ നാടുചുറ്റി.
ഞങ്ങള്‍ തീവ്രവാദികളല്ലേ, ഞങ്ങള്‍ പണ്ടേ വെജിറ്റേറിയന്‍സാണ്, മറ്റവരാണ് തീവ്രവാദികള്‍ എന്ന സിദ്ധാന്തവുമായി മുസ്‌ലിം യുവശിങ്കങ്ങളില്‍ ചിലര്‍ പൊടുന്നനെ ബുദ്ധിജീവികളായി മാറി. അങ്ങനെ ആ തീവ്രവാദ വിരുദ്ധ ജുഗല്‍ബന്ദിയുടെ ക്ഷീണം മാറി കണ്ണു തുടച്ചെഴുന്നേല്‍ക്കുമ്പാഴാണ് അജ്മീര്‍ ദര്‍ഗാ ശരീഫില്‍ ബോംബ് വെക്കാന്‍ കിണ്ണവുമായിപ്പോയ മലയാളിയായ സുരേഷ് നായരെക്കുറിച്ച് രാജസ്ഥാന്‍ എ.ടി.എസ് വിവരം തരുന്നത്. ജനറേറ്റര്‍ കേടായി വൈദ്യുതി നിലച്ച ജുഗല്‍ബന്ദി സ്‌റ്റേജ് പോലെയായി പിന്നെ കേരളം. പാട്ടില്ല, കൊട്ടില്ല, ആട്ടമില്ല, ആരെയും കാണാനില്ല. കേരളം ഭീകരതയുടെ വിളനിലമാകുന്നതില്‍ ആര്‍ക്കുമില്ല കുണ്ഠിതം.
അതിനിടയില്‍, സുരേഷ് നായര്‍ കേരളത്തില്‍ ഒരു ഭീകര പ്രവര്‍ത്തനത്തിലും പങ്കെടുത്തില്ലെന്ന് ചിലര്‍ വിളിച്ചുപറയുന്നത് മാത്രം കേള്‍ക്കാം.കഥകളും ഉദാഹരണങ്ങളും ഇനിയും പറയുന്നതില്‍ അര്‍ഥമില്ല. ഒരു രാജ്യത്ത് രണ്ടുതരം പൗരന്മാര്‍ ഉണ്ടാവുന്നതിന്റെ രാസഘടനയാണിത്. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വികലാംഗനായ മഅ്ദനി ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോയ പത്രപ്രവര്‍ത്തക രാജ്യദ്രോഹ കേസില്‍ പെടുന്നു.
ഞങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് ആര്‍.എസ്.എസിന്റെ ദേശീയ ഭീകര കാര്യകാരികള്‍ കാര്യകാരണ സഹിതം വ്യക്തമാക്കുമ്പോഴും മാലേഗാവിലെ മുസ്‌ലിം പയ്യന്മാര്‍ രക്തം ഛര്‍ദിച്ച് തടവറകളില്‍ കഴിയുന്നു. എന്നാലും നാടിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുകയല്ലാതെ നിര്‍വാഹമില്ല.ഇന്ത്യയെ നടുക്കിയ സ്‌ഫോടനങ്ങളെക്കുറിച്ച് പിടിയിലായ ആര്‍.എസ്.എസ് നേതാക്കള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പുതിയതല്ല. നിയമപരമായ ബലം അവക്കുണ്ട് എന്നത് മാത്രമാണ് പ്രത്യേകത.
സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ആര്‍.എസ്.എസ് സെല്ലുകള്‍ക്കുമുള്ള പങ്ക് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം നേതാക്കളും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. 'മാധ്യമം' ലേഖകന്‍ എ. റശീദുദ്ദീന്‍ 2008ല്‍ ഈ വിഷയത്തില്‍ ഒരു പുസ്തകം തന്നെയെഴുതി-'ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും'. പ്രസ്തുത പുസ്തകത്തില്‍ ഉയര്‍ത്തിയ നിഗമനങ്ങളും സംശയങ്ങളും പുലരുന്നതാണ് ഇന്ന് കാണുന്നത്. എന്തിന്, പ്രമാദമായ പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പോലും ഭരണകൂട/ഇന്റലിജന്‍സ്/മാധ്യമ തിയറിയെ നിരാകരിക്കുന്ന പുസ്തകം 2006ല്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. (13 December: The Strange Case of the Attack on the Indian Parliament) പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിന് അരുന്ധതി റോയി ആണ് മുഖവുര എഴുതിയത്.
സംഘ്പരിവാറും ഭരണകൂടവും പൊലീസിലെ സംഘി സെല്ലുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന കഥകള്‍ക്കപ്പുറം പോകാന്‍ നമ്മുടെ മുഖ്യധാരക്ക് കഴിഞ്ഞില്ല. എന്നല്ല, വ്യത്യസ്തമായ ചോദ്യങ്ങളും സംശയങ്ങളുമുന്നയിക്കുന്നവരെപ്പോലും തീവ്രവാദ ലിസ്റ്റില്‍ പെടുത്താനായിരുന്നു ഇവിടെ പലര്‍ക്കും താല്‍പര്യം.ഇന്ത്യക്കാരനായ ഡോ. മുഹമ്മദ് ഹനീഫിന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ഡിസംബര്‍ 21നാണ്.ഒരു തീവ്രവാദകേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി വെറും മൂന്നാഴ്ച തടവിലിട്ടതിന്റെ പേരിലാണ് ആ രാജ്യം അദ്ദേഹത്തോട് മാപ്പ് ചോദിച്ചതും വന്‍തുക നഷ്ടപരിഹാരം നല്‍കിയതും. ഹനീഫിനെ വെറും മൂന്നാഴ്ചയാണ് അവര്‍ തടവിലിട്ടത്. അവന്റെ തുടയെല്ലും ഇറച്ചിയും അവര്‍ വേര്‍പെടുത്തിയിട്ടില്ല. ഹനീഫാകട്ടെ, ആസ്‌ട്രേലിയന്‍ പൗരനുമല്ല.
ഹനീഫിന് ആസ്‌ട്രേലിയ നല്‍കിയ നഷ്ടപരിഹാരത്തുകയുടെ തോതനുസരിച്ച് അന്യായമായി തടവിലാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാറും മാധ്യമങ്ങളും നഷ്ട പരിഹാരം നല്‍കുകയാണെങ്കില്‍ ഈ സമുദായത്തിന്റെ തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അത് വലിയൊരു പരിഹാരമാകും. പക്ഷേ, ആസ്‌ട്രേലിയ ഒരു അന്യദേശക്കാരന്‍ മാപ്പിളയോട് കാണിച്ച മാന്യതയുടെ ആയിരത്തിലൊരംശം പോലും കാണിക്കാന്‍ നമ്മുടെ സവര്‍ണ ബ്രാഹ്മണ്യ മേധാവിത്വത്തിന് കഴിയില്ല. മാപ്പ് വേണ്ട, നഷ്ടപരിഹാരവും വേണ്ട, കുറ്റവാളികളെ വ്യക്തമായതിനു ശേഷം പോലും നിരപരാധികളെ ജയിലുകളില്‍നിന്ന് മോചിപ്പിക്കാന്‍ പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സാധിക്കുന്നില്ല. മേലാളന്മാരുടെ കുറ്റങ്ങള്‍ക്ക് അധമജാതികള്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളുടെ ശവഭോജനത്തിന് വേണ്ടി ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പുതിയ കാലത്തെ അധഃകൃത ജാതിയാണ് മുസ്‌ലിം ചെറുപ്പക്കാര്‍.
നമ്മുടെ നാട്ടിലെ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും അതിന് ഭീകരവിരുദ്ധ പോരാട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. എന്തു സുന്ദരമായ പേര്!

2 comments: