Wednesday, June 23, 2010

മൌദൂദി ചിരിക്കുന്നു

[ തേജസ്‌ ലേഖനം ]

സൈനികനടപടിയിലൂടെ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചപ്പോള്‍ അതിനെതിരേ നൈസാമിനെ അനുകൂലിക്കുന്ന മുസ്ലിംകള്‍ സായുധ ചെറുത്തുനില്‍പ്പിന് ഒരുക്കം കൂട്ടി. പ്രശ്നം മൂര്‍ച്ഛിച്ച സന്ദര്‍ഭത്തില്‍ ഇക്കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കണമെന്ന് ഉപദേശിച്ചുകൊണ്ട് മുസ്ലിംനേതൃത്വത്തിനു മൌദൂദി കത്തയച്ചു. ഇന്ത്യന്‍ മുസ്ലിംകള്‍ക്കു മൊത്തമായി തന്നെ ഭാവിയില്‍ സ്വീകരിക്കാനാവുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് ആധാരമാക്കാവുന്ന അസാധാരണമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും വിവേകവും ആ കത്തിലുടനീളമുണ്ടായിരുന്നു. 63 വര്‍ഷം മുമ്പാണ് മൌദൂദി ഈ കത്തെഴുതുന്നത്. ജനാധിപത്യാധിഷ്ഠിത തിരഞ്ഞെടുപ്പു പങ്കാളിത്തത്തിന്റെയും സര്‍ക്കാര്‍വകുപ്പ് ഉദ്യോഗങ്ങളില്‍നിന്നു മുസ്ലിംകളെ വിലക്കിയതിന്റെയും പ്രതിസ്ഥാനത്ത്, സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത വായനയിലൂടെ മൌദൂദിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നവര്‍ ശ്രദ്ധിച്ചുവായിക്കേണ്ടതാണ് സി, ഇ എന്നീ ഇനങ്ങളില്‍ ഈ കത്തില്‍ മൌദൂദി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. അതില്‍ അസംബ്ളി- പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിനെയും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനെയും പറ്റിയാണ് അദ്ദേഹം പറയുന്നത്.

മൌദൂദി വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. പക്ഷേ, ജീവിച്ചിരുന്ന മൌദൂദിയേക്കാള്‍ ശക്തനാണ് മരിച്ച മൌദൂദിയെന്നു തോന്നുന്നു. മൌദൂദിയുടെ 'പ്രേതോപദ്രവ' ത്തില്‍ നിന്നു മുസ്ലിം മത-രാഷ്ട്രീയ സംഘടനകള്‍ മാത്രമല്ല, മാര്‍ക്സിസ്റുകളും മുക്തരല്ലാത്ത അവസ്ഥ തുടരുകയാണ്. ഇപ്പോള്‍ മാധ്യമവിപണിയിലെ ഏറ്റവും വിലയുള്ള ചരക്ക് കൂടിയാണ് മൌദൂദി; എത്ര ചര്‍വിതചര്‍വണം നടത്തിയാലും മടുക്കാത്ത ഒരു വിഷയം.
മുസ്ലിം ബുദ്ധിജീവികളെന്നും ഇസ്ലാമിക പരിഷ്കര്‍ത്താക്കളെന്നും സ്വയം അവകാശപ്പെടുന്ന മലയാളത്തിലെ രണ്ട് എഴുത്തുകാര്‍ ആനുകാലികങ്ങളില്‍ പതിറ്റാണ്ടുകളായി മൌദൂദിയെ എഴുതിക്കൊണ്ടിരിക്കുന്നു. എന്തോ ഒരു ആകര്‍ഷണവും സ്വാധീനവും മൌദൂദി ഇപ്പോഴും നിലനിര്‍ത്തുന്നു എന്നൊരു തോന്നലാണ് ഈ ലേഖനങ്ങള്‍ ഉളവാക്കുക. അതെന്താണെന്നായി ആലോചന. ഈ ആലോചന മുന്നേ പറഞ്ഞ രണ്ട് എഴുത്തുകാരുടെ തദ്വിഷകയകമായ വല്ല സമാഹാരവുമുണ്േടാ എന്ന അന്വേഷണത്തിലാണെത്തിച്ചത്. പക്ഷേ, അങ്ങനെയൊരു സമാഹാരവും കണ്െടത്താനായില്ല. അവരുടെ പഴയ ചില ലേഖനങ്ങള്‍ തേടിപ്പിടിച്ചു വായിക്കാനുള്ള ശ്രമമായി പിന്നെ. അപ്പോഴാണ് മനസ്സിലായത്, ഓരോ ലേഖനവും ഉള്ളടക്കത്തില്‍ പൂര്‍വ ലേഖനത്തിന്റെ ആവര്‍ത്തനമല്ലാതെ ഒന്നുമല്ലെന്ന്. വെറുതെയല്ല അവ സമാഹരിക്കപ്പെടാതെ പോയത്! ആരോഗ്യകരമായ ഒരു സംവാദത്തിലേക്കും അക്കാദമിക വിശകലനത്തിലേക്കും നയിക്കേണ്ട ഒരു വിഷയത്തിന്റെ സെന്‍സേഷനല്‍ തലത്തിലേക്കുള്ള പതനം ഒരുവേള മലയാളിയുടെ മാത്രം ഗതികേടായിരിക്കും.

മൌദൂദിയെ സ്വയം കണ്െടത്താനുള്ള ശ്രമത്തിന്റെ പശ്ചാത്തലം അതായിരുന്നു. പഴയ ഒരു സുഹൃത്തിനെയാണ് പെട്ടെന്ന് ഓര്‍ത്തത്. നിശ്ശബ്ദനും നല്ല വായനക്കാരനുമായ അയാളുടെ അടുത്തു വ്യത്യസ്ത വിഷയങ്ങളില്‍ റഫറന്‍സിന് ഉപകരിക്കുന്ന ഭേദപ്പെട്ട ഒരു ഗ്രന്ഥശേഖരമുണ്ട്. അയാളെ സമീപിച്ചപ്പോള്‍ ഒരു ചെറുചിരിയോടെ ആദ്യം ചോദിച്ചത് മൌദൂദിയും കമ്മ്യൂണിസവും തമ്മിലുള്ള ബന്ധം അറിയാമോ എന്നായിരുന്നു. അല്‍പ്പം ഞെട്ടലോടെയാണ് ചോദ്യം കേട്ടത്. അപ്പോള്‍ ഷെല്‍ഫില്‍ നിന്നു മോയിന്‍ ശാകിറിന്റെ ഖിലാഫത്ത് റ്റു പാര്‍ടീഷന്‍ എന്ന പുസ്തകം വലിച്ചെടുത്തു മൌദൂദിയെ സംബന്ധിച്ച് അതില്‍ വന്ന ഒരു പരാമര്‍ശം കാണിച്ചുതന്നു. കബീര്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന രണ്ടു സഹോദരന്‍മാരുടെ മാര്‍ക്സിസം സ്റഡി ക്ളാസില്‍ യുവാവായിരിക്കെ മൌദൂദി പതിവായി പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് മോയിന്‍ ശാകിര്‍ എഴുതിയിരിക്കുന്നത്. ഞാന്‍ മിഴിച്ചിരിക്കുന്നതു കണ്ടപ്പോള്‍ മറ്റൊരു കാര്യം കൂടി സുഹൃത്ത് അനാവരണം ചെയ്തു: അക്കാലത്തു കമ്മ്യൂണിസ്റ് മൌലാനയായി അറിയപ്പെട്ടിരുന്ന നിയാസ് ഫതേഹ്പുരിയുടെ കൂടെ പത്രപ്രവര്‍ത്തനം നടത്തിയ ചരിത്രവും മൌദൂദിക്കുണ്ട്. മൌദൂദി ഒരു കമ്മ്യൂണിസ്റായിരുന്നുവെന്നല്ല. എന്നാല്‍, ചുരുങ്ങിയത് താന്‍ സ്ഥാപിച്ച പാര്‍ട്ടിയുടെ ചട്ടക്കൂട് നിര്‍മിക്കുമ്പോള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി ഘടനയാണ് അദ്ദേഹം മാതൃകയാക്കിയതെന്നു കാണാന്‍ കഴിയും. കേഡര്‍ സ്വഭാവം, കൈവിടാത്ത അച്ചടക്കം, കര്‍ക്കശ നിബന്ധനകളോടെയുള്ള അംഗത്വം, കേന്ദ്രീകരണം എന്നിവയിലൊക്കെ പുലര്‍ത്തുന്ന സമാനത ഇരുപാര്‍ട്ടികളുടെയും സംഘടനാ സ്വഭാവം താരതമ്യം ചെയ്താല്‍ ബോധ്യമാവും. കമ്മ്യൂണിസ്റ് വിരുദ്ധന്‍ തന്നെയായിരുന്നു മൌദൂദി. പക്ഷേ, ആ എതിര്‍പ്പിലും ഒരു കുലീനതയുണ്ടായിരുന്നുവെന്നു സമ്മതിക്കാതെ തരമില്ല.

പാകിസ്താനില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെതിരേ ശബ്ദമുയര്‍ത്തിയ ഏക മൌലാന മൌദൂദിയായിരുന്നു. "അവരെ പ്രവര്‍ത്തിക്കാനനുവദിക്കുക. തുറന്ന മൈതാനിയില്‍ ഞങ്ങള്‍ അവരെ പരാജയപ്പെടുത്തിക്കാണിച്ചു തരാം'' എന്നാണ് ഭരണകൂടത്തോട് അദ്ദേഹം പറഞ്ഞത്. പാകിസ്താനിലെ ജനാധിപത്യ പോരാട്ട രാഷ്ട്രീയക്കൂട്ടായ്മകളുടെയെല്ലാം മുന്‍നിരയില്‍ മൌദൂദി ഉണ്ടായിരുന്നു. സ്ത്രീകളുടെ വിഷയത്തില്‍ അറുപിന്തിരിപ്പന്‍ കാഴ്ചപ്പാടായിരുന്നു മൌദൂദിയുടേത്. അയ്യൂബ്ഖാന്റെ ഭരണകാലത്തു പ്രതിപക്ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത് ഫാത്തിമാ ജിന്നയെയായിരുന്നു. മൌദൂദി അപ്പോള്‍ ജയിലിലായിരുന്നു. ജയിലില്‍ നിന്നു പുറത്തുവന്ന ഉടന്‍ അദ്ദേഹം ആദ്യം ചെയ്തത് ഫാത്തിമ ജിന്നയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പട്ടാള ഏകാധിപത്യവും ജനാധിപത്യവും ഏറ്റുമുട്ടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍ഗണനാക്രമത്തിന്റെ തിരിച്ചറിവാണ് ആ രാഷ്ട്രീയനിലപാടില്‍ പ്രതിഫലിക്കുന്നത്. അവിടെ സ്ത്രീയുടെ ഭരണനേതൃത്വത്തെ സംബന്ധിച്ചു തന്റെ പഴഞ്ചന്‍ കാഴ്ചപ്പാടില്‍ മുറുകെപ്പിടിച്ചു നിന്നില്ല എന്നതാണു ശ്രദ്ധേയം. പിന്നെ തന്റെ എല്ലാ കാഴ്ചപ്പാടുകളും പാര്‍ട്ടി അംഗങ്ങളില്‍ അടിച്ചേല്‍പ്പിക്കാനും മൌദൂദിക്ക് ശാഠ്യമുണ്ടായിരുന്നില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കര്‍മശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും തനിക്കു സ്വന്തമായി അഭിപ്രായങ്ങളുണ്െടന്നും അതു പാര്‍ട്ടിയുടെ അഭിപ്രായമാവരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുഖാവരണം എന്ന അര്‍ഥത്തിലുള്ള മൌദൂദിയുടെ ഉത്തരേന്ത്യന്‍ പര്‍ദ്ദസങ്കല്‍പ്പം പിന്തുടര്‍ന്നവര്‍ അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനത്തില്‍ തന്നെ ഇന്ന് അധികമൊന്നും ഉണ്ടാവുമെന്നു തോന്നുന്നില്ല.

വ്യത്യസ്തനായൊരു മൌലാന
പരമ്പരാഗത ജനുസ്സില്‍പ്പെട്ട മതപണ്ഡിതനായിരുന്നില്ല മൌദൂദി. വെറുതെയല്ല ആദ്യകാലത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന മതപണ്ഡിതന്‍മാര്‍ പിന്നീടു രാജിവച്ചൊഴിഞ്ഞത്. പരമ്പരാഗത രീതിയില്‍ മതപഠനം നടത്തിയില്ല എന്നതാണ് അദ്ദേഹത്തിന്റെ വലിയൊരു ന്യൂനതയായി ആരോപിക്കപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ അതാണ് അദ്ദേഹത്തിന്റെ ഗുണം. ഏതു തലത്തിലുള്ളവരുമായും സംവദിക്കാനുള്ള ഒരു തുറസ്സ് അദ്ദേഹത്തിലുണ്ടായത് അതുകൊണ്ടാണ്. മൌലികവാദിയാണെങ്കിലും അതിര്‍ത്തിഗാന്ധിയും പാക് ഭരണകൂടത്തിന്റെ കണ്ണില്‍ വിഘടനവാദിയുമായ ഗഫാര്‍ഖാന്‍, അരാജകകവിയായ ജോശ് മലീഹാബാദി തുടങ്ങി പലരുമായും ജീവിതത്തിലുടനീളം ഉറ്റ സൌഹൃദം പുലര്‍ത്താന്‍ അദ്ദേഹത്തിനായത് അതുകൊണ്ടാണ്. വിഭജനത്തിന്റെ കലാപനാളുകളില്‍ തന്നെ ഡല്‍ഹിയിലേക്കു യാത്രയാക്കാന്‍ റെയില്‍വേ സ്റേഷനില്‍ മൌദൂദിയും അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനും മാത്രമാണുണ്ടായിരുന്നതെന്ന് അക്കാലത്തു നെഹ്റുവിന്റെ സുഹൃത്തും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്ന ജോഷ് തന്നെ പറഞ്ഞിട്ടുണ്ട്.

പുരോഗമന സാഹിത്യകാരനും പുകള്‍പെറ്റ ഉര്‍ദു കവിയുമായ ഫയിസ് അഹ്മദ് ഫയിസ് തന്റെ സ്ഥാപനത്തിലെ ബിരുദദാനച്ചടങ്ങിലെ മുഖ്യ പ്രഭാഷകനായി മൌദൂദിയെ ക്ഷണിച്ചതായി നാം കാണുന്നു. മൌദൂദി മതമൌലികവാദിയാവാം. എന്നാല്‍, മീഡിയയില്‍ കാണുന്നപോലെ മുരടനായ മതജന്മിയായിരുന്നില്ല. ചിശ്തി സൂഫീ പരമ്പരയിലാണ് മൌദൂദി ജനിച്ചത്. അജ്ഞരായ ജനങ്ങള്‍ക്കു മന്ത്രിച്ചവെള്ളം കൊടുത്തു മലപ്പുറത്തൊക്കെയുള്ള സയ്യിദന്‍മാരെ പോലെ സുഖസുന്ദരമായി അദ്ദേഹത്തിനും ജീവിക്കാമായിരുന്നു; അതിന്റെ രാഷ്ട്രീയ സൌകര്യങ്ങളും പ്രതാപവും ആസ്വദിക്കാമായിരുന്നു. തന്റെ സഹോദരന്‍ ഈ മന്ത്രപ്പണി ചെയ്തിരുന്നതായി അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, അതൊന്നുമല്ല യഥാര്‍ഥ ദൌത്യം എന്നാണ് ഇക്കാര്യത്തില്‍ മൌദൂദി തന്റെ നിലപാടു വിശദീകരിക്കുന്നത്. യസീദിന്റെ ഏകാധിപത്യത്തിനെതിരില്‍ പൊരുതി വീരമൃത്യു വരിച്ച പ്രവാചകപൌത്രന്‍ ഹുസയ്നെ മൌദൂദി അനുസ്മരിക്കുന്നത് ഇസ്ലാമിന്റെ രക്തസാക്ഷിയെന്നല്ല, ജനാധിപത്യത്തിന്റെ രക്തസാക്ഷി എന്നാണ്. മൌദൂദിയെ ജനാധിപത്യത്തിന്റെ ആരാച്ചാരായി അവതരിപ്പിക്കുമ്പോള്‍ ഇതും നമ്മള്‍ കാണണം.

അത്രവേഗം ദഹിക്കുന്നതായിരുന്നില്ല നിറചിരിയോടെ ഉള്ളുതുറന്നുകൊണ്ടുള്ള സുഹൃത്തിന്റെ ഈ സംസാരം. മുസ്ലിംകളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തോടും ജനാധിപത്യാധിഷ്ഠിത തിരഞ്ഞെടുപ്പുരീതിയോടും നിഷേധാത്മക സമീപനം സ്വീകരിച്ച മൌദൂദി തന്നെയോ ഇതെന്ന എന്റെ സന്ദേഹത്തോടു സുഹൃത്ത് പ്രതികരിച്ചത് മൌദൂദി അര്‍ഹിക്കുന്ന വിമര്‍ശം മലയാളത്തില്‍ ഇനിയും ഉണ്ടായിട്ടു വേണമെന്നാണ്. അന്ധഹസ്തിന്യായത്തിലുള്ള മൌദൂദിയാണ് ഇപ്പോള്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നു പറഞ്ഞുകൊണ്ട് ഷെല്‍ഫില്‍ നിന്നു സുഹൃത്ത് മറ്റൊരു പുസ്തകം വലിച്ചെടുത്തു.

ഹൈദരാബാദിന്റെ പതനത്തെക്കുറിച്ച് മാസച്ചുസിറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. ഉമര്‍ ഖാലിദിയും ടോക്കിയോ യൂനിവേഴ്സിറ്റിയിലെ ഡോ. മുഈനുദ്ദീന്‍ അഖീലും ചേര്‍ന്നെഴുതിയ പുസ്തകമായിരുന്നു അത്. ഹൈദരാബാദ് പോലിസ് ആക്ഷനും മൌദൂദിയും തമ്മിലെന്ത് എന്ന ചോദ്യത്തിന്, അതില്‍ കൊടുത്തിരിക്കുന്ന മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് ഖാസിം റിസ്വിക്ക് മൌദൂദി അയച്ച കത്ത് വായിച്ചുനോക്കുക എന്നായിരുന്നു മറുപടി.

1947 മാര്‍ച്ച് 25നാണ് ഈ കത്ത് എഴുതിയിട്ടുള്ളത്. സൈനികനടപടിയിലൂടെ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചപ്പോത്തന്നെ അതിനെതിരേ നൈസാമിനെ അനുകൂലിക്കുന്ന മുസ്ലിംകള്‍ സായുധ ചെറുത്തുനില്‍പ്പിന് ഒരുക്കം കൂട്ടിയിരുന്നു. ഹൈദരാബാദ് പ്രശ്നം മൂര്‍ച്ഛിച്ച സന്ദര്‍ഭത്തില്‍ അവിടത്തെ മുസ്ലിംകള്‍ എന്തു നിലപാടു സ്വീകരിക്കണമെന്ന ഉപദേശമാണ് മുസ്ലിം നേതൃത്വത്തിനു മൌദൂദി അയച്ച കത്തിലെ ഉള്ളടക്കം. സാമ്പ്രദായിക മതനേതാവില്‍ നിന്നു വ്യതിരിക്തമാക്കുന്ന, അസാധാരണമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും രാജനൈതികമായ വിവേകവും പ്രതിഫലിപ്പിക്കുന്നു സുദീര്‍ഘമായ ആ കത്ത്. ഇന്ത്യന്‍ മുസ്ലിംകള്‍ക്കു മൊത്തമായി തന്നെ ഭാവിയില്‍ സ്വീകരിക്കാനാവുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് ആധാരമാക്കാവുന്ന അടിസ്ഥാന ബിന്ദുക്കള്‍ പ്രസ്തുത കത്തില്‍ വായിച്ചെടുക്കാനാവും. മൌദൂദിയുടെ ജന്മഗേഹമാണ് ഹൈദരാബാദ്. ആയുസ്സിന്റെ പകുതിയിലേറെ ഭാഗം അദ്ദേഹം കഴിച്ചുകൂട്ടിയത് അവിടെയാണ്. ആവശ്യപ്പെടാതെ ഇത്തരമൊരു ഉപദേശം നല്‍കുന്നത് ഹൈദരാബാദുമായുള്ള തന്റെ വ്യക്തിപരമായ ഈ ആത്മബന്ധത്തിന്റെയും ഇസ്ലാമികസാഹോദര്യത്തിന്റെയും താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നു കത്തിന്റെ ആമുഖത്തില്‍ മൌദൂദി വ്യക്തമാക്കുന്നുണ്ട്. തന്റെ നിര്‍ദേശങ്ങള്‍ ഉപരിപൂര്‍വമായി വായിച്ചുതള്ളാതെ ആലോചനാപൂര്‍വം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന മൌദൂദി, ധാര്‍മികമായ ഉത്തരവാദിത്തം നിര്‍വഹിച്ചു എന്ന മനശ്ശാന്തിക്കു കൂടിയാണ് ഇങ്ങനെയൊരു കത്തെഴുതാന്‍ പ്രേരകമായതെന്നു കൂടി പറയുന്നു.

മൌദൂദിയെ തെറ്റായി വായിച്ചു ശീലിച്ചവര്‍ കരുതുക ഇന്ത്യന്‍ യൂനിയനെതിരേയുള്ള മുസ്ലിം ചെറുത്തുനില്‍പ്പിനു പിന്തുണ നല്‍കുന്നതായിരിക്കും ഈ കത്തെന്നാണ്. എന്നാല്‍, തികച്ചും വ്യത്യസ്തമായി സ്വതന്ത്ര നാട്ടുരാജ്യമായി നില്‍ക്കാതെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ഇന്ത്യന്‍ യൂനിയനില്‍ ചേരാനാണ് മൌദൂദി ഹൈദരാബാദിലെ മുസ്ലിം നേതൃത്വത്തെ ഉപദേശിക്കുന്നത്. നൈസാം ഭരണകൂടത്തിന്റെ ദൌര്‍ബല്യങ്ങള്‍ കത്തില്‍ അദ്ദേഹം വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ഭൂമിശാസ്ത്രപരമായ കിടപ്പ്സ്വതന്ത്ര നാട്ടുരാജ്യപദവിയെ എങ്ങനെയെല്ലാം പ്രതികൂലമായി ബാധിക്കുമെന്നു ഹൈദരാബാദിന്റെ സാമൂഹിക-സാംസ്കാരികാവസ്ഥയും ജനസംഖ്യാഘടനയുമൊക്കെ വിസ്തരിച്ച്, അപഗ്രഥിച്ചുകൊണ്ടുള്ള ഈ കത്ത് മൌദൂദിയിലെ രാഷ്ട്രീയ അതികായനെ അനാവരണം ചെയ്യുന്നതാണ്. അതു പൂര്‍ണമായി പകര്‍ത്താന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. കത്തില്‍ മൌദൂദി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളുടെയും നിഗമനങ്ങളുടെയും സംക്ഷേപമാണ് ചുവടെ.
1. ഇന്ത്യയിലെയും ഹൈദരാബാദിലെയും രാഷ്ട്രീയ സ്ഥിതിഗതികള്‍ നിരീക്ഷിച്ചാല്‍ ഹൈദരാബാദിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുന്നതിനെയോ അവിടെ ഉത്തരവാദ ഗവണ്‍മെന്റ് സ്ഥാപിക്കുന്നതിനേയൊ തടയാന്‍ നിങ്ങള്‍ക്ക് ഒരുവിധത്തിലും സാധിക്കുമെന്നു തോന്നുന്നില്ല. എന്തു തന്നെയായാലും അതു സംഭവിക്കുക തന്നെ ചെയ്യും. നിങ്ങളുടെ വിസമ്മതത്തിന് അതു തടയാനാവില്ല.
തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ മുസ്ലിംകളും സംസ്ഥാനവും ഒന്നിച്ചു തകരുകയായിരിക്കും ഫലം, ഇല്ലെങ്കില്‍ മുസ്ലിംകള്‍ മാത്രം തകരുകയും മുസ്ലിംകളെ ഉപയോഗിച്ചു സംസ്ഥാനം സ്വന്തം രക്ഷ കണ്െടത്തുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതിരിക്കുക എന്നതാണു യുക്തിയുടെ താല്‍പ്പര്യം. ഇന്ത്യന്‍ യൂനിയനില്‍ ചേരുകയും ഉത്തരവാദ ഭരണകൂടം സ്ഥാപിതമാവുകയും ചെയ്യുന്നതു ചുരുങ്ങിയത് മുസ്ലിം താല്‍പ്പര്യങ്ങള്‍ക്കു ഹാനികരമാവാതിരിക്കുന്നതിനു പുറമെ തങ്ങളുടെ ഉദ്ദിഷ്ട ലക്ഷ്യപ്രാപ്തിക്ക് ഉപകരിക്കത്തക്കവിധം മുസ്ലിംകള്‍ക്കു സ്ഥാനങ്ങള്‍ ലഭ്യമാക്കുക കൂടി ചെയ്യുന്ന ഒരു ധാരണയിലെത്താന്‍ ശ്രമിക്കുക എന്നതാണു കരണീയമായിട്ടുള്ളത്.
2. ഏറ്റുമുട്ടുന്നതിനു പകരം ഹൈദരാബാദ് മുസ്ലിംകളുടെ സംഘടനയായ അന്‍ജുമന്‍ ഇത്തിഹാദുല്‍ മുസ്ലിമീന്‍ സോപാധികം ഇന്ത്യന്‍ യൂനിയനില്‍ ചേരാനും സമ്പൂര്‍ണ ഉത്തരവാദ സര്‍ക്കാര്‍ സ്ഥാപിക്കാനും സന്തോഷപൂര്‍വം സമ്മതിക്കുകയാണെങ്കില്‍ ഈ ഘട്ടത്തില്‍ സ്റേറ്റ് കോണ്‍ഗ്രസ്സും ഇന്ത്യന്‍ യൂനിയനും അത്തരം ഉപാധികള്‍ അംഗീകരിക്കാനാണു സാധ്യത.
3. എന്റെ ദൃഷ്ടിയില്‍ ഇന്ത്യന്‍ യൂനിയനും സ്റേറ്റ് കോണ്‍ഗ്രസ്സും എളുപ്പം അംഗീകരിക്കാന്‍ സാധ്യതയുള്ള ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കു ഫലപ്രദമായ ഉപാധികള്‍ താഴെ പറയുന്നതാണ്:
എ. സകാത്ത് സംഭരണ - വിതരണം, വഖ്ഫ് നടത്തിപ്പ്, വഖ്ഫ് വരുമാനങ്ങള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കല്‍, കുടുംബനിയമങ്ങള്‍, വ്യക്തിനിയമങ്ങള്‍ എന്നിവയ്ക്കു നിയമപരമായ ജുഡീഷ്യല്‍ അധികാരങ്ങള്‍ സ്റേറ്റിന്റെ ഭാവി ഭരണഘടനയില്‍ ഉറപ്പുവരുത്തുക (ഇത്തരം അവകാശങ്ങള്‍ മറ്റു വിഭാഗങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ അതിനെ എതിര്‍ക്കരുത്).

ബി. സ്വന്തം ചെലവില്‍ മതപാഠശാലകള്‍ സ്ഥാപിക്കാനും സ്വന്തം ചെലവില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മുസ്ലിം കുട്ടികള്‍ക്കു മതപഠന സംവിധാനമുണ്ടാക്കാനും അവകാശം നല്‍കുന്ന വകുപ്പു ഭരണഘടനയില്‍ ഉള്‍പ്പെടുത്തുക.
സി. സംസ്ഥാനത്തിനായി രൂപവല്‍ക്കരിക്കുന്ന അസംബ്ളിയിലേക്കോ പാര്‍ലമെന്റിലേക്കോ നടക്കുന്ന തിരഞ്ഞെടുപ്പു സംസ്ഥാനത്തെ ഏറ്റവും ചെറിയ ന്യൂനപക്ഷത്തിനു പോലും പ്രാതിനിധ്യം ലഭിക്കുംവിധം നിര്‍ബന്ധമായും ആനുപാതിക പ്രാതിനിധ്യ രീതിയിലുള്ളതായിരിക്കുക.
ഡി. മുസ്ലിംകള്‍ക്കു നേരത്തേ നല്‍കപ്പെട്ട അവകാശങ്ങള്‍ ഹനിക്കാന്‍ കഴിയാത്തവിധം ഭരണഘടനാ ഭേദഗതികള്‍ തടയുന്ന വകുപ്പ് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുക. ഉദാഹരണത്തിന്, ഭരണഘടനാ ഭേദഗതിക്കു ഹിതപരിശോധന നടത്തുകയും എണ്‍പതോ എണ്‍പത്തഞ്ചോ ശതമാനം വോട്ട് ലഭിക്കുകയും വേണമെന്നു ഭരണഘടനയില്‍ വ്യവസ്ഥപ്പെടുത്താവുന്നതാണ്.

ഇ. സര്‍ക്കാര്‍ വകുപ്പുകളില്‍ മുസ്ലിംകളുടെ അനുപാതം അവരുടെ ജനസംഖ്യാനുപാതത്തില്‍ നിന്നു താഴെയാവാതിരിക്കാനും അവരുടെ നേരെ വിവേചനം കാണിക്കാതിരിക്കാനുമുള്ള ഉറപ്പുകള്‍ വ്യവസ്ഥ ചെയ്യുക. ഇതോടൊപ്പം മുസ്ലിം രാഷ്ട്രീയപ്പാര്‍ട്ടി മുസ്ലിംകളെ മാത്രം ആശ്രയിക്കാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ സമാഹരിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു പ്രവര്‍ത്തിക്കേണ്ടതാണ്.
63 വര്‍ഷം മുമ്പാണ് മൌദൂദി ഈ കത്തെഴുതുന്നത്. ജനാധിപത്യാധിഷ്ഠിത തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍വകുപ്പ് ഉദ്യോഗങ്ങളിലും മുസ്ലിം പങ്കാളിത്തത്തെ വിലക്കിയതിന് പ്രതിസ്ഥാനത്ത്, സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത വായനയിലൂടെ മൌദൂദിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നവര്‍ ശ്രദ്ധിച്ചുവായിക്കേണ്ടതാണ് സി, ഇ എന്നീ ഇനങ്ങളില്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. അതില്‍ അസംബ്ളി-പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിനെയും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനെയും പറ്റിയാണ് അദ്ദേഹം പറയുന്നത്. അത്തരം ഒരു പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അതു കേവലം സാമുദായിക പാര്‍ട്ടിയായി പരിമിതപ്പെടാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നു കൂടി അദ്ദേഹം പറയുന്നു. ആനുപാതിക പ്രാതിനിധ്യത്തെപ്പറ്റി പറയുമ്പോഴും ഏറ്റവും ചെറിയ ന്യൂനപക്ഷത്തിനു പോലും പ്രാതിനിധ്യം ലഭിക്കത്തക്ക വിധമായിരിക്കണം അതെന്നാണ് അദ്ദേഹം ഊന്നുന്നത്. ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്ലിം നിയമനം ഉറപ്പാക്കാനും മൌദൂദി ആവശ്യപ്പെടുന്നു.

പൊള്ളയായ കോലാഹലം
മൌദൂദിയെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറഞ്ഞു എന്നാണ് ഇപ്പോള്‍ നടക്കുന്ന വലിയ ഒരു കോലാഹലം. ശരിയാണ്, മൌദൂദിയെ ജമാഅത്ത് പ്രവൃത്തിപഥത്തില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ, അത് ഇപ്പോഴല്ലെന്നു മാത്രം. ഇതിനു മുമ്പാണ്. ആറു പതിറ്റാണ്ടുകള്‍ പാഴാക്കി ഇപ്പോഴാണവര്‍ മൌദൂദിയിലേക്കു തിരിച്ചെത്തുന്നത് എന്നതല്ലേ യാഥാര്‍ഥ്യം? ഇന്ത്യാ വിഭജനവേളയില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഒരു കര്‍മപരിപാടി നിശ്ചയിച്ചുകൊണ്ട് മദ്രാസില്‍ മൌദൂദി സുദീര്‍ഘമായൊരു പ്രസംഗം ചെയ്തിട്ടുണ്ട്. വിഭജനാനന്തരം ഇന്ത്യയില്‍ മുസ്ലിംകള്‍ നേരിടാന്‍ പോവുന്ന ഭീഷണികളും വെല്ലുവിളികളും ഈ പ്രസംഗത്തില്‍ അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ ദേശീയതയ്ക്കു പയ്യെപ്പയ്യെ ഹൈന്ദവ സാംസ്കാരിക ദേശീയതയുടെ നിറപ്പകര്‍ച്ച സംഭവിക്കുന്നത്, സോഷ്യലിസത്തിന്റെ മുന്നേറ്റം, പതനം, അക്കാലത്തു തന്നെ യുദ്ധങ്ങളില്‍ സൈനികസേവനമനുഷ്ഠിച്ചും വിദേശവരുമാനം സമ്പാദിച്ചും സുസ്ഥിതി പ്രാപിച്ച ചമറുകള്‍ തങ്ങളുടെ ആടയാഭരണങ്ങള്‍ അണിയുന്നു എന്നുപറഞ്ഞു ഗുജ്ജാര്‍, ജാട്ട് മേല്‍ജാതിക്കാര്‍ കലാപത്തിനിറങ്ങിയതു ചൂണ്ടിക്കാട്ടി സാമൂഹിക-സാമ്പത്തികരംഗങ്ങളില്‍ മേല്‍ത്തട്ടില്‍ പിറന്നുവീണ വരേണ്യവര്‍ഗം മേല്‍ക്കൈ നേടുന്നത്, ജാതിരാഷ്ട്രീയം വളര്‍ന്നു ഹിന്ദുത്വശക്തികള്‍ക്കിടയിലെ ആഭ്യന്തരവൈരുധ്യങ്ങള്‍ മൂര്‍ച്ഛിക്കുന്നത് തുടങ്ങി പ്രവചനാത്മകമായ നിരവധി നിഗമനങ്ങളിലൂടെ ഈ പ്രസംഗം കടന്നുപോവുന്നു. വര്‍ത്തമാന ഇന്ത്യയുടെ നേര്‍ ചിത്രമാണ് ഈ പ്രസംഗത്തില്‍ തെളിയുന്നത്.

ഒരിടത്ത് അദ്ദേഹം പറയുന്നു: "ഇസ്ലാമില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കും അതിനുവേണ്ടി പണിയെടുക്കുന്നവര്‍ക്കും ക്ഷേമവും ഐശ്വര്യവും ലഭിക്കുന്നതോ പോവട്ടെ, ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പോലും നന്നായി വിയര്‍ക്കേണ്ടിവരും. അവരുടെ ഇസ്ലാം ആഭിമുഖ്യത്തിനും ആത്മാഭിമാനബോധത്തിനും ക്ഷതമേറിക്കൊണ്ടിരിക്കും. ഇസ്ലാമിന്റെ അടയാളങ്ങള്‍ തുടച്ചുനീക്കപ്പെടുന്നതു മാത്രമല്ല, പരസ്യമായി അവഹേളിക്കപ്പെടുന്നതും അവര്‍ക്കു കാണേണ്ടിവരും. ഈ പരിതസ്ഥിതിയില്‍ അസാധാരണ ക്ഷമയും ഇച്ഛാശക്തിയും നല്ല വിവേകവും നയചാതുരിയും ഉള്ളവര്‍ക്കു മാത്രമേ ഇസ്ലാമിക പരിവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാവുകയുള്ളൂ.''

എന്തുകൊണ്ടു സര്‍ക്കാര്‍ ഉദ്യോഗങ്ങളോടു വൈമുഖ്യം പുലര്‍ത്തി എന്നതിന്റെ കാരണവും മദ്രാസ് പ്രസംഗം വ്യക്തമാക്കുന്നുണ്ട്: "പഴയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ വാശിപിടിക്കുന്നതു വിനാശകരമായിരിക്കും. കാരണം, തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള മുസ്ലിംകളുടെ ശ്രമം ഹിന്ദുക്കളുടെ വര്‍ഗീയ മുന്‍വിധികളെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയേയുള്ളൂ. അതിനാല്‍, സര്‍ക്കാരില്‍ നിന്നോ അധികാരകേന്ദ്രങ്ങളില്‍ നിന്നോ ഒരു സമുദായമെന്ന നിലയില്‍ ഒന്നും ലഭിക്കാനില്ല എന്ന കാര്യം മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായി ഒരു പൊതുജനാഭിപ്രായം സൃഷ്ടിക്കാന്‍ നാം ശ്രമിക്കണം. അതുപോലെ ഹിന്ദുദേശീയവാദത്തോടു മല്‍സരിക്കുന്ന ഒരു മുസ്ലിം ദേശീയത ഇല്ലെന്ന കാര്യം സ്വന്തം മനോഭാവത്തിലൂടെ അവരെ ബോധ്യപ്പെടുത്താനും മുസ്ലിംകള്‍ക്കു കഴിയണം. അമുസ്ലിം ഭൂരിപക്ഷത്തിന് ഇസ്ലാമിന്റെ പേരിലുള്ള അത്യസാധാരണമായ മുന്‍വിധികള്‍ നീക്കാന്‍ അതു മാത്രമേ വഴിയുള്ളൂ.''
ഇന്ത്യയുടെ മണ്ണില്‍ ഒട്ടിനിന്നു പ്രവര്‍ത്തിക്കാനാണ് ഇന്ത്യയില്‍ അവശേഷിക്കാനിടയുള്ള മുസ്ലിംകളെ മദ്രാസ് പ്രഭാഷണത്തില്‍ മൌദൂദി ആഹ്വാനം ചെയ്യുന്നത്: "നമ്മുടെ സംഘടനയുടെ പ്രവര്‍ത്തനരംഗം ദൈവം നമ്മുടെ ശാന്തിക്കായി കനിഞ്ഞുനല്‍കിയ ഈ രാജ്യം തന്നെയാണ്. നാം ജനിച്ചുവളര്‍ന്ന മണ്ണുതന്നെയാണ് സ്വാഭാവികമായും നമ്മുടെ കര്‍മമണ്ഡലം. ഏതു ഭാഷയും ജീവിതരീതിയുമാണോ നാം നമ്മുടേതായി സ്വീകരിച്ചിരിക്കുന്നത്, ഏതു ജനവിഭാഗത്തിന്റെ മനോഘടനയുമായാണോ നാം താദാത്മ്യം പ്രാപിച്ചിരിക്കുന്നത്, ഏതു സമൂഹവുമായാണോ നമുക്കു ജന്മബന്ധമുള്ളത്, അവിടം തന്നെയാണ് നമ്മുടെ കര്‍മഭൂമി. പ്രവാചകന്‍മാര്‍ക്കു പോലും ദൈവം കര്‍മമണ്ഡലമായി നിശ്ചയിച്ചതു സ്വന്തം ദേശമാണ്.''

മൌലാനാ ആസാദിനെ ഒഴിച്ചുനിര്‍ത്തിയാല്‍ വിഭജനത്തിനെതിരേ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയ മറ്റൊരു മുസ്ലിം നേതാവാണു മൌദൂദി. വസ്തുനിഷ്ഠമായ മൂന്നു കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് മൌദൂദി വിഭജനത്തെ എതിര്‍ത്തതെന്നു സുദാനി പത്രപ്രവര്‍ത്തകനായ അഹ്മദ് ഉമറാബി ചൂണ്ടിക്കാണിക്കുന്നു: "ഒന്ന്, ചരിത്രപരം. ബ്രിട്ടീഷ് രാജിന്റെ ആഗമനം വരെ 18ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19ാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഇന്ത്യ മുസ്ലിം ഭരണത്തിന്‍ കീഴിലായിരുന്നു. രണ്ട്, വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന ഒരു വ്യവസ്ഥ എന്ന നിലയ്ക്കു ഹിന്ദുമതത്തെക്കാളുപരി നിലനില്‍പ്പിനുള്ള ഘടകങ്ങള്‍ ഇസ്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. മൂന്ന്, നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തില്‍ ഊന്നുന്ന ഇസ്ലാമിനു ഹൈന്ദവ ബഹുജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കും. വിശിഷ്യാ അവര്‍ണജാതികളെ. കാരണം, ജനനത്തിന്റെ അടിസ്ഥാനത്തില്‍ തട്ടുകളായി തിരിച്ചുകൊണ്ടുള്ള ജാതിയുടെ മേലെയാണ് ഹിന്ദുമതം നിലനില്‍ക്കുന്നത്. ചൊട്ടമുതല്‍ ചുടല വരെ അവര്‍ണന്‍ അവര്‍ണന്‍ തന്നെ. ഒരിക്കലും അവനു മേല്‍ജാതിയുടെ ശ്രേണിയിലെത്താനാവില്ല. വ്യത്യസ്തമാണ് ഇസ്ലാമിലെ സ്ഥിതി. ഇസ്ലാമില്‍ ശ്രേഷ്ഠതയുടെ മാനദണ്ഡം ജീവിതവിശുദ്ധിയും ധാര്‍മികമായ ഔന്നത്യവുമാണ്. മുസ്ലിംകള്‍ ഹിന്ദുക്കളോടൊപ്പം ഒരേ രാജ്യത്തുതന്നെ തുടരുകയാണെങ്കില്‍ ബഹുജനമധ്യേ സമാധാനപരമായ രൂപത്തില്‍ ക്രമപ്രവൃദ്ധമായി ഇസ്ലാം വ്യാപിക്കുമെന്ന് ഈ കോണിലൂടെ മൌദൂദി വിലയിരുത്തി.''

മുസ്്ലിം ഗ്രഹണകാലത്തെ തലപ്പാവു വച്ച കുശ്മാണ്ഡ ബുദ്ധികളില്‍നിന്നും കൂപമണ്ഡുകങ്ങളായ രാഷ്ട്രീയനേതൃത്വങ്ങളില്‍ നിന്നും എത്രയോ ഉയരത്തിലാണ് മൌദൂദി. അറുപതാണ്ടുകള്‍ ഉറങ്ങിത്തീര്‍ത്ത ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയിലെ റിപ് വാന്‍ വിങ്കിളുമാരെ പോലെ സ്വന്തം അഭിപ്രായങ്ങളുടെ തടവുകാരനുമായിരുന്നില്ല മൌദൂദി. മൌദൂദി അര്‍ഹിക്കുന്ന വിമര്‍ശനം ഇനിയും ഉണ്ടായിട്ടുവേണമെന്നത് എത്രയോ ശരി. 'മൌദൂദികള്‍' തന്നെയായിരുന്നു അതു ചെയ്യേണ്ടിയിരുന്നത്. പക്ഷേ, അതിനുള്ള ആംപിയര്‍ അവരില്‍ നിന്നു പ്രതീക്ഷിക്കാന്‍ വയ്യ. കൊളോണിയല്‍ മതേതര യുക്തിയുടെ ചക്കില്‍ കറങ്ങുന്ന പതിവു മൌദൂദി വിമര്‍ശകരാവട്ടെ, വിമര്‍ശനമെന്ന പേരില്‍ വാചകക്കസര്‍ത്തു നടത്താനല്ലാതെ ഒരു സംവാദത്തിലേക്കു വരാനുള്ള ജനിതകഘടന നഷ്ടപ്പെട്ടവരുമാണ്. മുന്‍വിധികള്‍ മാറ്റി അക്കാദമിക താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി അത്തരമൊരു ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കുന്ന ബുദ്ധിജീവികളുടെ അഭാവം മലയാളത്തിന്റെ നിര്‍ഭാഗ്യമാണ്. അത്തരമൊരു ബുദ്ധിജീവി വരുന്നതു വരെ ജേണലിസ്റിക് ഗിമ്മിക്കുകള്‍ ഇനിയും തുടരും.

കടപ്പാടി : തേജസ്‌

1 comment:

സന്ദേഹി-cinic said...

ഈ ലേഖനത്തോടുള്ള പ്രതികരണം എന്റെ ബ്ലോഗിൽ പ്രതീക്ഷിക്കുക.www.maudoodism.blogspot.com