സാമാന്യബുദ്ധിയും നീതിന്യായ ബുദ്ധിയും
വിജു വി. നായര്‍
മരിച്ചുപോയ മജീദിന്റെ എപ്പിസോഡ് ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് അന്നേരമത്ര മനസ്സിലാവില്ലെന്നു വെക്കാം. എന്നാല്‍, ശിഷ്ടം തെളിവുകളില്‍ രണ്ടു സാക്ഷികള്‍ അന്വേഷകര്‍ക്കെതിരെ കൊടുത്ത കോടതിക്കേസുകള്‍ തൊട്ട് കേരളപൊലീസിന്റെ ടൂര്‍ഡയറി വരെ നോക്കാന്‍ ഒരു നീതിന്യായ കോടതിക്ക് ബാധ്യതയുണ്ട്. അതൊക്കെ സമര്‍പ്പിച്ചിട്ടും പ്രഥമദൃഷ്ടിക്ക് ബോധിച്ചത് പ്രോസിക്യൂഷന്റെ കൃത്രിമങ്ങള്‍ മാത്രമാണ്. സാമാന്യബുദ്ധിക്ക് തോന്നുന്ന സംശയങ്ങള്‍ പോലും നീതിന്യായബുദ്ധിക്ക് തരിമ്പുമില്ല. ഇതെന്താ ഇങ്ങനെ എന്ന് സന്ദേഹിക്കുന്ന പാവം സാമാന്യബുദ്ധിക്കാര്‍ക്കായി ബംഗളൂരു ഫാസ്റ്റ്ട്രാക് കോടതി വക നീതിസാരത്തിന്റെ ഒരു സാമ്പ്ള്‍ തരാം. മുന്‍കൂര്‍ ഹരജി തള്ളി ബഹുമാന്യകോടതി പലതും പറഞ്ഞ കൂട്ടത്തില്‍ പ്രതിയെ പരാമര്‍ശിച്ചതിങ്ങനെ: 'കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ഒരു കാലു നഷ്ടപ്പെട്ടയാള്‍'. മഅ്ദനിക്ക് കാല്‍ നഷ്ടപ്പെട്ടത് ഏത് സംഭവത്തിലാണെന്ന് മേപ്പടി കോടതിക്ക് അറിയില്ലെങ്കില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍, കോയമ്പത്തൂര്‍ സ്‌ഫോടനത്തിലാണത് നഷ്ടപ്പെട്ടതെന്ന് ഓപണ്‍കോര്‍ട്ടില്‍ അങ്ങ് തട്ടിവിടണമെങ്കില്‍, കോടതിയുടെ അറിവും മനോഗതിയും എത്തരത്തിലുള്ളതാണെന്ന് കാണാന്‍ നമുക്കും പ്രഥമദൃഷ്ടി ധാരാളം മതിയാകും. ഇതേ മനോഗതിയുടെ പ്രതിഫലനങ്ങളായിരുന്നില്ലേ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുണ്ടായ ഓരോ നടപടിയുമെന്ന് സംശയിച്ചാല്‍ പൗരാവലിയുടെ പ്രഥമദൃഷ്ടിയെ കുറ്റപ്പെടുത്താന്‍ പറ്റുമോ? കാരണം, ഫാസ്റ്റ്ട്രാക് കോടതിയില്‍ പലവട്ടമാണ് ഹരജി നീട്ടിവെച്ചത്. ഹൈകോടതിയില്‍ മൂന്നുവട്ടവും. എല്ലാ നീട്ടിവെപ്പിനും ഒരേ കാരണം -പ്രോസിക്യൂഷന്‍ സ്വന്തം വാദഗതി യഥാസമയം അവതരിപ്പിക്കാതെ ഉഴപ്പുന്നു. അവര്‍ പറയുമ്പോലെ അത്ര കടുത്ത പ്രതിയാണെങ്കില്‍ ആദ്യവട്ടമേ വ്യക്തമായ തെളിവും വാദഗതിയും കോടതിയില്‍ അവതരിപ്പിക്കാമല്ലോ. അതു ചെയ്യാതെ തീര്‍പ്പു നീട്ടിക്കുന്ന പ്രോസിക്യൂഷനെ ബഹുമാനപ്പെട്ട പ്രഥമദൃഷ്ടിക്ക് ഒരു സംശയവുമില്ല. അതേ സമയം, ഈ നാടകത്തില്‍ ഇരയായിക്കൊണ്ടിരിക്കുന്ന പ്രതിയെ പ്രഥമദൃഷ്ട്യാതന്നെ സംശയം ഗാരണ്ടി. ഇവിടെ വെച്ചാണ് ഭരണഘടനയുടെ 29ാം വകുപ്പ് അതിന്റെ നടത്തിപ്പുകാരുടെ കൈയാല്‍ കൊല ചെയ്യപ്പെടുന്നത്. പ്രതി എന്ന നിലയില്‍ ഏത് പൗരനും അര്‍ഹതയുള്ള നിഷ്പക്ഷ പരിഗണനയുടെ മഹത്തായ നീതിവാക്യം. കഴിഞ്ഞ ഒന്നര ദശകമായി ഇന്ത്യന്‍ നീതിന്യായപ്രക്രിയകളില്‍ ഈ കൊലപാതകം പച്ചയായും പരസ്യമായും നടക്കുന്നു എന്നു പറയേണ്ടിവരുന്നതില്‍ ഒരു പൗരനെന്ന നിലയില്‍ ഖേദമല്ല, നിര്‍വ്യാജമായ ലജ്ജയാണ് വരുന്നത്. പ്രോസിക്യൂഷന്‍ അഥവാ സ്‌റ്റേറ്റ് തിമിര്‍ത്താടുന്ന ഊളന്‍ നാടകങ്ങള്‍ക്ക് ജുഡീഷ്യറി ഇരയാകുന്നതോ അതോ കക്ഷി ചേര്‍ക്കപ്പെടുന്നതോ? എക്‌സ്ട്രാ-ജുഡീഷ്യല്‍ കളികള്‍ പല പ്രധാന കേസുകളിലും അരങ്ങേറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജനാധിപത്യത്തില്‍ പൗരസമൂഹത്തിന് വകുപ്പില്ല. കോടതിയലക്ഷ്യം എന്ന ഇണ്ടാസുമായി ദന്തഗോപുരങ്ങള്‍ ഗര്‍ജിക്കും. അവരുടെ ചിഞ്ചില സേവക്കാര്‍ കോറസ് പാടും.കോടതികള്‍ അലക്ഷ്യമായി പെരുമാറുന്നതിനെ എങ്ങനെ നേരിടുമെന്ന ചോദ്യം ഈ കൊട്ടിഘോഷത്തില്‍ മുങ്ങി മരിക്കും. അല്ലെങ്കില്‍ തന്നെ ഒരു ഫാസ്റ്റ്ട്രാക്ക് കോടതിക്ക് എങ്ങനെ ഉദാസീനമായി തട്ടിവിടാന്‍ കഴിയുന്നു, കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ കാലുപോയ മഅ്ദനിയെന്ന്?
വിചിത്രമാണിവിടെ ഈ പൗരന്റെ തലേലെഴുത്ത്. പ്രഥമദൃഷ്ടിയുടെ നിസ്സംശയ നിര്‍ണയത്താല്‍ ജാമ്യം പോലുമില്ലാതെ ഒമ്പതരക്കൊല്ലം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവ്. ഒടുവില്‍ നിരുപാധികം വിട്ടയക്കപ്പെട്ടപ്പോള്‍ ആരും തിരക്കിയില്ല, ഇത്രയും കാലം വെറുതെ തടവിലിട്ടതിന്റെ പ്രായശ്ചിത്തം. ഇരയും ചോദിച്ചില്ല, സ്‌റ്റേറ്റ് കമാന്ന് മിണ്ടിയതുമില്ല. സത്യത്തില്‍, കോയമ്പത്തൂര്‍ പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കില്‍ സ്‌റ്റേറ്റ് കുടുങ്ങിപ്പോയേനേ. കാരണം, കഴിഞ്ഞ ഒന്നര ദശകത്തില്‍ ഇമ്മാതിരി 'പ്രഥമദൃഷ്ടി' സൂത്രവേലകളാല്‍ ജീവിതം തുലഞ്ഞതിന് നഷ്ടപരിഹാരം ചോദിക്കാന്‍ ആയിരങ്ങളുണ്ടിവിടെ. മാത്രമല്ല, സ്‌റ്റേറ്റിന് പൗരന്മാരെ ഇങ്ങനെ തോന്ന്യാസം കൈകാര്യം ചെയ്ത് തലയൂരിപ്പോകാന്‍ ഭാവിയില്‍ കഴിയാതെ വരും. എന്നാല്‍, ഇരകളാരും അതിന് തുനിയാറില്ല. സ്‌റ്റേറ്റിന്റെ ശത്രുതയും പുതിയ ഭീഷണികളും ഒഴിവാക്കാന്‍. ഇതേ ഗതികേടിനെയാണ് സ്‌റ്റേറ്റ് വസൂലാക്കി വിരാജിക്കുന്നതും.
മഅ്ദനിയെ ബംഗളൂരു കേസില്‍ കുടുക്കുന്ന നാടകം തന്നെ മികച്ച ഉദാഹരണം. കോയമ്പത്തൂര്‍ കേസില്‍ നിന്നു മുക്തനായതുമുതല്‍ കേന്ദ്ര ഇന്റലിജന്‍സ് ഈ പ്രശസ്ത ഇരയെ ഉന്നമിടുന്നുണ്ടായിരുന്നു. സൂഫിയാ മഅ്ദനിയെ ലക്ഷ്യമിട്ടുള്ള നാടന്‍ കേസും അതിന്മേലുണ്ടാക്കിയ മാധ്യമക്കസര്‍ത്തുകളും നടക്കുമ്പോള്‍ യഥാര്‍ഥ ടാര്‍ഗറ്റ് മഅ്ദനിയാണെന്ന് ഇതേ പേജില്‍ 'ഓപറേഷന്‍ മഅ്ദനി' എന്ന ലേഖനത്തില്‍ മാസങ്ങള്‍ മുമ്പേ സവിസ്തരം ചൂണ്ടിക്കാണിച്ചിരുന്നു. അന്നേ തടിയന്റവിട നസീര്‍ കസ്റ്റഡിയിലുണ്ട്. ബംഗളൂരു കേസ് സജീവവുമാണ്. ആന്റി ടെററിസ്റ്റ് സംഘം തൊട്ട് എന്‍.ഐ.എ വരെ മഅ്ദനിയെ പലവുരു ചോദ്യം ചെയ്തതുമാണ്. പക്ഷേ, ആരും പ്രതിയാക്കിയില്ല. ആറുമാസം കഴിഞ്ഞ് പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ 31ാം പ്രതിയാക്കപ്പെടുന്നു. ഇനി കസ്റ്റഡിയിലെടുക്കണം. കേരളത്തില്‍ വന്ന് കസ്റ്റഡിയിലെടുക്കാന്‍ ചില വൈക്ലബ്യങ്ങള്‍. വിശേഷിച്ചും, മതിയായ തെളിവുകളുടെ അഭാവത്തില്‍. പകരം കോടതിയില്‍ കീഴടങ്ങുക എന്ന അടവിനാണ് ആദ്യം തുനിഞ്ഞത്. കോടതിയെക്കൊണ്ട് വാറണ്ട് പുറപ്പെടുവിക്കുക, ജാമ്യം നിഷേധിക്കപ്പെടുകയും കീഴടങ്ങാന്‍ കോടതി കല്‍പിക്കുകയും ചെയ്താല്‍ അവിടെവെച്ച് റിമാന്‍ഡില്‍ ആളെ കൈപ്പറ്റാം. പിന്നെ സൗകര്യം പോലെ 'തെളിവുകള്‍' ചമക്കാം. ഇതാണ് നമ്മുടെ രഹസ്യപ്പൊലീസിന്‍ൈറ ചിരകാലമായുള്ള തിരക്കഥാ ലൈന്‍. പിശകില്ലാത്തൊരു തിരക്കഥ ചമക്കാന്‍ സമയമെടുക്കും. അത് കേസിന്റെ മുനയൊടിക്കും. അതുകൊണ്ട്, തിരക്കഥക്ക് വിപുലമായ ഒരു ഔട്ട്‌ലൈന്‍ മാത്രമിട്ട്, നിശ്ചയിച്ച പ്രതികളെ അകത്താക്കുക. അതിനുപറ്റിയ കോലാഹലം മാധ്യമങ്ങള്‍ മുഖേന സജ്ജീകരിക്കുക. അങ്ങനെ 'തീയില്ലാതെ പുകയുണ്ടാവുമോ' എന്ന സംശയം ജനിപ്പിച്ച് പൊതുജനത്തെ വരുതിയിലാക്കുക. പിന്നീട് ഒരുക്കുന്ന 'തെളിവു'കള്‍ക്ക് നേരുമായി പുലബന്ധമെങ്കിലുമുണ്ടോ എന്നതൊക്കെ പോയിട്ട്, ഒന്നാം ക്ലാസ് ഊളത്തരം കാട്ടിയാല്‍പ്പോലും ഒരു കുഞ്ഞും ചോദിക്കില്ല. അതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ഭംഗിയായി അനുവര്‍ത്തിക്കുന്നത്. ആദ്യമേ തന്നെ പലസംഘങ്ങളുടെ ചോദ്യംചെയ്യലും പബ്ലിസിറ്റി മേളത്തോടെയുള്ള വരത്തുപോക്കും. പിന്നീട് മഅ്ദനി പ്രതിയാകുമെന്ന് കേരളത്തില്‍ പൊലീസിന്റെ സ്‌റ്റെനോപ്പണി ചെയ്യുന്ന പത്രങ്ങളും ചാനലുകളും വഴി വിളംബരം. ബംഗളൂരു വിവരമെന്ന പേരിലുള്ള ഈ വൃത്താന്തവിന്യാസത്തിന്റെ ഉറവിടം കൊച്ചിയും അവിടുത്തെ കമീഷണറേറ്റുമാണെന്ന വസ്തുത വേറെ. കേരള പൊലീസ് സഹകരിക്കുന്നില്ലെന്ന കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ ജഗപൊകയും അതിനുള്ള കോടിയേരിയുടെ മറുവെടിയും ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ചേരാനല്ലൂര്‍ക്കാരന്‍ മജീദ് തൊട്ട് മഅ്ദനിയുടെ സഹോദരന്‍ ജമാല്‍ വരെയുള്ളവരെ കൃത്രിമ സാക്ഷിയാക്കിക്കൊടുത്തതിന്റെ ക്രെഡിറ്റ് ബംഗളൂരുവിലെ മലയാളി പൊലീസുകാര്‍ക്ക് തങ്ങളുടെ കേരള സഹജീവികളുമായുള്ള ബന്ധത്തിന് ഇപ്പറഞ്ഞ രണ്ട് മന്ത്രിമാരും കൊടുക്കുന്നില്ല. കൊച്ചി കമീഷണര്‍ മനോജ് എബ്രഹാമിന്റെ ബാച്ച്‌മേറ്റും ചങ്ങാതിയുമാണ് ബംഗളൂരുവിലെ കേസിന്റെ തലതൊട്ടപ്പന്‍ അലോക്കുമാര്‍ ഐ.പി.എസ് എന്നതും അരമനരഹസ്യം.
അതെന്തായാലും പ്രചാരണഘോഷശേഷം പ്രതിയാക്കപ്പെടുന്ന ആരെയും പ്രതിചേര്‍ക്കാനുള്ള ഈസി റൂട്ടാണ് ഗൂഢാലോചനക്കുറ്റം. മറ്റേതെങ്കിലും പ്രതിയെക്കൊണ്ട് പേരു പറയിച്ചാല്‍ മതി. ഇനി ആ പ്രതി അങ്ങനെ പേരു പറഞ്ഞിട്ടുണ്ടോ എന്നൊന്നും വിചാരണക്കുമുമ്പ് ഒരു കുഞ്ഞിനും കണ്ടുപിടിക്കാനുമാവില്ല. ഈ ഗൂഢതക്ക് പറ്റിയ സ്രോതസ്സിനെത്തന്നെ ഇവിടെ കിട്ടുന്നു -തടിയന്റവിട നസീര്‍. അയാള്‍ പറഞ്ഞു, ചൂണ്ടി, തൊട്ടുകാണിച്ചു ഇത്യാദി വേഷംകെട്ടലുകളെ സത്യദര്‍ശനമായി പ്രചരിപ്പിക്കലാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. ആരാണീ നസീര്‍? ഐ.ബി. ഭാഷ്യപ്രകാരം തന്നെ 'ലശ്കര്‍ ഭീകരന്‍'! ആ കീര്‍ത്തിമുദ്രയോടെ കസ്റ്റഡിയില്‍ സുരക്ഷിതനായ വാഴുന്ന ഒരുവനെവെച്ച് ആരെയും ഗൂഢാലോചനയിലെ പങ്കാളിയായി ചിത്രീകരിക്കാം. പിണറായി തൊട്ട് ഉമ്മന്‍ചാണ്ടി വരെ ആരെയും. പക്ഷേ, ആയതിനൊരു 'ക്രെഡിബിലിറ്റി' വേണം -തങ്ങളുടെ ടാര്‍ഗറ്റിനെ നേരത്തേ നിശ്ചയിച്ച സ്ഥിതിക്ക്, അതിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കോടതിയടക്കം പൊതുസമൂഹത്തെ വിശ്വസിപ്പിക്കാന്‍ പറ്റിയ പശ്ചാത്തലം വിളമ്പണം. മഅദ്‌നിയുടെ കോയമ്പത്തൂര്‍ എപ്പിസോഡിന്റെ നിജാവസ്ഥയൊക്കെ എത്രപേര്‍ക്കറിയാം? സംശയഗ്രസ്തമായ ഒഴുക്കന്‍ കഥകളായിട്ടാണ് കഴിഞ്ഞുപോയ കേസുകളുടെ പൊതുപ്രചാരണം. പോരെങ്കില്‍, ഭീകരപ്രവര്‍ത്തനത്തിനും അതുസംബന്ധിച്ച കേസുകള്‍ക്കും സ്‌റ്റേറ്റിന് സൗകര്യപ്രദമായ ഒരിമ്യൂണിറ്റിയും കൈവശമുണ്ട്‌രാജ്യരക്ഷക്കുവേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന്. ഈ ഘടകങ്ങളെല്ലാം ചേരുമ്പോള്‍ നീതിപീഠങ്ങളിലിരിക്കുന്ന കറുത്ത കുപ്പായക്കാരും സാദാ മനുഷ്യരെപ്പോലെ പ്രമഥദൃഷ്ടിയുടെ ഇരകളായിപ്പോകുന്നെങ്കില്‍ അദ്ഭുതമുണ്ടോ?
ഓപറേഷന്‍ മഅ്ദനി അവസാനിക്കുന്നില്ല. ഇനി സുപ്രീംകോടതിയുടെ 'പ്രഥമദൃഷ്ടി'ക്കായി കാത്തിരിക്കാം.
No comments:
Post a Comment