Sunday, August 15, 2010

നിയമവും നീതിയും രണ്ടു വഴിക്ക്

വിജു വി . നായര്‍

ഏതു ഘര്‍ഷണഘട്ടവും മനുഷ്യന് നല്‍കുക പുതിയ സാധ്യതകള്‍ കൂടിയാണ്. എന്നു കരുതി ആ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മിക്കവയും പെരുമാറിക്കൊള്ളണമെന്നില്ല. പലപ്പോഴും ഘര്‍ഷണത്തില്‍ നിന്നു തലയൂരാന്‍ പതിവുചിന്തകളില്‍ അഭയം തേടുകയാണ് ഭൂരിപക്ഷത്തിന്റെയും രീതി. എന്നാല്‍, അത്തരം ക്ലീഷേകളെ ചോദ്യംചെയ്താല്‍ കുറേക്കൂടി അര്‍ഥവത്തായ മുന്നേറ്റത്തിന് വഴിതുറക്കും. അതൊക്കെ ഘര്‍ഷണസന്ദര്‍ഭം ഉയര്‍ന്ന സംവാദത്തിന്റെ മാറ്റനുസരിച്ചിരിക്കും; അതിലേര്‍പ്പെടുന്നവരുടെ മനോനിലയനുസരിച്ചും. അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റിനെച്ചൊല്ലിയുണ്ടായ പുതിയ പുകിലെടുക്കുക.

ബംഗളൂരു സ്‌ഫോടനക്കേസില്‍ നാടകീയമായി പ്രതിചേര്‍ക്കപ്പെടുകയും രണ്ടു കോടതികള്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണല്ലോ കോടതി വാറന്റുമായി ബംഗളൂരു പൊലീസ് കേരളത്തിലെത്തുന്നത്. അറസ്റ്റ്‌വരിക്കാന്‍ പ്രതി നേരത്തേതന്നെ സന്നദ്ധത പ്രകടിപ്പിച്ചതാണ്. പൊലീസ്‌സംഘത്തിന്റെ വരവറിഞ്ഞപ്പോള്‍ അതാവര്‍ത്തിക്കുകയും സ്വന്തം അനുയായികളോട് പ്രതിബന്ധമുണ്ടാക്കരുതെന്ന് വിലക്കുകയും ചെയ്തു. കേരള പൊലീസിന്റെ ചില സാങ്കേതികതടസ്സങ്ങള്‍മൂലം (രാഷ്ട്രപതിയുടെ സന്ദര്‍ശനം, സ്വാതന്ത്ര്യദിനസുരക്ഷ ഇത്യാദി) അറസ്റ്റ് അല്‍പം വൈകി. പോരെങ്കില്‍, മഅ്ദനി കഴിയുന്ന അന്‍വാര്‍ശ്ശേരിയില്‍ അനുയായികളുടെയും ബന്ധുമിത്രാദികളുടെയും തള്ളിക്കയറ്റവും. ഉടനെ കേരളത്തില്‍ അത് രാഷ്ട്രീയ ചര്‍ച്ചയാകുന്നു. അറസ്റ്റ് തടയുന്നു എന്ന മട്ടിലായി പൊതുകച്ചേരി. കച്ചേരിയില്‍ പങ്കെടുത്ത രാഷ്ട്രീയക്കാരെല്ലാം ചിരപുരാതന നന്മയില്‍ ഗോപാലന്‍ ലൈനെടുക്കുന്നു-'നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ'. ഇതുകേട്ടാല്‍ തോന്നും ആരോ ഇവിടെ ആ വഴി മുടക്കുന്നെന്ന്. ഈ ക്ലീഷേ ഡയലോഗ് തന്നെയാണ് ഇവിടെ അര്‍ഥവത്തായ ചോദ്യം നമുക്ക് സമ്മാനിക്കുന്നത്.

നിയമം, നിയമത്തിന്റെ വഴിക്കുപോകുന്നതല്ലേ ഇവിടെ ശരിയായ പ്രശ്‌നം? അഥവാ നിയമം പോകേണ്ടത് നിയമത്തിന്റെ വഴിക്കാണോ, അതോ നീതിയുടേയോ? നിയമം സമം നീതി എന്ന അബദ്ധവിചാരമല്ലേ ഇമ്മാതിരി പൊള്ളവാക്കുകള്‍ തട്ടിവിടാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്? ഏതു നിയമവും ലംഘിക്കപ്പെടാനുള്ളതാണ്-അതിന്റെ പോക്ക് നീതിയുടെ വഴിക്കല്ലെന്നു വരുമ്പോള്‍. പ്രശസ്തമായ ഉദാഹരണം രാഷ്ട്രപിതാവിന്റെ സ്വന്തം ഉപ്പുസത്യഗ്രഹവും സിവില്‍ നിയമലംഘന പ്രസ്ഥാനവും. മേധാപട്കര്‍ തൊട്ട് ചെങ്ങറക്കാര്‍വരെ ചെയ്തതും മറ്റൊന്നല്ല. കാരണം, ബന്ധപ്പെട്ട പ്രമേയങ്ങളിലെ നിയമങ്ങള്‍ നീതിയല്ല ആ മനുഷ്യര്‍ക്കാര്‍ക്കും നല്‍കിയത്.

ഇന്ത്യയിലെ ക്രിമിനല്‍നിയമങ്ങളും നടപടിച്ചട്ടങ്ങളും കോളനിക്കാരെ വായടപ്പിച്ചു ഭരിക്കാന്‍ സായ്പുണ്ടാക്കിയ സജ്ജീകരണമാണെന്നും ആയതിന് കാര്യമായ ഭേദഗതിയൊന്നും ഇന്നോളമുണ്ടായിട്ടില്ലെന്നും നമുക്കറിയാം. സ്വതന്ത്രരാഷ്ട്രമായ മുറക്ക് ഇന്നാടിനു ചേര്‍ന്ന ഒരു നിയമ സംഹിതയുണ്ടാക്കാനുള്ള മെനക്കേടൊഴിവാക്കിയതിന്റെ ചേതം! പിന്നീടുണ്ടായ ഭേദഗതികളാകട്ടെ, മിക്കതും കോളനിനിയമങ്ങള്‍ക്കു പുതിയ കാലത്ത് മൂര്‍ച്ചകൂട്ടാനുള്ള ഭരണകൂട ഉപായങ്ങളായിരുന്നു എന്നറിയാന്‍ സാമാന്യബുദ്ധി ധാരാളം മതി. മഅ്ദനി പ്രതിയാക്കപ്പെട്ടിരിക്കുന്ന പുതിയ നിയമം തന്നെ നോക്കുക-അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് പ്രിവന്‍ഷന്‍ ഭേദഗതിച്ചട്ടം -2008. അങ്ങനെയൊരു ചട്ടം നേരത്തേയുണ്ട്. അതിനു ഭേദഗതി വരുത്തിയതിന്റെ ചേതോവികാരം മനസ്സിലാക്കാന്‍ ലളിതമായ ഒരു വസ്തുത മതി-സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഏത് ഉദ്യോഗസ്ഥനും രാജ്യത്ത് ആരെയും വെറും സംശയത്തിന്റെ പേരില്‍ പ്രതിയാക്കാം. എന്നിട്ടോ? 150 ദിവസം ജാമ്യമില്ലാതെ കസ്റ്റഡിയില്‍ വെക്കാം. പ്രതി ജാമ്യത്തിനപേക്ഷിച്ചാല്‍ കോടതിയും വെട്ടിലാവും. കാരണം, ഒരു കോടതിയുടെയും അനുമതി കൂടാതെ ഇപ്പറഞ്ഞ 150 ദിവസം അകത്തിടാന്‍ പൊലീസുകാരന് നിയമപരമായി അധികാരമുണ്ട്. സാധാരണഗതിയില്‍ ഒരാളെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന മുറക്ക് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാം. തുടര്‍ന്നും കസ്റ്റഡി വേണമെന്നുണ്ടെങ്കില്‍ 15ാംപക്കം വീണ്ടും കോടതിയെ സമീപിക്കണം. ഇതൊക്കെ വ്യവസ്ഥ ചെയ്തിട്ടുള്ളത് കുറ്റവാളിയെന്ന് സ്ഥാപിക്കപ്പെടും വരെ പ്രതിക്കുള്ള നീതികൂടി പരിഗണിച്ചിട്ടാണ്. അങ്ങനെയൊരു നീതിയെ നിസ്സാരമായി റദ്ദാക്കുന്ന പണിയാണ് പുതിയ ഭേദഗതി വഴി ഭരണകൂടം ചെയ്തുവെച്ചിരിക്കുന്നത്. അപ്പോള്‍ നിയമം ആരുടെ വഴിക്കാകുന്നു? ഇനി, കേസെല്ലാം തീര്‍ന്ന് പ്രതി നിരപരാധിയാണെന്നു കണ്ട് വിട്ടയക്കപ്പെട്ടാല്‍ നിയമം പോയത് ഏതു വഴിക്കായിരുന്നു എന്നാവും മാന്യ വഴികാട്ടികള്‍ പറയുക?

എല്ലാ നിയമങ്ങള്‍ക്കും ഇങ്ങനൊരു പോക്കിനുള്ള വ്യക്തമായ സാധ്യതയുണ്ട്. ആ വഴിപിഴപ്പിനെ ചെറുക്കാനുള്ളതാണ് കോടതിയുടെ നീതി ബോധം. അതിനുള്ള കൗശലപൂര്‍വമായ പാര കൂടിയാണ് അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് ഭേദഗതിച്ചട്ടം പോലുള്ള കരിനിയമങ്ങള്‍.
മഅ്ദനിയുടെ അറസ്റ്റ് പുകിലിനിടക്ക് ആര്‍. ബാലകൃഷ്ണപിള്ള പറയുന്നത് കേട്ടു, അറസ്റ്റ് വൈകിക്കുന്നത് മഅ്ദനിക്കു തന്നെ ദോഷമാവുമെന്ന്. ഭാവിയില്‍ ജാമ്യം തേടുമ്പോള്‍ ഇപ്പോഴത്തെ അറസ്റ്റ്പുകില്‍ ഉന്നയിച്ച് പ്രോസിക്യൂഷന്‍ വാദിച്ചാല്‍ കോടതി അതു സ്വീകരിക്കാനിടയാകും എന്നാണ് അദ്ദേഹത്തിന്റെ സദുപദേശം. കോടതി അങ്ങനെ കരുതും എന്നു പറഞ്ഞാല്‍ അര്‍ഥമെന്താണ്? 150 ദിവസം കഴിഞ്ഞാലും ജാമ്യം കൊടുക്കാതിരിക്കാന്‍ കോടതിയും പ്രേരിതമാകുമെന്ന്. നിയമം അപ്പോള്‍ നിയമത്തിന്റെ വഴിക്കു പോലുമല്ല, സാഹചര്യസമ്മര്‍ദത്തിന്റെ മുറക്കാണു നീങ്ങുക എന്നല്ലേ വരുന്നത്? അഥവാ സാഹചര്യസമ്മര്‍ദങ്ങള്‍ക്കു മുന്‍തൂക്കം കിട്ടുകയും നീതിയുടെ വഴി തടയപ്പെടുകയും ചെയ്യുമെന്നു സാരം.

അന്‍വാര്‍ശ്ശേരിയിലെ മനുഷ്യര്‍ പ്രതിഷേധിക്കുന്നതും ഇതേ സാഹചര്യസമ്മര്‍ദം മൂലമാണെങ്കിലോ? ഒന്നാമത്, ഇതേമാതിരി നിയമത്തിന്റെ വഴിക്ക് മഅ്ദനിയെ വിട്ടതിന്റെ ഫലമായുള്ള കോയമ്പത്തൂര്‍ അനുഭവം അവരുടെ മുന്നിലുണ്ട്. ആദ്യം ചോദ്യംചെയ്യാന്‍, പിന്നെ സാക്ഷിയാക്കാന്‍ എന്നൊക്കെ പറഞ്ഞ് നിയമംവന്നു വിളിച്ചുകൊണ്ടുപോയി. എന്നിട്ടോ? പ്രതിപ്പട്ടികയുടെ വാലറ്റത്തു കൊളുത്തി, വൈകാതെ മുന്തിയ പ്രതിയാക്കി, ഒടുവില്‍ മുഖ്യ ആസൂത്രകനായി സ്ഥാനക്കയറ്റവും കിട്ടി. വധശിക്ഷ കിട്ടാനുള്ള യോഗ്യതയും ഭൂലോക ഭീകരനെന്ന ദേശീയകീര്‍ത്തിയും. അരമിനിറ്റ് ജാമ്യം പോയിട്ട് പരോള്‍ പോലുമില്ലാതെ ഒമ്പതരക്കൊല്ലം അഴിയെണ്ണിച്ചു. എന്നുെവച്ചാല്‍ ഏകദേശം ജീവപര്യന്തം തടവ്. ഇതിനിടെ പലതരം രോഗങ്ങള്‍. ചികില്‍സകൊടുക്കാന്‍ സുപ്രീംകോടതി കല്‍പിച്ചിട്ടും ഒരുതുടം കുഴമ്പുമായി ഒരു ലോക്കല്‍വൈദ്യനെ വിട്ട് കോടതി കല്‍പനയെ കൊഞ്ഞനംകുത്തിയ വിധമാണ് നിയമം മുന്നേറ്റിയത്. എല്ലാം കഴിഞ്ഞ് ആളെ നിരുപാധികം വിട്ടയക്കുന്നു. ഹൈകോടതി അത് ശരിയുംവെക്കുന്നു. നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ എന്ന് അക്കാലമത്രയും പറഞ്ഞവരാണ് ഇന്നും അതേ പല്ലവിയിറക്കുന്നത്. അന്ന് പ്രോസിക്യൂഷന്‍ നാടകങ്ങളില്‍ നിലംതല്ലി വീണ കോടതിക്കു പിഴച്ചെന്നു പറയാന്‍ ഈ മഹാന്മാര്‍ക്കാര്‍ക്കും ആമ്പിയറില്ല. കോടതിപ്പേടി എന്നു കരുതി അതുവിടാം. പക്ഷേ, പൊലീസിനും പ്രോസിക്യൂഷനും പിഴച്ചെന്നു പറയാത്തതോ? എങ്കില്‍, ആ കക്ഷികളെ ശിക്ഷിക്കണ്ടേ? ഇതിന് അവരുടെ ന്യായവാദങ്ങള്‍ അനുസരിച്ചുതന്നെ രണ്ടു വകുപ്പുണ്ട്. ഒന്ന്, കേസ് തെളിയിക്കാന്‍ കഴിയാത്തതിന്. രണ്ട്, കൃത്രിമങ്ങള്‍ ചമച്ചതിന്. കുറഞ്ഞപക്ഷം അവരെ അന്വേഷണവിധേയരാക്കേണ്ടതല്ലേ? നാട്ടുകാര്‍ അതാവശ്യപ്പെടുന്നില്ലെന്നതുപോകട്ടെ, സാക്ഷാല്‍ കോടതി കമാന്നു മിണ്ടുന്നുണ്ടോ? ആവേശപൂര്‍വം സ്വന്തം വഴിക്കുപോയ നിയമം എന്തുപറയുന്നു?

ഇതാണ് നിയമത്തെ അതിന്റെ വഴിക്കു വിടുക എന്ന പൊള്ളവാക്കിന്റെ ആപത്ത്. നിയമം പോകുന്നത് നീതിയുടെ വഴിക്കാണോ എന്നു നോക്കേണ്ടത് കോടതി മാത്രമല്ല, പൗരാവലിയുമാണ്. നിയമം എന്നത് നീതിയല്ല. ഒരു നിയമവും നീതിയെ പെറ്റുകൊള്ളുമെന്നതിന് ഗാരണ്ടിയുമില്ല. കാരണം, നീതി നടത്തിപ്പിനുള്ള ഒരുപകരണം മാത്രമാണ് നിയമം. സ്‌ക്രൂ ഡ്രൈവര്‍ ആണി മുറുക്കാനും അഴിക്കാനും ഉപയോഗിക്കാം, ആളെ കൊല്ലാനും. ഉപകരണത്തെ ഉപകരണത്തിന്റെ വഴിക്കു വിടുക എന്നത് ആപത്കരമായ അസംബന്ധമാകുന്നു.
ഇത്തരം ഒരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വെറും മൂന്നുകൊല്ലത്തിനകം സമാനമായ ഒരു ഭരണകൂടമുറ അരങ്ങേറുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് ന്യായമായും ഈ ഉപകരണ സിദ്ധാന്തത്തെ സംശയിക്കാം. അവര്‍ സംശയിക്കുന്നത് നിയമത്തെപ്പോലുമല്ല, ഇന്നാട്ടിലെ നീതിയെയാണ്. നീതിയെപ്പറ്റി ജനങ്ങള്‍ക്ക് സന്ദേഹമുണ്ടാകുമ്പോള്‍ ഏതു കൊടികെട്ടിയ നീതിന്യായ വ്യവസ്ഥിതിയും നിരര്‍ഥകമാകുന്നു. ഈ കാതല്‍ പ്രശ്‌നം കാണാന്‍ നിയമത്തിന്റെ സ്തുതിപാഠകര്‍ക്കു കഴിയില്ല. നീതിബോധത്തിനാണ് അത് കഴിയുക. ആരത് സംഭാവന ചെയ്യുമെന്നതാണ് ചോദ്യം.
സാധാരണ മനുഷ്യര്‍ക്കുവേണ്ടി നീതിബോധം പ്രകടിപ്പിക്കാന്‍ വേഷംകെട്ടി നടക്കുന്നവരാണല്ലോ രാഷ്ട്രീയക്കാര്‍. സ്‌റ്റേറ്റിന്റെ ഉപകരണമായ നിയമത്തെ നീതി വഴിക്കല്ലാതെ സ്വന്തം വഴിക്കുവിടുന്നത് സത്യത്തില്‍ ഇതേ രാഷ്ട്രീയക്കാര്‍തന്നെയല്ലേ? അതറിയാന്‍ നിയമം വെച്ചു കളിക്കുന്ന സ്‌റ്റേറ്റിന്റെ രണ്ടു ചട്ടുകങ്ങളെ അറിയണം-പൊലീസും രഹസ്യപ്പൊലീസും. ഇതില്‍ പൊലീസിന്റെ ഉപകരണ പ്രയോഗത്തെ പിടിക്കാന്‍ പൗരന് വകുപ്പുകളുണ്ട്. എന്നാല്‍, രണ്ടാംകൂട്ടരുടെയോ? ആര്‍ക്കാണവര്‍ നിയമപരമായി ഉത്തരവാദപ്പെട്ടിരിക്കുന്നത്?
കേന്ദ്രത്തിലെ ഇന്റലിജന്‍സ്‌വിഭാഗങ്ങളും സംസ്ഥാനങ്ങളിലെ സ്‌പെഷല്‍ ബ്രാഞ്ചുമാണ് ഈ നിരുത്തരവാദ റാക്കറ്റുകള്‍. ഒരുമാതിരി വകതിരിവുള്ള രാഷ്ട്രങ്ങളിലൊക്കെ ഇത്തരം രഹസ്യപൊലീസുകാര്‍ അവിടങ്ങളിലെ ജനസഭകള്‍ക്ക് നേരിട്ട് വിധേയരാണ്. പ്രശസ്ത ഉദാഹരണം അമേരിക്ക. സി.ഐ.എ തൊട്ട് എഫ്.ബി.ഐ വരെ യു.എസ് കോണ്‍ഗ്രസിന് നിയമപരമായിത്തന്നെ ഉത്തരവാദികളാണ്. ഇവിടെയോ? കേരളത്തിലെ സ്‌പെഷല്‍ബ്രാഞ്ചുകാരെ നിയമസഭക്കോ കേന്ദ്ര ഇന്റലിജന്‍സ്ബ്യൂറോയെ നമ്മുടെ പാര്‍ലമെന്റിനോ തൊടാനൊക്കില്ല. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരു ജനാധിപത്യ റിപ്പബ്ലിക്കില്‍ നാളിതുവരെ ഒരൊറ്റ ജനപ്രതിനിധിയും ഈ ചാരപ്പടയെ നിയമവിധേയരാക്കണമെന്ന് കമാന്നു ശബ്ദിച്ച ചരിത്രമില്ല. ഗുരുതരമായ ഈ ജനവിരുദ്ധതക്ക് മറക്കുട പിടിച്ചുകൊടുക്കുന്ന രാഷ്ട്രീയക്കാരാണ് നിയമത്തിന്റെ വഴിക്കഥ പറയുന്നത്. എന്താണിതിന്റെ പ്രായോഗിക ദുരന്തമെന്നു നോക്കാം.

രഹസ്യപ്പൊലീസുണ്ടാക്കുന്ന കേസുകളില്‍, അവരുടെ നിയമത്തിന്റെ ഉപയോഗശൈലികൊണ്ട് പൗരന് എന്തു സംഭവിച്ചാലും ഒരുദ്യോഗസ്ഥനും ഉത്തരവാദിത്തമില്ല. എന്തു കൃത്രിമം കാണിച്ചാലും ആരെ എങ്ങനെ ദ്രോഹിച്ചാലും ചോദ്യവുമില്ല, ഉത്തരവുമില്ല. നിയമം ഇവിടെ നിസ്സാരമായി തൃണവത്കരിക്കപ്പെടുന്നു. അല്ലെങ്കില്‍പ്പിന്നെ ഇരകള്‍ നഷ്ടപരിഹാരം തേടണം. അപ്പോഴും സ്‌റ്റേറ്റ് എന്ന ഭംഗിവാക്കിനുള്ളില്‍ ഈ വ്യക്തികള്‍ സംരക്ഷിക്കപ്പെടുന്നു. ഉദാഹരണം നമ്പിനാരായണന്റെ കേസ്. ഐ.എസ്.ആര്‍.ഒ ചാരക്കേസെന്നും പറഞ്ഞ് ഇന്റലിജന്‍സ്ബ്യൂറോയും മാധ്യമങ്ങളുംകൂടി കളിച്ച നാടകം ഒടുവില്‍ ഐ.ബിയും സി.ബി.ഐയും തമ്മിലുള്ള മ്ലേച്ഛ വിഴുപ്പലക്കലായി പരിണമിച്ചിട്ടും ഒരുത്തനും തൊപ്പി പോയില്ല. നിരപരാധിയായ നമ്പിനാരായണന് 10 ലക്ഷം നഷ്ടപരിഹാരം വിധിച്ചിട്ടും, ഈ ഹീന നാടകമാടിയ ഒരുദ്യോഗസ്ഥനും നയാപൈസയുടെ നഷ്ടമില്ല.
മഅ്ദനിയുടെ കാര്യത്തില്‍ ഈ ഹീനത തനിയാവര്‍ത്തനം ചെയ്യുകയാണെന്ന് പ്രോസിക്യൂഷന്‍ ഇതുവരെ അവതരിപ്പിച്ച നാടകാങ്കം കൊണ്ടുതന്നെ വ്യക്തമാണ് (തെളിവുകളുടെ കഥ ഈ പേജില്‍ മുമ്പെഴുതിയിരുന്നു). ഇത്ര കൂളായി ഒരാളെ വേട്ടയാടാന്‍ കഴിയുന്നതിന് അടിസ്ഥാന കാരണം രണ്ടാണ്. ഒന്ന്, നമ്മുടെ രഹസ്യപ്പൊലീസിന്റെ മേല്‍പറഞ്ഞ അക്കൗണ്ടബിലിറ്റിയില്ലായ്മ. രണ്ട്, ഇത്തരക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന കരിനിയമങ്ങള്‍. ഇതില്‍ ആദ്യത്തേതിനെ ഒരിക്കലും ചോദ്യം ചെയ്യാതെയും രണ്ടാമത്തേതിനെ പാര്‍ലമെന്റില്‍ കൈയടിച്ചു പാസാക്കിക്കൊടുത്തും നാട്ടില്‍ വിലസുന്ന രാഷ്ട്രീയവര്‍ഗമാണ് നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്ന ഊളത്തരം പറയുന്നത്. നീതിയുടെ വഴിക്കുപോകാത്ത നിയമങ്ങളുടെ ആവശ്യം മനുഷ്യര്‍ക്കല്ല, സ്‌റ്റേറ്റിനാണ്. ഇപ്പോള്‍ മനസ്സിലായില്ലേ, ഈ കപടവാചകമടിക്കാര്‍ യഥാര്‍ഥത്തില്‍ എന്തിന്റെ പക്ഷമാണെന്ന്? മാന്യ വഴികാട്ടികളുടെ വിടുവായ്ക്ക് അങ്ങനെയൊരു ഗൂഢാര്‍ഥം കൂടിയുണ്ട്.

No comments: